മമ്മൂട്ടി എന്ന ജാലവിദ്യക്കാരൻ

ഏതു കലാകാരനും ഒരു തുടർച്ചയാണ്. ആദിയിൽ ഉരുവംകൊണ്ട ഏതോ ഒന്നിന്റെ തുടർച്ച. ഭയംകൊണ്ടോ ഭക്തികൊണ്ടോ വിഷാദംകൊണ്ടോ ഹർഷംകൊണ്ടോ ഒക്കെ ശബ്ദത്തിന് ഈണവും ഭാവവും പകർന്നുകിട്ടി പാടിയ മനുഷ്യന്റെ തുടർച്ചയാണ് പിന്നീട് ഇന്നോളം പാടിയവർ; ഇന്നും പാടുന്നവർ.
തനിക്കു മുമ്പ് എഴുതിയവരുടെയെല്ലാം തുടർച്ചയാണ് ഏറ്റവും പുതിയ രചയിതാവ്. ഏറ്റവും പുതിയ ഗായകനും ഗായികയും രചയിതാവുമൊക്കെ, നാളത്തെ പാട്ടുകാരിലേക്കും എഴുത്തുകാരിലേക്കും നീളുന്ന തുടർച്ചതന്നെയാണ്. കഴിഞ്ഞുപോയതിന്റെയും വരാനിരിക്കുന്നതിന്റെയുമിടയിൽ അവയെ രണ്ടിനെയും കൊരുക്കുന്ന കണ്ണി; അതത്രേ കലാകാരൻ.
നടനും നടിയുമൊക്കെ അതുതന്നെയാണ്. ആടുന്നവരും പാടുന്നവരും എഴുതുന്നവരുമെല്ലാം, അവർ അറിയപ്പെടുന്നവരാകട്ടെ അല്ലാത്തവരാകട്ടെ, തങ്ങൾക്കു മുമ്പുണ്ടായിരുന്നതിനെ സിരകളിൽ പേറുന്നുണ്ട്.
പകർന്നുകിട്ടിയതിനെ, കണ്ടുപരിചയിച്ചതിനെ, കണ്ടുപഠിച്ചതിനെ, കണ്ടുകണ്ട് ശീലിച്ചതിനെയെല്ലാം തന്റേതായി പുനരാഖ്യാനം ചെയ്യാൻ നിരന്തരം ശ്രമിക്കുകയാണ് അഭിനേതാവ്. അനേകവിധമായ കഥാപാത്രങ്ങളിലൂടെയാണ് അഭിനേതാവിന് സഞ്ചരിക്കേണ്ടിവരിക. പ്രായവും വേഷവും സംഭാഷണങ്ങളുമൊക്കെ കഥാപാത്രങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. അതോരൊന്നിനുമനുസരിച്ച്, അതാതിനു ചേരേണ്ടുംവിധം, അഭിനേതാവ് തന്റെയുള്ളിൽ നിന്ന് ശബ്ദവും ഭാവവും ചേഷ്ടകളും നടപ്പും ഇരിപ്പും കിടപ്പും ചിരിയും കരച്ചിലും മരണവുമെല്ലാം കണ്ടെത്തുന്നു. അഥവാ ഈ കണ്ടെത്തലാണ് അഭിനയം.
തന്റെ ഒരേയൊരു ശരീരത്തിൽ നിന്ന് പലരെയും കണ്ടെത്തി അതിനെ താനല്ലാത്ത മറ്റൊന്നാക്കി മാറ്റിയെടുക്കുക എന്ന അസാദ്ധ്യതയെയാണ് അഭിനേതാക്കൾ അഭിനയത്തിലൂടെ സാദ്ധ്യമാക്കുന്നത്. വേഷംകൊണ്ടും വേഷപ്പകർച്ചകൊണ്ടും ചായംകൊണ്ടും ചമയംകൊണ്ടുമൊക്കെ ബാഹ്യരൂപത്തിനെ കഥാപാത്രലക്ഷണത്തിലേക്കു പരുവപ്പെടുത്തിയെടുക്കാം. സിനിമയിലും നാടകത്തിലുമെല്ലാംതന്നെ, സാങ്കേതികതയുടെ വളർച്ച ഇത്തരം പകർച്ചകളെ ഇക്കാലത്ത് എളുപ്പമാക്കുന്നുമുണ്ട്. എങ്കിലും അഭിനേതാവ് തന്റെ ശരീരത്തിലേക്കും അതിന്റെ ചലനങ്ങളിലേക്കും അതിന്റെ താളങ്ങളിലേക്കും മറ്റൊരാളായി മാറുന്നതിനുള്ള മാരീചവിദ്യ പ്രസരിപ്പിക്കുമ്പോഴാണ് അയാളിൽനിന്ന്, അൽപ്പംപോലും അയാളല്ലാത്ത മറ്റൊരാൾ അവതാരമെടുക്കുന്നത്. തന്നിൽനിന്ന്, ഒട്ടുംതന്നെ താനല്ലാത്ത മറ്റൊന്നിനെ പ്രത്യക്ഷീഭവിപ്പിക്കുകയും സ്വയം തിരോഭവിക്കുകയും ചെയ്യുന്ന മായാവൈഭവമാണ് ഒരു അഭിനേതാവിനെ അതുല്യനും അനശ്വരനുമാക്കുന്നത്.
അഭിനേതാവ് പ്രേക്ഷകർക്കു കൂടുതൽ പരിചിതനാകുംതോറും തന്നെ മറ്റൊന്നാക്കുന്ന വിദ്യ അയാൾക്കു കൂടുതൽക്കൂടുതൽ ശ്രമകരമാകും. നൂറുകണക്കിനു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരമുണ്ടാകുന്ന അഭിനേതാവിനെ നാം ഭാഗ്യശാലി എന്നു വാഴ്ത്തും. ഓരോ അവസരവും അഭിനേതാവിന് ഗുരുവും വഴികാട്ടിയുമായേക്കാം.
പുതിയ അനുഭവങ്ങളിലേക്കുള്ള വഴിത്താരയുമാകാം. ഓരോ പുതിയ കഥാപാത്രവും അഭിനേതാവിനെ അയാളിൽത്തന്നെ പ്രവർത്തിക്കുന്ന ഒരു പുതിയ പരീക്ഷണശാലയാക്കുന്നു. ആ പരീക്ഷണശാലയിലെ പുതിയ മൂശയിൽ പുതിയതൊന്നായി അയാൾ തന്നത്തന്നെ വാർത്തെടുക്കുന്നു. എത്രയൊക്കെ ഉടച്ചുവാർത്താലും ശരി, അഭിനേതാവിന്, തനിക്ക് സ്വതേയുള്ളതിനെയൊന്നുംതന്നെ കാഴ്ചക്കാരിൽനിന്നു പൂർണമായും മറച്ചുവെക്കാൻ കഴിയില്ല. താനല്ലാത്ത മറ്റൊന്നായി അരങ്ങുനിറയാനുള്ള മായാവൈഭവംകൊണ്ട് കാണാനിരിക്കുന്നവരുടെ കണ്ണുകെട്ടുകയാണ് അഭിനേതാവു ചെയ്യുക. ആ കൺകെട്ടുജാലത്തിൽ അസാമാന്യവൈഭവമുള്ളവരെ നാം ഹൃദയത്തിലേക്ക് ദത്തെടുക്കുന്നു.
അങ്ങനെ നമ്മുടെ കാലം ദത്തെടുത്ത ഏറ്റവും മികച്ച കൺകെട്ടുകാരനെന്ന് മമ്മൂട്ടി എന്ന നടനെ നിസ്സംശയം വിശേഷിപ്പിക്കാം. നാലരദശകം നീണ്ട സിനിമാഭിനയസപര്യയിലൂടെ, മലയാളഭാഷ കണ്ട എക്കാലത്തെയും മികച്ച നടന്മാരുടെ മുൻനിരയിൽ, അനിതരസാധാരണമായ തലപ്പൊക്കത്തോടെ മമ്മൂട്ടി നില കൊള്ളുന്നു.
മമ്മൂട്ടിയുടെ അഭിനയജീവിതത്തെ, അതിന്റെ ആരംഭകാലം മുതലിങ്ങോട്ട് വിലയിരുത്തുകയാണ് ജയകൃഷ്ണന്റെ ഈ പുസ്തകം. പ്രത്യക്ഷത്തിൽ, ഒരു സാമാന്യപ്രേക്ഷകന്റെ മനോഭാവത്തോടെ മമ്മൂട്ടിയെ നോക്കിക്കാണുന്ന കണ്ണ് ജയകൃഷ്ണനിലുണ്ട്. മമ്മൂട്ടിയെ നടനായും വ്യക്തിയായും കണ്ടും അറിഞ്ഞും ഇഷ്ടപ്പെടുന്ന ഒരാൾ. ജയകൃഷ്ണനും ഞാനും തമ്മിലുള്ള ദീർഘകാലബന്ധത്തെ ദൃഢപ്പെടുത്തുന്നതിൽ, ഈ സമാനമനസ്‌കത ഒരു വലിയ ഘടകവുമാണ്. ജയകൃഷ്ണൻ പല കാലങ്ങളിൽ, പല സന്ദർഭങ്ങളിൽ, പല കൂടിച്ചേരലുകളിലായി മമ്മൂട്ടി എന്ന നടനെക്കുറിച്ചു നടത്തിയ സംഭാഷണങ്ങൾ പലതും ഈ പുസ്തകം എന്നെ ഓർമ്മിപ്പിക്കുന്നുമുണ്ട്. എന്നാൽ, വ്യക്തിപരമായ ഇഷ്ടമോ അനുഭാവമോ ഒന്നുമല്ല ഈ പുസ്തകത്തിന്റെ കാതൽ. കർശനമായ നിരീക്ഷണപടുതയോടെ ഒരു നടന്റെ ഇതഃപര്യന്തമുള്ള സഞ്ചാരങ്ങളെ അനുധാവനം ചെയ്ത ഒരാളുടെ എഴുത്താണ് ഈ പുസ്തകത്തിന്റെ ആത്മസത്ത.
പ്രഖ്യാതനായ ഒരു ചലച്ചിത്രതാരത്തെക്കുറിച്ച് എന്തുതന്നെ പ്രസിദ്ധീകരിച്ചാലും അതിനൊരു വിപണിസാദ്ധ്യതയുണ്ട്. എന്നാൽ, അപ്രകാരമൊരു സമീപനമല്ല ജയകൃഷ്ണന്റെ യത്നത്തിനു പിന്നിൽ. മമ്മൂട്ടിയെക്കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുമെല്ലാം നിരവധി പുസ്തകങ്ങൾ കാലങ്ങളായി വിപണിയിൽ ലഭ്യമാണ്. അവയുടെയൊന്നും ഗണത്തിൽപ്പെടുന്നില്ല എന്നതാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും സവിശേഷതയും. ഒരു നടന്റെ അഭിനയജീവിതപുരോഗതിയെ, അയാൾ അഭിനയിച്ച് അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളിലൂടെ അന്വേഷിച്ചു രേഖപ്പെടുത്തുക എന്ന ഗൗരവതരമായ ഉദ്യമമാണ് ഈ പുസ്തകം.
നടൻ കാലക്രമേണ ആർജ്ജിച്ചെടുത്തതാണ് അദ്ദേഹത്തിൽ ഇന്നു കാണുന്ന പൂർണ്ണത. അതിലൂടെ നേടിയതാണ്, അദ്ദേഹത്തിൽ ഇന്നു സ്ഥാപിതമായിട്ടുള്ള താരപരിവേഷവും ഇന്ത്യയിലെതന്നെ ഒന്നാംനിര നടന്മാരിലൊരാളെന്ന പരിഗണനയും. ലോകോത്തര സംവിധായകരോ അത്രതന്നെപോന്ന ചലച്ചിത്രരചയിതാക്കളോ വിരളമാണ് നമ്മുടെ ഭാഷയിൽ. എന്നാൽ, ഇന്ത്യയിലെ മികച്ച ചില ചലച്ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ ചിലതിൽ പ്രധാനവേഷം കൈകാര്യം ചെയ്യാൻ മമ്മൂട്ടിക്ക് അവസരം ലഭിച്ചിട്ടുമുണ്ട്. അത്തരം അപൂർവ്വം സൗഭാഗ്യങ്ങൾ മാറ്റിനിർത്തിയാൽ, ഒരു നടന് സ്വയം പ്രകാശിപ്പിക്കാൻപോന്ന വളരെയധികം അവസരങ്ങൾ മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ടെന്നു കരുതുക വയ്യ. അങ്ങനെ നോക്കിയാൽ, മുഖ്യധാരാസിനിമയിൽ കൈവന്ന സാധാരണകഥാപാത്രങ്ങളെ തന്റെ കഠിനശ്രമംകൊണ്ട് ഏറ്റവും മികച്ചതാക്കാൻ മമ്മൂട്ടിക്കു കഴിഞ്ഞു എന്നു തീർച്ചയാക്കാം. മിന്നാമിനുങ്ങ് സ്വയം പ്രകാശിക്കുന്നതുപോലെ, തന്റെ ഓരോ കഥാപാത്രത്തിലേക്കും മമ്മൂട്ടി താൻ സ്വയം നീറ്റിയെടുത്ത പ്രകാശം പകർന്നു. ആ പ്രകാശത്തെയാണ്, ജയകൃഷ്ണൻ അതീവജാഗ്രതയോടെ അനുധാവനം ചെയ്യുന്നത്. അങ്ങനെയൊരു പ്രകാശം പകരലാണ് മമ്മൂട്ടി എന്ന നടൻ ചെയ്തുപോരുന്നതെന്ന് ഈ രചനകളിലൂടെ ജയകൃഷ്ണൻ കണ്ടെത്തുന്നു.
അതുകൊണ്ടുതന്നെ, ഈ പുസ്തകം ഒരു നടനജീവിതത്തിന്റെ പഠനമോ നിരീക്ഷണമോ നിരൂപണമോ അല്ല. മലയാളത്തിൽ ഒരു നടനെ സംബന്ധിച്ച് രചിക്കപ്പെടുന്ന ആദ്യത്തെ ഗവേഷണഗ്രന്ഥം എന്നുവേണം ഈ പുസ്തകത്തെ വിലയിരുത്തേണ്ടത്. മമ്മൂട്ടി എന്ന അഭിനയഗഹനതയെ അതിന്റെ ആഴത്തിൽത്തന്നെ പരിശോധിച്ച് വിലയിരുത്തുന്ന സൂക്ഷ്മതയാണ് ഈ രചനയെ വേറിട്ട സൃഷ്ടിയാക്കുന്നത്.
സിനിമയുടെ സകലവിധമായ തലങ്ങളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും സാങ്കേതികതയെക്കുറിച്ചുമെല്ലാംതന്നെ, ഏതു ചലച്ചിത്രകാരനെയും അതിശയിപ്പിക്കാൻപോന്ന അവഗാഹമുണ്ട് ജയകൃഷ്ണന്. അത് നേരിട്ടു ബോദ്ധ്യപ്പെട്ടിട്ടുള്ളയാളാണ് ഞാൻ. സിനിമയെക്കുറിച്ചും സംഗീതത്തെക്കുറിച്ചും ചിത്രകലയെക്കുറിച്ചും മറ്റു വിവിധ കലാരൂപങ്ങളെക്കുറിച്ചും സാഹിത്യനാടകാദികളെക്കുറിച്ചുമെല്ലാം ജയകൃഷ്ണൻ സംസാരിക്കുമ്പോൾ ഒരു വിദ്യാർത്ഥിയുടെ മനസ്സോടെ ഞാൻ കേട്ടിരിക്കാറുണ്ട്.
ലോകസിനിമയെയും ലോകം മാനിക്കുന്ന സംവിധായകരെയും ലോകോത്തര അഭിനേതാക്കളെയുമെല്ലാം സംബന്ധിച്ച് ഏറ്റവും ആധികാരികമായി സംസാരിക്കാൻപോന്ന പാണ്ഡിത്യം ജയകൃഷ്ണൻ എന്ന അദ്ഭുതമനുഷ്യനിൽ അടങ്ങുന്നുണ്ട്. അത് പക്ഷേ, അപൂർവ്വമായി മാത്രമേ പൊതുവേദികളിൽ പ്രകാശിതമാകാറുള്ളൂ. 'അറിവ് ഏറുന്തോറും താൻ ചെറുതാകുന്നു' എന്ന മിതത്വം ജയകൃഷ്ണനെ 'ലൈം ലൈറ്റിൽ'നിന്ന് നിർബ്ബന്ധപൂർവ്വം സ്വയം അകറ്റിനിർത്തുന്നു. എന്നാൽ, മമ്മൂട്ടിയിലെ നടന്റെ അഭിനയസഞ്ചാരചരിത്രം അവലോകനം ചെയ്യുമ്പോൾ, ജയകൃഷ്ണന്റെ ആധികാരികത അതിന്റെ പൂർണമികവിൽ നമുക്ക് വായിക്കാൻ ലഭിക്കുന്നു. മമ്മൂട്ടി എന്ന നടൻ ലോകത്തെ ഏതു ഭാഷയിലേക്കും പരിഭാഷപ്പെടുത്തി വായിക്കാവുന്ന ഒരു പഠനമാതൃകയാണെങ്കിൽ, ആ മാതൃകയുടെ ഏറ്റവും സമഗ്രവും ആധികാരികവുമായ അച്ചടിരൂപമാണ് ഈ രചന എന്ന് ആദരപൂർവ്വം സാക്ഷ്യപ്പെടുത്തട്ടെ.
മമ്മൂട്ടി എന്ന മാരീചസൗഭഗത്തെ പഠിക്കാൻ ഏതു വിദ്യാർത്ഥിക്കും ഏതു ഗവേഷകനും ഗവേഷകയ്ക്കും ഈ പുസ്തകത്തെ നിസ്സംശയം ആശ്രയിക്കാം; ഉപാസിക്കാം. ഭാവുകങ്ങൾ.