'എന്റെ ഹൃത്തടത്തില്‍, ശ്വാസത്തില്‍, ധമനികളില്‍ സ്ഥിതിചെയ്യുന്ന ആ ശക്തിയെ, ഞാന്‍ ദൈവമായിക്കാണുന്നു'

മാധവിക്കുട്ടിയുടെ ബാല്യകൗമാരവും രാഷ്ട്രീയവും മതവുമെല്ലാം കടന്നുവരുന്ന പുസ്തകമാണ് 'എന്റെ ജ്യേഷ്ഠത്തി കമല'. കമലാദാസായും കമലാ സുരയ്യയായും പലജീവിതങ്ങള്‍ ജീവിച്ച ജ്യേഷ്ഠത്തിയെക്കുറിച്ച് അനുജത്തി സുലോചന നാലപ്പാട് എഴുതിയ ഓർമക്കുറിപ്പുകളാണതിൽ. ഒരു ഭാഗം വായിക്കാം.
2007 ആദ്യത്തില്‍ ആമിയോപ്പു കൊച്ചി വിട്ട് പുനെയിലേക്കു പോയി. ആ പോക്ക് ദൃശ്യമാധ്യമങ്ങള്‍ വിശദമായി കാണിച്ചുതന്നുവല്ലോ. രംഗം കടവന്ത്രയിലെ റോയല്‍ സ്റ്റേഡിയം മാന്‍ഷന്‍ എന്ന കെട്ടിടത്തിന്റെ താഴത്തേ നിലയുടെ മുന്‍വശത്തെ തളം, പടിക്കെട്ടുകള്‍. അന്നേരത്തേക്ക് ജ്യേഷ്ഠത്തിക്ക് ആറാം കര്‍മേന്ദ്രിയമായിത്തീര്‍ന്നിരുന്ന 'വാക്കര്‍' ക്യാമറാഫ്രെയിമില്‍ മുന്നിലുണ്ട്. പിന്നെയുള്ളതു മകളെപ്പോലെ സ്നേഹിച്ച മിനി, ടൈംസ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്മാരായ ജയ്ദീപും ശ്രീനിയും അതുവരെ ആമിയോപ്പുവിനെ പരിചരിച്ച രാധാമണി, അമ്മു മുതലായവര്‍. ഇവരാല്‍ ചൂഴപ്പെട്ട് ആമിയോപ്പു നില്ക്കുന്നു. മുഖ്യകഥാപാത്രത്തെ ഒന്നേ നോക്കിയുള്ളൂ. മുഖത്തെ ദൈന്യവും കണ്ണുകളിലെ പരിഭ്രമവും, ചുണ്ടുകളുടെ വിളര്‍പ്പും മനസ്സില്‍നിന്ന് എന്തൊക്കെയോ വലിച്ചുപറിച്ചെടുക്കുംപോലെ അനുഭവപ്പെട്ടു. അതിനാല്‍ ഞാന്‍ വാക്കറില്‍ കണ്ണുനട്ടിരുന്നു. റിപ്പോര്‍ട്ടര്‍ കേരളത്തിന്റെ നഷ്ടത്തെപ്പറ്റി നീണ്ട വാചകങ്ങളുരുക്കഴിക്കുന്നതു കേട്ടു.
ഇതൊക്കെ ഞാന്‍ കണ്ടത് മൂന്നാറില്‍വെച്ചായിരുന്നു; കാരണം ഞാനപ്പോള്‍ അവിടത്തെ തേയിലത്തോട്ടങ്ങളില്‍ വെല്‍ഫെയര്‍ ഓഡിറ്റിന്റെ തിരക്കിലായിരുന്നു. ആമിയോപ്പു പ്രയാസപ്പെട്ട് കാറില്‍ക്കയറി. കറുത്ത ചില്ലിനപ്പുറം ആമിയോപ്പുവിരുന്നു, എന്റെ കണ്‍വെട്ടത്തുനിന്ന് ജ്യേഷ്ഠത്തി മറഞ്ഞു. അപ്പോള്‍ ഞങ്ങളുടെ സ്നേഹിതന്‍ ഹമീദിന്റെയൊരു കഥ മനസ്സിലെത്തി. ഹമീദ് കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്കോ മറ്റോ തീവണ്ടിയില്‍ പോവുകയാണ്. കറുത്ത ചില്ലുജനാലകളുള്ള എ.സി. കോച്ചിലാണ് യാത്ര. യാത്രയാക്കാന്‍ സ്റ്റേഷനില്‍ ഭാര്യ സെറീനയും രണ്ടു മക്കളും വന്നിട്ടുണ്ട്. ട്രെയിന്‍ പുറപ്പെടാറായപ്പോള്‍ കുട്ടികളോട് അച്ഛന് 'റ്റാറ്റാ' പറയാന്‍ നിര്‍ദേശിച്ചു അമ്മ. ചെറിയവളുടെ പ്രതികരണം അതിന് തനിക്ക് അച്ഛനെ കാണാനില്ലല്ലോ എന്നായിരുന്നു. കൈവീശിക്കോളൂ, മോള്‍ക്ക് അങ്ങോട്ടു കാണാനാവില്ലെങ്കിലും അച്ഛന് മോളേ കാണാം എന്നു പറഞ്ഞുകൊടുത്തു അമ്മ. കുട്ടിക്ക് പെട്ടെന്നു കാര്യം പിടികിട്ടി, 'ഓ, പടച്ചോന്റെ മാതിരി.' അവള്‍ തലകുലുക്കി.
പരിചാരകരുടേതു മാത്രമല്ലാതെ ഒരു മകന്റെയും മകളുടെയും ശുശ്രൂഷയിലും സ്നേഹവായ്പിലും കഴിയേണ്ട സ്ഥിതിയിലായിരുന്നു അന്നേരത്തേക്ക് കമലാസുരയ്യയുടെ ആരോഗ്യം. ഒരുനാള്‍ അതിരാവിലെ അഞ്ചു മണിക്ക് കട്ടിലിനു താഴെ വീണുകിടക്കുകയാണെന്നു പറഞ്ഞ് ആമിയോപ്പു വിളിച്ചതോര്‍ക്കുന്നു. ഫോണിന്റെയടുത്തേക്ക് എവ്വിധമോ ഇഴഞ്ഞെത്തി വിളിച്ചതാണ്. കൂടെ സഹായത്തിനു നിന്നിരുന്ന സ്ത്രീകളാരും തന്റെ മുറിയില്‍ക്കിടക്കുന്നത് ആമിയോപ്പുവിന് ഇഷ്ടമായിരുന്നില്ല. മാത്രമല്ല, കടവന്ത്ര ഫ്ളാറ്റിലെ ആ മുറിയില്‍ വലിയ കട്ടിലും അലമാരകളും കഴിഞ്ഞാല്‍ പിന്നെയൊരു മെത്തയിടാന്‍ സ്ഥലവുമില്ല. ഷോഡുവിന്റെയും ദേവിയുടെയുമടുത്തേക്കുള്ള ആ മാറ്റിപ്പാര്‍പ്പ് ഏറ്റവും വലിയൊരു ശരിയായിരുന്നുവെന്നു ഞാന്‍ കരുതുന്നു. സ്‌കൂള്‍ വിട്ടാല്‍ അച്ചമ്മയുടെ കഥകള്‍ കേള്‍ക്കാനോടിയെത്തുന്ന രണ്ടു സുന്ദരിക്കുട്ടികളുണ്ടല്ലോ അവിടെ.
പുനെയില്‍ ചെന്നശേഷം കമലയെഴുതിയ കവിതകളും അയച്ച കത്തുകളും വരച്ച ചിത്രങ്ങളുമുള്‍ക്കൊള്ളിച്ച് Remembering Kamala എന്നൊരു പുസ്തകം ആമിയോപ്പുവിന്റെ അമേരിക്കന്‍ സുഹൃത്ത് Andrew Arkin പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസാനവര്‍ഷങ്ങളിലെ മനോവ്യാപാരങ്ങളിലേക്കിത് വെളിച്ചംവീശുന്നു. ഒരാത്മാവിന്റെ വികാസത്തില്‍ ഏതുയരത്തിലാണ് കമല ചെന്നെത്തി നില്ക്കുന്നത് എന്നതിന്റെ ഒരേകദേശരൂപം ഇവിടെ തെളിയുന്നു. 'ഈ ജീവിതംകൊണ്ടു ഞാന്‍ ദൈവത്തെ നേടിയെടുത്തു'വെന്നു പറഞ്ഞത് ഇക്കാലത്താണല്ലോ.
'മങ്ങലേറ്റ മുഖമുള്ള ഒരു സ്ത്രീയോടൊപ്പം ഒരു കാഷായവസ്ത്രധാരി എന്നെ കാണാന്‍ വന്നു. മരണാനന്തരകര്‍മങ്ങള്‍ ഹിന്ദുശാസ്ത്രവിധിപ്രകാരം വേണോ അതോ ഇസ്ലാമികമുറയില്‍ വേണോ എന്നദ്ദേഹം എന്നോടു ചോദിച്ചു. ഇത് സ്വന്തം ഒസ്യത്തെഴുതുംപോലെ ഒരു സുപ്രധാന തീരുമാനമാണെന്ന് കൂട്ടിച്ചേര്‍ത്തു' എന്നാണ് ആമിയോപ്പു പറയുന്നത്. സുപ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ തീരേ താത്പര്യമില്ലാത്തയാളായിരുന്നു ആമിയോപ്പു. അവരുടെയകത്തുള്ളത് ചിരിച്ചുകൊണ്ടോടുകയും കരഞ്ഞു കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഒരു കൊച്ചുപെണ്‍കുട്ടിയായിരുന്നു. കനപ്പെട്ട മുഹൂര്‍ത്തങ്ങളെ ലഘൂകരിക്കുന്നതിലവള്‍ നിപുണയായിരുന്നു. അതിനാല്‍ തന്റെയീ ദേഹത്തെ അത്ര വിലപ്പെട്ട ഒരു സമ്പത്തായി ഞാന്‍ നിരൂപിക്കുന്നില്ല എന്നായിരുന്നു മറുപടി. താന്‍ മാവിലായിക്കാരിയാണെന്നാണ് അപ്പറഞ്ഞതിനര്‍ഥം. കമല ചിരിച്ചും ചിരിപ്പിച്ചും, ദേഷ്യപ്പെട്ടും വിതുമ്പിയും 'മലബാറിലെ കാലവര്‍ഷം' കണക്കേ ജീവിതത്തിലൂടെ ഓടിയവളാണ്.
ചെറുപ്പത്തില്‍ കണ്ട ഒരിംഗ്ലീഷുസിനിമയില്‍ 'ഒരു ചാന്ദ്രരശ്മിയെ ആര്‍ക്കാണ് കൈക്കുള്ളിലൊതുക്കാന്‍ കഴിയുക' എന്നു ചോദിക്കുന്ന ഒരു ഗാനമുണ്ട്. ഒരു കന്യാസ്ത്രീമഠത്തിലെത്തിപ്പെടുന്ന മരിയ എന്ന പെണ്‍കുട്ടിയെക്കുറിച്ചാണവര്‍ പാടുന്നത്. കഥാനായിക ഞങ്ങളുടെ ആമിയോപ്പുവാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. കാരണം മരിയ എന്നെ ചിരിപ്പിക്കുന്നുവെന്നും ഒരു സീനിയര്‍ കന്യാസ്ത്രീ സ്വകാര്യം പറഞ്ഞുതരുന്നുണ്ട് പാട്ടവസാനിക്കുംമുന്‍പ്.
മനുഷ്യരെ വിഭജിച്ചു നിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ തനിക്കരോചകമാണെന്നാണ് വാസ്തവം. കാരണമെന്തെന്നാല്‍,
No hate is worthy of conserving...
Bitterness I realize, is also another disease that warps and causes pain.
മുസ്ലിംപുരോഹിതന്‍മാര്‍ നിഷ്‌കൃഷ്ടമായ നിയമാവലികള്‍ വായിച്ചുതരുമ്പോള്‍ താനറിയാതെ കോട്ടുവായിട്ടുപോകുന്നുവെന്നാണ് 2005-ലെ കുമ്പസാരം. 'യാ അല്ലാഹ്' എന്ന കവിതയില്‍ പറയുന്നതിങ്ങനെ,Gracious Allah
Known to be forgiving
I have joined Your household
As its one tainted slave
എന്നാൽ,
I am she who mistrusts cults,
Believes that You are not
Connected to any religion,
Old or new.
I cannot fold
My wayward limbs to crawl into
Coffins of religions.
But I am the one who loved
Loved You, Allah
As perhaps no one else did.
2007ലെ പേരിടാത്ത ഒരു കവിതയില്‍ അവസാനവാക്കുണ്ട്,If religions divide the world
into sections that hate one another
I shall no longer heed them
The religion game is played out
Let God be my only friend
I shall bear him In my blood stream
Concealed from all
Who came visiting
To discuss the need to
Demarcate religions...
എന്തുകൊണ്ടെന്നാല്‍,
For long have I loved this
Human race....
വര്‍ഷങ്ങള്‍ക്കു മുന്‍പ് മാധവിക്കുട്ടി പറഞ്ഞു,
'അമ്പലങ്ങളില്‍ എന്നെയോര്‍ക്കുന്ന, എന്റെ ഹിതാനുവര്‍ത്തിയായ ഒരു ദൈവമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ ഹൃത്തടത്തില്‍, എന്റെ ശ്വാസത്തില്‍, എന്റെ വിരല്‍ത്തുമ്പില്‍, എന്റെ ധമനികളില്‍ സ്ഥിതിചെയ്യുന്ന ആ ശക്തിയെ, ആ ചൈതന്യത്തെ, ഞാന്‍ ദൈവമായിക്കാണുന്നു. കൂപ്പാത്ത കൈയാല്‍, ഉച്ചരിക്കാത്ത വചനത്താല്‍, ഞാനാ ദൈവത്തെ അഭിമുഖീകരിക്കുന്നു'. രണ്ടും ആത്യന്തികമായി ഒന്നുതന്നെ.
ആമിയോപ്പു പഴയ ഒരു ഹിന്ദു-നായര്‍ തറവാട്ടില്‍ പിറന്നു. അവിടെ വെയിലത്തു നടന്നുവലഞ്ഞ വഴിപോക്കന്റെ ദാഹമകറ്റാന്‍ മോരുവെള്ളം കരുതിവെച്ച തണ്ണീര്‍പ്പന്തലുണ്ടായിരുന്നു, പാമ്പിന്‍കാവുണ്ടായിരുന്നു, അന്തിക്കു കത്തിച്ച തിരിയില്‍ കണ്ണുനട്ടാടുന്ന സര്‍പ്പശ്രേഷ്ഠന്മാരുണ്ടായിരുന്നു. ഉമ്മറത്തെ ചാരുകസേരയില്‍ എഴുത്തുകാരനും ചിന്തകനുമായ ഒരു വലിയമ്മാമനുണ്ടായിരുന്നു, ഉപാധികളില്ലാത്ത സ്നേഹം നിര്‍ലോഭം കൊടുക്കുന്ന മുത്തശ്ശിമാരുണ്ടായിരുന്നു.
കല്‍ക്കത്തയിലുള്ളപ്പോള്‍ ഒരിക്കല്‍ നേപ്പാളില്‍നിന്നാരോ ഒരു സാളഗ്രാമം കൊണ്ടുവന്ന് അച്ഛന് സമ്മാനിച്ചു. രാധാകൃഷ്ണമൂര്‍ത്തിയായിരുന്നുവത്രേ അത്. സാളഗ്രാമത്തിനായി നാലപ്പാട്ടെ തെക്കിനിയില്‍ പലകകള്‍കൊണ്ട് ഒരമ്പലമുണ്ടാക്കി. സാളഗ്രാമത്തിന്റെ പൂജയ്ക്കായി ഒരു നമ്പൂതിരിയെ ഏര്‍പ്പാടാക്കി. എന്നാല്‍ അദ്ദേഹം കുറച്ചു ദിവസത്തിനുള്ളില്‍ അതിശക്തിയുള്ള സാളഗ്രാമത്തെ യഥാവിധി പൂജിക്കാന്‍ താന്‍ പോരെന്നു പറയുകയും അതിനുശേഷം അമ്മാമന്‍തന്നെ ആ കര്‍മം ഏറ്റെടുക്കുകയും ചെയ്തുവെന്നു കേട്ടിട്ടുണ്ട്. എങ്കിലും അമ്മാമന്റെ ഉപാസനാമൂര്‍ത്തി 'ബാലസരസ്വതി' യായിരുന്നുവത്രേ. അമ്മാമനു സുഖമില്ലാതായപ്പോള്‍ സാളഗ്രാമപൂജയുടെ പ്രശ്നം വീണ്ടും പൊങ്ങിവന്നു. പിന്നീട് അത് ഗുരുവായൂരമ്പലത്തിലേക്ക് ശാസ്ത്രവിധിപ്രകാരമുള്ള കര്‍മങ്ങള്‍ക്കുശേഷം കൊടുക്കുകയാണുണ്ടായത്.
ഞങ്ങള്‍ക്കോര്‍മവെച്ച മുതല്‍ കാലത്ത് ഏഴുമണിയോടെ അമ്പലത്തില്‍ കൊച്ചുവമ്മമ്മ കുളിച്ചു വിളക്കുകൊളുത്തും, എട്ടരയ്ക്ക് അമ്മാമനെത്തി വാതിലടച്ച് പൂജ തുടങ്ങും. ആ പൂജ കഴിഞ്ഞ് അമ്മാമന്‍ പുറത്തിറങ്ങിയാല്‍ എല്ലാവര്‍ക്കും അകത്തുചെന്നു പ്രാര്‍ഥിക്കാം. പ്രസാദമെടുക്കാം. എന്നാല്‍ ഞങ്ങള്‍ക്ക് ഹൃത്തില്‍ ചൈതന്യത്തിന്റെ സ്രോതസ്സിനെയേന്തുന്ന സാളഗ്രാമമെന്ന രണ്ട് ഉരുണ്ട കല്ലുകളേക്കാളിഷ്ടം തറവാട്ടിലെ സ്ത്രീകള്‍ അവിടെ വെച്ചിരുന്ന ഓടക്കുഴലൂതുന്ന കൃഷ്ണന്‍, കൈയില്‍ മോദകം പിടിച്ച് എലിവാഹനത്തിലുപവിഷ്ടനായ ഉണ്ണിഗണപതി, കൊച്ചുവമ്മമ്മയെപ്പോലെ സൗമ്യമായ ബ്രൗണ്‍ കണ്ണുകളുള്ള രവിവര്‍മയുടെ സരസ്വതി മുതലായ ദൈവങ്ങളെയായിരുന്നു. ഇതുതന്നെയാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം നാമരൂപങ്ങളുടെ വശീകരണശക്തി.
മുത്തശ്ശിമാരുടെയും കുട്ടിക്കാലത്തെ മനസ്സാക്ഷിസൂക്ഷിപ്പുകാരായ പരിചാരകവൃന്ദത്തിന്റെയും കൂടെ അമ്പലങ്ങളില്‍ പോവുകയും ഓണം, വിഷു, തിരുവാതിര, പൊട്ടിയെ പുറത്താക്കി ശ്രീഭഗവതിയെ ആനയിക്കുക മുതല്‍ക്കിങ്ങോട്ട് മുക്കോലച്ചാത്തന്റെ വരവുവരെ, നാലപ്പാട്ടുകാര്‍ ഉത്തമവിശ്വാസത്തോടെ ആചരിച്ച പല അനുഷ്ഠാനങ്ങളിലും ഭാഗഭാക്കായ കമലയ്ക്ക് വളര്‍ന്നിട്ടും ഒന്നും തള്ളിക്കളയേണ്ടതായി തോന്നിയില്ല. ആമിയോപ്പുവിന്റെ തിരുവനന്തപുരത്തെ വീട്ടിലെ പൂജാമുറിയില്‍ കെടാവിളക്കുണ്ടായിരുന്നു. അവിടെവെച്ചാണ് ബ്രഹ്‌മശ്രീ മിത്രന്‍ നമ്പൂതിരിപ്പാട് എനിക്ക് സരസ്വതീസ്തോത്രം ചൊല്ലിത്തന്നത്. അവിടെ പഞ്ചലോഹനിര്‍മിതമായ ത്രിപുരസുന്ദരിപ്രതിമയും ഉണ്ടായിരുന്നു. (അത് മൂകാംബികയാണെന്ന് ഗുരു നിത്യചൈതന്യയതി അഭിപ്രായപ്പെട്ടു.)
ചില ദിവസങ്ങളില്‍ ആമിയോപ്പു സാരിക്കു പകരം മുണ്ടുടുത്ത്, ഇടുപ്പില്‍ കിലുങ്ങുന്ന താക്കോല്‍ക്കൂട്ടം തിരുകി, നെറ്റിയില്‍ വലിയ കുങ്കുമപ്പൊട്ടുതൊട്ട് വിളക്കിലെണ്ണയൊഴിച്ചും തിരിനീട്ടിയും നടക്കും. അപ്പോള്‍ തോന്നും എന്റെ ഏട്ടത്തി നാലപ്പാട്ടമ്മ കളിക്കുകയാണെന്ന്. അമ്പലത്തില്‍ പോവുക പതിവില്ലെങ്കിലും മേല്‍പ്പറഞ്ഞ ചര്യകളോടൊക്കെ താദാത്മ്യം പ്രാപിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ആര്‍ഷജ്ഞാനകര്‍ത്താവായ നാലപ്പാട്ടു നാരായണമേനോനും പോവാറില്ല അമ്പലങ്ങളില്‍. കുട്ടിക്കാലത്ത് അമ്മ നിര്‍ബന്ധിച്ച് അമ്പലത്തില്‍ അയയ്ക്കുമായിരുന്നു; അതായിരുന്നത്രേ ഈ വിപ്രതിപത്തിക്കു പിന്നില്‍.
ഉത്തരേന്ത്യയില്‍നിന്നു വന്ന ഒരു പത്രപ്രവര്‍ത്തകയോട് തന്റെ ആദ്യത്തെയും അവസാനത്തെയും ഭര്‍ത്താവ് ശ്രീകൃഷ്ണനാണെന്നാണ് കമലാദാസ് പറഞ്ഞത്. ഇത് ചെറുപ്പത്തില്‍ കൊച്ചുവമ്മമ്മ പറഞ്ഞുകൊടുത്തതാണ്. പുന്നയൂര്‍ക്കുളത്തൊരു നാലുകെട്ടിന്റെ തെക്കിനിയിലുള്ള അമ്പലത്തില്‍ വസിക്കുന്ന കൃഷ്ണനു ചാര്‍ത്താന്‍ മാല കോര്‍ക്കുകയും പൂജയ്ക്കുള്ള പൂക്കള്‍ പറിക്കുകയും ചെയ്ത പെണ്‍കുട്ടി ഭാവിഭര്‍ത്താവാകാന്‍ പോകുന്ന കൃഷ്ണനെ ദര്‍ശിച്ചത് കല്‍ക്കത്തയില്‍ ലാന്‍സ് ഡൗണ്‍ റോഡിലെ ഫ്ളാറ്റില്‍ വെച്ചായിരുന്നു. അതൊരു വിശദമായ ദര്‍ശനംതന്നെയായിരുന്നു.
ആമിയോപ്പുവിന് ആറോ ഏഴോ വയസ്സേയുള്ളൂ. രണ്ടു ദിവസമായി പനിയുണ്ടായിരുന്നു. രാത്രിയില്‍ അമ്മയും ഉണ്ണിയേട്ടനും ആമിയോപ്പുവും ഞങ്ങളുടെ വലിയ ഇരട്ടക്കട്ടിലില്‍ കിടന്നാണ് ഉറങ്ങുക. അച്ഛന്‍ ചുമരോടു ചേര്‍ത്തിട്ട ഒരൊറ്റക്കട്ടിലിലും കിടക്കും. പുലര്‍ച്ചെ മൂന്നോ നാലോ മണിക്ക് ആമിയോപ്പു കട്ടിലിനുതാഴെ ആരോ അടിച്ചുവാരുന്ന ശബ്ദം കേട്ടുണുര്‍ന്നു. മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു സ്ത്രീ ചൂലെടുത്ത് അടിക്കുന്നതു കണ്ടു. പിന്നെ എവിടെയോ ഒരു മരവാതില്‍ കരകരശബ്ദത്തോടെ തുറന്നു. അതിലൂടെ കഴുത്തില്‍ മണികെട്ടിയ പശുക്കളും പശുക്കുട്ടികളും അവരെ മേയ്ക്കുന്നവരും വന്നുതുടങ്ങി. ശ്രീകൃഷ്ണനെന്ന കൂട്ടുകാരന്‍ ഓടക്കുഴലേന്തി കാലികളെ തെളിച്ച്, ഇടയ്ക്കിടെ തലചെരിച്ച് വിടര്‍ന്ന കണ്ണുകളാല്‍ ആമിയോപ്പുവിനെ കടാക്ഷിച്ചും വശ്യമായി പുഞ്ചിരിച്ചും ചുവരിലൂടെ നീങ്ങി. കുട്ടി ഓടക്കുഴല്‍നാദവും കേട്ടു പശുക്കളുടെ കുടമണിക്കിലുക്കവും കേട്ടു.
തന്റെ കണ്ണിലേക്കുതന്നെ നോക്കി നടന്നുനീങ്ങിയ കൃഷ്ണന്റെ ഭംഗി വിവരിക്കാനാവില്ലെന്നു പറയുന്നു ആമിയോപ്പു. അമ്മയെ ഉണര്‍ത്തി ശ്രീകൃഷ്ണനും ഗോപന്‍മാരും കാലികളെ മേച്ച് ചുമരിലൂടെ പോകുന്നുവെന്നു പറഞ്ഞു, അമ്മ ഭയന്നു. അമ്മയ്ക്കോ അപ്പോഴേക്കുണര്‍ന്ന അച്ഛനോ ചുമരില്‍ ഒന്നുംതന്നെ കാണാനായില്ല. 'നീ സ്വപ്നം കണ്ടതാവും, നിനക്കൊന്നൂല്യാ ആമ്യേ, കെടന്നൊറങ്ങിക്കോ' എന്നു സമാധാനിപ്പിച്ചു അച്ഛന്‍. അച്ഛന്‍ മകളുടെ തലയില്‍ ഐസുവെച്ച് പനി കുറയ്ക്കാന്‍ ശ്രമിച്ചു. അമ്മ കരഞ്ഞു. പിറ്റേദിവസം ഡോക്ടര്‍ മുഖര്‍ജി വന്നു പരിശോധിച്ച് കുട്ടി 'ഹാലുസിനേറ്റ്' ചെയ്തതാണെന്ന് വിധിയെഴുതി. പനി കുറഞ്ഞിട്ടും കുട്ടി വീണ്ടും രണ്ടു തവണ കുടമണിക്കിലുക്കവും ഓടക്കുഴല്‍വിളിയും കേട്ടു. കൃഷ്ണന്റെയും കൂട്ടുകാരുടെയും ചുമരിലൂടെയുള്ള ഘോഷയാത്ര ദര്‍ശിച്ചു.
ഈ കഥ അടുത്ത അവധിക്കു നാട്ടിലെത്തി കൂട്ടുകാരോട് വിവരിച്ചപ്പോള്‍ മാരത്താട്ടെ അനിയേട്ടന്‍ 'തനി വിടല്‍സാണ് വിടല്‍സ്, ആമി വെറ്തെ ബഡായി പറയാണ്' എന്ന് എല്ലാവരോടുമായി പ്രസ്താവിച്ചു. കുട്ടികളുടെ സംസാരം കേട്ട് അമ്മാമന്‍ മുറ്റത്തേക്കിറങ്ങിച്ചെന്നു. 'ആമി കണ്ട ശ്രീകൃഷ്ണന് തെക്കിനിയിലെ ശ്രീകൃഷ്ണന്റെ ഛായായിരുന്നുവോ' എന്നു ചോദിച്ചു. ആ ഛായയല്ല, വല്ലാത്ത ഭംഗിയാണ് ആ മുഖത്തിനെന്നും, പശുക്കളുടെ കഴുത്തിലെ കുടമണികളുടെ കിലുക്കം കേട്ടിട്ടാണ് ശ്രീകൃഷ്ണനും കൂട്ടരുമാണെന്ന് മനസ്സിലായത് എന്നുമായിരുന്നു മറുപടി. 'ആമി ശ്രീകൃഷ്ണനെ കണ്ടിട്ടില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ല. ആമിയെ കളിയാക്കണ്ട' എന്ന് അമ്മാമന്‍ സ്നേഹിതരെ ശാസിച്ചുവത്രേ.
തെക്കിനിയിലെ അമ്പലത്തില്‍ സാളഗ്രാമത്തോടൊപ്പം കോമളാകാരന്മാരായ ചില ഈശ്വരന്മാര്‍ക്ക് സ്ഥാനം നല്കിയെന്നല്ലാതെ നാമരൂപങ്ങളുടെ കാര്യത്തില്‍ നാരായണമേനോനോ മറ്റുള്ളവര്‍ക്കോ വലിയ കടുംപിടിത്തമുണ്ടായിരുന്നില്ല. ഉണ്ണിയേട്ടനും ആമിയോപ്പുവും കൂടി തങ്ങള്‍ക്കും വേണം ഒരമ്പലം എന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ആരുമതിനെതിരു പറഞ്ഞില്ല. വിവിധ സ്രോതസ്സുകളില്‍നിന്നായി ലഭിച്ച ഉപദേശം അമ്പലമെങ്കില്‍ വിഗ്രഹം വേണം, അതു മേടിക്കാന്‍ കിട്ടില്ല, മണ്ണിനടിയില്‍നിന്നു പ്രത്യക്ഷപ്പെടണം- എന്നാലേ അമ്പലത്തിന് ശക്തിയുണ്ടാവൂ എന്നായിരുന്നു. പെട്ടെന്നുതന്നെ കുട്ടികളില്‍ ദൈവം കനിഞ്ഞു. അഞ്ചക്കാളന്‍ പടിഞ്ഞാറേ മുറ്റം കിളച്ചപ്പോള്‍ ചക്രത്തിന്റെ രൂപമുള്ള ഒരിഷ്ടികക്കഷണം കിട്ടി. 'വിഗ്രഹം കിട്ടി.' ഇഷ്ടിക കൈയിലെടുത്തുയര്‍ത്തിപ്പിടിച്ച് ജ്യേഷ്ഠന്‍ വിളിച്ചുപറഞ്ഞുവെന്ന് അനിയത്തി റിപ്പോര്‍ട്ട് ചെയ്യുന്നു. ദൈവത്തിന് ചക്രപാണി എന്നു പേരിട്ടത് ഉണ്ണിയേട്ടനോ അമ്മാമനോ എന്നുറപ്പില്ല ആമിയോപ്പുവിന്. ഏതായാലും പ്രതിഷ്ഠ മഹാവിഷ്ണുതന്നെയെന്നുറപ്പിക്കാം.
മുറ്റത്ത് കറുത്ത തട്ടികകൊണ്ടു മറച്ചതായിരുന്നു അമ്പലം. അകത്ത് വശങ്ങളിലിട്ട രണ്ടു ബെഞ്ചുകളിലിരുന്ന് ഭക്തന്മാര്‍ക്ക് പൂജാകര്‍മങ്ങള്‍ നിരീക്ഷിക്കാം. വിളക്കുകൊളുത്തലും മണികിലുക്കലും പൂക്കളെറിയലും ജ്യേഷ്ഠന്റെ കര്‍ത്തവ്യങ്ങളായിരുന്നു. പൂജയ്ക്കുള്ള പൂക്കള്‍ ശേഖരിക്കലും ഈശ്വരനുള്ള ഇലഞ്ഞിപ്പൂമാല ഉണ്ടാക്കലും അമ്പലത്തിന്റെ നിലം തൂത്തുവാരി തുടയ്ക്കലും എന്റെ ജോലികളായി എന്നു പറയുന്നു കമല. നനഞ്ഞ ഉടുപ്പു ധരിച്ചു വേണം അമ്പലത്തില്‍ പ്രവേശിക്കുന്നതെന്ന് തനിക്ക് അഭിപ്രായമുണ്ടായിരുന്നുവെങ്കിലും ചുമപിടിക്കുമെന്നു പേടിച്ച് അമ്മമ്മ അതു വേണ്ടെന്നു പറഞ്ഞത്രേ. പൂജ കഴിഞ്ഞാല്‍ ചക്രപാണിയെ ഒരു കൊട്ടയിലാക്കി തലയില്‍വെച്ച് പൂജാരി അമ്പലം പ്രദക്ഷിണം വെക്കും. ആമിയോപ്പുവും മറ്റു ചങ്ങാതിമാരും കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ട് അനുഗമിക്കും. ഒരു ദിവസം അമ്മാമന്‍ അമ്പലത്തിലെത്തി തൊഴുതു. പ്രസാദമായി നേദിച്ച പഴം തിന്നുകയും ചെയ്തു.
അമ്മാമന്റെ അമ്മായി കുട്ടിയോപ്പുവും അവിടെ വന്നു തൊഴും. കൂടാതെ മാരത്താട്ടിലെ അമ്മായിയമ്മ (അനിയേട്ടന്റെ അച്ഛമ്മ) ചക്രപാണിക്ക് വഴിപാടുകള്‍ നേരും. പിന്നീടാണ് അമ്പലത്തില്‍ ഈശ്വരനെ 'നായന്മാര്‍' (നാലപ്പാട്ടെ മോഹന്‍ദാസും കമലയും) പ്രതിഷ്ഠിച്ചത് ശരിയല്ല, പ്രതിഷ്ഠ ബ്രാഹ്‌മണന്‍തന്നെ ചെയ്യണമെന്ന അഭിപ്രായമുയര്‍ന്നത്. അതു കേട്ട് നായരുകുട്ടികള്‍ വിഷണ്ണരായി. ഒരു ദിവസം വി.ടി. ഭട്ടതിരിപ്പാട് നാലപ്പാട്ടു വന്നപ്പോള്‍ ആമിയോപ്പു അദ്ദേഹത്തെ അമ്പലത്തിലേക്കാനയിച്ച് ചക്രപാണിയെന്ന ഈശ്വരനെ കാണിച്ചുകൊടുത്തു. പരീക്ഷയില്‍ ജയിപ്പിക്കുകയും സുഖക്കേട് മാറ്റിത്തരികയും ചെയ്യുന്ന ശക്തിയുള്ള ദൈവമാണ് എന്നറിയിക്കുകയും ചെയ്തു. വി.ടി. തങ്ങളുടെ അമ്പലത്തിലെ പ്രതിഷ്ഠാകര്‍മം നിര്‍വഹിക്കുമോ എന്ന സംശയം അമ്മമ്മയുടെയടുത്ത് ഉന്നയിച്ചപ്പോള്‍ അമ്മമ്മ പറഞ്ഞതിങ്ങനെയായിരുന്നു, 'വി.ടി. അതിലൊന്നും വിശ്വസിക്കാത്ത ആളാ. വി.ടിക്ക് പൂണോല് ഉണ്ടോന്നെന്നെ സംശയാ. പ്രതിഷ്ഠ നടത്താന്‍ ഉറച്ച ഈശ്വരവിശ്വാസമുള്ള ഒരാളെത്തന്നെ കണ്ടുപിടിക്കണം.' പക്ഷേ മാരത്താട്ടെ അമ്മായിയമ്മ പറഞ്ഞു, 'കമലയ്ക്കും ഉണ്ണിക്കും വിശ്വാസണ്ട്. അത് മതി. വിശ്വാസള്ളോര് പ്രതിഷ്ഠിച്ച വിഗ്രഹത്തിന് ശക്തീംണ്ടാവും.'
ഇതൊക്കെ നടക്കുമ്പോള്‍ കമലയ്ക്കും ജ്യേഷ്ഠനും എട്ടും പതിനൊന്നും വയസ്സാണ്. ആചാരാനുഷ്ഠാനങ്ങളില്‍ കുടുങ്ങി മതത്തിന്റെ കാതല്‍ മറയ്ക്കുന്ന പശ്ചാത്തലത്തിലല്ല അവിടെ കുട്ടികള്‍ വളര്‍ന്നതെന്ന് വ്യക്തമാണ്. പല മാര്‍ഗങ്ങളില്‍ ചരിച്ചും പരംപൊരുളിനെ പ്രാപിക്കാമെന്നതില്‍ പൊതുവേ സന്ദേഹമുണ്ടായിരുന്നില്ല. അതേസമയം അല്ലാഹുവും ജീവിതത്തിലേക്കു കടന്നുവരുന്നുണ്ട്. കൂടെ പഠിക്കുന്ന സ്നേഹിത കയ്യാവിയാണ് ആ ദൈവത്തെപ്പറ്റി പറഞ്ഞുകൊടുക്കുന്നത് - മൈലാഞ്ചിക്കൈകളില്‍ പൊട്ടിച്ചിരിക്കുന്ന വളകളിട്ട് കാച്ചിയുടുത്ത് തട്ടമിട്ടു നടക്കുന്ന സുന്ദരിയായ കയ്യാവി. അക്കാലത്തെ മുസ്ലിം സ്ത്രീകളുടെ വേഷം അതിമനോഹരമായിരുന്നു. ബാല്യകാലസ്മരണകളില്‍ ആമിയോപ്പു കയ്യാവിയുടെ ചോദ്യം അനുസ്മരിക്കുന്നു. 'തനിക്കാരെയാ വിശ്വാസം. ഗോയിന്നോരത്തെ തേവരെയാ അതോ സര്‍വശക്തനായ അല്ലാഹുവിനെയാ? ആലോചിച്ച് പറയണം...'
ആമിയോപ്പുവിന് മുപ്പത്തിയേഴ് വയസ്സുള്ളപ്പോഴാണ് ബോംബെ ഹോസ്പിറ്റലില്‍വെച്ച് ഗര്‍ഭപാത്രമെടുത്തുമാറ്റുന്ന ശസ്ത്രക്രിയ നടന്നതെന്നാണ് എന്റെയോര്‍മ. അതിനു മുന്‍പിലത്തെ വര്‍ഷം ന്യൂമോണിയ ബാധിച്ച് അതേ ആസ്പത്രിയില്‍ ഒരു മാസം കിടന്നതാണ്. ആരോഗ്യം മോശമായിരുന്നു. ഞാന്‍ ബോംബെയിലേക്ക് പോയി. എനിക്ക് ദേവിയോടുള്ള ആഭിമുഖ്യം കലശലായിരുന്ന നാളുകളായിരുന്നു അത്. ഞാന്‍ ലളിതാസഹസ്രനാമവും ദേവീകവചവും ചൊല്ലാന്‍ തുടങ്ങിയിരുന്നു. അമ്മയില്‍നിന്ന് അതിന്റെയര്‍ഥം പഠിക്കാന്‍ ശ്രമിച്ചു. വാഗര്‍ഥവും ആന്തരാര്‍ഥവും കുറച്ചൊക്കെ മനസ്സിലായെങ്കിലും മഞ്ഞുകട്ടയുടെ ഭൂരിഭാഗം വെള്ളത്തിനടിയില്‍ത്തന്നെ ആണ്ടുകിടന്നു. ശസ്ത്രക്രിയ നടക്കുമ്പോള്‍ ഞാനടുത്തു നിന്ന് ദേവീകവചം ചൊല്ലണമെന്ന് നിര്‍ബന്ധമായിരുന്നു ആമിയോപ്പുവിന്. തലേന്ന്, സുലു ദേവിയോട് എന്താണ് അര്‍ഥിക്കുക എന്ന് ചോദിച്ചു.
'എന്റെ ഏട്ടത്തിയെ ദേവിയെ ഏല്പിക്കുന്നുവെന്നതാണ് സങ്കല്പം. ആമിയോപ്പുവിന്റെ കൈ പിടിച്ചുകൊണ്ട് സുഖത്തിലും ദുഃഖത്തിലും കൂടെയുണ്ടാവണേ എന്നാണ് പ്രാര്‍ഥിക്കുക.' എന്നു ഞാന്‍ മറുപടി പറഞ്ഞു. നമുക്ക് നല്ലതെന്തെന്ന് നമ്മെക്കാളറിയുക ദൈവത്തിനാണല്ലോ. ആമിയോപ്പു ഒരു വിളറിയ ചിരി ചിരിച്ചതേയുള്ളൂ. എനിക്ക് തിയേറ്ററില്‍ കൂടെച്ചെല്ലാനുള്ള സമ്മതം വാങ്ങുകയും ചെയ്തു.
പിറ്റേന്ന് ഞാന്‍ കൂടെ പോയി. അനസ്തറ്റിസ്റ്റിന്റെയടുത്ത് തലയ്ക്കല്‍ ഏട്ടത്തിയുടെ കൈപിടിച്ചു നിന്നുകൊണ്ട് സാമാന്യം ഉച്ചത്തില്‍ത്തന്നെ ദുര്‍ഗാകവചം ചൊല്ലി. ഇങ്ങനെയൊരു നാടകം അവിടെ ഇതിനുമുന്‍പൊരിക്കലും നടന്നിരിക്കില്ല. ആരും പ്രതിഷേധിച്ചില്ല. രോഗി സെലിബ്രിറ്റിയായ കമലാദാസാണ്. സുലുവിനെ തന്റെ കൈപിടിച്ച് കവചം ചൊല്ലാനനുവദിച്ചില്ലെങ്കില്‍ മറ്റാരുടെയെങ്കിലും യൂട്ടറസ് എടുത്തുകളഞ്ഞേക്കൂ എന്നു പറഞ്ഞ വാശിക്കാരി!
പോസ്റ്റ് ഓപ്പറേഷന്‍ മുറിയില്‍വെച്ച് ആമിയോപ്പുവിന് ബോധം തെളിഞ്ഞു. കണ്ണു തുറന്ന് എന്തോ കണ്ടു ഭയന്നപോലെ ചുറ്റും നോക്കിയിട്ട് ക്ഷീണിച്ച സ്വരത്തില്‍ പറഞ്ഞു. 'I thought someone was sitting on my chest.' ജ്യേഷ്ഠത്തിയെ എന്നുമലട്ടിയ ഹൃദ്രോഗത്തിന്റെയാരംഭം അതായിരുന്നു.
ആ ഓപ്പറേഷനെക്കുറിച്ച് ആമിയോപ്പുവെഴുതി:
'അനിയത്തി എന്റെ ആത്മാവിനു പകരം കീറലും പോറലും തട്ടിയ എന്റെ ശരീരത്തെ ദുര്‍ഗയ്ക്ക് അര്‍പ്പിച്ചിരുന്നുവെങ്കില്‍ അര്‍ഥരഹിതമായ ഈ മടക്കയാത്ര വേണ്ടിവരില്ലായിരുന്നു.' പിന്നീട് പല സന്ദര്‍ഭങ്ങളിലും ഞങ്ങള്‍ രണ്ടുപേരുംകൂടി ആ വിശിഷ്ടമന്ത്രം ചൊല്ലിയിട്ടുണ്ട്. അമ്മയുടെ അടുത്തിരുന്ന് ചൊല്ലിയത് പ്രത്യേകമോര്‍ക്കുന്നു. എങ്കിലും ആമിയോപ്പുവിന്റെ മനസ്സിലെ കൃഷ്ണന്റെ സ്ഥാനമപഹരിക്കാന്‍ ദുര്‍ഗയ്ക്കു കഴിഞ്ഞില്ല. ബാല്യകാലസഖാവ് തന്റെയൊപ്പം വളര്‍ന്നു, മുടിയല്പം നരച്ചു. കണ്‍കോണുകളില്‍ കാലത്തിന്റെ നഖങ്ങള്‍ നേരിയ ചുളിവുകള്‍ കോറിയിട്ടു.
വളരെക്കാലം കഴിഞ്ഞ് ആമിയോപ്പു കടവന്ത്രയിലെ ഫ്ളാറ്റിലായിരുന്നപ്പോള്‍ ഒരു ദിവസം കാലത്ത് ഞാന്‍ സാധാരണപോലെ (ആമിയോപ്പു പറയുംപോലെ ബാഗും തൂക്കി) ഏട്ടത്തിയുടെയടുത്തേക്ക് പോയി. കാലത്ത് ഇവിടെ വിനോദിനി ഇഡ്ഡലിയോ വെള്ളയപ്പമോ എന്താണുണ്ടാക്കിയതെന്നുവെച്ചാല്‍ അതുംകൊണ്ട് ഞാനങ്ങോട്ടു പോവും. എന്നിട്ട് ഞങ്ങള്‍ രണ്ടുപേരുംകൂടി രണ്ടു വീട്ടിലെയും വിഭവങ്ങളടങ്ങിയ വിസ്തരിച്ച പ്രഭാതഭക്ഷണം കഴിക്കും. (ഏട്ടത്തിയുടെയടുത്ത് വല്ലതുമൊക്കെ പറഞ്ഞിരിക്കാന്‍ ഏറ്റവും നല്ല സമയമാണത്. ഒന്‍പതു മണിയോടെ ഞാന്‍ തിരിച്ചുപോരും. അതിനുശേഷം ആമിയോപ്പുവിന്റെ വീട്ടില്‍ സന്ദര്‍ശകരെത്താന്‍ തുടങ്ങും.)
ഞാന്‍ ആയിടെ വായിച്ച ഒരു പുസ്തകത്തില്‍ ഈശ്വരന്റെ അല്ലെങ്കില്‍ ആത്മാവിന്റെ നിറം ഇളം വയലറ്റാണെന്നുണ്ടായിരുന്നു. അതു ഞാന്‍ ആമിയോപ്പുവിനോടു പറഞ്ഞു. ഉടനെ വന്ന ഉത്തരം 'ശരിയാണ്, ഞാനിന്നലെ ശ്രീകൃഷ്ണനെ സ്വപ്നം കണ്ടു. ഒരു വയലറ്റ് ഷര്‍ട്ടാണിട്ടിരുന്നത്' എന്നായിരുന്നു. കൃഷ്ണന്‍ വന്ന് ഒരു ഓട്ടോറിക്ഷയില്‍ ആമിയോപ്പുവിനെ കൂട്ടിക്കൊണ്ടുപോയത്രേ. വാഹനം അദ്ദേഹമാണോടിക്കുന്നതെന്നതിനാല്‍ മുഖം കണ്ടില്ല. പെട്ടെന്ന് ആളെയറിഞ്ഞില്ല. പാതയില്‍ ധാരാളം മഞ്ഞപ്പൂക്കള്‍ വീണുകിടന്നിരുന്നു. അവയെ ചതച്ചരച്ചുകൊണ്ടാണ് വണ്ടി ഓടിയത്. അതു കണ്ടു വ്യസനിച്ച ആമിയോപ്പു 'പൂക്കളെ കൊല്ലല്ലേ' എന്നു വിളിച്ചുപറഞ്ഞപ്പോള്‍ ഡ്രൈവര്‍ തല തിരിച്ച് പിന്നിലേക്കു നോക്കി ചിരിച്ചു. അപ്പോഴാണ് പഴയ സ്നേഹിതനാണെന്നു മനസ്സിലായത്. പണ്ടത്തെ ഉണ്ണിക്കൃഷ്ണനല്ല, തലമുടി ചെന്നിയിലല്പം നരച്ചിരിക്കുന്നു. ചിരിയുടെ വശ്യത കൂടിയിട്ടേയുള്ളൂ. അല്പം വരി തെറ്റി നില്ക്കുന്ന എഴുത്താണിപ്പല്ലുകൊണ്ടാണ് ആളെ തിരിച്ചറിഞ്ഞത്!
Content Highlights: Book excerptm from 'Ente jyeshtathi Kamala'