മമ്മൂട്ടിക്കാലം

#മുഹമ്മദ് അബ്ബാസ്

സാഹിത്യത്തെക്കാൾ സിനിമ മനുഷ്യരെ സ്വാധീനിക്കുമോ എന്നു ചോദിച്ചാൽ സ്വാധീനിക്കും എന്നുതന്നെയാണ് ഉത്തരം. ഓരോ തലമുറയെയും സിനിമ സ്വാധീനിച്ചിട്ടുണ്ട്. എന്റെ മുൻതലമുറ സോമന്റെ കൃതാവും ശങ്കറിന്റെ ഹെയർസ്‌റ്റൈലും ഡ്രസ്സുമൊക്കെ അനുകരിച്ചവരാണ്. എന്റെ തലമുറ അർത്ഥം എന്ന സിനിമയിലെ മമ്മൂട്ടിയുടെ ഹെയർസ്‌റ്റൈൽ അപ്പടി പകർത്തിയവരാണ്. അക്കാലത്ത് ‘അർത്ഥം കട്ട് ഇവിടെ ചെയ്തുകൊടുക്കപ്പെടും’ എന്ന് ഞങ്ങളുടെ പരിസരങ്ങളിലെ ബാർബർഷോപ്പുകളിൽ എഴുതിവെച്ചിരുന്നു. ഇരുവശത്തുനിന്നും മുകളിലേക്കു വാർന്ന്, നെറ്റിയിലേക്ക് അൽപ്പം ഇറക്കിക്കിടത്തുന്ന ‘അർത്ഥം കട്ടി’ൽ കാറ്റുപിടിച്ചു മുടി അലങ്കോലമാവാതിരിക്കാൻ എന്റെ സുഹൃത്തുക്കൾ എതിരെവരുന്ന കാറ്റിനെപ്പോലും മാറിനടന്നിരുന്നു.

നമ്മുടെ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ സിനിമ ഉണ്ടാക്കിയ സ്വാധീനങ്ങൾ ആ ജനതയുടെ സമസ്തമേഖലയിലും കാണാം. എം.ജി.ആറും ജയലളിതയും ഒരു പരിധിവരെ കരുണാനിധിയും തമിഴകത്തിന്റെ മുഖ്യമന്ത്രിമാരാവുന്നത് ദ്രാവിഡരാഷ്ട്രീയത്തിന്റെ കരുത്തുകൊണ്ടു മാത്രമല്ല, സിനിമയിലൂടെ അവർ സമൂഹത്തിൽ നേടിയെടുത്ത നന്മമരങ്ങളുടെ ഇമേജുകൊണ്ടുകൂടിയാണ്. തൊട്ടപ്പുറത്തെ സംസ്ഥാനമായ കർണ്ണാടകത്തിൽ എൻ.ടി. രാമറാവു ആ സംസ്ഥാനം ഭരിച്ചതും സിനിമ നൽകിയ മൈലേജുകൊണ്ടാണ്. അദ്ദേഹം മരിച്ചിട്ടും അതറിയാതെ അദ്ദേഹത്തിന്റെ പാർട്ടിയുടെ ചിഹ്നത്തിൽ വോട്ട് ചെയ്തവർ ഉണ്ടായിരുന്നു എന്നത് വെറും തമാശയല്ല. മക്കൾ തിലകം എം.ജി.ആറിന്റെ മരണത്തിൽ മനംനൊന്ത് ആത്മാഹൂതി ചെയ്തവരുണ്ട് എന്നതും തമാശയല്ല. ഇപ്പോൾ വിജയ് എന്ന നടൻ വലിയ കെട്ടുകാഴ്ചകളോടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതും സിനിമ നൽകിയ കരുത്തിലാണ്.

ഏതാണ്ട് എല്ലാ കലകളും ഏറിയും കുറഞ്ഞും സിനിമയെന്ന മാദ്ധ്യമത്തിൽ ഉള്ളതുകൊണ്ടാവും അത് മനുഷ്യരെ ഇത്രകണ്ട് സ്വാധീനിക്കുന്നത്. ലാലേട്ടന്റെ മീശപിരിയൻ സിനിമകളുടെ കാലത്ത് ഞങ്ങളുടെ കവലയിലെ ഇരുനില കെട്ടിടത്തിൽനിന്ന് ആറാം തമ്പുരാനിലെ ഡയലോഗ് ഉറക്കെ പറഞ്ഞുകൊണ്ട് ഹനീഫ എന്ന ആരാധകൻ താഴേക്ക് എടുത്തുചാടുമ്പോൾ ഞാനാ കെട്ടിടത്തിൽ പെയിന്റുപണിയെടുക്കുകയായിരുന്നു. താഴെവീണ് അവന്റെ കാൽമുട്ട് പൊട്ടിയെങ്കിലും വീണിടത്തുകിടന്ന് അവൻ ഉറക്കെ പറഞ്ഞത്, ‘ആകാശത്തിനു ചുവട്ടിലെ ഏതുമണ്ണും ജഗന്നാഥനും മാട്ടുമ്മൽ ഹനീഫാക്കും ഒരേപോലെയാണ്’ എന്നായിരുന്നു.

അക്കാലത്ത് തോട്ടിൽ മീൻപിടിക്കാൻ പോകുമ്പോൾ കൈയിൽ ലഹരിക്കുപ്പികൾ കരുതുന്ന എന്റെ സുഹൃത്തുക്കൾ ഗ്ലാസിലേക്ക് മദ്യം പകർന്ന് അത് തോട്ടിലേക്കു ചെരിച്ചുപിടിച്ച് ഇന്ദുചൂഡനെ അനുകരിക്കാൻ തോട്ടുവെള്ളം മദ്യത്തിൽ മിക്‌സ് ചെയ്യുമായിരുന്നു. ചിലർ തോട്ടിറമ്പിലെ ആരാന്റെ തെങ്ങിൽനിന്ന് ഇളനീര് പറിച്ചെടുത്ത് അതിന്റെ തലചെത്തി അതിലേക്ക് മദ്യം ഒഴിച്ച് മംഗലശ്ശേരി നീലകണ്ഠനായി പരിണമിച്ച് ഇല്ലാത്ത മീശ പിരിച്ച് ചിരിക്കുമായിരുന്നു. എട്ടിലോ ഒമ്പതിലോ പഠിക്കുന്ന കുട്ടികൾ നാട് വിട്ടുപോയി പോലീസ് പിടിച്ചപ്പോൾ തങ്ങൾ ആട് തോമയാവാൻ പോയതാണെന്ന് പറഞ്ഞത് അക്കാലത്ത് പത്രങ്ങളിൽ വാർത്തയായിരുന്നു. ഈയടുത്ത് രണ്ടുമൂന്ന് കുട്ടികൾ ലക്കി ഭാസ്‌കറാവാൻ നാടുവിട്ടതും വാർത്തയാണല്ലോ.

ഇത്രയൊക്കെ പറഞ്ഞത് സിനിമ ഒട്ടുമേ സ്വാധീനിക്കാത്ത മനുഷ്യരും എക്കാലത്തും ഉണ്ടായിരുന്നു എന്നു പറയാനാണ്. എന്റെ കൂട്ടുകാർ അവരവരുടെ പേഴ്‌സുകളിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ വെച്ചപ്പോൾ ഞാനെന്ന ഭ്രാന്തൻ വെച്ചത് ഒ.വി. വിജയന്റെ ഫോട്ടോയാണ്. എന്റെ മൂത്ത ഏട്ടനും അവന്റെ കൂട്ടുകാരനും പേഴ്‌സിൽവെച്ചത് കാറൽമാർക്‌സിന്റെ ഫോട്ടോയാണ്. ഇതിന്റെയൊക്കെ സാമൂഹിക രാഷ്ട്രീയ ദാർശനിക കുണ്ടാമണ്ടികൾ വിശകലനംചെയ്യാൻ ഞാൻ പ്രാപ്തനല്ല. എന്റെ പേഴ്‌സിലെ ഒ.വി. വിജയന്റെ ഫോട്ടോ കണ്ട് ചില കൂട്ടുകാർ അതു തമിഴ്‌സിനിമാനടൻ രഘുവരന്റെ ഫോട്ടോ ആണെന്നു വിശ്വസിച്ചു.

അക്കാലത്തു ഞങ്ങൾക്ക് മറ്റു കാര്യമായ വിനോദങ്ങൾ ഉണ്ടായിരുന്നില്ല. പത്തിൽ മൂന്നുപേർ പുസ്തകങ്ങൾ വായിച്ചു. ബാക്കി ഏഴുപേരും സിനിമാഭ്രാന്തന്മാരായിരുന്നു. സിനിമകാണൽ ഹറാമായ കാലമാണ്. സിനിമ കണ്ടതിന് പല കുട്ടികളും വീട്ടുകാരുടെ അടികൊണ്ടു. റംസാനിലെ പാതിരാപ്രസംഗങ്ങളിൽ മുസ്‌ലിയാർമാർ സിനിമയ്‌ക്കെതിരെ ശക്തമായ താക്കീതുകൾ നൽകി. ആ വിലക്കുകളും ഭയപ്പെടുത്തലുകളും കാര്യമാക്കാതെ ഞങ്ങൾ സിനിമ കണ്ടു. സിനിമകളിലെ ജീവിതം ഞങ്ങളുടെ ജീവിതത്തെക്കാൾ സുന്ദരമായിരുന്നു. അതിലെ അഭിനേതാക്കളും സുന്ദരീസുന്ദരന്മാരായിരുന്നു. രതിയെക്കാൾ തീവ്രമായ ആകർഷണത്തോടെ സിനിമ ഞങ്ങളെ മാടിവിളിച്ചു. ആ വിളിക്ക് ഉത്തരം നൽകാനായി ഞങ്ങൾ കശുവണ്ടി മോഷ്ടിച്ച് വിറ്റു. കള്ളംപറഞ്ഞു വീടുകളിൽനിന്നു പണംവാങ്ങി. കിട്ടാതാവുമ്പോൾ അമ്മമാരുടെ സമ്പാദ്യക്കുടുക്കയിലെ ചെറിയ തുകകൾ കട്ടെടുത്തു.

റിലീസ് കേന്ദ്രങ്ങളിൽപോയി സിനിമകാണാൻ സാമ്പത്തികം ഇല്ലാത്തതിനാൽ അവിടെയൊക്കെ ഓടിത്തളർന്ന സിനിമകൾ, ബി ക്ലാസിലും സി ക്ലാസിലും വരാൻ കാത്തിരുന്നു. കോട്ടയ്ക്കലങ്ങാടിയിലെ ബി ക്ലാസ് തിയേറ്ററുകൾക്കും അപ്പുറത്താണ് ചട്ടിപ്പറമ്പിലെയും ഒതുക്കുങ്ങലിലെയും സി ക്ലാസ് തിയേറ്ററുകൾ ജീവിച്ചത്. അതിൽ ചട്ടിപ്പറമ്പിലെ ജിംസി തിയേറ്ററായിരുന്നു എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. അതിന്റെ ഉദ്ഘാടനം നടത്തിയത് മമ്മൂട്ടിയാണ്.

ഒ.വി. വിജയന്റെ ഫോട്ടോവെച്ച പേഴ്‌സുമായി ഞാനും അന്ന് കൂട്ടുകാരോടൊപ്പം മമ്മൂട്ടിയെ കാണാൻ പോയി. അദ്ദേഹം എല്ലാവരുടെയും പേഴ്‌സുകൾ പരിശോധിക്കുമെന്ന ധാരണയിൽ ചിലർ ലാലേട്ടന്റെ പടംമാറ്റി പകരം മമ്മൂട്ടിയുടെ പടംവെച്ചു. മമ്മൂട്ടിക്കും ഒ.വി. വിജയനും ഇടയിൽ ഞാൻ ഒരുമാത്ര ശങ്കിച്ചുനിന്നു. എന്റെ ബോധത്തിലൂടെ കരിമ്പനക്കാറ്റുകൾ കടന്നുപോയി.

ഖസാക്കിലെ ചതുപ്പുകളിൽ തളംകെട്ടിക്കിടന്ന അനന്തമായ കാലത്തിന്റെ ഓർമ്മയിൽ ഞാൻ ഇതിഹാസകാരനെ പേഴ്‌സിൽനിന്ന് എടുത്തു മാറ്റിയില്ല. മമ്മൂട്ടിയെങ്ങാനും ചോദിച്ചാൽ ഇതാണ് എന്റെ ഇഷ്ടതാരമെന്ന് പറയാമെന്ന് മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു.

തിയേറ്ററിന്റെ പരിസരത്തേക്ക് അടുക്കാൻവയ്യാത്തത്ര ജനങ്ങളായിരുന്നു. റോഡ് ബ്ലോക്കായപ്പോൾ വാഹനങ്ങളിൽനിന്നിറങ്ങിയവരും ആ ആൾക്കൂട്ടത്തിലേക്കു തിരക്കിക്കയറി.

ഏതുവഴിയാണ് മമ്മൂട്ടി വരികയെന്ന് ആർക്കും ധാരണയുണ്ടായിരുന്നില്ല. പലരും റോഡരികിലെ മതിലുകളിൽ കയറിനിന്നു. ഞാനും അവരോടൊപ്പം അതിലേക്ക് പൊത്തിപ്പിടിച്ച് കയറി. ഏതുസമയത്തും മതിലിൽ നിന്ന് താഴേക്കു വീണുപോവുമെന്ന അവസ്ഥയാണ്. തിയേറ്ററിന്റെ മുറ്റത്ത് പൊലീസുകാർ ആൾക്കൂട്ടത്തെ അടക്കിനിർത്താൻ പെടാപ്പാട് പെടുകയാണ്. ഏറെനേരത്തെ ആ ഉത്സവത്തിരക്കിനൊടുവിൽ പെരിന്തൽമണ്ണ ഭാഗത്തുനിന്നു നാലഞ്ച് കാറുകൾ വന്നു. ആൾക്കൂട്ടം ആകെ ഇളകിമറിഞ്ഞ് ആർപ്പുവിളിച്ചു. എന്റെ തൊട്ടടുത്തുനിന്നിരുന്ന മനുഷ്യൻ ആ തിരക്കിൽപ്പെട്ട് മതിലിൽനിന്ന് താഴേക്കുവീണു. ആൾക്കൂട്ടം അയാളെ താങ്ങിനിർത്തി. ഞാൻ പിറകിലെ മരക്കൊമ്പിൽ ഇറുക്കിപ്പിടിച്ചു.

അപ്പോൾ, നോക്കിയാൽകാണാവുന്ന ദൂരത്തായി കാറിൽനിന്ന് കറുത്ത കൂളിങ് ഗ്ലാസും ചുവപ്പിൽ കറുത്ത കള്ളികളുള്ള ഷർട്ടുമായി മമ്മൂട്ടി ഇറങ്ങി.

ഞാൻ ന്യൂഡൽഹിയിലെ ജി.കെയെയും ഓഗസ്റ്റ് ഒന്നിലെ പെരുമാളിനെയും ഓർത്തു. ഇരുവശത്തുനിന്നും ആളുകൾ പൊലീസിനെ തള്ളിമാറ്റി മമ്മൂട്ടിയെ ഒന്നുതൊടാനായി മുമ്പോട്ടു തള്ളിക്കയറി. പൊലീസ് ലാത്തിവീശി. ആൾക്കൂട്ടം ഒട്ടും പിന്നോട്ടുമാറിയില്ല. അതിനിടയിൽ ഒരു കൈ നീണ്ടുവന്ന് ആ ചുവന്ന ഷർട്ടിൽ പിടിച്ചു. അത് ഞങ്ങളുടെ നാട്ടിലെ സുരേന്ദ്രനായിരുന്നു. പൊലീസ് അവനെ ലാത്തികൊണ്ട് അടിച്ചും തള്ളിയും പിന്നിലേക്കു മാറ്റി. മമ്മൂട്ടിയുടെ അരയ്ക്ക്ു മുകളിലോട്ടേ എനിക്കു കാണാൻ കഴിഞ്ഞുള്ളൂ. അദ്ദേഹം വളരെ വേഗം തിയേറ്ററിനകത്തേക്ക് കയറിപ്പോയി. ഏറെക്കാലം സുരേന്ദ്രൻ മമ്മൂട്ടിയെ തൊട്ട വീരപുരുഷനായി ഞങ്ങളുടെ നാട്ടിൽ വിലസിനടന്നു. അവൻ മമ്മൂട്ടിയെ തൊട്ടോ അതോ ആ ഷർട്ടിലാണോ തൊട്ടത് എന്നത് അവന്റെ മരണശേഷവും ഞങ്ങളുടെ നാട്ടിലെ തർക്കവിഷയമാണ്. ആ തിക്കിലുംതിരക്കിലും പെട്ട് ലാത്തിയടികൊണ്ടു മമ്മൂട്ടിയുടെ കുപ്പായത്തിലെങ്കിലും തൊടാൻകഴിഞ്ഞ സുരേന്ദ്രനോട് എനിക്ക് അസൂയയും ഒപ്പം സഹതാപവും തോന്നി.

പിന്നീട്, ചട്ടിപ്പറമ്പിലെ ജിംസി തിയേറ്ററിലേക്ക് ഞങ്ങൾ ഫസ്റ്റ് ഷോയ്ക്കും സെക്കൻഡ്‌ ഷോയ്ക്കും പോയി. ഫസ്റ്റിന് പോവുമ്പോൾ അങ്ങോട്ടുള്ള ബസ് കിട്ടും. തിരികെവരാൻ എട്ടു കിലോമീറ്റർ നടക്കണം. സെക്കൻഡ്‌ ഷോ ആണെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കണം. ആ ദൂരങ്ങളത്രയും ഞങ്ങൾ നടന്നു. മഴയറിയാതെ വെയിലറിയാതെ, മഞ്ഞുകാലവും പൂക്കാലങ്ങളുമറിയാതെ വെളിച്ചത്തിലേക്ക് ഈയാംപാറ്റകളെന്നപോലെ ഞങ്ങൾ സിനിമയെന്ന അദ്ഭുതലോകത്തിലേക്ക് നടന്നു. അതിനുള്ളിൽ ഞങ്ങൾ സമ്പന്നരും സുന്ദരന്മാരും കാമുകന്മാരുമായിരുന്നു. ഞങ്ങൾ അനീതികൾക്കെതിരെ അതിനുള്ളിലിരുന്ന് ഉറക്കെ കൈയടിച്ചു. അപ്പോൾ രാജ്യത്തിന്റെ വിധിയാകെ മാറ്റിയെഴുതാൻ ശേഷിയുള്ള ഒരു ശക്തി അതിന്റെ യന്ത്രരഥത്തിൽ വിദൂര ദേശങ്ങളിലെ തെരുവുകളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും വിഷത്തിന്റെ വിത്തുകൾ വിതറുകയായിരുന്നു.

ഞാൻ ആദ്യം കാണുന്ന മമ്മൂട്ടി സിനിമ ന്യൂഡൽഹിയാണ്. തിരൂർ സെൻട്രൽ തിയേറ്ററിൽനിന്ന് ആ സിനിമകാണുമ്പോൾ മമ്മൂട്ടിയെയോ ജോഷിയെയോ സുമലതയെയോ എനിക്ക് അറിയില്ലായിരുന്നു. തിയേറ്ററിന്റെ മുറ്റത്ത് മമ്മൂട്ടിയുടെ കൂറ്റൻ കട്ടൗട്ട് ഉണ്ടായിരുന്നു. വിദഗ്ദ്ധനായ ഏതോ കൊമേഴ്‌സ്യൽ ആർട്ടിസ്റ്റ് വരച്ച ആ ചിത്രത്തിലേക്ക് പൊരിവെയിലുംകൊണ്ട് ഞാൻ ഏറെനേരം നോക്കിനിന്നു. ഈ മനുഷ്യന്റെ സിനിമ കാണാൻ വെയിലത്ത് വരിനിൽക്കുന്നവരെ അയാൾ അറിയുന്നുണ്ടോ എന്ന ചിന്തയിലാണ് ഞാനന്ന് ടിക്കറ്റ് എടുത്തത്.

ന്യൂഡൽഹി സിനിമയിലെ മമ്മൂട്ടിയല്ല എന്നെ ആകർഷിച്ചത്. നടരാജ് വിഷ്ണുവായി മാറിയ ത്യാഗരാജനായിരുന്നു. അയാൾ വിജയിച്ചുകാണാൻ എന്നിലെ പതിനാലുകാരൻ വല്ലാതെ ആശിച്ചത് എന്തിനാണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. ഒരുപാട് അപമാനങ്ങൾ ഏറ്റുവാങ്ങിയ ഞാനെന്ന കുട്ടി ത്യാഗരാജനെപ്പോലെ കരുത്തനാവാൻ അബോധത്തിൽ ആഗ്രഹിച്ചുകാണണം.

രണ്ടാമത്തെ മമ്മൂട്ടി സിനിമ കോഴിക്കോട് ഹോട്ടൽപണിയെടുക്കുന്ന കാലത്താണ് കണ്ടത്. ബ്ലൂ ഡയമണ്ട് തിയേറ്ററിൽനിന്ന് ഓഗസ്റ്റ് 1 എന്ന സിനിമ റിലീസ് ദിവസം ആദ്യത്തെ ഷോ മുൻനിരയിലെ അഞ്ചുരൂപ ടിക്കറ്റിലിരുന്ന് കാണുമ്പോൾ അവിടെ എന്റെ ഏട്ടനും ഉണ്ടായിരുന്നു. ഞാൻ വീട്ടിൽനിന്ന് കോഴിക്കോട്ടേക്ക് നാടുവിടുംമുമ്പേ അവൻ വീടുവിട്ടിരുന്നു. മറ്റു പലയിടത്തുമായി പല ജോലികളും ചെയ്ത് ഒടുക്കം അവനും എത്തിപ്പെട്ടത് കോഴിക്കോട്ടാണ്. ഞങ്ങൾ തമ്മിൽ കണ്ടിട്ട് നാലഞ്ചുവർഷങ്ങൾ കഴിഞ്ഞുപോയതിനാൽ അന്ന് പരസ്പരം കണ്ടിരുന്നെങ്കിൽപ്പോലും രക്തം രക്തത്തെ തിരിച്ചറിയുമായിരുന്നില്ല. പിന്നീട് വളരെ വർഷങ്ങൾക്കുശേഷം രണ്ടാളും അലച്ചിലുകൾ മതിയാക്കി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് രണ്ടുപേരും കോഴിക്കോട് നഗരത്തിൽ ഒരേകാലത്തിൽ ജോലി ചെയ്തിരുന്നുവെന്നും പല സിനിമകളും ഒരേ ഷോ തന്നെ കണ്ടിരുന്നുവെന്നും ഞങ്ങൾ മാറിമാറി പറഞ്ഞറിയുന്നത്. ആ സിനിമകളിൽ പലതും മമ്മൂട്ടി സിനിമകളായിരുന്നു. അവന്റെ ഇഷ്ടതാരം അന്നും ഇന്നും മമ്മൂട്ടിതന്നെയാണ്.

കോട്ടയ്ക്കലിലെ ബി ക്ലാസ് തിയേറ്ററിൽനിന്ന് കാണാൻ കഴിയാതെപോയ പല സിനിമകളും ഞാൻ കണ്ടത് ചട്ടിപ്പറമ്പിലെ ജിംസിയിൽനിന്നും ഒതുക്കുങ്ങലിലെ രാഗത്തിൽനിന്നുമാണ്. ഒരു മഴക്കാലത്താണ് ഞങ്ങൾ സുഹൃത്തുക്കൾ ചട്ടിപ്പറമ്പിലേക്ക് യാത്ര എന്ന സിനിമ കാണാൻ നടന്നു പോയത്. പോവുമ്പോൾ മഴ അത്ര ശക്തമായിരുന്നില്ല. ഇത്തിരിയൊക്കെ നനഞ്ഞും, കൈ മറയിട്ടും, വഴിവക്കിലെ ചേമ്പിലകൾ പറിച്ചെടുത്ത് തല മറച്ചും, തെറിപ്പാട്ടുകൾ പാടിയും ആഘോഷമായിട്ടാണ് പോക്ക്. ജിംസി തിയേറ്റർ ഉദ്ഘാടനം കഴിഞ്ഞ് കുറഞ്ഞ കാലംകൊണ്ടുതന്നെ എല്ലാ കച്ചറകളും അടിഞ്ഞുകൂടുന്ന സ്ഥലമായി മാറിയിരുന്നു. മലപ്പുറത്തെ ബിവറേജിൽനിന്ന് മദ്യം വാങ്ങി അത് സൗകര്യപൂർവ്വം കുടിക്കാൻ വരുന്നവരും തിയേറ്ററിന് കുറച്ചപ്പുറത്ത് തെങ്ങിൻതോപ്പിൽ സ്ഥിതി ചെയ്യുന്ന അപ്പുവേട്ടന്റെ കള്ളുഷാപ്പിൽനിന്ന് പള്ളനെറച്ച് കള്ള് കുടിച്ച് അത് ഛർദ്ദിക്കാൻ വരുന്നവരും ചില്ലറ പൊതികളായി കഞ്ചാവ് വിൽക്കുന്നവരും എവിടുന്നൊക്കെയോ സംഘടിപ്പിച്ച സെക്‌സ് വർക്കറുമായി ഫോർപ്ലേക്കു വരുന്നവരും സ്വവർഗ്ഗരതിക്കാരും അടങ്ങിയ ആ സമുദ്രം വല്ലാത്തൊരു ലോകമായിരുന്നു.

അവിടെയെത്തുമ്പോൾ സ്വഭാവത്തിൽ കച്ചറ ഇല്ലാത്തവരും ഇത്തിരിയൊക്കെ കച്ചറക്കാരാവും. മിക്കവാറും ദിവസം അവിടെ അടി നടക്കും. ഫസ്റ്റിനും സെക്കൻഡ്‌ ഷോയ്ക്കുമാണ് അടി കൂട്ടയടിയാവുന്നത്. ഇതൊക്കെ അറിയാവുന്നതുകൊണ്ടുതന്നെ തങ്ങളുടെ നിയന്ത്രണത്തിൽ നിൽക്കാത്ത ആൾക്കൂട്ടത്തെ തിയേറ്റർ ഉടമകൾ കാര്യമായി മൈൻഡ് ചെയ്യാറില്ല. പേരിന് ഒരു സെക്യൂരിറ്റിക്കാരൻ ഉണ്ടാവും.

കാരണമൊന്നുമില്ലാതെ അയാൾക്കാവും ആദ്യത്തെ അടി കിട്ടുക. എന്തിനാണ് തനിക്ക് അടി കിട്ടിയതെന്ന് അയാൾക്കോ എന്തിനാണ് അയാളെ അടിച്ചതെന്ന് അടിച്ച ആൾക്കോ ഒരിക്കലും മനസ്സിലായില്ല.

‘തിയേറ്റർ ജിംസി ആണോ, അടി ഫർളാണ്’ എന്ന ചൊല്ലുതന്നെ അന്തരീക്ഷത്തിൽ എഴുതിവെച്ചിരുന്നു. ഏറ്റവും താഴത്തെ ടിക്കറ്റ് എടുത്തവർ അകത്തുകടന്നാൽ ഉടൻ സീറ്റുകൾ ചാടിച്ചാടി ഏറ്റവും മുകളിലെത്തും. ഏറ്റവും മുകളിലെ ടിക്കറ്റ് എടുത്തവർ ഇടിച്ച് കയറിയവരുടെ ശല്യം സഹിക്കാതെ താഴേക്ക് ഇറങ്ങിവരും.

തിയേറ്ററിലെ ഓപ്പറേറ്റർ പലപ്പോഴും റീലുകൾ തലതിരിച്ചും മറിച്ചുമാണ് സിനിമ ഓടിക്കുക. ചിലപ്പോൾ ഷോ തുടങ്ങുന്നതുതന്നെ ‘ഇടവേള’ എന്ന് എഴുതി കാണിച്ചിട്ടാവും. അതിൽ പരാതിയില്ലാതെ, എന്നാൽ ഒച്ചയിടാനും സീറ്റുകൾ കീറാനും തല്ലുണ്ടാക്കാനുംവേണ്ടി ആളുകൾ അർത്ഥമില്ലാതെ പ്രതിഷേധിക്കും. പകുതിയിൽനിന്ന് തുടങ്ങിയ സിനിമ അവസാനിച്ച്, ഇന്റർവെല്ലിനുശേഷം എഴുതിക്കാട്ടൽ മുതൽ വീണ്ടും തുടങ്ങും. ക്രമം തെറ്റിയ ഇത്തരം സിനിമാക്കാഴ്ചകൾ പലപ്പോഴും രസകരമായിട്ടാണ് അനുഭവപ്പെടാറ്.

മറ്റു തിയേറ്ററുകളിൽ അച്ചടക്കത്തോടെ സിനിമ കാണുന്നവർപോലും ചട്ടിപ്പറമ്പ് ജിംസിലെത്തിയാൽ സീറ്റിന് ബ്ലെയ്ഡ് വെക്കും. അങ്ങനെ ബ്ലെയ്ഡ് വെച്ചുവെച്ച് സീറ്റുകളിലെ കുഷ്യനൊക്കെ നഷ്ടമായപ്പോൾ തിയേറ്റർ ഉടമകൾ പകരം ഇരുമ്പിന്റെ ഇരിപ്പിടങ്ങളുണ്ടാക്കി അതിൽ കട്ടിയുള്ള സൺമൈക്ക ഒട്ടിച്ചു. അപ്പോൾ പ്രേക്ഷകർ മുമ്പിലെ സീറ്റിൽ ഒന്നിച്ചു ചവിട്ടി അതിന്റെ നട്ടും ബോൾട്ടുമൊക്കെ എടുത്തു. പിന്നെ പേനാകത്തികൊണ്ട് സൺമൈക്ക അടർത്താനും തുടങ്ങി. തിയേറ്ററിനുള്ളിലെ മദ്യക്കുപ്പികളും ബീഡിക്കുറ്റികളും കഞ്ചാവിന്റെ അവശിഷ്ടങ്ങളുമൊക്കെ ആഴ്ചയിൽ ഒരിക്കലാണ് ജീവനക്കാർ അടിച്ചുവാരി വൃത്തിയാക്കാറ്. സിനിമ ഓടുമ്പോൾ ആളുകൾ കാൽച്ചുവട്ടിലെ കാലിക്കുപ്പികൾ എടുത്ത് ചുമരിലേക്കെറിയും. മിക്കവാറും അത് പൊട്ടിത്തെറിച്ച് പലതായിച്ചിതറി ആർക്കെങ്കിലുമൊക്കെ ചോരപൊടിയും. അപ്പോൾ അടി തുടങ്ങും (അല്ലെങ്കിലും അടി തുടങ്ങും). തുടങ്ങിക്കിട്ടിയാൽ പിന്നെ കൂട്ടയടിയാണ്. എന്തിനാണ് അടികൂടുന്നതെന്ന് ആർക്കും അറിയില്ലായിരുന്നു. സീറ്റിനു മുകളിൽക്കയറി എതിരാളിയെ അവിടുന്ന് ചാടിച്ചവിട്ടും. സിനിമയും ജീവിതവും വേർതിരിക്കാനാവാതെ ഏതെങ്കിലും മൂലയിൽ പേടിച്ചുവിറച്ച് ഞാൻ പതുങ്ങിയിരിക്കും. താൻ സന്തോഷത്തോടെ ഉദ്ഘാടനം ചെയ്ത തിയേറ്ററിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ എന്താവും മമ്മൂട്ടിയുടെ ചിന്തയെന്നോർത്ത് ഞാൻ അദ്ഭുതപ്പെടും.

അന്ന് യാത്ര സിനിമ കാണാൻ സെക്കൻഡ് ഷോയ്ക്ക് പോയ ഞങ്ങളുടെ സംഘത്തിന്റെ തലവൻ കുഞ്ഞുട്ടിയായിരുന്നു. കൂട്ടത്തിൽ അവനാണ് ഏറ്റവും മുതിർന്നവനും തടിമിടുക്കുള്ളവനും. കുഞ്ഞുട്ടിക്ക് അക്കാലത്ത് ഞങ്ങളുടെ കവലയിൽ പലചരക്ക് കടയും സൈക്കിൾ ഷോപ്പുമുണ്ടായിരുന്നു. ‘പള്ളി വേറെ, പള്ളിക്കൂടം വേറെ’ എന്നുപറയുംപോലെ സൗഹൃദം വേറെ സൈക്കിളിന്റെ വാടക വേറെ എന്ന തീർപ്പ് അവനുണ്ട്. സിനിമ ഒട്ടുംതന്നെ സ്വാധീനിക്കാത്ത ആളാണ് കുഞ്ഞുട്ടി. എല്ലാവരും തങ്ങളുടെ ‘അർത്ഥം കട്ടി’ൽ കാറ്റുപിടിക്കുന്നത് ശ്രദ്ധിച്ച്, ഇടയ്ക്കിടയ്ക്ക് മുടിവാരുമ്പോൾ അവൻ തന്റെ മുടിയെ അതിന്റെ വഴിക്ക് വിട്ടു. എല്ലാവരും ബാഗി പാന്റിട്ടപ്പോൾ കുഞ്ഞുട്ടി ഉമ്മാന്റെ പുള്ളിത്തുണിയുടുത്ത് ഊട്ടിക്കും മൈസൂരിലേക്കും ഞങ്ങളോടൊപ്പം ടൂറ് വന്നു.

ഫസ്റ്റ് ഷോ തീരാൻ അരമണിക്കൂറിലേറെ ബാക്കിയുള്ളപ്പോഴാണ് ഞങ്ങളുടെ സംഘം തിയേറ്ററിൽ എത്തിയത്. തിയേറ്ററിനു മുമ്പിൽ മദ്യപന്മാർ പാട്ടുപാടുകയും കരയുകയും പരസ്പരം കെട്ടിപ്പിടിച്ച് സങ്കടങ്ങൾ പങ്കുവെക്കുകയും ചെയ്തു. തിയേറ്ററിന്റെ കോമ്പൗണ്ടിനു പുറത്ത് മുച്ചീട്ടുകളി നടക്കുന്നുണ്ടായിരുന്നു. ഞാനും ലത്തീഫും കബീറും മോഹനനും അതു കണ്ടുനിന്നു. മഴ ചാറുന്നുണ്ടായിരുന്നു. ഞങ്ങൾ നോക്കുമ്പോൾ വെച്ചവർക്കെല്ലാം ഇരട്ടിക്കാശ് തിരികെക്കിട്ടുന്നുണ്ട്. വീണ്ടും വെച്ച് വീണ്ടും നേടി അവർ നോട്ടുകൾ മഴ നനയാതിരിക്കാൻ അരയിലേക്ക് തിരുകുന്നുണ്ട്. ആ സൗഭാഗ്യംകണ്ട് കൊതിമൂത്ത് ഞങ്ങൾ മൂന്നുപേരും പണം വെച്ചു. മൂന്നാൾക്കും ഇരട്ടിയായി തിരികെക്കിട്ടി. അതുകണ്ട് രവിയും മൊയ്തീനുംകൂടി അടുത്ത റൗണ്ടിൽ പണംവെച്ചു. അതു കമ്പനിക്ക് അടിച്ചു. അപ്പോഴേക്കും കമ്പനിയുടെ ആളുകൾ കളി നിർത്തി കാഴ്ചക്കാരായി മാറിയിരുന്നു. പോയപണം തിരികെക്കിട്ടാൻ ഞങ്ങൾ വീണ്ടുംവെച്ചു.

അതും പോയി. വാശിയും മഴയുടെ വേഗതയും കൂടി. പിന്നെയും വെച്ചു. അതും പോയി. ആൾക്കൂട്ടം ഞങ്ങളോട് ‘മതി മതി’ എന്ന് പറയുന്നതൊന്നും കേൾക്കാതെ ഞങ്ങൾ അവസാനത്തെ നോട്ടുകളും വെച്ചു. അതും സുന്ദരമായി പോയിക്കിട്ടി.

ഇനി വെക്കാനും ടിക്കറ്റെടുക്കാനും കാലിച്ചായ കുടിക്കാനും കൈയിൽ ഒന്നുമില്ലാതെ ഞങ്ങൾ നല്ലകുട്ടികളായി അവിടുന്ന് എഴുന്നേറ്റു. വിഷാദമൂകരായി വരുന്ന ഞങ്ങളെക്കണ്ട്, കുഞ്ഞുട്ടി കാര്യംതിരക്കി. പിന്നെ ഞങ്ങളേയും കൂട്ടി കളിവട്ടത്തിലേക്കുവന്നു. അപ്പോളതാ ആ പഴയ ആളുകൾതന്നെ കാശുവെച്ച് കാശുകൊയ്യുന്നു. അവർ മൂന്നുപേരുണ്ടായിരുന്നു. മൂന്നുപേരും മുച്ചീട്ട് കമ്പനിയുടെ പാർട്ണർമാരാണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. കുഞ്ഞുട്ടി പണംവെച്ചതും അവർ കളിനിർത്തി. ആദ്യം കുഞ്ഞുട്ടിക്ക് അടിച്ചു. പിന്നെ കമ്പനിക്കടിച്ചു.

അപ്പോഴേക്കും ഫസ്റ്റ് ഷോ കഴിഞ്ഞ് ആളുകൾ ഇറങ്ങിക്കഴിഞ്ഞിരുന്നു. ചീട്ടുകളിവട്ടത്തിൽ ആളുകൂടി. പക്ഷേ, ആരും പണംവെച്ചില്ല.

കുഞ്ഞുട്ടി ഞങ്ങൾക്കെല്ലാം അഞ്ചുരൂപവീതം തന്നിട്ട് അവൻ വെക്കുന്ന ചീട്ടിനുമേൽത്തന്നെ ഞങ്ങളോടും പണംവെക്കാൻ പറഞ്ഞു. ഞങ്ങൾ വെച്ചു. കമ്പനി പൊട്ടി, കുഞ്ഞുട്ടി ഇരട്ടിപ്പണം നേടി. വീണ്ടുംവെച്ചു. വീണ്ടും കുഞ്ഞുട്ടി നേടി. കുഞ്ഞുട്ടി പണ്ട് പൂരത്തിനും ഉത്സവത്തിനുമൊക്കെ മുച്ചീട്ട് കമ്പനി നടത്തിയവനാണ്. അവന് ആ കളിയുടെ എല്ലാ തന്ത്രങ്ങളും അറിയാമായിരുന്നു.

അത് കമ്പനിക്കു മനസ്സിലായപ്പോൾ, ഇനി അവൻ കളിക്കണ്ട എന്ന് കമ്പനി ഉത്തരവിറക്കി. ഞങ്ങൾക്കു നഷ്ടപ്പെട്ടതിന്റെ ഇരട്ടി പണം കുഞ്ഞുട്ടി നേടിത്തന്നിരുന്നു. താൻ കളിക്കുമെന്ന് കുഞ്ഞുട്ടി വാശിപിടിച്ചപ്പോൾ കമ്പനി അവനെ വിളിച്ചുകൊണ്ടുപോയി സ്വകാര്യംപറഞ്ഞ്, ഇരുപതുരൂപകൂടി കൊടുത്ത് സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു. ഇതൊക്കെ കണ്ടുനിന്നവരിൽ പണം നഷ്ടമായവരും ഉണ്ടായിരുന്നു. അവരുടെ തർക്കത്തിൽനിന്ന് തുടങ്ങിയ അടി ആ പെരുമഴയത്ത് കൂട്ടയടിയായി മാറി. സിനിമാ സ്റ്റൈലിൽ ആ അടി തിയേറ്ററിനുള്ളിലേക്കും നീണ്ടു. ആർക്കൊക്കെയോ ചോര പൊടിഞ്ഞു. കുഞ്ഞുട്ടി ഞങ്ങളെയും കൂട്ടി തിയേറ്ററിന്റെ പിൻവശത്തേക്കു മാറി. ആ അടിക്കിടയിലൂടെ ലത്തീഫ് പോയി ടിക്കറ്റെടുത്തുവന്നു. ഞങ്ങൾ തിയേറ്ററിൽ സിനിമ തുടങ്ങാൻ കാത്തിരുന്നു. മമ്മൂട്ടിയെക്കാൾ വലിയ ഹീറോ ആയി കുഞ്ഞുട്ടി ഞങ്ങളിൽ അന്ന് അടയാളപ്പെട്ടു. അടിക്കും പെരുമഴയ്ക്കും ഇത്തിരി ശമനംവന്നപ്പോൾ സിനിമ തുടങ്ങി. മഴതോർന്ന് മരം പെയ്യുംപോലെ പിന്നെയും അവിടവിടെയായി ചെറിയചെറിയ കലഹങ്ങൾ നടന്നു.

യാത്ര സിനിമയിൽ ജയിലിൽവെച്ച് മമ്മൂട്ടിയുടെ തലമുടി വെട്ടിമാറ്റുമ്പോൾ തല്ലും കാലുഷ്യങ്ങളും മറന്ന് എല്ലാവരും ദീർഘശ്വാസം വിട്ടു. ജയിലിൽ എത്തുന്ന ശോഭനയുടെ കത്ത് മമ്മൂട്ടി വായിക്കുമ്പോൾ ലത്തീഫും ഞാനും കുഞ്ഞുട്ടിയും പൊട്ടിക്കരഞ്ഞു. യാത്ര എന്ന സിനിമ ഇറങ്ങിയിട്ട് അപ്പോഴേക്കും വർഷങ്ങൾ കഴിഞ്ഞുപോയിരുന്നു. ഇന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടിസിനിമ യാത്രയും, തിയേറ്റർ ആ പഴയ ജിംസിയുമാണ്.

സിനിമ തീർന്ന് മഴയുംകൊണ്ട് അക്കണ്ട ദൂരമത്രയും തിരികെനടക്കുമ്പോൾ കടുത്ത ലാലേട്ടൻ ഫാനായ ഗഫൂറും മോഹനനും ഒന്നും മിണ്ടിയില്ല. ആരും ഒന്നും മിണ്ടിയില്ല. അരൂപിയായ ദുഃഖങ്ങൾ ഞങ്ങളുടെയുള്ളിൽ മഴയെക്കാൾ ശക്തിയിൽ പെയ്യുന്നുണ്ടായിരുന്നു.

ഈയടുത്ത് ചട്ടിപ്പറമ്പിലേക്ക് പോയപ്പോൾ ഞാൻ ജിംസി തിയേറ്റർ നിന്ന സ്ഥലത്തേക്ക് നോക്കി. ഒരുകാലത്തിന്റെ കൊതിപ്പിക്കുന്ന അടയാളങ്ങളെയെല്ലാം മായ്ച്ചുകളഞ്ഞ് അവിടെയൊരു കൂറ്റൻ ഷോപ്പിങ് കോംപ്ലക്‌സ് എന്നെ പരിഹസിച്ചുകൊണ്ടുനിന്നു.

മമ്മൂട്ടി എന്ന മഹാനടനെക്കുറിച്ചാണ് ഞാൻ എഴുതാൻ ഒരുങ്ങിയത്. പക്ഷേ, എങ്ങോട്ടൊക്കെയോ സഞ്ചരിച്ച ഞാൻ തിരിച്ചറിയുന്നുണ്ട്, ഒന്നിലധികം തലമുറയുടെ ജീവിതത്തെയും അവരുടെ സൗന്ദര്യസങ്കൽപ്പങ്ങളെയും ഈ നടൻ പുതുക്കിപ്പണിഞ്ഞിട്ടുണ്ടെന്ന്...

ജീവിതം പറയാതെ ഞങ്ങളുടെ തലമുറയ്ക്ക് മമ്മൂട്ടിയെക്കുറിച്ച് പറയാനാവില്ല. അത്രമാത്രം ഈ മനുഷ്യൻ ഞങ്ങളുടെ ചോരയിൽ കലർന്നിട്ടുണ്ട്.

ഭ്രമയുഗം എന്ന സിനിമയാണ് ഞാൻ ഒടുക്കം കണ്ട മമ്മൂട്ടിസിനിമ. ബുദ്ധി ഉറച്ചശേഷം കണ്ട ഓഗസ്റ്റ് 1 സിനിമയിലേതുപോലെ ഈ സിനിമയിലും മമ്മൂട്ടി എന്ന നടൻ വിസ്മയിപ്പിച്ചുകൊണ്ട് നിലകൊള്ളുന്നു.

നന്ദി മമ്മൂക്കാ...

ഞങ്ങളുടെ ജീവിതങ്ങളെ കുറേക്കൂടി സുന്ദരമാക്കിയതിന്. ജീവിതത്തിൽനിന്ന് അടർത്തിമാറ്റാൻ കഴിയാത്തവിധം ഞങ്ങളിൽ അടയാളപ്പെട്ടതിന് ഹൃദയംനിറഞ്ഞ നന്ദി.