'ശില്‍പ്പശാലകള്‍ കാളിദാസന്മാര്‍ക്കുവേണ്ടിയുള്ളതല്ല; കാലദാസന്മാരായ എഴുത്തുകാര്‍ക്കുവേണ്ടിയാണ്'

#പി.പി. രാമചന്ദ്രന്‍
പി.പി. രാമചന്ദ്രന്‍ | ഫോട്ടോ: സതീഷ്‌കുമാര്‍ കെ.ബി.
പി.പി. രാമചന്ദ്രന്‍ | ഫോട്ടോ: സതീഷ്‌കുമാര്‍ കെ.ബി.

യല്‍പക്കത്തെ സ്‌കൂളില്‍ എഴുത്തിലും വായനയിലും നല്ല താത്പര്യമുള്ള ഒരദ്ധ്യാപകസുഹൃത്തുണ്ടായിരുന്നു. താനെഴുതിയ കഥകളുടെ കൈയെഴുത്തുപ്രതി ചൂടോടെ കൊണ്ടുവന്നു കാണിക്കുമായിരുന്നു. മൗലികതയൊന്നുമില്ലെങ്കിലും ആത്മാര്‍ത്ഥതയുള്ള എഴുത്തായിരുന്നു അദ്ദേഹത്തിന്റേത്. സ്‌കൂളില്‍ പഠിപ്പിക്കുന്നത് ഗണിതശാസ്ത്രമാണെങ്കിലും ഭാഷയിലുള്ള അഭിരുചികൊണ്ട് അദ്ദേഹം സാഹിത്യത്തില്‍ ഉപരിപഠനം നടത്തി. പഠിത്തമെല്ലാം തപാല്‍വഴിയാണ്. IGNOUവില്‍നിന്ന് ക്രിയേറ്റീവ് റൈറ്റിങ്ങില്‍ ഡിപ്ലോമയും പാസായി. ഒരിക്കല്‍ ബസ്സില്‍വെച്ചു കണ്ടപ്പോള്‍ പറഞ്ഞു: 'എന്റെ പുതിയ ചെറുകഥയും പത്രാധിപര്‍ തിരിച്ചയച്ചിരിക്കുന്നു.' അതു പതിവുള്ളതായതുകൊണ്ട് എനിക്കു പുതുമയൊന്നും തോന്നിയില്ല. 'ക്രിയേറ്റീവ് റൈറ്റിങ്ങിലുള്ള എന്റെ ഡിപ്ലോമാ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു കൂടെ വെച്ചിട്ടും കഥ പരിഗണിച്ചില്ല.' അപ്പോള്‍ അതാണു കാരണം! പി.എസ്.സി. വഴി ജോലിക്ക് അപേക്ഷിക്കുംപോലെയാണ് മാഷ് പത്രാധിപര്‍ക്ക് കഥ അയച്ചിരിക്കുന്നത്. ചെറുകഥാകൃത്തെന്ന പദവി ഒരു തസ്തികയായി കരുതിയാല്‍ അതിന് യോഗ്യതാസര്‍ട്ടിഫിക്കറ്റ് ആവശ്യമാണല്ലോ.

ഈ സംഭവം ഓര്‍മ്മിക്കാന്‍ ഒരു കാരണമുണ്ടായി. ഏതാനും ദിവസംമുമ്പ് വടക്കൊരു കോളേജില്‍ നടന്ന സര്‍ഗ്ഗാത്മകരചനാശില്‍പ്പശാലയില്‍ ക്ലാസെടുക്കാന്‍ പോയിരുന്നു. കവിതാരചനയുടെ അണിയറരഹസ്യങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടത്. വിഷയം അനുഭവപരിചയത്തിലുള്ളതാണെങ്കിലും ഇപ്പോള്‍ വസ്തുനിഷ്ഠമായി അതിനെ സമീപിക്കേണ്ടിവന്നു. ആലോചനകള്‍ കാടുകയറി. എഴുത്ത് പഠിച്ചെടുക്കാവുന്ന ഒരു ശേഷിയാണോ? ശില്‍പ്പശാലകള്‍ക്കോ കോഴ്‌സുകള്‍ക്കോ എഴുത്തുകാരെ സൃഷ്ടിക്കാനാവുമോ? സാഹിത്യത്തിന്റെ ദിവ്യപരിവേഷത്തില്‍ വിശ്വസിക്കുന്നവര്‍ പണ്ടേ പുച്ഛിച്ചുതള്ളിയ വൃഥാവ്യായാമമല്ലേ ഇത്?

കാലം മാറിയിരിക്കുന്നു. ഇന്ന് എഴുത്തിനും എഴുത്തുകാരനും പണ്ട് കല്‍പ്പിച്ചിരുന്ന ദിവ്യപരിവേഷമൊന്നും ഇല്ല. മറ്റേതൊരു തൊഴിലുംപോലെ സാമര്‍ത്ഥ്യമുണ്ടെങ്കില്‍ വിജയിക്കാവുന്ന ഒരേര്‍പ്പാടാണ് എഴുത്തും. പക്ഷേ, തട്ടിപ്പുകൊണ്ട് നില്‍ക്കാനാവില്ല. വെളിപാട്, പ്രചോദനം, ആത്മാവിഷ്‌കാരം തുടങ്ങിയ നിഗൂഢവാദങ്ങളൊന്നും ഇനി വിലപ്പോവില്ല. ഉത്തരവാദിത്വമുള്ള ജോലിയാണത്. ക്രാഫ്റ്റാണ് കാര്യം. അപ്പോള്‍പ്പിന്നെ അത് പഠിച്ചുചെയ്യുന്നതില്‍ എന്താണു തെറ്റ്? സ്വന്തം ജീവിതാനുഭവങ്ങളുടെ പശിമയില്‍ മാത്രം വേരാഴ്ത്തി വളര്‍ന്നുപന്തലിച്ച മഹാവൃക്ഷതുല്യരായ എഴുത്തുകാരൊന്നും ഇനിയുണ്ടാവാന്‍ പോകുന്നില്ല. പ്രത്യക്ഷയാഥാര്‍ത്ഥ്യത്തിലെക്കാള്‍ പ്രതീതിയാഥാര്‍ത്ഥ്യത്തിലാണ് പുതിയ തലമുറ പുലരുന്നത്. ബഷീര്‍, കുഞ്ഞിരാമന്‍ നായര്‍, വി.കെ.എന്‍. തുടങ്ങിയ അപൂര്‍വ്വജനുസ്സുകള്‍ വേരറ്റുകഴിഞ്ഞു. ഇങ്ങനെയൊക്കെ വിശ്വസിക്കാന്‍ മനസ്സു വിസമ്മതിക്കുന്നുണ്ടെങ്കിലും സത്യമതല്ലേ?

എഴുത്തിന്റെ അടുക്കളരഹസ്യങ്ങളെല്ലാം അങ്ങാടിപ്പാട്ടായി മാറി. മാര്‍ക്കറ്റില്‍ വിജയിച്ച കൃതി വിശകലനം ചെയ്താല്‍ അതിന്റെ പാറ്റേണ്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ചെറിയ ഭേദഗതികളോടെ പരീക്ഷണം നടത്തുകയുമാവാം. ജനപ്രീതിയാര്‍ജ്ജിച്ച സമീപകാലത്തെ നോവലുകള്‍ നോക്കൂ. ലളിതമാണ് കാര്യങ്ങള്‍. വളച്ചുകെട്ടില്ലാത്ത നേര്‍മൊഴി. വായനക്കാരനില്‍ ആകാംക്ഷ നിലനിര്‍ത്തിക്കൊണ്ടുപോകാവുന്ന, മുന്‍കൂട്ടി നിശ്ചയിച്ച അപ്രതീക്ഷിതത്വങ്ങള്‍. ജീവിതപശ്ചാത്തലത്തെക്കുറിച്ച് സമഗ്രമായ പഠനം. നോവലെഴുത്തിനു പിന്നില്‍ വലിയ റിസര്‍ച്ച് വര്‍ക്കുകള്‍ ആവശ്യമായിവന്നിരിക്കുന്നു. എഴുത്തുകാരനെ സഹായിക്കാന്‍, വിവരശേഖരണത്തിനും വിശകലനത്തിനും, എഡിറ്റര്‍മാരുടെ സേവനം വേണമെന്നായി. ഈയിടെ പുറത്തിറങ്ങിയ ബെന്യാമിന്റെ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി എഴുത്തിന്റെ വഴിയിലെ ഈ പുതിയ ദിശാവ്യതിയാനം മലയാളികള്‍ക്കു പരിചയപ്പെടുത്തുന്നുണ്ട്. നോവല്‍ ഒരു ഫാക്ടറിയുത്പന്നമായിരിക്കുന്നു. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്ന് അസംസ്‌കൃതവസ്തുക്കള്‍ ശേഖരിച്ച് ഒരിടത്ത് അസംബിള്‍ ചെയ്യുന്ന നിര്‍മ്മാണരീതി എഴുത്തിലും വ്യാപകമായിക്കഴിഞ്ഞു.

പുസ്തകത്തിന്റെ കവര്‍

എഴുത്തുകാരന് ഒരെഡിറ്റര്‍ എന്ന ആശയം പാശ്ചാത്യഭാഷകളില്‍ സാധാരണമാണെങ്കിലും മലയാളത്തില്‍ അതൊട്ടും സ്വീകാര്യമായിരുന്നില്ല. പഴയ തലമുറയിലെ നമ്മുടെ പ്രഗല്ഭരായ എഴുത്തുകാരില്‍ പലരും അദ്ധ്യാപകരോ പ്രഭാഷകരോ ഒക്കെയായതുകൊണ്ട് ഭാഷയില്‍ അവര്‍ നല്ല എഡിറ്റര്‍മാരുമായിരുന്നു. എന്നാല്‍, ഭാഷയും സാഹിത്യവും പഠിച്ചവര്‍ മാത്രമല്ല ഇന്നെഴുതുന്നത്. അവര്‍ അദ്ധ്യാപകരോ പ്രഭാഷകരോ ആയിക്കൊള്ളണമെന്നില്ല. ഈ പുതുതലമുറ എഴുത്തുകാര്‍ക്കാണ് എഡിറ്റിങ് സേവനം ആവശ്യമായിവരുന്നത്. മലയാളത്തില്‍ എഴുത്തുകാര്‍ക്ക് എഡിറ്ററുടെ സേവനം വാഗ്ദാനം ചെയ്യുന്ന പരസ്യവുമായി ആദ്യം മുന്നോട്ടു വന്നത് നോവലിസ്റ്റ് സി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ എറണാകുളത്താരംഭിച്ച ഒരു പ്രസിദ്ധീകരണശാലയാണ് എന്നാണോര്‍മ്മ.

എന്തുകൊണ്ടാണ് മലയാളത്തില്‍ എഡിറ്റിങ്/ക്രിയേറ്റീവ് റൈറ്റിങ് ഇപ്പോഴും ശ്രദ്ധേയമായ ഒരു തൊഴില്‍മേഖലയായി വികസിക്കാത്തത്? എഴുത്തിനും എഴുത്തുകാരനും ഇത്രയേറെ താരപദവി കല്‍പ്പിക്കുന്ന സമൂഹമായിരുന്നിട്ടുപോലും എഴുത്തിനെ ഉപജീവനത്തിനുള്ള ഒരുപായമാക്കുന്നത് നമ്മുടെ സമൂഹം മാന്യതയായി കരുതുന്നില്ല. ജീവിക്കാന്‍ മറ്റേതെങ്കിലും പണി, ഒഴിവുസമയവിനോദം സാഹിത്യരചന എന്ന നിലയാണ് ഇന്നും. ഇതു നമ്മുടെ രചനകള്‍ക്ക് ഒരു നിരുത്തരവാദിത്വവും ലഘുത്വവുമുണ്ടാക്കുന്നില്ലേ?

എഴുത്തുകാരന്‍ ഒരു പ്രതിബദ്ധസാമൂഹികപ്രവര്‍ത്തകനും എഴുത്ത് ഒരു സാമൂഹികസേവനവുമായി കാണാനാണ് എല്ലാവര്‍ക്കും താത്പര്യം. പ്രതിഫലം പറ്റുന്ന എഴുത്തുകാരെ കൂലിയെഴുത്തുകാരായി തരംതാഴ്ത്തും. ചിത്രകാരനോ ഗായകനോ ചലച്ചിത്രനടനോ പ്രതിഫലം പറ്റുന്നതില്‍ വിരോധമില്ല. അവരുടെ സാമൂഹികപ്രതിബദ്ധത വിമര്‍ശകന്മാര്‍ വിലയിരുത്താറുമില്ല. സാമൂഹികപ്രശ്‌നങ്ങളില്‍ അവരുടെ നിലപാടുകളോ പ്രസ്താവനകളോ പത്രക്കാര്‍ ചോദിക്കാറില്ല. എന്നാല്‍, സാഹിത്യകാരന്‍ ഉടന്‍ പ്രതികരിച്ചേ പറ്റൂ. വാസ്തവത്തില്‍ ഇന്ന് സാഹിത്യകാരനെക്കാള്‍ ജനസ്വാധീനമുള്ളവരാണ് ചലച്ചിത്രമടക്കമുള്ള ഇതരമാദ്ധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍. 

ഗാസയിലെ ഇസ്രായേല്‍ അതിക്രമങ്ങളെക്കുറിച്ച് മോഹന്‍ലാലോ മമ്മൂട്ടിയോ പ്രതികരിച്ചില്ലെങ്കിലും ആര്‍ക്കും അപാകം തോന്നുന്നില്ല. എന്നാല്‍ ഒ.എന്‍.വിയും സുഗതകുമാരിയും നിശ്ശബ്ദത പാലിച്ചാല്‍ അതു കുറ്റകരമായിപ്പോകും. പ്രതികരണം അവരുടെ രചനയിലൂടെ സ്വാഭാവികവും സര്‍ഗ്ഗാത്മകവുമായി വെളിപ്പെടുന്നതിനെക്കാള്‍ മാദ്ധ്യമങ്ങള്‍ക്കു താത്പര്യം പ്രസ്താവനയിലൂടെ ലഭിക്കുന്നതാണ്. പാവം എഴുത്തുകാരാകട്ടെ ഈ മാദ്ധ്യമവലയില്‍ എളുപ്പം കുടുങ്ങുന്നവരുമാകും.
മലയാളത്തിലെ എഴുത്തുകാരും സഹൃദയരുമടങ്ങുന്ന വായനസമൂഹം പഴഞ്ചന്‍ മുന്‍വിധകളുപേക്ഷിച്ച് ഈ കലങ്ങിയ കാലത്തെ നേരിടേണ്ടതുണ്ട്. 

എഴുത്തുകൊണ്ടു മാത്രം ജീവിക്കാന്‍ സഹായകമായ ഒരന്തരീക്ഷം നമ്മുടെ ഭാഷയിലുമുണ്ടാവണം. സാഹിത്യകാരന് സാമൂഹികപ്രതിബദ്ധത വേണം എന്നു ശഠിക്കുന്നവര്‍ സമൂഹത്തിന് സാഹിത്യപ്രതിബദ്ധത വേണം എന്നുകൂടി പറയണം. എഴുത്തുകാരന്റെ അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിച്ച മഹാകവിയായിരുന്നു വള്ളത്തോള്‍. താനെഴുതിയതിന് കണക്കുപറഞ്ഞ് കൂലി വാങ്ങാന്‍ അദ്ദേഹം മടിച്ചില്ല. അതിനു കാരണം സ്വന്തം പ്രയത്‌നത്തിലുള്ള ആത്മവിശ്വാസമാണ്. എഴുത്ത് ഒഴിവുസമയസാമൂഹികപ്രവര്‍ത്തനമാവുമ്പോള്‍ ഈ ആത്മവിശ്വാസമുണ്ടാകില്ല.

മുഴുവന്‍സമയ എഴുത്തുകാരന് തന്റെ എഴുത്തില്‍ ഉത്തരവാദിത്വമുണ്ടായിരിക്കും. തന്റെ മാദ്ധ്യമത്തില്‍ കൃതഹസ്തനായിരിക്കണം അയാള്‍. ഭാഷയാണ് എഴുത്തുകാരന്റെ മാദ്ധ്യമം. ചുരുങ്ങിയപക്ഷം മാദ്ധ്യമത്തിലുള്ള പ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്നതിനെങ്കിലും ഉതകുന്നതാകണം രചനാശില്‍പ്പശാലകള്‍. പുതിയ ആഖ്യാനരീതികളും ആവിഷ്‌കാരസങ്കേതങ്ങളും പരിചയപ്പെടാന്‍ സഹായിക്കണം. തിരഞ്ഞെടുത്ത കൃതികളുടെ സമഗ്രമായ അപഗ്രഥനങ്ങള്‍ ആവശ്യമാണ്. പലപ്പോഴും ഇതൊന്നും നടക്കാറില്ല എന്നതാണ് വാസ്തവം. താരമൂല്യമുള്ള എഴുത്തുകാരുടെ ഉദ്‌ബോധനങ്ങളിലൊതുങ്ങും ക്യാമ്പ്.

പഴയകാലത്തെ കളരികളും കോലായകളും അനൗപചാരിക രചനാശില്‍പ്പശാലകളായിരുന്നു. കൊടുങ്ങല്ലൂര്‍ക്കളരിയും വള്ളത്തോള്‍ക്കളരിയും കാവ്യസല്ലാപങ്ങള്‍ക്കപ്പുറം സംഘടിതമായ അന്വേഷണങ്ങളുടെ വേദികൂടിയായിരുന്നു. പൊന്നാനിയില്‍ നാലപ്പാട്ടിന്റെയും ഇടശ്ശേരിയുടെയും വീട്ടുകോലായകള്‍ ഗൗരവതരമായ സാഹിത്യചര്‍ച്ചകള്‍ക്കു വേദിയായിരുന്നു. പില്‍ക്കാലത്ത് കോഴിക്കോട്ട് കക്കാടിന്റെ നേതൃത്വത്തില്‍ നടന്നുവന്ന കോലായച്ചര്‍ച്ചകളിലും നിഷ്‌കര്‍ഷമായ രചനാപഗ്രഥനങ്ങള്‍ നടന്നിരുന്നു. ഊട്ടിയിലെ ഫേണ്‍ഹില്ലില്‍ ജയമോഹന്‍ സംഘടിപ്പിക്കാറുള്ള തമിഴ്മലയാളകവിസംഗമത്തിലും ഇതേ രീതിയാണ് അവലംബിച്ചുകണ്ടിട്ടുള്ളത്. ഇത്തരം കളരികള്‍ എഴുത്തുകാര്‍ സ്വയം പുതുക്കിപ്പണിയുന്നതിനായി സംഘടിപ്പിക്കുന്ന സ്വകാര്യപണിയാലകളാണ്. സര്‍ട്ടിഫിക്കറ്റല്ല രചനയാണ് ഇവിടെ യോഗ്യതയുടെ മാനദണ്ഡം. അക്കാദമികളും സര്‍വ്വകലാശാലകളും സംഘടിപ്പിക്കുന്ന ശില്‍പ്പശാലകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനേ കഴിയൂ.

തീര്‍ച്ചയായും ശില്‍പ്പശാലകള്‍ കാളിദാസന്മാര്‍ക്കുവേണ്ടിയുള്ളതല്ല; കാലദാസന്മാരായ എഴുത്തുകാര്‍ക്കുവേണ്ടിയാണ്. പുറത്തുതട്ടിയുള്ള അഭിനന്ദനങ്ങളെക്കാള്‍ ഉള്ളില്‍ത്തട്ടിയുള്ള വിമര്‍ശനങ്ങളാണ് അവര്‍ക്കു വേണ്ടത്. സ്വയം തിരിച്ചറിഞ്ഞ് എഴുത്തില്‍നിന്ന് പിന്മാറാന്‍ ആരെങ്കിലും തയ്യാറായെങ്കില്‍ അതും ശില്‍പ്പശാലയുടെ വിജയമാണ്; ഭാഷയുടെയും.

(പി.പി. രാമചന്ദ്രന്റെ 'നല്ല മാഷല്ല ഞാന്‍' എന്ന പുസ്തകത്തില്‍നിന്ന്)

Content Highlights: Nalla mashalla njan book by P.P. Ramachandran, Book excerpt, Mathrubhumi books