'ആര്‍ത്തവമാണ്', നാദിയ കരഞ്ഞു...'മുന്‍പുണ്ടായിരുന്നവളുമാരും ഇതൊക്കെത്തന്നെയാണ് മോങ്ങിക്കൊണ്ടിരുന്നത്'

#പി.എസ് രാകേഷ്‌
നാദിയ മുറാദ് (ഫോട്ടോ: എപി)
നാദിയ മുറാദ് (ഫോട്ടോ: എപി)

 പി.എസ് രാകേഷ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഞാന്‍ നാദിയ മുറാദ്; അടിമപ്പെണ്ണിന്റെ ജീവിത കഥ എന്ന പുസ്തകത്തില്‍ നിന്നും ഉദ്വേഗജനകമായ ഒരു അധ്യായം...

'നിങ്ങളെന്നെ സിറിയയിലേക്ക് കൊണ്ടുപോവുകയാണോ?'പതിഞ്ഞ ശബ്ദത്തില്‍ നാദിയ തിരക്കി. മറുപടിയൊന്നുമില്ലാതെ സല്‍മാന്‍ വിശാലമായ ഉദ്യാനത്തിലൂടെ മുന്നില്‍ക്കണ്ട വലിയ വീട്ടിലേക്ക് നടന്നു.

അടിമച്ചന്തയില്‍നിന്നിറങ്ങിയശേഷം നാദിയയെയും റോജിയനെയും നേരേ കൊണ്ടുപോയത് പ്രാര്‍ഥനാലയത്തിലേക്കാണ്. അവിടെ മറ്റൊരു വാഹനം കാത്തുകിടന്നു. തങ്ങളെയും പിരിക്കാന്‍ പോകുന്നുവെന്ന യാഥാര്‍ഥ്യം പെണ്‍കുട്ടികളുടെ അരക്ഷിതബോധത്തെ ഇരട്ടിപ്പിച്ചു. മറ്റൊന്നു സംഭവിക്കാനുള്ള സാധ്യതകളൊന്നും അവരുടെ മുന്നില്‍ അവശേഷിച്ചില്ല. നാദിയ നോക്കിനില്ക്കെ സല്‍വാന്‍ റോജിയനെയും കൊണ്ട് എങ്ങോട്ടോ പോയി.

അവിടെനിന്ന് ഏതാണ്ട് അരമണിക്കൂര്‍ യാത്ര ചെയ്താണ് സല്‍മാന്‍ താമസിക്കുന്ന വലിയ വസതിയിലേക്ക് നാദിയയെ എത്തിച്ചത്.

 പ്രാര്‍ഥനാലയത്തില്‍നിന്ന് മൊര്‍ത്തേജ എന്ന സഹായിയും അവര്‍ക്കൊപ്പം ചേര്‍ന്നു. ആര്‍ത്തികലര്‍ന്ന അവന്റെ നോട്ടംതന്നെ ചെറുപ്പക്കാരിയായ ഒരു പെണ്‍കുട്ടിയെ വീര്‍പ്പുമുട്ടിക്കാന്‍ പോന്നതായിരുന്നു. യാത്രയിലുടനീളം സല്‍മാന്‍ ഫോണിലൂടെ ആര്‍ക്കൊക്കെയോ നിര്‍ദേശങ്ങള്‍ നല്കുന്നത് നാദിയ ശ്രദ്ധിച്ചു. ഏതോ പെണ്‍കുട്ടികളെ എങ്ങോട്ടോ കയറ്റിയയയ്ക്കുന്നതിനെക്കുറിച്ചാണ് അയാള്‍ സംസാരിച്ചതത്രയും.
തീവ്രവാദികള്‍ കാവല്‍നിന്ന ഗെയിറ്റു കടന്ന് കാര്‍ വിശാലമായ ഒരുദ്യാനത്തില്‍ നിര്‍ത്തി.

'ഇറങ്ങ്,' പറയുന്നതിനൊപ്പം നാദിയയുടെ കൈയില്‍ ബലമായി പിടിച്ച് ഹാജി സല്‍മാന്‍ വലിച്ചപ്പോള്‍ എല്ലുകള്‍ നുറുങ്ങിയതുപോലെ തോന്നി അവള്‍ക്ക്.
എവിടെനിന്നൊക്കെയോ കരച്ചിലുകള്‍ കേള്‍ക്കാമായിരുന്നു. വീടിനുള്ളില്‍നിന്ന് മുഖം മറച്ച കുറച്ചു പെണ്‍കുട്ടികള്‍ പുറത്തേക്ക് വന്നു. അതില്‍ രണ്ടുപേര്‍ അല്പനേരം നാദിയയെ നോക്കിനിന്നു.

ആരാണവര്‍? തന്നെ പരിചയമുണ്ടാകുമോ? ഒരുപക്ഷേ, നിസ്രീനും കത്രീനും ആണോ?

ആരും ഒന്നും സംസാരിച്ചില്ല. തീവ്രവാദികളുടെ ആജ്ഞയ്ക്കു പുറകെ എല്ലാവരും പുറത്തുകിടന്ന വാനില്‍ കയറി. അധികം വൈകാതെ വാഹനം ഗെയിറ്റു കടന്നു പോവുകയും ചെയ്തു. യാത്രയ്ക്കിടയിലെ ഹാജി സല്‍മാന്റെ സംസാരവും ഇപ്പോള്‍ കണ്ട കാഴ്ചയും ചേര്‍ത്തുവായിച്ചപ്പോള്‍ നാദിയയ്ക്ക് ചില സംശയങ്ങളുണ്ടായി. ഇവിടെനിന്നായിരിക്കണം യസീദിപ്പെണ്‍കുട്ടികളെ അതിര്‍ത്തി കടത്തുന്നത്.

തീര്‍ച്ചയായും ആരില്‍നിന്നോ തട്ടിയെടുത്തതാവണം മനോഹരമായ ആ വീട്. മുന്‍താമസക്കാരുടെ സാധനങ്ങള്‍ പലയിടങ്ങളിലായി ചിതറിക്കിടന്നു. ഒരു മുറി നിറയെ വ്യായാമസാമഗ്രികള്‍. ഭിത്തിയില്‍ സുന്ദരനായ ചെറുപ്പക്കാരന്റെ പല ഭാവങ്ങളിലുള്ള ഫോട്ടോകള്‍. അവന്‍ ആ കുടുംബത്തിലെ മൂത്ത പുത്രനായിരുന്നിരിക്കണം. മറ്റൊരു മുറിയില്‍ കളിപ്പാട്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. വര്‍ണശബളിതമായ ആ മുറി നാദിയയെ നഷ്ടങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ചു. തന്റെ കുടുംബത്തിന് സംഭവിച്ചതുതന്നെയായിരിക്കണം ഇവരുടെയും വിധി.

'ആരുടേതാണ് ഈ വീട്?' നാദിയ തിരക്കി.
'ഷിയാ ജഡ്ജിയുടേതായിരുന്നു.'

ഷിയാ മുസ്ലിങ്ങളോട് ഐസിസിനുള്ള വിദ്വേഷം നാദിയയ്ക്കറിയാം. ദൈവമേ, പാവങ്ങളെ ഈ ചെകുത്താന്മാര്‍ എന്തു ചെയ്തുകാണും? കുര്‍ദുകളുടെ അടുത്തേക്ക് രക്ഷപ്പെട്ടുവെന്ന മറുപടി കേള്‍ക്കാന്‍ പ്രാര്‍ഥിച്ച് നാദിയ സല്‍മാനോടുതന്നെ ചോദിച്ചു: 'അവരിപ്പോള്‍ എവിടെയാണ്?'
'നരകത്തില്‍,' അയാള്‍ ചിരിച്ചു.

മുകളിലത്തെ നിലയിലായിരുന്നു നാദിയയുടെ മുറി. വലുതെങ്കിലും വെളിച്ചം നന്നേ കുറവ്. വലിയ കട്ടിലും പതുപതുത്ത പഞ്ഞിക്കിടക്കയും ചൂണ്ടിക്കാണിച്ച് സല്‍മാന്‍ പറഞ്ഞു,'അവിടെയിരിക്കൂ, ഞാനൊന്ന് കുളിച്ചിട്ടു വരാം.'
കുളികഴിഞ്ഞു വന്നപ്പോഴും പഴയ വസ്ത്രംതന്നെയായിരുന്നു.
അയാള്‍ ധരിച്ചിരുന്നത്. വിയര്‍പ്പുനാറ്റം ദൂരെനിന്നുതന്നെ നാദിയയ്ക്കു കിട്ടി.
വഷളന്‍ചിരിയോടെ സല്‍മാന്‍ അയാളുടെ അടിമയ്ക്കരികില്‍ ചെന്നിരുന്നു.
'എനിക്ക് ആര്‍ത്തവമാണ്,' അന്ധാളിപ്പോടെ നാദിയ ഒഴിഞ്ഞുമാറി.
സല്‍മാന്‍ അതു കേട്ടതായി ഭാവിച്ചില്ല.
'നീ എവിടുത്തുകാരിയാണ്?' അയാള്‍ ചോദിച്ചു.
'കോച്ചോ...'
'യസീദികള്‍ പാപികളാണെന്ന് നിനക്കറിയാമോ?' നാദിയയുടെ മൗനത്തിന്മേല്‍ സല്‍മാന്‍ തുടര്‍ന്നു, 'നിങ്ങളെ പരിവര്‍ത്തനം ചെയ്യാന്‍ ദൈവം ഞങ്ങളെ നിയോഗിച്ചിരിക്കുന്നു. അതിനു കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ നിന്നെയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം.'

ശാന്തനായാണ് സല്‍മാന്‍ സംസാരിച്ചതെങ്കിലും അയാള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് നാദിയയ്ക്ക് മനസ്സിലായി.
വീണ്ടും ചോദ്യം, 'നിന്റെ വീട്ടുകാരൊക്കെ?'

'ഞങ്ങള്‍ മൂന്നുപേര്‍ മാത്രമേ പിടിക്കപ്പെട്ടുള്ളൂ. മറ്റുള്ളവര്‍ രക്ഷപ്പെട്ടു.' എന്തിനാണെന്ന് നിശ്ചയമില്ലാതെ നുണ പറയാനാണ് നാദിയയ്ക്ക് അപ്പോള്‍ തോന്നിയത്.

'ഉം... ഒറ്റയെണ്ണത്തിനെയും വിടരുതെന്ന് വിചാരിച്ചതാണ്. പക്ഷേ, ചിലര്‍ ഞങ്ങളുടെ കണ്ണുവെട്ടിച്ചു. സാരമില്ല, ഞങ്ങളുടെ കൈയില്‍ത്തന്നെ കിട്ടും.'
വീരകഥ പറയുന്ന ഭാവത്തോടെ ഐസിസിനെക്കുറിച്ചും അവരുടെ അധിനിവേശങ്ങളെക്കുറിച്ചും ഏറെനേരം സല്‍മാന്‍ സംസാരിച്ചു. പലതും നാദിയ ശ്രദ്ധിച്ചില്ല.

അയാള്‍ ഇതിഹാസസമാനമായി വിവരിക്കുന്ന കൂട്ടരാണ് അവളുടെ കുടുംബത്തെ ഛിന്നഭിന്നമാക്കിയത്. ഒന്നല്ല, ഒരായിരം കുടുംബങ്ങള്‍ തകര്‍ന്നു. നിരപരാധികളെ കൊന്നൊടുക്കി. നൂറുകണക്കിന് കുട്ടികളെ അനാഥരാക്കി. പെണ്‍കുട്ടികളെ മാറി മാറി ബലാത്സംഗം ചെയ്തു.

ഗ്രാമങ്ങള്‍ പലതും നരകതുല്യമാക്കി. എന്നിട്ട്, ഈ ക്രൂരതകള്‍ക്കത്രയും വിധിക്കപ്പെട്ട് അടിമപ്പെട്ടുകിടക്കുന്ന പെണ്ണിനോട് മനഃസാക്ഷിയില്ലാതെ സല്‍മാന്‍ പറയുന്നു, 'ഐസിസിനൊപ്പം നിനക്ക് സന്തോഷവതിയായി കഴിയാം'എന്ന്.

സല്‍മാന്റെ വാക്കുകളെല്ലാം യസീദികളെ അപമാനിക്കുന്നതായിരുന്നെങ്കിലും അയാള്‍ സംസാരം അവസാനിപ്പിക്കരുതെന്നാണ് അപ്പോള്‍ നാദിയ ആശിച്ചത്. അടുത്ത നിമിഷം അയാള്‍ക്ക് മറ്റെന്തെങ്കിലും ദുഷ്ചിന്ത വന്നാലോ!

'നീ എന്റെ നാലാമത്തെ സബിയ്യ ആണ്. മുന്‍പുണ്ടായിരുന്ന മൂന്നു പേരും ഇപ്പോള്‍ ഇസ്ലാമിലേക്ക് മാറി. യസീദികള്‍ പാപികളാണ്. നിങ്ങളെ രക്ഷിക്കാനാണ് ഇതൊക്കെ ചെയ്യുന്നത്.'

ഇതുവരെ പറഞ്ഞതിന്റെ അത്രയും ആകത്തുക 'നീ എനിക്ക് വഴങ്ങിത്തരണം' എന്നുപസംഹരിച്ചുകൊണ്ട് സല്‍മാന്‍ നാദിയയോട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. അതോടൊപ്പംതന്നെ വെളുത്ത നീളന്‍ വസ്ത്രം അയാളുടെ മെലിഞ്ഞ ശരീരത്തില്‍നിന്ന് അഴിഞ്ഞുവീഴുകയും ചെയ്തു.

'എനിക്ക് ആര്‍ത്തവമാണ്,' നാദിയ വീണ്ടും കരഞ്ഞു.

'മുന്‍പുണ്ടായിരുന്നവളുമാരും ആദ്യം ഇതൊക്കെത്തന്നെയാണ് മോങ്ങിക്കൊണ്ടിരുന്നത്. എനിക്ക് നിന്നെ വിശ്വാസമില്ല.'

മടിച്ചുമടിച്ച് നാദിയ തന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. അടിവസ്ത്രത്തിനുള്ളില്‍ സാനിറ്ററി പാഡ് ചുവന്നിരുന്നു. നാദിയ സത്യമാണ് പറഞ്ഞതെന്നറിഞ്ഞതോടെ സല്‍മാന്‍ അടങ്ങി. ആര്‍ത്തവകാലത്ത് സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പടാന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. അതുകൊണ്ടുമാത്രം നാദിയയുടെ കന്യകാത്വത്തിന് അല്പംകൂടി ആയുസ്സ് നീട്ടിക്കിട്ടി. എങ്കിലും ആ രാത്രി മുഴുവന്‍ അവള്‍ക്ക് വിവസ്ത്രയായി കഴിയേണ്ടിവന്നു. നഗ്‌നതയിലൂടെ വിരലോടിച്ച് സല്‍മാന്‍ കാമം ശമിപ്പിച്ചു.

പല കാര്യങ്ങളും ചെയ്തുതീര്‍ക്കാനുണ്ടെന്നു പറഞ്ഞാണ് പിറ്റേന്നു രാവിലെ സല്‍മാന്‍ നാദിയയെ വിളിച്ചുണര്‍ത്തിയത്. കറുത്ത അബായയും നികാബും അയാള്‍ നല്കി. ശീലമില്ലാത്ത വസ്ത്രത്തിനുള്ളില്‍ നാദിയയ്ക്ക് വല്ലാത്ത ഈര്‍ഷ്യ തോന്നി.

വീടിനു പുറത്ത് കാര്‍ തയ്യാറായി നിന്നു. മൊസ്യൂളിലെ കോര്‍ട്ട്ഹൗസിലേക്കാണ് നാദിയയെയുംകൊണ്ട് സല്‍മാന്‍ ആദ്യം പോയത്. ടൈഗ്രിസിന്റെ കരയിലെ തലയെടുപ്പുള്ള കെട്ടിടം വലിയൊരു പള്ളിക്കു സമാനമായിരുന്നു. കോര്‍ട്ട്ഹൗസിന്റെ തലപ്പൊക്കത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക കെട്ടുപൊട്ടിക്കാനെന്നോണം കുതറിപ്പറന്നു. ഈ കെട്ടിടത്തില്‍നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ശാസനകള്‍ നടപ്പാക്കാന്‍ ഉത്തരവുകള്‍ വരുന്നത്.
ഇറാഖി സര്‍ക്കാര്‍ നല്കിയിരുന്ന തിരിച്ചറിയല്‍രേഖകളൊന്നും ഭീകരര്‍ ബാക്കിവെച്ചില്ല. പകരം ഇസ്ലാമിക് സ്റ്റേറ്റിന്റേതു നല്കി. കാറുകള്‍ക്ക് പുതിയ നമ്പര്‍ പ്ലേറ്റുകളായി. ടെലിവിഷനും റേഡിയോയും സിഗരറ്റും നിരോധിച്ചു. സ്ത്രീകളെ കറുത്ത നീളന്‍ വസ്ത്രത്തിലല്ലാതെ കണ്ടുപോകരുതെന്ന് നിയമമുണ്ടാക്കി. പുറത്തിറങ്ങുന്നത് പുരുഷന്റെ നിയന്ത്രണത്തില്‍ മാത്രം. യുദ്ധത്തില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലാത്ത പുരുഷന്മാര്‍ സംഘടനയിലേക്ക് വലിയ തുക സംഭാവന നല്കാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ ചെയ്താല്‍ കുറച്ചു കാലത്തേക്കു മാത്രം അവര്‍ക്ക് മൊസ്യൂള്‍ വിട്ടുപോകാന്‍ അനുമതി നല്കും. കൃത്യസമയത്ത് തിരിച്ചെത്തിയില്ലെങ്കില്‍ കുടുംബത്തിലെ ഓരോരുത്തരെയായി കൊല്ലും.

വിധികര്‍ത്താക്കളെയും ഉദ്യോഗസ്ഥരെയുമൊക്കെ കാണാന്‍ കോര്‍ട്ട്ഹൗസിനുള്ളില്‍ ആളുകള്‍ വരി നില്ക്കുന്നുണ്ടായിരുന്നു. പലര്‍ക്കും പല ആവശ്യങ്ങള്‍. നിയമം തെറ്റിച്ചതിന് ശിക്ഷകാത്തു നില്ക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അബായയും നികാബും ധരിച്ച അടിമപ്പെണ്ണുങ്ങളെയുംകൊണ്ട് തീവ്രവാദികള്‍ വരിനിന്ന മുറിയിലേക്ക് സല്‍മാനും നാദിയയും നടന്നു.

ഉടമകളുടെയും അടിമകളുടെയും പേരുവിവരങ്ങള്‍ എഴുതിസൂക്ഷിക്കുകയും, അമുസ്ലിങ്ങളായ സബിയ്യമാരെ പരിവര്‍ത്തനം ചെയ്യുകയുമായിരുന്നു അവിടെ. ഐസിസില്‍ സല്‍മാന്‍ ഉന്നതസ്ഥാനീയനാണെന്ന് അയാള്‍ക്കു ലഭിച്ച ആദരവില്‍നിന്ന് നാദിയയ്ക്ക് ഒരിക്കല്‍ക്കൂടി ബോധ്യമായി.

'തട്ടം മാറ്റൂ,' നരച്ച താടിയുള്ള ഉദ്യോഗസ്ഥന്‍ നാദിയയോട് ആവശ്യപ്പെട്ടു. ഷഹാദ അറിയുമോ എന്ന് ചോദിച്ചു. ലളിതമായൊരു
ഇസ്ലാമിക പ്രാര്‍ഥനയാണ് ഷഹാദ. ഒട്ടുമിക്ക യസീദികള്‍ക്കും അറിയാമായിരുന്നത്. നാദിയ പ്രാര്‍ഥന ചൊല്ലിയതില്‍ ഉദ്യോഗസ്ഥന് വലിയ സന്തോഷം തോന്നി. 'മിടുക്കി, നിന്നെ ദൈവം രക്ഷിക്കട്ടെ,' അയാള്‍ ആശംസിച്ചു.

പേപ്പര്‍ ജോലികളെല്ലാം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥന്‍ സല്‍മാനോട് പറഞ്ഞു, 'ഇനിയിവള്‍ നിങ്ങള്‍ക്ക് സ്വന്തമാണ്. കൊണ്ടുപൊയ്ക്കോളൂ.'

അതുവരെയനുഭവിച്ച ക്രൂരതകളെക്കാള്‍ നാദിയയെ വിഷമിപ്പിച്ചത് തന്റെ മതത്തെയും വിശ്വാസങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ്. അവള്‍ തന്റെ വംശപരമ്പരയോടും മാലാഖമാരോടും മാപ്പിരന്നു:
'ദൈവമേ, ചെയ്യുന്നതിനെല്ലാം എന്നോട് പൊറുക്കൂ. എന്റെ വിശ്വാസം അചഞ്ചലമാണ്. ശരീരം ഈ ചെകുത്താന്മാര്‍ അടിമപ്പെടുത്തിയാലും ആത്മാവെന്നും യസീദിതന്നെയായിരിക്കും.'

കോര്‍ട്ട്ഹൗസില്‍നിന്ന് മൊര്‍ത്തേജയുടെ വീട്ടിലേക്കാണ് നാദിയയെ കൊണ്ടുപോയത്. കാറില്‍ വെച്ച് തന്റെ സുഹൃത്തുക്കളെക്കുറിച്ച് നാദിയ സല്‍മാനോട് ചോദിച്ചു. അവരെയൊന്നു കാണാനുള്ള ആഗ്രഹവും പറഞ്ഞു. നാദിയയെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് ശ്രമിക്കാമെന്ന് സല്‍മാന്‍ അവള്‍ക്ക് വാക്കു നല്കി. സബിയ്യയെ ബലപ്രയോഗമില്ലാതെ തന്റെ ഇംഗിതങ്ങളുടെ വരുതിയിലാക്കാന്‍ അവരുടെ ചെറിയ ആഗ്രഹങ്ങള്‍ സാധിക്കുകയെന്നത് ഐസിസിന്റെ തന്ത്രമായിരുന്നു.

മൊര്‍ത്തേജയുടെ വീട്ടില്‍ അയാളുടെ അമ്മ അതിഥികളെ കാത്തുനിന്നു. ഇസ്ലാമിക് സ്റ്റേറ്റ് സമൂഹത്തില്‍ മൂന്നുതരം സ്ത്രീകളാണുള്ളത്. ഒന്ന്, നാദിയയെപ്പോലെ അടിമകള്‍. രണ്ട്, മക്കളോ ഭര്‍ത്താക്കന്മാരോ തീവ്രവാദികളായതില്‍ അഭിമാനിക്കുന്നവര്‍. ഇക്കൂട്ടര്‍ ചിലപ്പോള്‍ അസൂയകൊണ്ടോ ദേഷ്യംകൊണ്ടോ അടിമപ്പെണ്ണുങ്ങളോട് പുരുഷന്മാരെക്കാള്‍ ക്രൂരത കാണിക്കും. മനഃസാക്ഷി പൂര്‍ണമായും നഷ്ടപ്പെടാത്ത മൂന്നാമത്തെ കൂട്ടര്‍ വളരെ അപൂര്‍വമായിരുന്നു. അങ്ങനെ ഒരു സ്ത്രീയുടെ സഹായംകൊണ്ട് രക്ഷപ്പെട്ട യസീദിപ്പെണ്ണിന്റെ കഥ നാദിയ കേട്ടിട്ടുണ്ട്.

രണ്ടാമത്തെ തരക്കാരിയായിരുന്നു മൊര്‍ത്തേജയുടെ മാതാവ്. നാദിയയെ അവരുടെ അടുത്തേല്പിച്ച് സല്‍മാന്‍ പുറത്തേക്കു പോയി. സിറിയയില്‍ യുദ്ധം ചെയ്യുന്ന മൂത്ത മകനെക്കുറിച്ചായിരുന്നു ആ സ്ത്രീക്ക് ഏറെ പറയാനുണ്ടായിരുന്നത്. നല്ലതു സംഭവിക്കാനാണ് ഐസിസില്‍ എത്തപ്പെട്ടതെന്നു കരുതാന്‍ നാദിയയ്ക്ക് ഉപദേശവും നല്കി. സ്ത്രീയായിരുന്നിട്ടുകൂടി ലൈംഗിക അടിമത്തത്തെ ന്യായീകരിക്കാന്‍ അവര്‍ക്ക് എങ്ങനെ കഴിയുന്നുവെന്ന് എത്രയാലോചിച്ചിട്ടും നാദിയയ്ക്ക് മനസ്സിലായില്ല. നാദിയയ്ക്ക് വിശ്രമിക്കാന്‍ ചെറിയൊരു മുറി തുറന്നുനല്കി. സാധനങ്ങളിലൊന്നും തൊടരുതെന്നു നിര്‍ദേശിച്ച് അവര്‍ അടുക്കളയിലേക്ക് പോയി.

അമ്മ പുറത്തേക്ക് പോയപാടെ എവിടെനിന്നെന്നറിയാതെ മൊര്‍ത്തേജ മുറിയിലേക്ക് കടന്നുവന്നു. അയാള്‍ നാദിയയെ അപ്പാടെ തിന്നുകളയുമെന്നു തോന്നിച്ചു. ആര്‍ത്തിയോടെ അവന്‍ പെണ്‍കുട്ടിയുടെ അടുത്തിരുന്നു.

'പേടിയുണ്ടോ?'

കാല്‍മുട്ടുകളില്‍ താടിയൂന്നി കൂനിക്കൂടിയിരുന്നുകൊണ്ട് നിങ്ങളാണെന്നെ ഇപ്പോള്‍ ഭയപ്പെടുത്തുന്നതെന്ന് മറുപടി നല്കി.
ചിരിച്ചുകൊണ്ട് മൊര്‍ത്തേജ കൂടുതല്‍ അരികിലേക്ക് നീങ്ങിയിരുന്നു.
'പേടിക്കുമ്പോള്‍ നെഞ്ചിടിപ്പു കൂടും. നിന്റെ നെഞ്ചിടിപ്പ് ഞാനൊന്ന് പരിശോധിക്കട്ടെ.'
അയാളുടെ കൈകള്‍ തന്റെ മാറിടത്തേക്കാണ് നീളുന്നതെന്നറിഞ്ഞതും നാദിയ ഉറക്കെ നിലവിളിച്ചു. ആ ശബ്ദതീവ്രതയില്‍ കെട്ടിടം അപ്പാടെ ഇടിഞ്ഞുവീണ് എല്ലാവരും മരിക്കണമെന്ന വാശിയായിരുന്നു അവള്‍ക്ക്.
നിലവിളി കേട്ട് മൊര്‍ത്തേജയുടെ അമ്മ ഓടിയെത്തി. അവര്‍ മകനെ കുറെനേരം തുറിച്ചുനോക്കി. ജാള്യത മറയ്ക്കാനാവാതെ അവന്‍ പുറത്തേക്കിറങ്ങിപ്പോയി.

അതുവരെ സംഭവിച്ചതെല്ലാം മറക്കാന്‍ നാദിയയ്ക്ക് സന്തോഷവാര്‍ത്തയുമായാണ് സല്‍മാന്‍ തിരിച്ചെത്തിയത്.
'വേഗം വരൂ, നിന്റെ കൂട്ടുകാരികളെ കാണിച്ചുതരാം.'
അതു വിശ്വസിക്കാന്‍ നാദിയയ്ക്കായില്ല. കേട്ടതു ശരിയാണെങ്കിലും നുണയാണെങ്കിലും ഈ വീട്ടില്‍നിന്ന് പുറത്തുകടക്കുകയെന്ന ചിന്തയോടെ വീണ്ടും അവള്‍ ഹാജി സല്‍മാനൊപ്പം ഇറങ്ങിത്തിരിച്ചു.
അടിമച്ചന്ത നടന്ന വീട്ടിലേക്കാണ് അവര്‍ ചെന്നത്.
'അവര്‍ മുകളിലുണ്ട്,' കോണിപ്പടികള്‍ ചൂണ്ടി സല്‍മാന്‍ പറഞ്ഞു.

ഇന്നലെ കരഞ്ഞുകൊണ്ടിറങ്ങിയ കോണിപ്പടികള്‍ ഇന്നവള്‍ ഉത്സാഹത്തോടെ കയറി. യസീദിപ്പെണ്‍കുട്ടികളുടെ കണ്ണീരും ചോരയും വീണു നനഞ്ഞ വലിയ മുറിയുടെ അറ്റത്ത് രണ്ടുപേര്‍ മാത്രം കരഞ്ഞുകൊണ്ട് അരികുചേര്‍ന്നിരിക്കുന്നു. കത്രീനും നിസ്രീനും.

ഓടിച്ചെന്ന് കെട്ടിപ്പിടിച്ചപ്പോഴും മുഖത്തെ തട്ടം മാറ്റാന്‍ നാദിയ മറന്നു.
'ഞങ്ങളെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ വന്നതാണോ?' കത്രീന്‍ മെല്ലെ ചോദിച്ചു.
'ഇതു ഞാനാണ്, നാദിയ,' അവള്‍ മുഖപടമുയര്‍ത്തി.
പിന്നെ കുറച്ചു സമയത്തേക്ക് മൂന്നുപേര്‍ക്കും കരയാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. വേര്‍പാടിന്റെ മുറിവ് പഴുത്ത് വ്രണമായിരുന്നു.

'നീ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. കണ്ടിട്ട് സഹിക്കാനാവുന്നില്ല,' നാദിയ കത്രീന്റെ മുഖത്തു തടവി. അവളുടെ കണ്ണുകള്‍ അടികൊണ്ട് വീര്‍ത്തിരുന്നു.
'അബു അബ്ദുല്ല എന്നൊരാളാണ് എന്നെ വാങ്ങിയത്. അര്‍ബുദ രോഗിയാണെന്ന് ഞാന്‍ അയാളോട് നുണ പറഞ്ഞു. കുറെ തല്ലി. പിന്നെ ഇവിടെ തിരിച്ചുകൊണ്ടുവന്നാക്കി,' കത്രീന്‍ പറഞ്ഞു.

'ഞാന്‍ രക്ഷപ്പെടാന്‍ നോക്കി, പിടിക്കപ്പെട്ടു,' നിസ്രീന്‍ തനിക്ക് സംഭവിച്ചത് വിവരിച്ചു.

നാദിയ തന്റെ കഥകള്‍ പറഞ്ഞുകൊണ്ടിരിക്കെ ഒരാള്‍ വന്ന് സല്‍മാന്‍ വിളിക്കുന്നതായി അറിയിച്ചു.
'ഇനി നമ്മള്‍ കാണുമോ എന്നറിയില്ല, എന്നെ മറക്കരുത്,' ഇത്രയും പറഞ്ഞുകൊണ്ട് കത്രീന്‍ അവളുടെ കമ്മലുകള്‍ നാദിയയ്ക്ക് ഊരി നല്കി.

Content Highlights: Nadiya Murad lifestory by PS Rakesh