'ഓർമ്മയ്ക്ക് ഇരിക്കട്ടെ' മമ്മൂട്ടി പറഞ്ഞു, ‘താങ്ക്സ് അങ്കിൾ, ഐ വിൽ കീപ് ഇറ്റ്' എന്ന് മോനിഷയും

#ശ്രീദേവി ഉണ്ണി
മോനിഷ, മമ്മൂട്ടി| ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌, സിദ്ദീക്കുൽ അക്ബർ
മോനിഷ, മമ്മൂട്ടി| ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌, സിദ്ദീക്കുൽ അക്ബർ

നടി മോനിഷയെക്കുറിച്ച് ലളിതമായ ഭാഷയിൽ അമ്മ എഴുതിയ ഓർമകളാണ് ‘എന്റെ മകൾ മോനിഷ’ എന്ന പുസ്തകത്തിൽ. ഒരു ഭാഗം വായിക്കാം.  

മ്മൂട്ടിക്ക് ഒപ്പം മോനിഷ ആദ്യമായി അഭിനയിച്ച സിനിമയാണ് സായംസന്ധ്യ. മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു വേഷം. അച്ഛനെ മനസ്സിലാക്കാത്ത മകൾ. അതിൽ ഒരു റേപ് സീൻ ഉണ്ട്. സുരേഷ്ഗോപി പ്രതിനായക കഥാപാത്രമായി വരുന്നു. റേപ് ചെയ്യപ്പെട്ട കഥാപാത്രം പ്രതിനായകനെ കൊല്ലുന്നു. അച്ഛൻ കുറ്റം ഏറ്റെടുക്കുന്നു. അച്ഛനും മകളുമായുള്ള വൈകാരികബന്ധത്തിന്റെ സീനൊക്കെ എടുത്തുകഴിഞ്ഞ് ഞങ്ങൾ ഹോട്ടലിൽ എത്തി. മോനിഷ കിടുകിടെ വിറയ്ക്കുന്നു. ആകെ അസ്വസ്ഥയാണ്. ഞാൻ ബാത്ത്റൂമിൽ എത്തിച്ച് ഷവർ പെയ്ത്ത് നടത്തി. അവളെ ചേർത്തുപിടിച്ച് കിടന്നു. അവളുടെ ഏങ്ങൽ മാറുന്നില്ല. ചെറിയ കുട്ടി ഏങ്ങലടിച്ചു കരയുന്നപോലെയുള്ള മാനസികാവസ്ഥ. ഇന്നത്തെപ്പോലെ രാത്രി ചായയോ മറ്റോ കിട്ടാനുള്ള സൗകര്യവുമില്ല. രാവിലെ ഒരു സീൻ കൂടി എടുക്കാനുണ്ടായിരുന്നു. രാവിലെ ആയപ്പോഴേക്കും മോനിഷ പഴയ മട്ടിലായി. ഞങ്ങൾ സെറ്റിൽ എത്തി. സീൻ എടുത്തതും അവൾ മമ്മൂട്ടിയോട് യാത്ര പറഞ്ഞ് ഇറങ്ങുകയാണ്.

മമ്മൂട്ടി അങ്കിൾ ഞാൻ പോവ്വാണ് എന്നു പറഞ്ഞ് കൈ വീശി. മുകളിൽനിന്ന് മമ്മൂട്ടി എന്തോ എറിഞ്ഞുകൊടുക്കുകയാണ്. 'ഇന്നാ പിടിച്ചോ, വെച്ചോ, ഓർമ്മയ്ക്ക് ഇരിക്കട്ടെ' എന്നു പറഞ്ഞ് മമ്മൂട്ടി ജെ.ബി. സിഗററ്റിന്റെ അളുക്ക് മോനിഷയ്ക്ക് എറിഞ്ഞുകൊടുത്തു. 'ഓക്കെ, താങ്ക്സ് അങ്കിൾ, ഐ വിൽ കീപ് ഇറ്റ്' എന്നു പറഞ്ഞ് മോനിഷ ആ സമ്മാനം സ്വീകരിച്ചു. വീട്ടിൽ സൂക്ഷിച്ചു.

ചമ്പക്കുളം തച്ചൻ എന്ന സിനിമയിൽ നെടുമുടി വേണുവിന്റെ വില്ലൻ കഥാപാത്രം മോനിഷയെ റേപ് ചെയ്യുന്ന സീനുണ്ട്. പശ്ചാത്തലം റെഡിയായ സമയത്ത് നെടുമുടി വേണു പറയുകയാണ്, 'എങ്ങനെയാണ് അഭിനയിക്കുക. ആ കുട്ടീടെ മുഖത്തു നോക്കുമ്പോൾ എങ്ങനെ ഇങ്ങനെയൊരു സീൻ അഭിനയിക്കും.' മഹാനടനായ നെടുമുടിയെപ്പോലും അനിശ്ചിതത്വത്തിലാക്കി മോനിഷയുടെ മുഖത്തെ നിഷ്‌കളങ്കത. ഇത് അവതരിപ്പിക്കുന്നതാകട്ടെ, മോനിഷയുടെ ഭർത്താവായി അഭിനയിക്കുന്ന മുരളിയുടെ മുഖത്തു നോക്കിയും.

പുസ്തകത്തിന്റെ കവർ പേജ്

മോനിഷയ്ക്ക് താരപരിവേഷം ലഭിച്ച മറ്റൊരു ചലച്ചിത്രമാണ് കമലദളം. നർത്തകിയായും നൃത്തവിദ്യാർത്ഥിനിയായും അഭിനയിക്കാൻ അവസരം ലഭിച്ച സിനിമ. ചിത്രീകരണത്തിനായി ഞങ്ങൾ പഴയ കലാമണ്ഡലത്തിൽ എത്തിയപ്പോൾ ആദ്യം കണ്ടത് ലോഹിതദാസിനെയും സിബി മലയിലിനെയും മാമുക്കോയയെയുമായിരുന്നു. തിരക്കഥ വായിക്കലോ, കഥ കേൾപ്പിക്കലോ ഒന്നും ഇല്ല. മോനിഷയ്ക്ക് കമലദളത്തിന്റെ കഥ അറിയില്ല. ഓരോ ഷോട്ടിനെക്കുറിച്ചും അസിസ്റ്റന്റ് ഡയറക്ടർമാരും അസോസിയേറ്റ് ഡയറക്ടറും പറഞ്ഞുകൊടുക്കും. സംഭാഷണം പറഞ്ഞുകൊടുക്കുന്നത് മനഃപാഠമാക്കണം. റിഹേഴ്സൽ ഉണ്ട്. മോനിഷയാവട്ടെ, എല്ലാം പെട്ടെന്നുതന്നെ പഠിച്ചെടുക്കും. പരമാവധി രണ്ടു ടേക്കിനപ്പുറം പോകേണ്ടതില്ല. കലാമണ്ഡലം കൂത്തമ്പലത്തിൽ നൃത്തം ചെയ്യുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്. ചില ദിവസങ്ങളിൽ നർത്തകനായി അഭിനയിക്കുന്ന മോഹൻലാൽ താൻ അതിനുവേണ്ടി അഭ്യസിച്ച മുദ്രകളെപ്പറ്റിയും ചലനങ്ങളെപ്പറ്റിയും മോനിഷയുമായി സംസാരിക്കും. ഒപ്പം വിനീതും ഉണ്ടായിരിക്കും. മോഹൻലാൽ കാണിച്ചുകഴിഞ്ഞശേഷം നായകനും നായികയും മുദ്രയിലുള്ള വ്യത്യാസത്തെപ്പറ്റിയൊക്കെ നടിച്ചുകാണിക്കും.

ഒരു ദിവസം ഉച്ചഭക്ഷണസമയം മോനിഷ ആകെ അസ്വസ്ഥയായിരുന്നു. ഒന്നും സംസാരിക്കുന്നില്ല. ആയ വനജാമ്മയോട് അന്വേഷിച്ചു. അവരും ആദ്യം ഒന്നും പറഞ്ഞില്ല. എനിക്ക് വിഷമമായി. 'അമ്മേ, മതി, നിർത്താം. നമുക്ക് പാട്ടുണ്ട്, നൃത്തമുണ്ട്, എന്തിനാ സിനിമ? നിർത്താം,' മോനിഷ എന്തോ ഉള്ളിൽത്തട്ടിയതിന്റെ സങ്കടത്തിൽ പറയുകയാണ്. 'ലെറ്റ് അസ് ഗോ ബാക്ക്,' അവൾ നിർബ്ബന്ധിക്കുകയാണ്. അതുവരെ പറയാൻ മടിച്ചുനിന്ന വനജ മോനിഷയുടെ സങ്കടത്തിന്റെ കാരണം പറഞ്ഞു: മോഹൻലാലുമായുള്ള ഒരു രംഗം ചിത്രീകരിക്കുകയാണ്. മോനിഷയുടെ ഒരു സംഭാഷണം മൂന്നുതവണ എടുക്കേണ്ടിവന്നു. ഇതുകണ്ട സംഘത്തിലുള്ള ആരോ ഒരാൾ 'ദേശീയ അവാർഡ് വാങ്ങിയ നടിയാണ്. എന്നിട്ടും കണ്ടില്ലേ' എന്നൊരു കമന്റ് പറഞ്ഞു. ഇത് മോനിഷ കേട്ടു. അവൾക്കത് ഇൻസൾട്ടായി തോന്നി. തന്റെ ആത്മവിശ്വാസം കെടുത്തുന്ന ഒന്നായിട്ടാണ് അത് അനുഭവപ്പെട്ടത്. അതിന്റെ അപമാനം അവൾക്ക് താങ്ങാനാവുന്നതിനുമപ്പുറമായിരുന്നു. കലാമണ്ഡലം സുജാതയായിരുന്നു നൃത്തസംവിധായിക. മോനിഷയെ സംബന്ധിച്ച് നൃത്തരംഗങ്ങൾ വെല്ലുവിളിയേ ആയിരുന്നില്ല. പതിനഞ്ചു ദിവസം കമലദളത്തിനുവേണ്ടി ഷൊർണൂരിൽ താമസിച്ചു.

മകളുടെ സങ്കടം കണ്ട് ഞാൻ ആശ്വസിപ്പിച്ചു. അന്ന് സിബി മലയിൽ അവൾക്ക് ഒരു ബ്രേക്ക് കൊടുത്തു. പിറ്റേ ദിവസം മോനിഷ വിനീതുമായി തമാശകൾ പറഞ്ഞു ചിരിക്കുന്നതു കണ്ടു. അപ്പോൾ എനിക്ക് സമാധാനമായി. തലേ ദിവസത്തേതെല്ലാം മറന്ന് മനസ്സ് ശാന്തമായിരിക്കുന്നു.

മദിരാശിയിൽ ഒരു സ്റ്റുഡിയോയിൽവെച്ചായിരുന്നു കമലദളത്തിന്റെ അവസാന ചിത്രീകരണം. നാടോടിനൃത്തത്തിന്റെ ഭാഗം. മോനിഷയ്ക്ക് ഒരു സ്വഭാവമുണ്ട്. ആദരിക്കേണ്ടവരെ അതിന്റെ കൃത്യതയിൽ അംഗീകരിക്കാനുള്ള ചില ബോദ്ധ്യങ്ങൾ. എം.ടി, യേശുദാസ് എന്നിവരെ ഗുരുനാഥന്മാരായി അവൾ കാണുന്നു. മറ്റുള്ളവരുടെ മുന്നിൽ പാകത്തിനേ നിൽക്കൂ. അതിരുകവിഞ്ഞ ആദരവിനൊന്നും നിൽക്കാറില്ല. ഈ നാടോടിനൃത്തം ചിത്രീകരിച്ചു കഴിഞ്ഞു. സിനിമയിൽ തന്റെ ഭാഗം തീർന്നവേളയിൽ മോനിഷ ലോഹിതദാസിന്റെ കാൽ തൊട്ടു വന്ദിക്കുന്നതു കണ്ടു. ഒരു നർത്തകിയായി അഭിനയിക്കാനുള്ള അവസരം ഒരുക്കിയതിന്റെ കൃതാർത്ഥതയാവാം. അവിടെ വെച്ച് കൗതുകമുള്ള ഒരു സംഭവമുണ്ടായി. ഷൂട്ടിങ് തീർന്നവേളയിൽ സിബി പറയുന്നു: 'മോനിഷയെയും മോനിഷയുടെ അമ്മയെയും വിളിക്കൂ.' ഞങ്ങൾ ചെന്നു.

സിബി പറഞ്ഞു: 'നിങ്ങൾ രണ്ടുപേരും ഒന്നു ചിരിച്ചു നിൽക്കൂ.' ഞങ്ങൾ ചിരിച്ചുനിന്നു. ക്യാമറ ചലിച്ചു. 'പായ്ക്കപ്പ്,' സിബി പറഞ്ഞു. ഞങ്ങളുടെ ചിരിയോടെയായിരുന്നു കമലദളത്തിന്റെ കലാശം. കാരണം ദുഃഖപുത്രിയായിട്ടാണല്ലോ മോനിഷ അഭിനയിച്ചത്. അവളുടെ കൂടെ ചിരി ചിത്രീകരിച്ച് പായ്ക്കപ്പ് പറയുക എന്ന സിബിയുടെ ആശയത്തിൽ കൗതുകം തോന്നി.

കമലദളം റിലീസായപ്പോൾ ഞങ്ങൾ കോഴിക്കോട്ടുണ്ടായിരുന്നു. തിയേറ്ററിൽ പോയി സിനിമ കണ്ടു. പോസ്റ്ററിൽ മോഹൻലാലിന്റെയും പാർവ്വതിയുടെയും മുഖങ്ങളായിരുന്നു എന്നതും മോനിഷ ശ്രദ്ധിച്ചിരുന്നു. ഞാനും ചെയ്ത സിനിമയല്ലേ എന്നൊരു ചോദ്യം അവൾ ഉള്ളിൽ ഒളിപ്പിക്കുന്നതുപോലെ തോന്നി. സിനിമ കാണുന്നതിനിടയ്ക്ക് അവളുടെ ഭാഗങ്ങൾ വരുമ്പോൾ എന്റെ നേർക്ക് ഒരു നോട്ടമുണ്ട്. എങ്ങനെ ഉണ്ട് ഞാൻ എന്ന അർത്ഥത്തിൽ ഒരു കുസൃതിക്കൺനോട്ടം.

Content Highlights: Rare insights into Monisha's emotional professional journey in Malayalam cinema., Heartwarming anecdotes of her relationship with veteran actors Mammootty and Nedumudi Venu., Behind-the-scenes struggles and triumphs during the filming of the classic Kamaladalam., The professional dedication and emotional depth Monisha brought to her roles.