ചെറിയ വേഷങ്ങളിൽനിന്ന് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്ന നടനായി മാറി, ‘അവിടെ എന്റെ ജീവിതം ആരംഭിച്ചു’

#പി.കെ. രാജശേഖരൻ
ഇന്ദ്രന്‍സ് | ഫോട്ടോ: അരുണ്‍ പയ്യടിമീത്തല്‍
ഇന്ദ്രന്‍സ് | ഫോട്ടോ: അരുണ്‍ പയ്യടിമീത്തല്‍

ഇന്ദ്രൻസിന്റെ ആത്മകഥയായ ഇന്ദ്രധനുസ്സിന് പി.കെ. രാജശേഖരൻ എഴുതിയ അവതാരിക വായിക്കാം.

റ്റൊരു അവതാരികയിൽനിന്നു കടമെടുത്തു പറയട്ടെ: ഇന്ദ്രധനുസ്സ് 'ജീവിതത്തിൽനിന്നു വലിച്ചുചീന്തിയ ഒരേടാണ്; വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു.' മലയാളിക്ക് അത്രമേൽ പ്രിയപ്പെട്ട ചലച്ചിത്രനടനായ ഇന്ദ്രൻസിന്റെ ആത്മകഥയായ ഇന്ദ്രധനുസ്സിനെ വിശേഷിപ്പിക്കാൻ അതിനെക്കാൾ അർത്ഥപൂർണ്ണമായ വാക്യമോ രൂപകമോ ഇല്ല. എൺപതു വർഷം മുമ്പ് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിക്ക് നിരൂപകനായ എം.പി. പോൾ എഴുതിയ വിഖ്യാതമായ അവതാരികയിലെ ആദ്യവാക്യമാണത്. ഓർമ്മവെച്ച നാൾതൊട്ട് ആദിയും വ്യാധിയുമായി വേട്ടയാടിയ പലതരം വേദനകളെയും ജീവിതത്തിന്റെ അടിത്തട്ടിലെ മനുഷ്യർ താണ്ടിക്കഴിച്ചുപോന്ന ഉള്ളുപൊട്ടിക്കുന്ന ക്ലേശഭാരങ്ങളെയും മേഘാവൃതാകാശത്തിൽ തെളിഞ്ഞുവന്ന ആനന്ദത്തിന്റെ താരങ്ങളെയുമെല്ലാം അനുഭവത്തിന്റെയും ഓർമ്മയുടെയും നാട്ടുഭാഷയുടെയും പച്ചിലച്ചാറിലെഴുതുന്ന ഇന്ദ്രധനുസ്സിനെ മറ്റൊരു വാക്യംകൊണ്ടും വിശേഷിപ്പിക്കാൻ വയ്യ; അതിലെ ജീവിതത്തിന്റെ വക്കിൽ മാത്രമല്ല വാക്കിലും ചോരപൊടിഞ്ഞിരിക്കുന്നു. മാടനും മറുതയുമിറങ്ങുന്ന രാത്രികളെ പേടിച്ച സ്വപ്നാടകനായ കുട്ടിയിൽനിന്ന് നാലാംക്ലാസിൽ വിദ്യാഭ്യാസം നിർത്തിയ കെ. സുരേന്ദ്രൻ എന്ന തയ്യൽക്കാരനിലേക്കും അവിടെനിന്ന് പല വേഷങ്ങളിൽ പല ജീവിതങ്ങൾ പകർന്നാടുന്ന ഇന്ദ്രൻസ് എന്ന നടനിലേക്കുമുള്ള പരിണാമത്തിന്റെ കഥ പറയുന്ന ഈ ആത്മകഥ മലയാളത്തിലെ നാളിതുവരെയുള്ള ആത്മാഖ്യാനങ്ങളുടെ രീതികൾ മുഴുവൻ റദ്ദാക്കുന്നു; ആത്മാഖ്യാനത്തിന്റെയും ആത്മകഥാരചനയുടെയും ഒരു പുതിയ പ്രകാരം, ഇതുവരെയും ആരും നടന്നുചെന്നിട്ടില്ലാത്ത പുതിയൊരു നാട്ടുവഴി വെട്ടുകയും ചെയ്യുന്നു. എഴുത്തിലെയും ആഖ്യാനത്തിലെയും ഭാഷയിലെയും ഈ അസാധാരണത്വത്തിലൂടെ ഇന്ദ്രധനുസ്സ് മലയാളത്തിലെ ആത്മകഥാസാഹിത്യത്തിലെ അപൂർവ്വവും സുപ്രധാനവുമായ ഒരു രചനയായി മാറുന്നു.

അസാധാരണമായ ജീവിതമാണ് ഇന്ദ്രൻസിന്റേത്, കഥയിലോ സിനിമയിലോപോലും കാണാനാവാത്തത്. സ്‌കൂൾപഠനം പൂർത്തിയാക്കാനാവാതെ ജീവിതത്തിലേക്കു വലിച്ചെറിയപ്പെട്ട് വ്യർത്ഥമാസങ്ങളും കഷ്ടരാത്രികളും താണ്ടി അമച്വർ നാടകങ്ങളിലെ ചെറുവേഷങ്ങളിലഭിനയിച്ച്, സിനിമയിലെ നായികാനായകർക്കും മറ്റു നടീനടന്മാർക്കും കഥയ്ക്കനുസരിച്ചുള്ള ഉടുപ്പുകൾ തുന്നിയിരുന്ന ഒരു തയ്യൽക്കാരൻ അപൂർവ്വമായോ ഔദാര്യപൂർവ്വമായോ വീണുകിട്ടിയ ചെറിയ തമാശവേഷങ്ങളിലൂടെ കാണികളെ ചിരിപ്പിച്ച് പിന്നീട് ജനപ്രിയസിനിമയിലെ നായകസങ്കൽപ്പങ്ങളെ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങളിലേക്കു വളർന്ന് മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ നടനായി മാറിയതിന്റെ കഥ. ജീവിതത്തിൽ ട്രാജഡിയിലാണ് തുടങ്ങിയതെങ്കിലും സിനിമയിൽ കോമഡിയിൽ തുടങ്ങി ട്രാജഡിയിലെത്തി പ്രേക്ഷകരെ 'കഥാർസിസ്' എന്ന വികാരവിമലീകരണത്തിനു വിധേയരാക്കുന്ന ഒരു നടന്റെ ജീവിതത്തിന്റെ ദൃശ്യങ്ങളാണ് ഇന്ദ്രധനുസ്സിൽ നാം വായിക്കുന്നത്. അഭിനയംകൊണ്ടും അനുഭവിച്ചുതീർത്ത ജീവിതംകൊണ്ടും മാത്രമല്ല ഇന്നത്തെ താരപ്പൊലിമയുള്ള ജീവിതത്തിലും പുലർത്തുന്ന അഭിനയലേശമില്ലാത്ത വിനീതത്വംകൊണ്ടും അമ്പരപ്പിക്കുകയും നമ്മുടെ അർത്ഥശൂന്യമായ അഹന്തകളെ കൊത്തിയുടച്ചുകളയുകയും ചെയ്യുന്ന ഇന്ദ്രൻസ് തന്റെ ആത്മകഥയ്ക്ക് അവതാരികയെഴുതുക എന്ന സ്നേഹോദാരമായ ആജ്ഞകൊണ്ട് (അപേക്ഷയെന്നേ സുരേന്ദ്രൻ പറയൂ) എന്നെ നിലംപരിശ്ശാക്കി. ഒരു ചലച്ചിത്രതാരത്തിന്റെ ആത്മകഥാപുസ്തകത്തിൽ സാഹിത്യനിരൂപകനു കാര്യമെന്തെന്ന് സിനിമാപ്രേമികളോ ആരാധകരോ ഉയർത്താനിടയുള്ള ചോദ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുകൂടിയാണ് ഞാൻ ഈ അസാധാരണമായ ആത്മകഥ വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നത്.

ഒരാൾ തന്റെ വൈയക്തികജീവിതത്തെ, വിശേഷിച്ചും സ്വന്തം വ്യക്തിത്വത്തിന്റെ വികാസത്തെ കേന്ദ്രമാക്കി തന്റെ അസ്തിത്വത്തെപ്പറ്റി എഴുതുന്ന ഗദ്യാഖ്യാനം എന്നാണ് ആത്മകഥയെപ്പറ്റിയുള്ള മികച്ച നിർവ്വചനങ്ങളിലൊന്ന്. എന്നാൽ ഒരു പുസ്തകത്തിന്റെ രണ്ട് കവറുകൾക്കിടയിൽ നാം വായിക്കുന്ന ഗദ്യാഖ്യാനമോ കുറേ ഓർമ്മകളുടെയും അനുഭവങ്ങളുടെയും സമാഹാരമോ അല്ല ഒരു ആത്മകഥ. അത് ഒരു സ്വത്വാവിഷ്‌കാരപ്രയോഗംകൂടിയാണ്. മറ്റുള്ളവരുമായുള്ള ഇടപെടലുകളും സാമൂഹികവും സാംസ്‌കാരികവുമായ സന്ദർഭങ്ങളിലെ പങ്കാളിത്തവും വഴി വ്യക്തികൾ സ്വന്തം ആത്മ(സെൽഫ്)ത്തെക്കുറിച്ചുള്ള ബോധം രൂപപ്പെടുത്തുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്ന തുടർപ്രക്രിയയാണ് സ്വത്വാവിഷ്‌കാരപ്രയോഗം. നാം ആയിരുന്നതും അനുഭവങ്ങളും സ്വന്തം തിരഞ്ഞെടുപ്പുകളുംവഴി ആയിത്തീർന്നതുമായ ചലനനിർഭരമായ പ്രവർത്തനത്തിന്റെ സാഹിത്യരേഖയാണ് ആത്മകഥ. സ്വജീവിതത്തിന്റെ വസ്തുതാപരമായ വിവരണവും ഭൂതകാലാനുസ്മരണവും ആത്മവത്തയുടെ പ്രകാശനവുമായ ആത്മകഥ അങ്ങനെ ജീവിതത്തിന്റെ ഭൂപടനിർമ്മാണമായിത്തീരുന്നു. ഭൂതകാലാനുഭവങ്ങളെ ഓർമ്മയിലൂടെ അത് എഴുതിക്കൊണ്ടിരിക്കുന്ന വർത്തമാനകാലബോധത്തിൽ ആവർത്തിക്കലാണ് ആത്മകഥയുടെ ആഖ്യാനം.

പുസ്തകത്തിന്റെ കവർ പേജ്

വർത്തമാനകാലത്തിലൂടെയുള്ള ഭൂതകാലധ്യാനം; ഒരുതരം പ്രൂസ്തിയൻ റീ അവെയ്ക്നിങ്. എന്നാൽ ഭൂതകാലത്തെ എല്ലായ്പോഴും അതേപടി സ്മരിക്കുന്ന രീതിയിലല്ല ഓർമ്മയുടെ പ്രവർത്തനമെന്ന് ന്യൂറോളജിയും ബ്രെയിൻ ഇമേജിങ്ങിലെ ശാസ്ത്രീയ മുന്നേറ്റങ്ങളും വെളിപ്പെടുത്തുന്നു. ഓർമ്മിക്കലിന്റെ ഓരോ സന്ദർഭത്തിലും ഓർമ്മയെ പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്നതാണ് നമ്മുടെ തലച്ചോറിന്റെ സ്വഭാവം. ഒരേ കാര്യം വ്യത്യസ്ത സന്ദർഭങ്ങളിൽ ഓർക്കുമ്പോഴെല്ലാം ഓർമ്മ അതിനെ പുതുതായി ഘടനപ്പെടുത്തുന്നു. ഭേദഗതിവരുത്തൽ സ്വഭാവമുള്ള ശേഷിയാണ് ഓർമ്മ. അതായത്, ഒരു ഫിക്ഷൻ നിർമ്മാതാവാണ് ഓർമ്മയെന്നു സാരം. കൽപ്പിതകഥയെന്നോ അസത്യമെന്നോ ഉള്ള അർത്ഥത്തിലല്ല ഇവിടെ ഫിക്ഷൻ എന്നു പറഞ്ഞത്. മറിച്ച്, നാം രൂപപ്പെടുത്തിയെടുക്കുന്ന ഒരു ആഖ്യാനകം എന്ന നിലയിലാണ്. ഭൂതകാലത്തെ ഓർമ്മിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്ന ആഖ്യാനരൂപമായ ആത്മകഥയിലും ഈ ഫിക്ഷൻ സ്വഭാവം പ്രവർത്തിക്കുന്നു. ചരിത്രമെന്നല്ല കഥയെന്നാണല്ലോ ഒരാളുടെ സ്വന്തം ജീവിതാഖ്യാനത്തെ നാം വിളിക്കുന്നതും.

ആത്മകഥയെഴുത്തിന്റെ പരമ്പരാഗത, വ്യവസ്ഥാപിത രീതികൾക്കു നേരേ കുലച്ച വില്ലാണ് ഇന്ദ്രധനുസ്സ്. മാനകഭാഷയുടെയും സാഹിത്യഭാഷയുടെയും ഘടനാവിതാനങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സ്വന്തം വാമൊഴിയിലാണ് ഇന്ദ്രൻസ് ആത്മകഥ എഴുതിയിരിക്കുന്നത്, തിരുവനന്തപുരം മലയാളത്തിൽ. ഇങ്ങനെ പൂർണ്ണമായും ഭാഷാഭേദത്തിലുള്ള ഒരു ആത്മകഥ മലയാളത്തിൽ ഇന്നുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. താൻ വീട്ടിൽ സംസാരിക്കുന്ന മലയാളത്തെ സാഹിത്യഭാഷകൊണ്ട് മെച്ചപ്പെടുത്താനോ അലങ്കരിക്കാനോ ഇന്ദ്രൻസ് ശ്രമിക്കുന്നേയില്ല. താൻ എഴുതുന്ന ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ തന്റെ സെക്രട്ടറി എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നതായി ചാർലി ചാപ്ലിൻ ഇയാൻ ഫ്‌ലെമിങ്ങിനോട് പരാതിപ്പെട്ടതിനെപ്പറ്റി ചാപ്ലിന്റെ ആത്മകഥ (മൈ ഓട്ടോബയോഗ്രഫി)യുടെ പെൻഗ്വിൻ പതിപ്പിന്റെ അവതാരികയിൽ ബ്രിട്ടീഷ് ചലച്ചിത്രനിരൂപകനായ ഡേവിഡ് റോബിൻസൺ എഴുതിയിട്ടുള്ളതാണ് ഈ സന്ദർഭത്തിൽ ഓർമ്മവരുന്നത്.

വളരെക്കുറച്ചുമാത്രം സ്‌കൂൾവിദ്യാഭ്യാസം ലഭിക്കുകയും സ്വയം പഠിക്കുകയും ചെയ്ത ആ മഹാനടനെപ്പോലെയാണ് അതേ വഴിയിൽ സഞ്ചരിക്കുന്ന ഇന്ദ്രൻസും എഴുതുന്നത്; ഇരുവരുടെയും അനുഭവലോകങ്ങളും ഭാഷയും വ്യത്യസ്തമാണെന്നു മാത്രം. വാമൊഴിയെ വരമൊഴിയാക്കുന്ന ഇന്ദ്രൻസിന്റെ എഴുത്തിൽ ആഖ്യാനത്തിന്റെ ഒരു ഇരട്ടനീക്കം കാണാം; ഒരേസമയം സ്വയം സംസാരിക്കലും വായനക്കാരോടു സംസാരിക്കലും. മാനകഭാഷയുടെ മദ്ധ്യസ്ഥത ഒഴിവാക്കി ഓർമ്മയുടെ ഫിക്ഷണൽ സ്വഭാവം നിലനിർത്തിക്കൊണ്ട് ഈ പുസ്തകം കൈയിലെടുക്കുന്ന ഓരോ വായനക്കാരനോടുമുള്ള ഭാഷണമാക്കി ഇന്ദ്രൻസ് ആത്മകഥയെ മാറ്റുന്നു. സാഹിത്യവും അലങ്കൃതമായ സാഹിത്യഭാഷയും ഉടലെടുക്കുംമുമ്പ് തനിക്കു മുന്നിലെ ഒരാളോടോ ഒരാൾക്കൂട്ടത്തോടോ വാമൊഴിയിൽ കഥകൾ പറഞ്ഞിരുന്ന പ്രാചീനനായൊരു സ്റ്റോറി ടെല്ലറെപ്പോലെ ഇന്ദ്രൻസ് തന്റെ ആത്മചരിത്രം പറയുന്നു.

ചലച്ചിത്രസമാനമായ ഒരു ദൃശ്യത്തിൽനിന്നാണ് ആ കഥപറച്ചിലിന്റെ തുടക്കം: 'ആടലോടകത്തിന്റെ ഇടയിൽനിന്നാണ് അവരെന്നെ കണ്ടുപിടിച്ചത്. ദൂരേന്ന് ആരോ വിളിക്കുന്നതുപോലെ തോന്നിയാണ് കണ്ണുതുറന്നത്. ഒന്നും കാണുന്നില്ല. എന്റെ അടുത്തു കിടന്ന അനിയനെ തോണ്ടിവിളിക്കാമെന്നു വിചാരിച്ച് ഞാൻ തപ്പിനോക്കി. അവനെ കാണുന്നില്ല. എന്റെ തലയിണയും തലയ്ക്കടിയിലില്ല. അവൻ തലയിണയുമെടുത്ത് എങ്ങോട്ടു പോയെന്നായി എന്റെ ചിന്ത. വീണ്ടും ദൂരേന്ന് ആ ശബ്ദം. ഞാനങ്ങോട്ടു നോക്കിയപ്പോ ഒരു ചിമ്മിനിവിളക്കിന്റെ വെട്ടം.' അങ്ങനെ സ്വപ്നാടനക്കാരനായ ഒരു പേടിത്തൊണ്ടൻ കുട്ടിയുടെ അബോധപൂർവ്വമായ രാത്രിസഞ്ചാരത്തിൽനിന്ന് വായനക്കാർ ഇന്ദ്രൻസിന്റെ ജീവിതകഥയിലേക്കും കഥയിലെ ആകാംക്ഷയിലേക്കും സഞ്ചരിച്ചുതുടങ്ങുന്നു. ബാല്യകൗമാരങ്ങളിലെ 'ഓർമ്മവെച്ച നാൾ മുതൽ വേട്ടയാടുന്ന വേദനകളെ'പ്പറ്റിയും ദരിദ്രജീവിതത്തെപ്പറ്റിയും ഇന്ദ്രൻസ് എഴുതുന്ന പച്ചയായ യാഥാർത്ഥ്യം ഇരുപത്തിയൊന്നാംനൂറ്റാണ്ടിൽ ജനിക്കാൻ ഭാഗ്യം കിട്ടിയ പുതിയ തലമുറ വായനക്കാർക്ക് ഒരുപക്ഷേ അവിശ്വസനീയമോ കെട്ടുകഥയോ ആയി തോന്നിയേക്കാം. ഇവിടെയുമുണ്ട് ചാർലി ചാപ്ലിനുമായി ഒരു സാദൃശ്യം. കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളുടെ മദ്ധ്യത്തിൽ ചാപ്ലിന്റെ മൈ ഓട്ടോബയോഗ്രഫി പുറത്തുവന്നപ്പോൾ കുട്ടിക്കാലത്തെ കഷ്ടപ്പാടുകളെപ്പറ്റി അതിലുണ്ടായിരുന്ന വിവരണങ്ങളെ 'ഡിക്കൻസിയൻ ഫിക്ഷൻ' ആയാണ് ചില വായനക്കാരും വിമർശകരും കണ്ടത്.

ഇല്ലായ്മയും വല്ലായ്മയും രോഗങ്ങളും കേസും കോടതിയും പഞ്ഞവും പ്രാക്കുമെല്ലാം നിറഞ്ഞിരുന്ന ഭൂതകാലത്തിലെ സങ്കടദിനങ്ങളെക്കുറിച്ചോർത്തു വിലപിക്കുന്ന സെന്റിമെന്റലിസമോ മെലോഡ്രാമയോ അല്ല ഇന്ദ്രധനുസ്സിലെ രചനാരീതി. നിർമ്മമമായ യാഥാതഥ്യവും ആത്മപരിഹാസവും ഐറണിയുമാണ് ഈ എഴുത്തുകാരൻ പകരമായി സ്വീകരിക്കുന്നത്. സൈക്കിൾ വീലിന്റെ മെറ്റൽ റിം, ടയർ, നടുക്ക് തുളയിട്ട വട്ടത്തിലുള്ള പലകക്കഷണം, കൊച്ചങ്ങ (മച്ചിങ്ങ, വെള്ളയ്ക്ക) തുടങ്ങിയവകൊണ്ട് പഴയകാലത്തെ ദരിദ്രബാല്യങ്ങൾ ഓടിച്ചിരുന്ന കളിവണ്ടികളെപ്പറ്റി ഇന്ദ്രൻസ് എഴുതുന്നതിങ്ങനെയാണ്: 'കൊച്ചിലേതന്നെ ഞാൻ വണ്ടിയൊക്കെ ഓടിക്കുമായിരുന്നു. പലതരത്തിലുള്ള വണ്ടികളും ഉണ്ടായിരുന്നു. ഓരോ യാത്രയും ഓരോ വണ്ടിയിലാ. അങ്ങനെ നടന്നുപോവാറില്ല. അച്ഛന്റെ ജോലിസ്ഥലത്തൊക്കെ പോകുന്നതും വണ്ടീലാ.'

ആത്മപരിഹാസം നിറഞ്ഞ ഈ ഐറണിയിലൂടെ കളിപ്പാട്ടങ്ങളുടെ സൗഭാഗ്യത്താൽ അനുഗ്രഹിക്കപ്പെടാതിരുന്ന തന്റെ (അതുപോലുള്ള അനേകരുടെയും) കുട്ടിക്കാലത്തിന്റെ നിറമില്ലായ്മയിലേക്ക് ഇന്ദ്രൻസ് വായനക്കാരെ കൊണ്ടുപോകുന്നു. പൊതുവേ കാൽപ്പനികഭംഗിയിൽ വാഴ്ത്തിപ്പാടാറുള്ള ബാല്യത്തിന് അതിസാധാരണക്കാരുടെ ജീവിതത്തിൽ കഷായക്കയ്പാണ് പലപ്പോഴും. അങ്ങനെയുള്ള ബാല്യങ്ങളുടെ തീക്ഷ്ണാനുഭവം പച്ചയായ യാഥാതഥ്യത്തിൽ ഗ്രന്ഥകാരൻ വിവരിക്കുന്നു. 'ഒരു ദിവസം ഞാനും സുകുച്ചേച്ചിയുംകൂടെ കവുങ്ങിൻപാളയിൽ പ്രസന്നഅപ്പിയെ ഇരുത്തി വലിച്ച് വണ്ടികളിക്കുകയായിരുന്നു. പാളവണ്ടി ഒരു തെരണയിൽ കയറി, കൊച്ച് ചരിഞ്ഞ് തെങ്ങിൻകുഴിയിൽ ചെന്നുവീണു. ഇതു കണ്ട് അമ്മ ഉരപ്പുരയിൽനിന്ന് ഒരു തെങ്ങിൻപട്ടാച്ചി എടുത്ത് ഒറ്റയെറി. എറികൊണ്ട പാടേ സുകുച്ചേച്ചി എടുത്തുചാടി ഓടി. ഞാൻ കൊച്ചിനെ എടുക്കാൻ കുഴീലോട്ട് ഇറങ്ങിയതും അമ്മ ഓടിവന്ന് എനിക്കൊര് കിഴുക്കുംതന്ന് കുറേ ചീത്തയും. കൊച്ചിനെ തൂക്കി എടുത്തോണ്ടു പോയി. അപ്പോഴും പള്ളുവിളി നിർത്തിയില്ല.'

അവനവനെ അളവുതെറ്റിച്ച് വലുതായി വരയ്ക്കുന്നില്ല ഇന്ദ്രൻസ്. പകരം, വരിയിലെ അവസാനത്തെയാളായി നിന്ന് സ്വയം ന്യൂനീകരിക്കുന്നു, വെട്ടിച്ചെറുതാക്കുന്നു; നല്ല തയ്യൽക്കാരനായി. അച്ഛന്റെ മരണം ഓർമ്മിക്കുമ്പോൾ വാക്കുകൾ ജീവിതാനുഭവത്തിന്റെ പരിസരങ്ങളിൽനിന്ന് മുറിച്ചെടുത്തവയായിത്തീരുന്നു: 'മോർച്ചറിയുടെ വാതിൽ തുറന്ന് അകത്തെ അരണ്ടവെളിച്ചത്തിൽ ദൂരെ ഞാനച്ഛനെ കണ്ടു, ഒരുപാടുകാലത്തെ ഓർമ്മകളിലൂടെ. സ്വന്തം കൈകൊണ്ടു തട്ടുണ്ടാക്കി എത്രയോ വൻമരങ്ങളെ താലോലിച്ച് തട്ടിൻപുറത്തു കയറ്റി അളന്നുകുറിച്ച് അറുത്ത് ഉരുപ്പടിയാക്കിയ അച്ഛൻ ആരോ ഉറപ്പിച്ചൊരു തട്ടിൻപുറത്ത് ആർക്കും അളന്നുമുറിക്കാൻ പാകത്തിന് ഒരു പാഴ്ത്തടിയായി മലർന്നുകിടന്നു.' രസകരമായി പറഞ്ഞുപോകുന്ന ഈ ആത്മകഥയിലെ ചിരിപ്പിക്കുന്ന ആഖ്യാനത്തിനുള്ളിൽ അടിയൊഴുക്കായുള്ള വിഷാദാത്മകത്വം ഉപരിതലത്തിലേക്ക് ഉയർന്നുവരുന്ന അപൂർവ്വസന്ദർഭങ്ങളിലൊന്നാണിത്. അവിടെപ്പോലും ഗ്രന്ഥകാരൻ കടുത്ത ആത്മനിയന്ത്രണം പുലർത്തുന്നു. കൊടിയ വേദനകൾക്കിടയിലും നിലതെറ്റാതെ സ്വന്തം ആത്മത്തെ രൂപപ്പെടുത്തുകയും അങ്ങനെ സ്വത്വം ആവിഷ്‌കരിക്കുകയും ചെയ്യുന്ന ആഖ്യാനകലാകാരനെയാണ് ഇവിടെ നാം കാണുന്നത്. നിലയില്ലാത്ത വിഷാദത്തിലേക്കു വീഴാനുള്ള സാദ്ധ്യതകൾ ആവോളം ജീവിതത്തിൽ വാപിളർന്നു നിന്നിരുന്നുവെങ്കിലും ചിരികൊണ്ട് അവയെ കഴുകിക്കളഞ്ഞ് ആത്മശക്തിയിലേക്കുയരുകയും അങ്ങനെ അണിയറയിൽനിന്ന് അരങ്ങിലേക്കു വരുകയും ചെയ്ത ഒരു മനുഷ്യന്റെയും കലാകാരന്റെയും മാതൃക.

സഞ്ജയന്റെ 'അണിയറയിൽ' എന്ന കവിതയാണ് ഓർമ്മവരുന്നത്:

കരളെരിഞ്ഞാലും തലപുകഞ്ഞാലും

ചിരിക്കണ,മതേ വിദൂഷകധർമ്മം

ചിരിയും കണ്ണീരുമിവിടെ കാണുന്നവ-

തൊരുപോൽ മിത്ഥ്യയെന്നറിവോനല്ലി നീ?

ഇവ രണ്ടിൽച്ചിരി പരംവരണീയ-

മവനിയിൽ ഹാസ്യമമൃതധാരതാൻ

വിഷാദമാത്മാവിൽ വിഷം, വിദൂഷക!

വിശുദ്ധാനന്ദത്തിൻ വിലേപനം ചിരി.
ഇന്ദ്രൻസ് എന്ന കെ. സുരേന്ദ്രന്റെ ജീവിതപ്രമാണം ഈ വരികളിലുണ്ട്.

വേഷം തുന്നുന്ന തയ്യൽക്കാരനിൽനിന്ന് നടന്റെ വേഷത്തിലേക്കുള്ള ഇന്ദ്രൻസിന്റെ പ്രവേശനം നാടകീയതകളൊന്നുമില്ലാതെ വായനക്കാർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു. വസ്ത്രാലങ്കാരസഹായിയായി എത്തിയ ആദ്യസിനിമയിൽത്തന്നെയാണ് ഇന്ദ്രൻസിന് ആദ്യവേഷവും കിട്ടിയത്. ചൂതാട്ടം (1981) എന്ന ആ സിനിമയിലൂടെ ജീവിതം തുടങ്ങിയതിനെപ്പറ്റി ഇന്ദ്രൻസ് എഴുതുന്നു: 'പ്രേംനസീർ അഭിനയിച്ച സീനാണ് ആദ്യം ഷൂട്ട് ചെയ്തത്. ആദ്യമായിട്ട് പ്രേംനസീറാണ് ഞാൻ തയ്ച്ച ബിസ്‌കറ്റ് കളർ സഫാരി സ്യൂട്ട് അണിയുന്നത്... പുളിയറക്കോണത്തെ ഒരു ചായക്കടയിലായിരുന്നു എന്റെ ആദ്യ സീൻ; കുതിരവട്ടം പപ്പുവിനോടൊപ്പം. 'ഇവിടെ ജീവിതം ആരംഭിക്കുന്നു' എന്ന പേരിൽ തുടങ്ങിയ സിനിമ റിലീസിനുമുമ്പ് ആ പേരു മാറ്റി നോവലിന്റെ പേരുതന്നെ സ്വീകരിച്ചു. ചൂതാട്ടം. പക്ഷേ, ആദ്യമിട്ട പേര് ഞാനെന്റെ മനസ്സിൽനിന്നു മാറ്റീല്ല. ഇവിടെ ജീവിതം ആരംഭിക്കുന്നു. അവിടെ എന്റെ ജീവിതം ആരംഭിച്ചു.' ചെറിയ വേഷങ്ങളിൽനിന്ന് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്ന നടനായി മാറിയതുവരെയുള്ള സിനിമാജീവിതകഥ മാത്രമേ ഈ ആത്മകഥയിലുള്ളൂ. ചിരിപ്പിക്കുന്ന ഇന്ദ്രൻസിൽനിന്ന് നമ്മെ വിഷാദത്തിലാക്കുന്ന ഇന്ദ്രൻസിലേക്കുള്ള വലിയ വളർച്ചയുടെ കഥയറിയാൻ ഈ ആത്മകഥയ്ക്ക് അദ്ദേഹം എഴുതേണ്ട രണ്ടാംഭാഗംവരെ നമുക്ക് കാത്തിരിക്കാം.

ഇന്ദ്രധനുസ്സിന് ആത്മകഥയ്ക്കും ചലച്ചിത്ര ജീവിതാനുഭവചരിത്രത്തിനുമപ്പുറം മറ്റുചില പ്രാധാന്യങ്ങൾകൂടിയുണ്ട്, എല്ലാ ആത്മകഥകൾക്കുമില്ലാത്ത ചില സവിശേഷതകൾ. പൂർണ്ണമായും വാമൊഴിയിൽ, കഥപറച്ചിലിന്റെ ആഖ്യാനരീതിയിൽ എഴുതപ്പെട്ടിട്ടുള്ള ഈ പുസ്തകം നാട്ടുവാക്കുകളുടെ ഒരു കാഴ്ചബംഗ്ലാവുകൂടിയാണ്. ഉപയോഗം കുറഞ്ഞുവരുന്നതിനാൽ ഭാഷയിലും ഓർമ്മയിലുംനിന്ന് അതിവേഗം മാഞ്ഞുകൊണ്ടിരിക്കുന്ന തെക്കൻ തിരുവിതാംകൂർ മലയാളം ഇവിടെ പൂത്തുലഞ്ഞുനിൽക്കുന്നു. നാട്ടുമൊഴിയുടെ ഈ വസന്തോദ്യാനത്തിലെ പൂക്കളായ പല വാക്കുകളും പുതിയ തലമുറയിൽപ്പെട്ടവർക്കും കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലുള്ളവർക്കും അപരിചിതമായിരിക്കും. അപ്പി, ഇളുപ്പ്, ഇടിഞ്ഞിൽ, ഉച്ചാണി, ഉമ്പിടി, ഊളൻ, ഒലിപ്പ്, കതിരടി, കഞ്ഞിവീഴ്ത്ത്, കെണ്ടൻ, കൊത്തവേല, പേശ, പഴിഞ്ഞി, പള്ള്, പെടുപ്പ്, പെരമ്പ്, മണ്ടപ്പുറ്റ്, വെള്ളമോതൽ അങ്ങനെ ശബ്ദതാരാവലിയിൽ മാത്രമുള്ളതും അതിൽപ്പോലുമില്ലാത്തതുമായ വാക്കുകൾ, ഒരു ലക്സിക്കോഗ്രാഫറെ കൊതിപ്പിക്കാൻ പോന്നവ. നഗരവളർച്ച വിഴുങ്ങിക്കളഞ്ഞ ഒരു പ്രാന്തപ്രദേശത്തിന്റെ ഭൂതകാലഭൂപ്രകൃതിയും സാധാരണക്കാരുടെ ജീവിതത്തിന്റെ മാഞ്ഞുപോയ ചിത്രങ്ങളും മറവിയിലാഴ്ന്നുപോയ പഴമ്പാട്ടുകളുമെല്ലാം നിറഞ്ഞ ഒരു സാംസ്‌കാരിക ആർക്കൈവ് കൂടിയാണ് ഇന്ദ്രധനുസ്സ്. ഈ ആത്മകഥയിൽ തൊടുമ്പോൾ നാം ഒരു ശുദ്ധഹൃദയത്തിലാണു തൊടുന്നത്. 

Content Highlights: Chronicles the transformation of Indrans from a tailor to a celebrated actor., Unique narrative style using colloquial Thiruvananthapuram Malayalam dialect., A cultural archive of vanishing local dialects and rural landscapes., Reflects on the balance between tragic past and comedic professional success., Features a critical foreword by P.K. Rajasekharan.