'ശരദിന്ദു മലര്‍ദീപനാളം നീട്ടി...'സിനിമയുടെ പ്രതീക്ഷാനാളം കെ.ജി ജോര്‍ജിനുനേരെ നീട്ടിയ 'ഉള്‍ക്കടല്‍'

#കെ.ബി വേണു
ഫോട്ടോ: പ്രദീപ് കുമാര്‍ ടി.കെ
ഫോട്ടോ: പ്രദീപ് കുമാര്‍ ടി.കെ

നിന്‍പ്രേമ ലജ്ജാപരിഭവഭംഗികള്‍
എല്ലാം കൊരുത്തൊരു മാല്യവുമായ്
മന്ദം പളുങ്കുചിറകുകള്‍ വീശി നീ
വന്നണയൂ ദേവദൂതിപോലെ
എന്റെ ശാരോണ്‍താഴ്വരയിലെ പൊന്നുഷ-
സ്സങ്കീര്‍ത്തനമാകൂ...

(ഉള്‍ക്കടല്‍ എന്ന ചിത്രത്തിലെ ഒരു ഗാനത്തില്‍നിന്ന്, രചന: ഒ.എന്‍.വി. കുറുപ്പ്. സംഗീതം: എം.ബി. ശ്രീനിവാസന്‍)

ഒരു പൈങ്കിളിപ്രണയകഥയെ കലാപരമായ ഔന്നത്യത്തോടെ അവതരിപ്പിച്ചുകൊണ്ട് 1979-ല്‍ കെ.ജി. ജോര്‍ജ് ശക്തമായി തിരിച്ചുവന്നു, ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെ. കാല്പനികത തുള്ളിത്തുളുമ്പിനില്ക്കുന്ന ഒരു പ്രണയകഥയാണ് ഉള്‍ക്കടല്‍. സംഗീതസാന്ദ്രവും കാവ്യാത്മകവുമായ സിനിമ. കവിയായ രാഹുലന്റെയും ചിത്രകാരിയായ റീനയുടെയും പ്രണയം കേരളത്തിലെ യുവജനങ്ങളും ക്യാംപസുകളും ഏറ്റുവാങ്ങി. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ക്യാംപസ് സിനിമ എന്ന ഖ്യാതി ഉള്‍ക്കടലിനു സ്വന്തമായി. ഒരു ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു ആ സിനിമ. തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍ മനോഹരമായ രണ്ടു ക്യാംപസ് ചിത്രങ്ങള്‍കൂടി മലയാളികള്‍ക്കു ലഭിച്ചു. പത്മരാജന്റെ തിരക്കഥയില്‍ മോഹന്‍ സംവിധാനം ചെയ്ത ശാലിനി എന്റെ കൂട്ടുകാരിയും (1980), ജോണ്‍ പോളിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചാമരവും (1981).

വ്യത്യസ്ത മതങ്ങളില്‍പ്പെട്ട കാമുകീകാമുകന്മാരെ അവതരിപ്പിക്കുന്ന തികച്ചും സാധാരണമായ ഒരു പ്രണയകഥയില്‍നിന്ന് കെ.ജി. ജോര്‍ജ് മെനഞ്ഞെടുത്ത സൗന്ദര്യം തുളുമ്പുന്ന ചലച്ചിത്രശില്പമാണ് ഉള്‍ക്കടല്‍. പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറിന്റെ അതേ പേരിലുള്ള നോവലാണ് സിനിമയ്ക്കാധാരം. കഥയും തിരക്കഥയും സംഭാഷണങ്ങളും ജോര്‍ജ് ഓണക്കൂര്‍തന്നെ ഒരുക്കി. റീനയായി തിരശ്ശീല വാണത് യശഃശരീരയായ ഉര്‍വശി ശോഭയാണ്. പ്രണയാര്‍ദ്രനായ കവിയും ദുഃഖകാമുകനുമായി വേണു നാഗവള്ളി സിനിമയില്‍ തന്റെ അരങ്ങേറ്റം കുറിച്ചു. നാടകകൃത്തും തിരക്കഥാകൃത്തുമായ നാഗവള്ളി ആര്‍.എസ്. കുറുപ്പിന്റെ മകനായ വേണുവിനെ പത്മരാജനാണ് ജോര്‍ജിനു പരിചയപ്പെടുത്തിയത്. സിനിമയില്‍ വേണു നാഗവള്ളി തിളങ്ങുമോ എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നെങ്കിലും സംവിധായകന്‍ ആ ചെറുപ്പക്കാരനില്‍ രാഹുലന്‍ എന്ന നായകകഥാപാത്രത്തെ തെളിഞ്ഞുകണ്ടു. ജോര്‍ജിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ഒരുപാടു നിരാശാകാമുകന്മാരെ പിന്നീട് പലവട്ടം തിരശ്ശീലയില്‍ പകര്‍ന്നാടാന്‍ വേണു നാഗവള്ളിക്കു നിയോഗമുണ്ടായി. തന്റെ യഥാര്‍ഥ സ്വത്വം അതല്ല എന്ന് വേണു നാഗവള്ളി പല അഭിമുഖങ്ങളിലും പറയാറുണ്ടായിരുന്നു. ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലെ ദുരന്തകഥാപാത്രം വേണുവിന്റെ ദുഃഖകാമുകപ്രതിച്ഛായയെ അരക്കിട്ടുറപ്പിച്ചു. ക്ലാസിക് ദുരന്തകാമുക കഥാപാത്രമായ സാക്ഷാല്‍ ദേവദാസായിത്തന്നെ അഭിനയിക്കാനും അദ്ദേഹത്തിനു യോഗമുണ്ടായി, 1989-ല്‍ ക്രോസ് ബെല്‍റ്റ് മണി സംവിധാനം ചെയ്ത ദേവദാസ് എന്ന ചിത്രത്തില്‍. പക്ഷേ, തന്റെ പില്ക്കാല ചിത്രങ്ങളിലെല്ലാം ഈ പ്രതിച്ഛായ തകര്‍ക്കാന്‍ ഉതകുന്ന വേഷങ്ങളാണ് കെ.ജി. ജോര്‍ജ് വേണു നാഗവള്ളിക്കു നല്കിയത്.

ഉള്‍ക്കടലിലൂടെ ജോര്‍ജ് അവതരിപ്പിച്ച മറ്റൊരു നടന്‍ രതീഷാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം മലയാളത്തിലെ മുന്‍നിരനായകനായി രതീഷ് വളരെക്കാലം നിറഞ്ഞുനിന്നു. പില്ക്കാലത്ത് നിരവധി സിനിമകളില്‍ ജോര്‍ജിനൊപ്പം സഹകരിച്ച തിലകനും ഉള്‍ക്കടലില്‍ അഭിനയിച്ചു. രാഹുലന്റെ കൗമാരകാലപ്രണയിനിയായ തുളസിയുടെ വേഷത്തില്‍ പില്ക്കാലത്ത് കാബറേനര്‍ത്തകിയായി സ്ഥിരം പ്രത്യക്ഷപ്പെട്ട അനുരാധയാണ് അഭിനയിച്ചത്. ജഗതി ശ്രീകുമാറും ഒരു ശ്രദ്ധേയമായ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു.

രാഹുലന്റെയും റീനയുടെയും അഭിരുചികളെ ആസ്പദമാക്കിയാണ് ജോര്‍ജ് സിനിമയുടെ ലാവണ്യധാര സൃഷ്ടിച്ചത്. കവിതയുടെയും സംഗീതത്തിന്റെയും ചിത്രകലയുടെയും ചലച്ചിത്രസാധ്യതകള്‍ അദ്ദേഹം പരമാവധി ഉപയോഗിച്ചു. ഒ.എന്‍.വി. കുറുപ്പും എം.ബി. ശ്രീനിവാസനും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ ഇന്നും ജനപ്രിയങ്ങളാണ്. സെല്‍മ ജോര്‍ജും ജയചന്ദ്രനും ചേര്‍ന്നാലപിച്ച 'ശരദിന്ദു മലര്‍ദീപനാളം നീട്ടി' എന്ന ഗാനം എക്കാലത്തും മലയാളികളുടെ ഹൃദയത്തിലുണ്ടാകും. പുഴയില്‍ മുങ്ങിത്താഴുംസന്ധ്യ, നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ, എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്‍കൊടീ, കൃഷ്ണതുളസിക്കതിരുകള്‍ ചൂടിയൊരശ്രുകുടീരം ഞാന്‍ തുടങ്ങിയ ഗാനങ്ങളും നിത്യഹരിതങ്ങളാണ്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മറ്റൊരു അഭിമാനതാരമായ ബാലുമഹേന്ദ്രയായിരുന്നു ഛായാഗ്രാഹകന്‍. അക്കാലത്ത് അദ്ദേഹം ശോഭയുമായി പ്രണയത്തിലായിരുന്നുതാനും. ശോഭയോടുള്ള പ്രണയം ബാലുമഹേന്ദ്രയുടെ ഫ്രെയ്മുകള്‍ക്കു വശ്യമായ ചാരുത പകര്‍ന്നു.
മലയാളസിനിമ കണ്ടിട്ടുള്ള ഏറ്റവും കാല്പനികമായ പ്രണയപ്രഖ്യാപനങ്ങളിലൊന്ന് ഉള്‍ക്കടലിലുണ്ട്. നിറയെ പെയിന്റിങ്ങുകളുള്ള റീനയുടെ വീട് സന്ദര്‍ശിച്ചതിനുശേഷം മടങ്ങുന്നതിനു മുന്‍പ് രാഹുലന്‍ റീനയുടെ നെറ്റിയില്‍ വീണുകിടക്കുന്ന ഒരു മുടിയിഴ മെല്ലെ കോതിയൊതുക്കുന്നു. അക്കാലത്തെ പ്ലേറ്റോണിക് അനുരാഗികളെ കൈയിലെടുക്കാന്‍ അതു ധാരാളം മതിയായിരുന്നു. പിന്നീട് ഹോസ്റ്റലില്‍ ഉറക്കമൊഴിച്ചിരുന്ന് രാഹുലന്‍ എഴുതുന്ന കവിതയില്‍ ഏതൊരു കാമുകിയും കൊതിക്കുന്ന ഒരു ക്ഷണമുണ്ട്.

എന്‍ ഗ്രാമഭൂമിതന്‍ സീമന്തരേഖയില്‍
കുങ്കുമപ്പൂങ്കുറിച്ചാര്‍ത്തുപോലെ
സന്ധ്യതന്‍ ചുംബനമുദ്രപോല്‍ സുസ്മിത-
സ്പന്ദനംപോല്‍ നീ കടന്നുവരൂ...

മരംചുറ്റിപ്രേമത്തിന്റെയോ, അനാവശ്യസംഭാഷണങ്ങളുടെയോ സഹായംകൂടാതെ വളരെ വേഗത്തില്‍ രാഹുലന്റെയും റീനയുടെയും പ്രണയവൃക്ഷത്തിനു വളരാന്‍ സംവിധായകന്‍ മണ്ണൊരുക്കുന്നു. വെക്കേഷന്‍കാലത്ത് റീന രാഹുലനയയ്ക്കുന്ന കത്തിലും രാഹുലന്റെ മറുപടിയിലും അത്യാവശ്യം പൈങ്കിളി ചുവയ്ക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം കാണാതിരിക്കുന്നില്ല- 'ഒരു പെണ്ണിന്റെ ഹൃദയം കാണാന്‍ ആ കണ്ണുകള്‍ ഒന്നു തുറക്കൂ' എന്ന മട്ടിലുള്ള പ്രയോഗങ്ങള്‍.
പിന്നീടൊരിക്കല്‍ രാഹുലന്‍ റീനയ്ക്കയയ്ക്കുന്ന കത്തില്‍ 'പറയൂ, ചൂടേറ്റു തപിക്കുന്ന എന്റെ മനസ്സില്‍ ശാന്തിയുടെ തണല്‍ വിരിക്കാന്‍ നീ വരില്ലേ?' എന്നൊക്കെ ചോദിച്ചുകളയുന്നുണ്ട്. പക്ഷേ, വേനലവധിക്കു ശേഷം രാഹുലന്‍ തിരിച്ചെത്തി റീനയെ കാണുന്ന സീക്വന്‍സ് അക്കാലത്ത് വളരെ പുതുമയുള്ളതായിരുന്നു. റീന മുറിയില്‍ ചിത്രം വരച്ചുകൊണ്ടു നില്ക്കുമ്പോഴാണ് രാഹുലന്റെ വരവ്. 'എനിക്കൊന്നും കൊണ്ടുവന്നില്ലേ?' എന്ന് റീന ചോദിക്കുമ്പോള്‍ രാഹുലന്‍ പോക്കറ്റില്‍നിന്ന് അയാളെഴുതിയ പുതിയ കവിത എടുത്തുകൊടുക്കുന്നു. ശരദിന്ദു മലര്‍ദീപനാളം നീട്ടി എന്ന കവിത. അവരൊരുമിച്ച് ആ കവിത ആലപിക്കുന്ന സീക്വന്‍സ് അസാധാരണമായ ഒഴുക്കോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ബാക്ഗ്രൗണ്ട് സ്‌കോറിന്റെ സമയത്ത് ക്യാമറ റീന വരച്ച ചിത്രങ്ങളിലൂടെ സഞ്ചരിക്കുന്നു. അല്ലെങ്കില്‍ അവരിരുവരും പതുക്കെ ടെറസ്സിലേക്കു നടക്കുന്നു. ഇപ്പോഴും പുതുമ വറ്റാത്ത യഥാതഥമായ ഗാനചിത്രീകരണം.

ഒരു സമാന്തരപ്രണയകഥകൂടി ഉള്‍ക്കടലിലുണ്ട്. രാഹുലന്റെ സഹപാഠിയും റീനയുടെ സഹോദരനുമായ ഡേവിസിന് (രതീഷ്) മഠം വിട്ടുവന്ന ഒരു കന്യാസ്ത്രീയോടു (ജലജ) തോന്നുന്ന പ്രണയം. ബൈക്കപകടത്തില്‍പ്പെട്ട് ഡേവിസ് അകാലമരണമടയുന്നതോടെ ഇരുവരും കൊളുത്തിയ ജീവിതത്തിന്റെ പ്രതീക്ഷാനാളവും അണയുന്നു. ഡേവിസിന്റെ മൃതദേഹം കാണാന്‍ രാഹുലന്‍ എത്തുന്ന സീന്‍ എഡിറ്റിങ്ങിലെ പുതുമകൊണ്ടു ശ്രദ്ധേയമാണ്. വേണു നാഗവള്ളിയിലെ സംവിധായകനെ ഈ ചിത്രീകരണത്തിന്റെ മാതൃക ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. സുഖമോ ദേവി അടക്കമുള്ള ചില സിനിമകളില്‍ അദ്ദേഹം ഇത്തരം അപ്രതീക്ഷിതവിയോഗങ്ങള്‍ ഇതേ രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

'ഞാന്‍ ഒരു ജോലിക്കു ശ്രമിക്കുന്നുണ്ട്' എന്ന് രാഹുലന്‍ പറഞ്ഞതിനുശേഷം അയാള്‍ കോളേജില്‍ ഷെയ്ക്സ്പിയര്‍ പഠിപ്പിക്കുന്ന ഷോട്ടിലേക്ക് കട്ട് ചെയ്യുന്നതും ജോര്‍ജ് പില്ക്കാലത്ത് യവനിക പോലുള്ള സിനിമകളില്‍ പ്രകടിപ്പിച്ച എഡിറ്റിങ് മികവിന്റെ തുടക്കമായി കണക്കാക്കാം.
സ്നേഹസമ്പന്നനാണെങ്കിലും കടുത്ത മതവിശ്വാസിയായ റീനയുടെ പിതാവിനെ തങ്ങളുടെ ഇംഗിതമറിയിക്കാന്‍ ഇരുവര്‍ക്കും കഴിയുന്നില്ല. എല്ലാ കലകളുടെയും അടിസ്ഥാനം മതമാണെന്നു വിശ്വസിക്കുന്ന സത്യക്രിസ്ത്യാനിയാണ് റീനയുടെ പിതാവ്. ദൈവങ്ങളുടെ ചിത്രങ്ങളും പ്രതിമകളും വില്ക്കുന്ന ഒരു കട നടത്തുകയാണ് അദ്ദേഹം. മകന്റെ അപ്രതീക്ഷിതമരണം അദ്ദേഹത്തെ കൂടുതല്‍ ദുര്‍ബലനാക്കിയിരിക്കുന്നു. ഒരു ഹൃദയാഘാതവുമുണ്ടായി. അതോടെ ആരെയും വേദനിപ്പിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലായി റീനയും രാഹുലനും. ഒരു സാധാരണസിനിമയില്‍ കാണാവുന്ന സംഭവവികാസങ്ങളാണ് പിന്നീടുണ്ടാകുന്നത്. പിതാവാണ് ശരി എന്ന വിശ്വാസം മാറ്റിവെച്ച് ഒടുവില്‍ രാഹുലനെത്തേടി റീനയെത്തുമ്പോഴേക്കും അയാള്‍ മറ്റൊരു വിവാഹത്തിനു തയ്യാറെടുത്തിരുന്നു. 'ഞാന്‍ താമസിച്ചില്ലല്ലോ രാഹുല്‍?' എന്ന റീനയുടെ ചോദ്യത്തിനു രാഹുലന്‍ ഉത്തരം പറയാന്‍ വിഷമിച്ചു. ഏതായാലും ശുഭപര്യവസായിയായ ഏതൊരു പ്രണയകഥയിലും സംഭവിക്കാറുള്ളതുപോലെ രാഹുലനും റീനയും ഒന്നിക്കുകതന്നെ ചെയ്തു.

വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കാണുമ്പോള്‍ അത്യുദാത്തമായ ഒരു ചലച്ചിത്രസൃഷ്ടിയായി ഉള്‍ക്കടല്‍ അനുഭവപ്പെട്ടുകൊള്ളണമെന്നില്ല. അതൊരു കാലഘട്ടത്തിന്റെ, ഒരു തലമുറയുടെ സിനിമയാണ്. എഴുപതുകളിലെയും, ഒരുപരിധിവരെ എണ്‍പതുകളിലെയും യുവത്വത്തിന്റെ, പ്രത്യേകിച്ചു ക്യാംപസുകളുടെ, കാല്പനികചിന്തകളെയും പ്രണയാഭിലാഷങ്ങളെയും കാവ്യാത്മകമായി അഭിമുഖീകരിക്കുകയും പ്രതിനിധീകരിക്കുകയും ചെയ്തു എന്നതാണ് മലയാളസിനിമയില്‍ ഉള്‍ക്കടലിന്റെ പ്രസക്തി.


 

Content Highlights: K.G George, K.B Venu, Mathrubhumi Books, K.G Georginte Chalachithra Yathrakal