‘കാശ് കൈയില്‍ വരുമ്പോള്‍ മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും; മലയാളികള്‍ യാത്ര ചെയ്യാനുള്ള ആഗ്രഹം ഉള്ളില്‍ കൊണ്ടുനടക്കുന്നവര്‍’

കൃഷ്ണകുമാര്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘നൂറ്റാണ്ടുകളുടെ നടകളില്‍’ എന്ന പുസ്തകത്തിന് എഴുത്തുകാരന്‍ എം. മുകുന്ദന്‍ എഴുതിയ അവതാരിക വായിക്കാം.
തീരുമാനിച്ചതും ആഗ്രഹിച്ചതും നടത്തിയെടുക്കുക എന്നത് കൃഷ്ണകുമാറിന്റെ വാശിയാണ്. ആ നിശ്ചയത്തിനു മുമ്പില്‍ പ്രയാസങ്ങളെല്ലാം തോറ്റുപോകും. അതുകൊണ്ടാണ് തന്റെ ഓഫീസ് ചുമരില്‍ 'അസാധ്യമായി ഒന്നുമില്ല' എന്ന വാചകം അദ്ദേഹം എഴുതിവെച്ചത്. കൃഷ്ണകുമാര്‍ ഒരു അസാധാരണ മനുഷ്യനാണ്. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂര്‍വമായ ജനിതകരോഗം ബാധിച്ച ആളാണ്. സ്വന്തം ഇഷ്ടപ്രകാരം കണ്ണും നാവും മാത്രം ചലിപ്പിക്കാന്‍ കഴിയുന്ന ആള്‍. ശരീരത്തിലെ മസിലുകള്‍ ദുര്‍ബ്ബലമാകുന്ന രോഗമാണിത്.
രോഗിക്കൊപ്പം രോഗവും വളരും. ഇദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ കാഠിന്യംകൊണ്ടാകാം രോഗത്തെ അതിജീവിച്ച് ഇപ്പോഴും സജീവമായി മുന്നോട്ടുപോകുന്നത്. എസ്.എം.എ. ബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാരവാഹികൂടിയാണ് കൃഷ്ണകുമാര്‍. ഈ അവസ്ഥയിലുള്ള മറ്റുള്ളവരില്‍നിന്ന് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് സജീവവും സര്‍ഗാത്മകവുമായ ചലനാത്മകതയാണ്. സാംസ്‌കാരികമായ ഊര്‍ജ്ജമാണ് മനസ്സെത്തുന്നിടത്ത് ശരീരമെത്തിക്കാന്‍ ഇദ്ദേഹത്തിനു ശക്തിപകരുന്നത്. കൃഷ്ണകുമാര്‍ നിരന്തരം വായിച്ചുകൊണ്ടിരിക്കുന്നു.
സാംസ്‌കാരികസമ്മേളനങ്ങളില്‍, സാഹിത്യസദസ്സുകളില്‍, ചലച്ചിത്രമേളകളില്‍ സജീവസാന്നിധ്യമാകുന്നു. അനുഭവങ്ങളെ അക്ഷരങ്ങളിലൂടെ പകര്‍ത്താന്‍ കൃഷ്ണകുമാറിന് പ്രത്യേകമായ മിടുക്കുണ്ട്. കൃഷ്ണകുമാറും സുഹൃത്തുക്കളും നടത്തിയ ഒരു യാത്രയുടെ അനുഭവവിവരണമാണ് ഈ പുസ്തകം. മലയാളികള്‍ യാത്ര ചെയ്യാനുള്ള ആഗ്രഹം ഉള്ളില്‍ കൊണ്ടുനടക്കുന്നവരാണ്. എന്നാല്‍ അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ പലരും നടത്താറില്ല. കാശ് കൈയില്‍ വരുമ്പോള്‍ അത് മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. യാത്രയ്ക്കുവേണ്ടി ചെലവഴിക്കില്ല. കുറച്ചുകാലമായി ഈ അവസ്ഥയ്ക്ക് ചെറിയ മാറ്റം വന്നിട്ടുണ്ട്.
നമ്മുടെ ചുറ്റുപാടുമുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും അവിടേക്ക് യാത്ര പോകാനും ഒഴിവുസമയം ചെലവഴിക്കാനും ആളുകള്‍ താത്പര്യം കാണിക്കുന്നുണ്ട്. എന്നാല്‍ ഈ യാത്രകളിലധികവും വിനോദയാത്രകളാണ്. കൃഷ്ണകുമാറിന് യാത്ര വിനോദമല്ല, വിജ്ഞാനം നേടാനുള്ള ഒരു മാര്‍ഗമാണ്. വായനയിലൂടെ നേടിയ അറിവിനെ ഉറപ്പിച്ചെടുക്കാനുള്ള അവസരവുമാണ്. യാത്രയില്‍നിന്നു ലഭിക്കുന്ന ഊര്‍ജ്ജം തീര്‍ച്ചയായും ഇദ്ദേഹത്തിന്റെ പേശികള്‍ക്കും കരുത്തു പകരുന്നുണ്ടാകും.
ചരിത്രമാണ് കൃഷ്ണകുമാറിന്റെ ഇഷ്ടവിഷയം. അതുകൊണ്ട് യാത്രകളില്‍ മിക്കവയും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കായിരിക്കും. ചവറയില്‍നിന്ന് ആരംഭിച്ച് രാമേശ്വരത്ത് അവസാനിക്കുന്ന യാത്രയില്‍ ചോള-പാണ്ഡ്യ രാജവംശങ്ങളുടെ ഒട്ടേറെ ചരിത്രശേഷിപ്പുകള്‍ കൃഷ്ണകുമാര്‍ നിരീക്ഷിക്കുന്നുണ്ട്. അവയില്‍ കോട്ടകളും ക്ഷേത്രങ്ങളും പുരാതനമായ മറ്റു നിര്‍മിതികളുമുണ്ട്.
എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന രാമകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്‍ സേലം സ്വദേശിയായിരുന്നു. നേവി ഓഫീസര്‍ക്കായുള്ള കായികക്ഷമതാപരീക്ഷയ്ക്കിടെ ഉണ്ടായ അപകടത്തില്‍ അയാളുടെ നട്ടെല്ലിനു ഗുരുതരമായ പരിക്കുപറ്റി. വര്‍ഷങ്ങളോളം ചികിത്സിച്ചു. പൂര്‍ണമായും വീല്‍ചെയറില്‍ ആയിപ്പോയ ആ ചെറുപ്പക്കാരന്‍ ആരംഭിച്ച ഒരു സംഘടനയാണ് അമര്‍ സേവാ സംഘം.
ഈ സംഘടന ആയക്കുടിയില്‍ സ്ഥാപിച്ച റിഹാബിലിറ്റേഷന്‍ സെന്റര്‍, ഡിസബലിറ്റി ഉള്ളവര്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുനരധിവാസകേന്ദ്രങ്ങളില്‍ ഒന്നാണ്. ഈ കേന്ദ്രത്തെക്കുറിച്ചുള്ള കൃഷ്ണകുമാറിന്റെ വിവരണം കേരളത്തില്‍ ഇത്തരമൊരു റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ആവശ്യകതയെ ബലപ്പെടുത്തും.
ഈ യാത്രാപുസ്തകം കൃഷ്ണകുമാര്‍ എഴുതിയിരിക്കുന്നത് തികഞ്ഞ ചരിത്രബോധത്തോടെയാണ്. മധുര മീനാക്ഷിക്ഷേത്രത്തിന്റെ ശില്‍പ്പഭംഗിയെക്കാള്‍ ഇദ്ദേഹത്തെ ആകര്‍ഷിക്കുന്നത് ആ പട്ടണത്തിന്റെ ചരിത്രമാണ്. തഞ്ചാവൂരിലെ രാജരാജേശ്വരക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും കൃഷ്ണകുമാര്‍ വിവരിക്കുന്നു. യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടംനേടിയ ക്ഷേത്രമാണിത്. തഞ്ചാവൂരിന്റെ സംഗീതപാരമ്പര്യത്തെക്കുറിച്ചു വിവരിക്കാനും ഇദ്ദേഹം മറക്കുന്നില്ല.
നമ്മുടെ രാഷ്ട്രപതിയായിരുന്ന ഡോക്ടര്‍ എ.പി.ജെ. അബ്ദുള്‍ കലാം പുതുതലമുറയ്ക്ക് എപ്പോഴും ഒരു പ്രചോദനമായിരുന്നല്ലോ. ലഭ്യമാകുന്നിടത്തുനിന്നെല്ലാം ഊര്‍ജ്ജം സ്വീകരിച്ച് മുന്നോട്ടുപോകുന്ന കൃഷ്ണകുമാറിന് ആ മഹാന്റെ നാടും വസതിയും സന്ദര്‍ശിക്കാനുള്ള അവസരം എത്രമാത്രം സന്തോഷമായിരിക്കും നല്‍കിയിട്ടുണ്ടാവുക!
യാത്രകളില്‍ വലിയ അദ്ഭുതങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നു ഞാന്‍ എപ്പോഴും പറയാറുണ്ട്. അദ്ഭുതങ്ങള്‍ നമ്മളെ അറിയാത്ത ലോകങ്ങളില്‍ എത്തിക്കും. കൃഷ്ണകുമാര്‍ നമ്മെ അത്തരം ലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. ജീവിതത്തില്‍ അനവധി ദൂരം സഞ്ചരിക്കാന്‍ ഓരോ യാത്രയും കൃഷ്ണകുമാറിന് കരുത്തു പകരുന്നു. കാണാത്ത നാടുകള്‍ കാണുമ്പോള്‍ നമ്മുടെ മനസ്സ് വളര്‍ന്നുവലുതാകും. വലിയ മനസ്സുള്ളവര്‍ ആണല്ലോ വലിയ മനുഷ്യര്‍. കൃഷ്ണകുമാര്‍ ഒരു വലിയ മനുഷ്യനാണ്.
Content Highlights: Explore `Noottaandukalude Nadakalil` by Krishnakumar, a book that transcends physical limitations to celebrate the joy of travel & knowledge.