'ഈ ക്രൂരത നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ?' അന്ന് മഡോണ വസ്ത്രമുരിഞ്ഞു, ചുമലില്‍ 'മലാല' തെളിഞ്ഞു

വടക്കു-കിഴക്കന്‍ പാകിസ്താനിലെ സ്വാത് താഴ്‌വരയില്‍ നിന്നും ലോകത്തിന്റ നെറുകയിലേക്ക് ഉയര്‍ന്നുവന്ന പെണ്‍കുട്ടിയാണ് മലാല യൂസഫ്‌സായി.
2012-ല്‍ 'ആരാണ് മലാല' എന്ന ചോദ്യവുമായി സ്‌കൂള്‍ ബസ്സിലേക്ക് ഇരച്ചുകയറിയ താലിബാന്‍ തീവ്രവാദികള്‍ അവള്‍ക്കുനേരെ നിറയൊഴിച്ചത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദമുയര്‍ത്തിയതിനായിരുന്നു. മലാല ഒരു പെണ്‍കുട്ടി മാത്രമല്ല, നീതിനിഷേധിക്കപ്പെട്ട അനേകലക്ഷം പെണ്‍കുട്ടികളുടെ ഒരൊറ്റ നാമമാണെന്ന് ലോകം തിരിച്ചറിയാന്‍ പിന്നെ നാളുകള്‍ വേണ്ടി വന്നില്ല. മലാലയുടെ ജീവിതവും വീക്ഷണങ്ങളും അവരുടെ ഡയറിക്കുറിപ്പുകളും മലാല ഐക്യരാഷ്ടസഭയില്‍ നടത്തിയ പ്രസംഗങ്ങളും മാതൃഭൂമി ബുക്‌സിനുവേണ്ടി ഏകോപിപ്പിച്ചത് പി.എസ് രാകേഷാണ്. ഞാന്‍ മലാല എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു അധ്യായം വായിക്കാം.
'വെടിയുണ്ട നമ്മെ നിശ്ശബ്ദരാക്കുമെന്ന് കരുതിയ അവര്‍ പരാജയപ്പെട്ടു. നിശ്ശബ്ദതയില്‍നിന്ന് ഒരു ശബ്ദമുയര്‍ന്നുതുടങ്ങി. ബലഹീനതയും ഭയവും പ്രതീക്ഷയില്ലായ്മയും മരിച്ചുകഴിഞ്ഞു; ശക്തിയും കരുത്തും ധൈര്യവും പിറന്നിരിക്കുന്നു.'
ലോകമെങ്ങുമുള്ള പെണ്‍കുട്ടികളുടെ ശബ്ദമായി മലാല മാറുന്നതാണ് പിന്നീടുള്ള ദിവസങ്ങളില്‍ കണ്ടത്. രാജ്യങ്ങളില്‍നിന്ന് രാജ്യങ്ങളിലേക്ക് അലയടിച്ചുതുടങ്ങിയ മാറ്റങ്ങള്‍ക്ക് മലാല നിമിത്തമായി. മലാലയെക്കുറിച്ച് ഒരിക്കലും കേട്ടിട്ടില്ലാത്തവര്‍പോലും അവളുടെ സ്ഥിതി എന്തായെന്നറിയാന്‍ ഉത്കണ്ഠപ്പെട്ടു. പെണ്‍കുട്ടികളോടുള്ള ഈ കാടത്തത്തിനെതിരേ എന്തു ചെയ്യാനാവുമെന്നോര്‍ത്ത് പലരും രോഷംകൊണ്ടു. ഒരു ദിവസംകൊണ്ട് ലോകത്തിന്റെ മുഴുവന്‍ മകളായി മലാല യൂസഫ്സായി മാറുകയായിരുന്നു.
മലാല സംഭവം ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെ വലിയ ചലനങ്ങളുണ്ടാക്കി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിലുള്ള മണ്ടത്തരവും പഠിക്കാനാഗ്രഹിക്കുന്ന പതിനഞ്ചുകാരിയുടെ തലയിലേക്ക് നിറയൊഴിച്ചത് ദൈവഹിതം നിറവേറ്റലാണെന്ന നിലപാടുള്ള ഭീകരരുടെ മുന്നില്‍ മുട്ടുമടക്കുന്നത് ആപത്താണെന്നും ഏവരും തിരിച്ചറിഞ്ഞു. 'മലാലയെ വെടിവെച്ചതിലൂടെ തങ്ങള്‍ക്ക് ഏറ്റവും ഭയം എന്തിനോടാണെന്ന് താലിബാന്‍ കാട്ടിത്തന്നിരിക്കുന്നു: പുസ്തകമേന്തിയ പെണ്‍കുട്ടിയെ'- ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ പ്രസ്താവന മലാലയോടുള്ള ഭൂഖണ്ഡങ്ങളുടെ ഐക്യപ്പെടലായി. ഒരു പെണ്ണ് വിദ്യാഭ്യാസം നേടിയാല്‍ അതിന്റെ നേട്ടം അവള്‍ ജീവിക്കുന്ന സമൂഹത്തിന് മുഴുവന്‍ ലഭിക്കുമെന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍ മുന്‍പേ കണ്ടെത്തിയതാണ്. സ്വന്തം നാട്ടിലും അതുപോലെ പെണ്‍കുട്ടികള്‍ ദുരിതമനുഭവിക്കുന്ന മറ്റേതൊക്കെയോ നാടുകളിലും വിദ്യാഭ്യാസത്തിന്റെ സന്ദേശമെത്തിക്കാന്‍ മലാലയ്ക്ക് സാധിച്ചു.
മലാലയ്ക്ക് വെടിയേറ്റ സംഭവം ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടതും പ്രതികരണങ്ങളുണ്ടായതും അവളുടെ ജന്മദേശമായ പാകിസ്താനില്‍ തന്നെയായിരുന്നു. മുതിര്‍ന്നവര്‍പോലും താലിബാനെ പേടിച്ചുകഴിയുന്ന ഒരു നാട്ടില്‍ അവര്‍ക്കെതിരേ വ്യക്തമായ നിലപാടെടുത്ത മലാലയുടെ നിശ്ചയദാര്‍ഢ്യം ഏവരെയും ആവേശംകൊള്ളിച്ചു. അക്രമികള്‍ ഭീഷണിപ്പെടുത്തിയിട്ടുപോലും മലാലയെ ചൂണ്ടിക്കാണിക്കാന്‍ വിസ്സമ്മതിച്ച അവളുടെ കൂട്ടുകാരികളായ ഷാസിയയെയും കൈനത്തിനെയുമോര്‍ത്ത് പലരും കണ്ണീര്‍ വാര്‍ത്തു. 'ഞാനാണ് മലാല' എന്ന് പാകിസ്താനിലെ പെണ്‍കുട്ടികള്‍ മുഴുവന്‍ ഒരേസ്വരത്തില്‍ വിളിച്ചുപറയാന്‍ തുടങ്ങി. പഠിക്കണമെന്നാഗ്രഹിക്കുന്ന രാജ്യത്തെ ഓരോ പെണ്‍കുട്ടിയും മലാലയാണെന്ന് സ്വയം പ്രഖ്യാപിച്ചു മുന്നോട്ടുവന്നു. ഫേസ്ബുക്കിലും ട്വിറ്ററിലും ആരംഭിച്ച 'ഞാനാണ് മലാല' പ്രചാരണക്യാമ്പയിന്‍ രാജ്യമെങ്ങും കാട്ടുതീപോലെ പടര്‍ന്നു. പലയിടങ്ങളിലും സ്‌കൂള്‍ കുട്ടികള്‍ മെഴുതിരിയുമേന്തി തെരുവുകളിലൂടെ മലാല ഐക്യദാര്‍ഢ്യറാലികള്‍ നടത്തി. അവളുടെ ആയുസ്സിനു വേണ്ടി കൂട്ടപ്രാര്‍ഥനകള്‍ നടത്തി. മിങ്കോറയിലെ കുശാല്‍ പബ്ളിക് സ്‌കൂളില്‍ മലാലയ്ക്കൊപ്പം പഠിച്ച കൂട്ടുകാരി ടിവി ക്യാമറകള്‍ക്കു മുന്നില്‍നിന്ന് ലോകത്തോട് വിളിച്ചുപറഞ്ഞതിങ്ങനെ:'സ്വാത്തിലെ ഓരോ പെണ്‍കുട്ടിയും മലാലയാണ്. ഞങ്ങള്‍ ഞങ്ങളെത്തന്നെ പഠിപ്പിക്കുകയാണ്, ഞങ്ങള്‍ വിജയിക്കും. അവര്‍ക്ക് ഞങ്ങളെ തോല്പിക്കാനാവില്ല...'
പാകിസ്താനിലെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളൊക്കെ ഈ വിഷയത്തില്‍ തന്ത്രപരമായ മൗനം പാലിച്ചത് ശ്രദ്ധേയമായിരുന്നു. താലിബാനെതിരേ പരസ്യനിലപാടെടുക്കുന്നതിലെ ആപത്തും ഇസ്ലാമിക ഗ്രൂപ്പുകളുടെ പിന്തുണ നഷ്ടപ്പെടുമോ എന്ന പേടിയും കാരണമായിരുന്നു അത്. ചെറുകക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്റ് (എം.ക്യു.എം.) മാത്രമാണ് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുത്തത്. മലാലയ്ക്കു നേരേ ആക്രമണം നടത്തിയ താലിബാന്‍ പോരാളികളെ മൃഗങ്ങളെന്ന് വിശേഷിപ്പിച്ച എം.ക്യു.എം. നേതാവ് അല്‍ത്താഫ് ഹുസൈന്‍ മലാല വിജ്ഞാനത്തിന്റെ ദീപശിഖയാണെന്നും പ്രഖ്യാപിച്ചു.
ഒരു രാഷ്ട്രീയപാര്‍ട്ടിയെയും കാത്തുനില്ക്കാതെ ജനങ്ങള്‍ സ്വമേധയാ മലാലയ്ക്കുവേണ്ടി തെരുവിലിറങ്ങാന്‍ തയ്യാറായി. തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് മേല്‍ക്കൈയുള്ള പെഷവാര്‍ പട്ടണത്തില്‍പ്പോലും മലാല അനുകൂലപ്രകടനങ്ങള്‍ നടന്നത് ഏവരെയും അദ്ഭുതപ്പെടുത്തി. മലാലയ്ക്ക് വെടിയേറ്റതിനുശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഒക്ടോബര്‍ 14 ന് ഇസ്ലാമാബാദില്‍ സംഘടിപ്പിക്കപ്പെട്ട റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു.
മലാലയ്ക്കുവേണ്ടി ഇന്ത്യയിലും കുട്ടികള്‍ തെരുവിലിറങ്ങി. മഹാരാഷ്ട്രയിലെ താനെയിലും ഉത്തര്‍പ്രദേശിലെ ലഖ്നൗവിലുമൊക്കെ കൂറ്റന്‍ മലാല ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ നടന്നു. മലാലയെ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നായിരുന്നു താനെയിലെ പ്രകടനക്കാരുടെ പ്രധാന ആവശ്യം. അമേരിക്കയിലും ഫ്രാന്‍സിലും ജര്‍മനിയിലുമൊക്കെ കുട്ടികള്‍ മലാലയ്ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ട് റാലി നടത്തി.
മലാല വിഷയത്തില്‍ ലോകവികാരം ഉണരുന്നതു കണ്ട പാകിസ്താന്‍ ഭരണകൂടം താലിബാനെതിരേ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായി. ആക്രമണം 'സംസ്‌കാരമുള്ള ജനങ്ങള്‍'ക്കെതിരേയാണെന്ന് വ്യക്തമാക്കിയ പാക് പ്രധാനമന്ത്രി ആസിഫ് അലി സര്‍ദാരി അക്രമികളുടെ തലയ്ക്ക് പത്തുലക്ഷം രൂപ വില പ്രഖ്യാപിച്ചു. ആശുപത്രിയിലെത്തി മലാലയെ സന്ദര്‍ശിച്ച പാക് പട്ടാളമേധാവി ജനറല്‍ അഷ്ഫാഖ് പര്‍വേസ് ഖയാനി 'ഭീകരതയ്ക്കുമുന്നില്‍ മുട്ടുമടക്കുന്ന പ്രശ്നമില്ലെന്ന്' വ്യക്തമാക്കി. പാകിസ്താന്‍ വിദേശകാര്യമന്ത്രി ഹീന റബ്ബാനിഖറും മലാല സംഭവത്തെ ശക്തമായി അപലപിച്ചുകൊണ്ട് രംഗത്തുവന്നു. 'വരാനിരിക്കുന്ന മഹാദുരന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ്' മലാലയ്ക്കു നേരേയുണ്ടായ ആക്രമണമെന്ന് അവര്‍ പറഞ്ഞു.
പാകിസ്താനിലെ ഇസ്ലാമികപണ്ഡിതരുടെ പൊതുവേദിയായ 'സുന്നി ഇത്തിഹാദ് കൗണ്‍സില്‍' മലാലയ്ക്കെതിരേയുണ്ടായ ആക്രമണത്തെ അപലപിച്ചുകൊണ്ട് രംഗത്തുവന്നതും ശ്രദ്ധേയമായി. പാകിസ്താനി മുസ്ലിങ്ങള്‍ക്കിടയിലെ ബറേല്‍വി വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കൗണ്‍സില്‍ തീവ്രവാദികള്‍ക്കെതിരേ മുന്‍പുതന്നെ നിലപാടെടുത്തവരാണ്. 'പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനെ ഇസ്ലാം ഒരു കാലത്തും എതിര്‍ത്തിട്ടില്ല. ഇത്തരം നടപടികളിലൂടെ താലിബാന്‍ ഇസ്ലാമിന്റെ അതിര്‍ത്തികള്‍ ലംഘിക്കുകയാണ്. ഒരു നിരപരാധിയെ കൊല്ലുന്നത് സമൂഹത്തെ ഒന്നാകെ കൂട്ടക്കൊല നടത്തുന്നതിനു തുല്യമാണെന്ന് വിശ്വസിക്കുന്ന മതമാണ് ഇസ്ലാം' കൗണ്‍സില്‍ പുറപ്പെടുവിച്ച പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
യു.എസ്. വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റനും ഹോളിവുഡ് നടി ആഞ്ചലീന ജോളിയും മലാലയ്ക്ക് പിന്തുണയേകിക്കൊണ്ട് പ്രസ്താവനകളിറക്കി. മലാലയുടെ പേരിലുള്ള സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി മുപ്പതുലക്ഷം രൂപ സംഭാവന നല്കുമെന്ന് പ്രഖ്യാപിച്ച ആഞ്ചലീന മലാലയെക്കുറിച്ച് തന്റെ മനസ്സിലുണര്‍ന്ന ആശങ്കകള്‍ വിവരിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പുമെഴുതി.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇപ്പോള്‍ ഐക്യരാഷ്ട്രസഭാ സാര്‍വദേശീയ വിദ്യാഭ്യാസ സമിതിയുടെ പ്രത്യേക ദൂതനുമായ ഗോര്‍ഡന്‍ ബ്രൗണ്‍ ആണ് മലാല സംഭവത്തെ ശക്തമായി അപലപിച്ച മറ്റൊരു ശ്രദ്ധേയ വ്യക്തിത്വം. 'പാകിസ്താന് പുതിയൊരു നായികയെ കിട്ടിയിരിക്കുന്നു, പുതിയൊരു മുദ്രാവാക്യവും: പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിന് അവകാശമുണ്ടെന്നതാണ് ആ മുദ്രാവാക്യം'- സി.എന്‍.എന്നിന് നല്കിയ അഭിമുഖത്തില്‍ ബ്രൗണ്‍ പറഞ്ഞു.
2015 ആകുന്നതോടെ ലോകത്തിലെ മുഴുവന്‍ കുട്ടികളെയും സ്‌കൂളിലെത്തിക്കുകയെന്ന മഹത്തായ ലക്ഷ്യം വിഭാവനം ചെയ്തുകൊണ്ടുള്ള യു.എന്‍. പ്രചാരണപദ്ധതിക്കും ഗോര്‍ഡന്‍ ബ്രൗണ്‍ രൂപം നല്കി. 'ഞാന്‍ മലാല' എന്നതായിരുന്നു ആ ക്യാമ്പയിന്റെ പേര്. 'ഞാന്‍ മലാല' പദ്ധതിയുടെ ഭാഗമായി പാകിസ്താനിലെ സ്വാത് മേഖലയില്‍ പര്യടനം നടത്തിയ ബ്രൗണ്‍ മലാല പഠിച്ചിരുന്ന സ്‌കൂളും സന്ദര്‍ശിച്ചു. ഇന്നിപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമായി 'ഞാന്‍ മലാല' ബോധവത്കരണ ക്യാമ്പയിന്‍ നടന്നുവരികയാണ്.
2013 ഏപ്രില്‍ 29 ന് പുറത്തിറങ്ങിയ ടൈം മാഗസിന്റെ മുഖചിത്രം മലാലയായിരുന്നു. മാസിക തയ്യാറാക്കിയ 'ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടിക'യിലും മലാല ഇടം നേടി.
മലാലയ്ക്കുണ്ടായ ദാരുണസംഭവത്തിനെതിരേ പൊതുവേദിയില്‍ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച പോപ്പ് ഗായിക മഡോണയുടെ നടപടി വന്‍ വാര്‍ത്താപ്രാധാന്യം നേടി. 2012 ഒക്ടോബര്‍ 10 ന് അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടന്ന സംഗീതപരിപാടിക്കിടയിലായിരുന്നു മഡോണയുടെ പ്രതിഷേധപ്രകടനം. ഒരു പാട്ടിന്റെ ഇടവേളയില്‍ തനിക്ക് ഗൗരവമായി അല്പം സംസാരിക്കാനുണ്ടെന്ന് മഡോണ സദസ്സിനെ അറിയിച്ചു. 'സ്‌കൂളില്‍ പോകുന്നത് സ്വപ്നം കണ്ട, അതിനെക്കുറിച്ച് ബ്ലോഗെഴുതിയ ഒരു പതിനാലുകാരിയെ താലിബാന്‍ വെടിവെച്ചു പരിക്കേല്പിച്ചിരുന്നു. ഈ സംഭവം എന്നെ വല്ലാതെ കരയിച്ചു. മലാലയോട് ചെയ്തത് എത്രമാത്രം ക്രൂരതയാണെന്ന് നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ?' ലോസ് ആഞ്ചലസിലെ സ്റ്റാപ്പിള്‍ തിയേറ്ററില്‍ തന്നെ കാണാനെത്തിയ ആയിരങ്ങളോട് മഡോണ ചോദിച്ചു. ഞങ്ങള്‍ തിരിച്ചറിയുന്നുവെന്ന് ജനക്കൂട്ടം മറുപടി നല്കിയതോടെ 'വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുക' എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് സ്റ്റേജിന് പുറംതിരിഞ്ഞുനിന്ന് മഡോണ വസ്ത്രമുരിഞ്ഞു. അനാവൃതമായ ചുമലുകളില്‍ 'മലാല' എന്നെഴുതിയിട്ടുണ്ടായിരുന്നു. ഒരു മിനിട്ട് അനങ്ങാതെ നിന്നശേഷം ഇത് നിനക്കാണ് മലാല എന്നു പറഞ്ഞുകൊണ്ട് മഡോണ ഒരു ഗാനമാലപിച്ചു.
'ബെഡ് ടൈം സ്റ്റോറീസ്' എന്ന ആല്‍ബത്തിലെ 'ഹ്യുമന്‍ നേച്ചര്‍' എന്ന ഗാനമാണ് മലാലയ്ക്കായി മഡോണ സമര്‍പ്പിച്ചത്. മലാലയെക്കുറിച്ചറിയാത്ത ആയിരക്കണക്കിന് ചെറുപ്പക്കാര്‍ക്കിടയില്‍ അവളെക്കുറിച്ചുള്ള വിവരമെത്തിക്കാന്‍ മഡോണയുടെ ഈ നീക്കംകൊണ്ടു സാധിച്ചു എന്ന് മാധ്യമങ്ങള്‍ പിന്നീട് വിലയിരുത്തി.
Content Highlights: Malala yousafsai lifestory written by Ps Rakesh Mathrubhumi Books