'ചില ചെറിയ പൂവുകള്‍ കൊഴിയുന്നത് ആരറിയാനാണ്?'; ജമീല മാലിക്കെന്ന നായികാമുഖത്തിന് സംഭവിച്ചത്

തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോയ നാല്‍പ്പത്തൊന്ന് സ്ത്രീകളുടെ വേറിട്ട ജീവിതങ്ങളാണ് ബിജു മുത്തത്തിയുടെ 'ലേഡീസ് കംപാര്‍ട്ട്‌മെന്റ്' എന്ന പുസ്തകത്തില്‍. ഏത് പ്രതികൂലസാഹചര്യങ്ങളോടും മല്ലിട്ടുവളരാന്‍ ശേഷിയുള്ള പെണ്‍ ഇതിഹാസങ്ങളാണ് അവരോരോരുത്തരും. പുസ്തകത്തില്‍ വിവരിക്കുന്ന ജമീല മാലിക്കിന്റെ ജീവിതകഥ വായിക്കാം...
പ്രശസ്ത ഛായാഗ്രഹകന്‍ രാമചന്ദ്രബാബുവിന്റെ ബ്ലോഗില്‍ കണ്ട ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍നിന്നാണ് യാത്ര തുടങ്ങുന്നത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകാലത്തെ രാമചന്ദ്രബാബുവിന്റെ ഓര്‍മക്കുറിപ്പുകളുടെ ബ്ലോഗാണ്. പഠനകാലത്ത് തന്റെ ക്യാമറയിലെത്തിയ മുഖങ്ങളില്‍ മനസ്സില്‍ തറച്ച ഒരു പെണ്‍കുട്ടി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയായിരുന്നു. പേര് ജമീല മാലിക്ക്. അവരിപ്പോള്‍ എവിടെയാണാവോ എന്ന് എഴുതിനിര്‍ത്തുന്നു രാമചന്ദ്രബാബു. അവരിപ്പോള്‍ എവിടെയായിരിക്കും? ഞങ്ങളുടെ അന്വേഷണം അടുത്ത സുഹൃത്തുക്കളിലേക്കും പിന്നെ സിനിമാരംഗത്തെ ചിലരിലേക്കും നീണ്ടു. ഒടുവില്‍ തലസ്ഥാനത്തെ ഒരു ഡബ്ബിങ് സ്റ്റുഡിയോയില്‍നിന്നും നമ്പര്‍ കിട്ടി. ബീമാപ്പള്ളിയില്‍ എവിടെയോ ആണ് അവര്‍ താമസം. വിളിച്ചപ്പോള്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് അവര്‍ മുന്‍കൂറായി പറഞ്ഞു. മറ്റൊന്നുംകൊണ്ടല്ല. വീട് ഒരു സങ്കല്‍പ്പം മാത്രമാണ്. നമുക്കു ശംഖുമുഖത്തുവെച്ചു കാണാം.
കടല്‍ക്കരയില്‍ കാത്തിരിക്കുമ്പോള്‍ അരനൂറ്റാണ്ടുമുമ്പ് രാമചന്ദ്രബാബു പകര്‍ത്തിയ ആ പെണ്‍കുട്ടിയുടെ മുഖംതന്നെയായിരുന്നു മനസ്സില്‍. സ്വപ്നങ്ങള്‍ വാലിട്ടെഴുതിയ മുഖവുമായി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കടന്നുവന്ന ആ പെണ്‍കുട്ടിയെ അന്ന് ക്ലാസിലേക്ക് കൈപിടിച്ചു കയറ്റിയത് സീനിയര്‍ വിദ്യാര്‍ഥി ജയഭാദുരിയായിരുന്നു. അതായത്, ജയാബച്ചന്‍. പഠനത്തിനുശേഷം കുറേ മലയാളസിനിമയില്‍ നായികയും ഉപനായികയുമായി ജമീല. എം.ജി.ആറും ജോണ്‍ എബ്രഹാമും നായികയാക്കാന്‍ തിരഞ്ഞെടുത്തെങ്കിലും ഭാഗ്യം തുണച്ചില്ല. മലയാളസിനിമയില്‍ സ്വയം ഒരു ഇന്‍സ്റ്റിറ്റ്യൂട്ടായി പേരെടുത്ത കെ.ജി. ജോര്‍ജ്ജിന്റെ ആദ്യസിനിമയില്‍ നായികയായി. ജയലളിതയുടെ അവസാനത്തെ സിനിമയിലും തുല്യ പ്രധാന്യമുള്ള നായിക. പറഞ്ഞുവരുമ്പോള്‍ ഒരുപാട് പറയാനുണ്ട് ജമീലാ മാലിക്കിന്.
ഞങ്ങള്‍ ശംഖുമുഖത്തെ കല്‍മണ്ഡപത്തിനുള്ളിലേക്ക് കയറിയിരുന്നു.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയകല പഠിച്ചിറങ്ങിയ ആദ്യത്തെ മലയാളിവനിതയാണ് ജമീലാ മാലിക്ക്. കൂടാതെ രണ്ടാമത്തെ ദക്ഷിണേന്ത്യക്കാരിയും. പിന്നെ ഒന്നരപ്പതിറ്റാണ്ട് കാലം മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും അമ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു. ഇപ്പോള്‍ ഓര്‍ക്കേണ്ടതില്ലാത്തതുകൊണ്ട് എല്ലാം മറന്നപോലെ ജീവിക്കുന്നു. ബീമാപ്പള്ളിക്കാര്‍ക്ക് അവരിപ്പോള്‍ നല്ലൊരു ട്യൂഷന്‍ ടീച്ചറാണ്.
'ജീവിക്കേണ്ടേ, മനുഷ്യരല്ലേ. എല്ലാം അഡ്ജസ്റ്റ് ചെയ്തു പോവുന്നു. അത്രതന്നെ. സാഹചര്യങ്ങള്‍ക്കൊത്ത് പോവാന്‍ ഞാന്‍ ഇപ്പോള്‍ പഠിച്ചിട്ടുണ്ട്. പഴയതൊന്നും ഓര്‍ക്കുന്നില്ല,' ജമീല മാലിക്ക് കടലിലേക്കു നോക്കി. പോയകാലത്തിന്റെ കടലിരമ്പങ്ങള്‍ അവരെ ഇളക്കിമറിച്ചു.
അഞ്ച് പതിറ്റാണ്ടു മുമ്പ് കൊല്ലത്തെ ഒരു സാധാരണ ഗ്രാമത്തില്‍നിന്നും ഒരു മുസ്ലിം പെണ്‍കുട്ടി സിനിമ പഠിക്കാനായി പൂനെയിലേക്ക് വണ്ടികയറുക. അക്കാലത്ത് ഒട്ടും സാധാരണമേയല്ല ആ ചരിത്രം. പക്ഷേ, ജമീല മാലിക്കിന് അത് സാധ്യമായതിന് പിന്നില്‍ ഉല്‍പ്പതിഷ്ണുക്കളായ അച്ഛനമ്മമാരുടെ പിന്തുണയാണ് കരുത്തായത്. നാല്‍പ്പതുകളില്‍ കൊല്ലത്ത് 'മിത്രം'എന്ന പത്രസ്ഥാപനം നടത്തിയ മാലിക്ക് മുഹമ്മദിന്റെയും സാമൂഹികപ്രവര്‍ത്തകയും ഹിന്ദി എഴുത്തുകാരിയുമായ തങ്കമ്മ മാലിക്കിന്റെയും മകളായിരുന്നു ജമീല.
ഫ്‌ളാഷ്ബാക്കിന്റെ ഫ്‌ളാഷ്ബാക്കിലേക്ക് പോയാല്‍ വാര്‍ദ്ധയിലെ സേവാഗ്രാമും മഹാത്മാഗാന്ധിയുമെല്ലാം വരും ആ കഥയിലേക്ക്. ഹിന്ദിസേവനമാണ് രാഷ്ട്രസേവനമെന്നു തിരിച്ചറിഞ്ഞ്, നന്നേ ചെറുപ്പത്തിലേ വാര്‍ദ്ധയിലെത്തിയവളാണ് ജമീല മാലിക്കിന്റെ അമ്മ തങ്കമ്മ വര്‍ഗ്ഗീസ് എന്ന തങ്കമ്മ മാലിക്ക്. മഹാത്മാഗാന്ധിയാണ് തങ്കമ്മയെ തന്റെ ശിഷ്യ മഹാദേവിവര്‍മ്മയ്ക്ക് ഏല്‍പ്പിച്ചുകൊടുത്തത്. എട്ടാം ക്ലാസ് പ്രായം മാത്രമുള്ള തങ്കമ്മ ഇന്നത്തെ എം.എയ്ക്ക് തുല്യമായ സരസ്വതി ഡിഗ്രി പൂര്‍ത്തിയാക്കിയാണ് തിരികെവന്നത്. അപ്പോഴേക്കും അവര്‍ അറിയപ്പെടുന്ന ഹിന്ദി എഴുത്തുകാരിയുമായിരുന്നു.
കൊല്ലത്ത് വന്നശേഷമാണ് കോണ്‍ഗ്രസ്സുകാരനും പത്രപ്രവര്‍ത്തകനുമായ മാലിക്ക് മുഹമ്മദിനെ തങ്കമ്മ പരിചയപ്പെട്ടത്. പരിചയം വിവാഹത്തില്‍ കലാശിച്ചു. അവര്‍ക്ക് നാലു മക്കളുണ്ടായി. മൂന്നാമത്തേതാണ് ജമീല മാലിക്ക്. ക്യാമറ ശംഖുമുഖത്തേക്കുതന്നെ വരിക. മലയാളത്തിന്റെ വെള്ളിത്തിരയില്‍ ഷീലയ്ക്കും ജയഭാരതിക്കുമൊപ്പം മറ്റൊരു താരോദയംകൂടി സംഭവിച്ചുവെന്നു കരുതിയ ഈ നായികാമുഖത്തിന് പിന്നീട് എന്താണു സംഭവിച്ചത്?
'കെ.എസ്. സേതുമാധവന്റെ ആദ്യത്തെ കഥയായിരുന്നു റിലീസായ ആദ്യത്തെ സിനിമ. അടുത്തത് ലൈന്‍ബസ്. ചിലതിന്റെ പേരുപോലും ഞാന്‍ ഓര്‍ക്കുന്നില്ല. രഹസ്യരാത്രി, പാണ്ഡവപുരം, രാജഹംസം, ലഹരി, നിര്‍മ്മല, ചോറ്റാനിക്കരയമ്മ. തെലുങ്കിലഭിനയിക്കാന്‍ തെലുങ്കൊക്കെ പഠിച്ചു. തമിഴിലാണ് നല്ല വേഷം കിട്ടിയത്. കെ.ആര്‍. വിജയയ്ക്കും ജയലളിതയ്ക്കുമൊപ്പം തുല്യപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തു. ജയലളിതയുടെ അവസാനത്തെ പടം നദിയെ തേടി വന്ത കടലിലും കൂടെ അഭിനയിച്ചു. ശരത്ബാബുവായിരുന്നു ഹീറോ. കെ.ആര്‍. വിജയയോടൊപ്പം അഭിനയിച്ചത് വെള്ളിരഥത്തിലായിരുന്നു. ശാരദാമ്മയ്ക്കും എന്നോടു വലിയ ഇഷ്ടമായിരുന്നു. എം.ജി.ആര്‍. സംവിധാനം ചെയ്യുന്ന പടത്തിലേക്ക് ക്ഷണിച്ചെങ്കിലും പടം നടന്നില്ല. ഇതിനൊക്കെ ഒരു ഭാഗ്യം വേണം. വലിയ അധ്വാനം ചെയ്തതുകൊണ്ടോ വലിയ സിദ്ധികളുണ്ടായതുകൊണ്ടോ കാര്യമില്ല. ഭാഗ്യം വേണം. എനിക്കതില്ല!'
1969-ല്‍ ജമീലാ മാലിക്ക് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ കേരളത്തില്‍നിന്ന് നടന്‍ മധുവും ക്യാമറാമാന്‍ രാമചന്ദ്രബാബുവും അവിടെ വിദ്യാര്‍ത്ഥികളായിരുന്നു. ചെറുസിനിമകളില്‍ അഭിനയിക്കേണ്ടത് പഠനത്തിന്റെ ഭാഗമായിരുന്നു. കെ.ജി. ജോര്‍ജ്ജിന്റെ ഡിപ്ലോമ സിനിമ ഫേസസില്‍ അഭിനയിക്കുന്നത് അങ്ങനെയാണ്. ജോര്‍ജ്ജിന്റെ ആദ്യത്തെ ഹീറോയിന്‍ താനാണന്ന് ഇപ്പോള്‍ അദ്ദേഹംപോലും ഓര്‍ക്കുന്നുണ്ടാവില്ലെന്ന് ജമീല മാലിക്ക് ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു. ഒരു നഴ്‌സിന്റെ കഥയായിരുന്നു സിനിമ. അന്ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ഗോള്‍ഡ് മെഡല്‍ നേടിയ സുരേന്ദര്‍ ചൗധരിയുടെ വിലാപ് എന്ന സിനിമയിലും അഭിനയിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നിറങ്ങിയപ്പോള്‍ വിലാപം ജീവിതത്തിലേക്കും പടര്‍ന്നു. വെള്ളിത്തിരയില്‍ വെട്ടിത്തിളങ്ങിനില്‍ക്കുമ്പോള്‍ത്തന്നെ ആദിമദ്ധ്യാന്തപ്പൊരുത്തമില്ലാതെപോയ ഒരു സിനിമാക്കഥപോലെയായി ദാമ്പത്യവും.
'ഒരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു അത്. ഞാന്‍ പരമാവധി അഡ്ജസ്റ്റു ചെയ്യാന്‍ നോക്കി. നടന്നില്ല. അന്നത്തെ കാലമായിരുന്നു. സിനിമാനടിമാരെക്കുറിച്ച് വളരെ മോശം പ്രചരണങ്ങള്‍ നടക്കുന്ന കാലമായിരുന്നു. മൊത്തത്തില്‍ സ്ത്രീകളെ അടച്ചാക്ഷേപിക്കുന്നതാണ് രീതി. ഞാന്‍ ഒരുപാട് ക്ഷമിച്ചുനോക്കി. നടന്നില്ല. അതങ്ങനെ സംഭവിച്ചു.' ആ ബന്ധത്തിലെ ഒരു മകനുണ്ട് ഇപ്പോള്‍ ജമീലയ്‌ക്കൊപ്പം.
സംഭവിക്കുന്നതെല്ലാം നല്ലതിനായിരുന്നില്ല ജമീല മാലിക്കിന്റെ ജീവിതത്തില്‍. വളരെ നേരിയ കാരണങ്ങള്‍ക്കുപോലും ജീവിതം എവിടെയൊക്കെയോ കുരുങ്ങിനിന്നു. അഴിക്കുന്തോറും കൂടുതല്‍ക്കൂടുതല്‍ സങ്കീര്‍ണ്ണമായി. ഒടുവില്‍ ആ കുരുക്കുതന്നെ ജീവിതമായി തിരഞ്ഞെടുത്തു.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ ജമീല മാലിക്കിന് ആദ്യം കിട്ടിയ ക്ഷണം ഒരു ബോളിവുഡ് ചിത്രത്തിലേക്കായിരുന്നു. വിശ്രാം ഭഡേക്കറുടെ ജയ് ജവാന്‍ ജയ് കിസാന്‍. ജയഭാദുരിയും അനില്‍ ധവാനുമായിരുന്നു സിനിമയിലെ ജോഡികള്‍. ഇന്‍സ്റ്റിറ്റ്യൂട്ട് പഠനകാലത്ത് അടുത്ത കൂട്ടുകാരിയായിരുന്നു ജയഭാദുരി. രണ്ടു പ്രാവശ്യം തിരുവനന്തപുരത്തു വന്നപ്പോള്‍ ജമീല മാലിക്ക് അവരെ സന്ദര്‍ശിച്ചിരുന്നു. പിന്നെ അവര്‍ ബോംബെയിലേക്ക് വിളിച്ചപ്പോള്‍ പോകാന്‍ പറ്റിയില്ല. പതുക്കെ ആ സൗഹൃദത്തിന്റെ കണ്ണിയും മുറിഞ്ഞു.
ജോണ്‍ എബ്രഹാം വിളിക്കുന്ന സമയത്ത് രാജഹംസം എന്ന സിനിമയുടെ സെറ്റിലായിരുന്നു ജമീല. ഒരുപാട് റിഹേഴ്‌സലൊക്കെ ജോണ്‍ ചെയ്യിപ്പിച്ചിട്ടുണ്ട്. ജമീലയുടെ നൃത്തമൊക്കെ കണ്ടാണ് ജോണ്‍ ഇഷ്ടപ്പെട്ടുതുടങ്ങിയത്. പിന്നെ ആ അവസരവും അപ്രത്യക്ഷമായി. അപ്പോഴേക്കും കണ്‍മുന്നില്‍നിന്ന് വലിയൊരു കാലം അസ്തമിച്ചുതുടങ്ങിയിരുന്നു.
തൊണ്ണൂറുകളോടെയാണ് ജമീല മാലിക്ക് എന്ന കലാകാരിയെ സിനിമാലോകം പൂര്‍ണ്ണമായും മറന്നത്. ജമീല സിനിമയെയും മറന്നെങ്കിലും ഇടയ്‌ക്കെല്ലാം ചില ചെറുകിട ടിവി സീരിയലുകള്‍ക്കുവേണ്ടി ഡബ്ബിങ് ആര്‍ട്ടിസ്റ്റായി ശ്രമിച്ചുനോക്കി. കാര്യമുണ്ടായില്ല. അമ്മ തങ്കമ്മ മാലിക്കില്‍നിന്ന് പകര്‍ന്നുകിട്ടിയ ഹിന്ദിയായിരുന്നു പിന്നെ പിടിവള്ളിയായത്. രാഷ്ട്രഭാഷ ജീവിതമാര്‍ഗ്ഗമായി. ബീമാപ്പള്ളിയിലെ ഒരൊറ്റമുറി വാടകവീട്ടില്‍നിന്നും ട്യൂഷന്‍ടീച്ചറായി പുറത്തേക്കിറങ്ങുന്ന ജമീല മാലിക്കിനെ ആരെങ്കിലും ഒരു സിനിമാനടിയായി തിരിച്ചറിയുന്നുണ്ടോ എന്നറിയില്ല. ജമീല മാലിക്ക് അതാഗ്രഹിക്കുന്നുമില്ല. ഇനി അങ്ങനെ ആഗ്രഹിച്ചാലും അത്തരം തീരെച്ചെറിയ മനുഷ്യരുടെ പതനങ്ങള്‍ കേള്‍ക്കാന്‍വിധം സാമൂഹികമായ ശ്രവണശേഷി നാം ആര്‍ജ്ജിച്ചിട്ടുണ്ടെന്ന് അവര്‍ കരുതുന്നുമില്ല.
'ചില ചെറിയ പൂവുകള്‍ കൊഴിയുന്നത് ആരറിയാനാണ്?' ജമീല പറഞ്ഞു.
അമ്മ തങ്കമ്മ മാലിക്കിനെപ്പോലെ കവിതയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട് ജമീലയ്ക്കും കടലിലേക്കു നോക്കി പറയുമ്പോള്‍ അവരുടെ ചില വാക്കുകള്‍ക്ക് തത്ത്വചിന്തയുടെ മുഴക്കവുമുണ്ട്.
'ഈ സമുദ്രത്തെപ്പോലെ അത്ര ഇളകിമറിഞ്ഞതൊന്നുമായിരുന്നില്ല എന്റെ ജീവിതം. കായലുപോലെയിരുന്നു ഞാന്‍. ചെറിയ ഓളങ്ങളേയുള്ളൂ. ചില നിയന്ത്രണങ്ങളോടെ ജീവിക്കാന്‍ ഞാന്‍ എന്നെത്തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഹിന്ദിയില്‍ സിന്ദഗി കാ മോഡം എന്നു പറയും. ഓരോരോ വഴിത്തിരിവുകള്‍ അങ്ങനെ എനിക്കുമുണ്ടായി. അത് നമ്മുടെ പിടിയിലൊന്നും നില്‍ക്കുന്നതായിരുന്നില്ല. സുനാമി വന്നപ്പോള്‍ ആരുടെയെങ്കിലും കണ്‍ട്രോളിലായിരുന്നോ? അങ്ങനെ കുറേ സുനാമികള്‍ എന്റെ ജീവിതത്തിലുമടിച്ചു. എത്ര സുനാമികളടിച്ചാലും ഞാന്‍ എങ്ങനെയൊക്കെയോ പൊങ്ങിക്കിടന്നു.'
ജമീല മാലിക്ക് ചിരിച്ചു. ഒരു തിര പതുക്കെ അവരുടെ കാല്‍പ്പാദങ്ങളെ സ്പര്‍ശിച്ചു. പൂഴിമണലിലെ അവസാനത്തെ കാല്‍പ്പാടും തിരകള്‍ക്ക് മായ്ക്കാന്‍ വിട്ടുനല്‍കി അവര്‍ മുന്നോട്ടുനടന്നു.
Content Highlights: Jameela Malik, Ladies compartment collection of essays by Biju Muthathi, Mathrubhumi books