'പുരുഷന് മൂന്നു പ്രാവശ്യം 'വിവാഹമോചനം' എന്നുപറഞ്ഞ് ഒഴിവാക്കാവുന്ന സ്ത്രീക്ക് എന്തുകൊണ്ട് കടം കൊടുക്കണം?'

പുരുഷന്മാര്‍ക്കു പകരം എന്തുകൊണ്ട് സ്ത്രീകള്‍ക്ക് കടം കൊടുക്കണം?
ലിംഗപക്ഷപാതം പുലര്‍ത്തുന്ന ബംഗ്ലാദേശിലെ പരമ്പരാഗതബാങ്കുകള്‍ സ്ത്രീകള്‍ക്ക് വായ്പ നല്‍കുന്നില്ല.
ഞാന്‍ ഇതു പറയുമ്പോള്‍ അസ്വസ്ഥരായ ബാങ്കിങ് മേഖലയിലെ എന്റെ സുഹൃത്തുക്കള്‍ ഉറക്കെ പറഞ്ഞു, ഞങ്ങളുടെ നഗരത്തില്‍ മുഴുവന്‍ സ്ത്രീബാങ്കുകള്‍ കണ്ടില്ലേ? അത് സ്ത്രീകളുടെ സേവനത്തിനുള്ളതാണ്.
ശരി, പക്ഷേ, അത് അവരുടെ നിക്ഷേപം ലഭിക്കുന്നതിനു മാത്രമല്ലേ? നിങ്ങള്‍ അവര്‍ക്കു വായ്പ കൊടുക്കുമോ?
ബംഗ്ലാദേശില്‍ ഒരു ധനികയായ സ്ത്രീയായാല്‍പ്പോലും, വായ്പാ അപേക്ഷകര്‍ ബാങ്കിന്റെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം:
നിങ്ങളുടെ ഭര്‍ത്താവിനോട് വായ്പാകാര്യം സംസാരിച്ചിരുന്നോ?
അദ്ദേഹം അനുകൂലിക്കുന്നുണ്ടോ?
അദ്ദേഹം ബാങ്കില്‍ വന്നു വായ്പാകാര്യങ്ങള്‍ സംസാരിക്കുമോ?
പക്ഷേ, ഇതേ മാനദണ്ഡം പുരുഷന്മാര്‍ക്കു ബാധകമല്ല. അവര്‍ക്കത് അപമാനമായി തോന്നും. അതിനാല്‍, ഗ്രാമീണിനു മുന്‍പേ ബംഗ്ലാദേശില്‍ സ്ത്രീവായ്പകള്‍ 1% നു താഴേയായിരുന്നു. ബാങ്കിങ് സംവിധാനം സ്ത്രീകള്‍ക്ക് പ്രതികൂലമായിരുന്നു.
സ്ത്രീകള്‍ക്കെതിരേയുള്ള ഈ സമീപനത്തിനു പകരം, എന്റെ ആവശ്യം ചുരുങ്ങിയത് 50% സ്ത്രീകളെങ്കിലും ഈ പരീക്ഷണപദ്ധതിയില്‍ വായ്പക്കാരാകണമെന്നാണ്.
സാമാന്യം ഭേദപ്പെട്ട സ്ത്രീ അംഗസംഖ്യയായപ്പോള്‍, പ്രധാനപ്പെട്ട ഫലം കണ്ടുതുടങ്ങി. എന്റെ അനുഭവം പുരുഷന്മാരെക്കാളും സ്ത്രീകളാണ് പുരോഗതിക്കുള്ള മാറ്റങ്ങള്‍ക്കു കെല്പുള്ളവരെന്നാണ്. വിശപ്പും ദാരിദ്ര്യവും പുരുഷന്മാരിലേറെ, സ്ത്രീകളുടെ ഒരു പ്രശ്നമായിരിക്കുകയാണ്. ഒരു കുഞ്ഞിന് മുലപ്പാല്‍ കൊടുത്തില്ലെങ്കില്‍ അതിന്റെ മാനസികവേദന അനുഭവിക്കുന്നത് സ്ത്രീയാണ്. ഒരു സ്ത്രീക്ക് ഏറ്റവും വേദനാജനകം ദരിദ്രയാവുകയെന്ന സ്ഥിതിയാണ്. ഏറ്റവും നിസ്സാരമായ ഒരു അവസരംപോലും ദാരിദ്യത്തില്‍നിന്നും കരകയറാന്‍ അവള്‍ ഉപയോഗിക്കും.
നമ്മുടെ സമുദായത്തില്‍ ഒരു ദരിദ്രസ്ത്രീ എന്നും അരക്ഷിതാവസ്ഥയിലാണ്. സ്വന്തം വീട്ടിലോ ഭര്‍ത്താവിന്റെ വീട്ടിലോ ആയാലും അവളെ എപ്പോള്‍ വേണമെങ്കിലും പുറത്താക്കും എന്ന ഭീതിയിലാണ് ജീവിക്കുന്നത്. ഒരു പുരുഷന് മൂന്നു പ്രാവശ്യം 'വിവാഹമോചനം' എന്നു പറഞ്ഞ് അവളെ വേര്‍പിരിയാം. ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീ അപമാനിതയും അനാഥയുമാകുന്നു. അതിനാല്‍ അവള്‍ അവസരം കിട്ടിയാല്‍, അത് സ്വാശ്രയജീവിതത്തിനും സ്വരക്ഷയ്ക്കും ഉപയോഗപ്പെടുത്തും.
പുരുഷനെക്കാള്‍ സ്ത്രീയാണ് കുടുംബാവശ്യങ്ങള്‍ക്കും നിലനില്പിനും പണം യുക്തമായി ഉപയോഗിക്കുന്നത്. കുട്ടികളെ വളര്‍ത്തുന്നതില്‍ സ്ത്രീകളാണ് ശ്രദ്ധിക്കുന്നത്. കുടുംബം നേട്ടങ്ങളുണ്ടാക്കുന്നത് പുരുഷന്മാരെക്കാളേറെ സ്ത്രീകളില്‍ക്കൂടിയാണ്.
പുരുഷന്മാരുടെ മുന്‍ഗണന കുടുംബത്തിനല്ല. ഒരു യാചകന്റെ വരുമാനം സ്വന്തം ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. ഒരു യാചകയുടെ വരുമാനം മുഴുവന്‍ കുടുംബത്തിനായി ഉപയോഗിക്കും. അതിനാല്‍, എന്തിനാണ് ഗ്രാമീണ്‍, പുരുഷന്മാരിലൂടെ കുടുംബത്തെ സഹായിക്കേണ്ടത്?
ഒരു അമ്മയുടെ രണ്ടാമത്തെ മുന്‍ഗണന വീട്ടാവശ്യങ്ങള്‍ക്കാണ്. ജീവിതം മെച്ചപ്പെടുത്താന്‍ പാത്രങ്ങള്‍, ഉറപ്പുള്ള ഒരു മേല്‍ക്കൂര എന്നിവ. ഞങ്ങളുടെ വായ്പയെടുത്ത ഒരു സ്ത്രീ ഒരു പത്രക്കാരനെ കൈപിടിച്ചു കൊണ്ടുവന്ന് താന്‍ വാങ്ങിയ ഒരു പുതിയ കിടക്ക കാണിച്ചുകൊടുത്തു.
സാമ്പത്തികവളര്‍ച്ചയുടെ ഉദ്ദേശ്യങ്ങള്‍ ദാരിദ്ര്യനിര്‍മാര്‍ജനം, ജീവിതനിലവാരത്തിന്റെ ഉയര്‍ച്ച, അഭിമാനമുളവാക്കുന്ന ഒരു ജോലി, അസമത്വ നിയന്ത്രണം എന്നിവയാണെങ്കില്‍, നാം അത് സ്ത്രീകളില്‍നിന്നും തുടങ്ങണം. ദരിദ്രരില്‍ ഭൂരിഭാഗവും അവരാണ്, വേണ്ടത്ര ജോലിയില്ലാത്തവര്‍, സമുദായികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്നവര്‍. കുട്ടികളുടെ അടുത്തുള്ള അവരാണ് ബംഗ്ലാദേശിന്റെ ഭാവി നിര്‍ണയിക്കുന്നവര്‍. ഗ്രാമീണ്‍ കമ്പനിയുടെ പഠനവും ഇതാണ് തെളിയിക്കുന്നത്.
അതിനാല്‍, ക്രമേണ ഞങ്ങളുടെ ശ്രദ്ധ സ്ത്രീകളില്‍ പതിഞ്ഞു. ഇത് എളുപ്പമായിരുന്നില്ല. ഭര്‍ത്താക്കന്മാര്‍, മതപണ്ഡിതന്മാര്‍, ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ ഇതിനെതിരായിരുന്നു. ഭര്‍ത്താക്കന്മാര്‍ക്കു വായ്പ അവരുടെ കൈയില്‍ എത്തണം. പലപ്പോഴും ഞാന്‍, വായ്പയെടുക്കുന്ന സ്ത്രീകളില്‍നിന്നും കേള്‍ക്കാറുണ്ട്, പ്രകൃതിക്ഷോഭങ്ങളെക്കാളും അവര്‍ ഭയപ്പെടുന്നത് ഭര്‍ത്താക്കന്മാര്‍ വായ്പത്തുക മോഷ്ടിച്ചു ധൂര്‍ത്തടിക്കും എന്നതാണെന്ന്.
മതപണ്ഡിതന്മാരും കടം കൊടുക്കുന്ന ഇടനിലക്കാരും ഞങ്ങളെ അവരുടെ എതിരാളിയായി കണക്കാക്കി.
ഇതു പ്രതീക്ഷിച്ചതായിരുന്നു. പക്ഷേ, സ്ത്രീകള്‍ക്കെതിരായ വിദ്യാസമ്പന്നരുടെ നിലപാട് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
ചിലര്‍ പറഞ്ഞു, 'സ്ത്രീകളുടെ വായ്പ പുരുഷന്മാരുടെ കൈയിലെത്തുകയും സ്ത്രീകള്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യും.'
ഞങ്ങളുടെ അനുഭവം നേരേ വിപരീതമായിരുന്നു. സാമ്പത്തിക നിയന്ത്രണത്തിലൂടെ സ്ത്രീകള്‍ക്ക് തങ്ങള്‍ അര്‍ഹിക്കുന്ന അവകാശം ലഭിച്ചു.
ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ ധാര്‍ഷ്ട്യത്തോടെ എനിക്കെഴുതി: 'എന്തുകൊണ്ടാണ് നിങ്ങളുടെ ഭൂരിഭാഗം വായ്പക്കാരും സ്ത്രീകള്‍ എന്ന് ഉടനെ അറിയിക്കുക.'
അതൊരു കാരണംകാണിക്കല്‍ മുന്നറിയിപ്പുപോലെയായിരുന്നു. ഞാന്‍ മറുപടി നല്കി:
'ഞാന്‍ സസന്തോഷം മറുപടി എഴുതാം. പക്ഷേ, അതിനു മുന്‍പേ എനിക്കറിയണം, എപ്പോഴെങ്കിലും കേന്ദ്രീയബാങ്ക് മറ്റു ബാങ്കുകളോട് ഭൂരിഭാഗം പുരുഷന്മാര്‍ക്ക് എന്തിനാണ് വായ്പ കൊടുക്കുന്നത് എന്നു ചോദിച്ചിട്ടുണ്ടോയെന്ന്.'
എന്റെ ലോകസഞ്ചാരത്തില്‍ ഇതു ബംഗ്ലാദേശില്‍ മാത്രമുള്ള ഒരു സംഭവമായി കണ്ടില്ല. പുരോഗതിയുടെ പാത സ്ത്രീകള്‍ക്കതീതമായിരുന്നു. കാരണം മനസ്സിലായില്ല.
ബംഗ്ലാദേശ്പോലെയുള്ള രാജ്യങ്ങളില്‍ പര്‍ദ്ദയില്‍ ജീവിക്കുന്ന സ്ത്രീയുടെ സാമ്പത്തികമൂല്യം വളരെ ചെറുതാണ്. കൂടാതെ, സ്ത്രീധന സമ്പ്രദായം നിലനില്‍ക്കുന്നതിനാല്‍ കല്യാണം കഴിയാത്ത പെണ്‍കുട്ടി കുടുംബത്തിനു ഭാരമാണ്.
സ്ത്രീകള്‍ക്കു വായ്പ ലഭിക്കുന്നതും യാഥാസ്ഥിതികത പിന്‍തുടരുന്ന ബംഗ്ലാദേശില്‍ ഇല്ല.
പലരും അതൊരു സാമൂഹികവിപ്ലവമായി കരുതുന്നു. കുടുംബത്തില്‍ പുരുഷന്മാര്‍ക്കു പകരം സ്ത്രീകള്‍ക്കു വായ്പ ലഭിക്കുന്നത് അപ്രതീക്ഷിത പ്രശ്നങ്ങളുണ്ടാക്കും. ഇതു പ്രതീക്ഷിച്ച ഞങ്ങള്‍ ഇതിനു പരിഹാരം കാണാന്‍ പലവിധത്തില്‍ ശ്രമിച്ചു. തുടക്കത്തില്‍ ഞങ്ങള്‍ക്ക് തെറ്റുപറ്റി. മുന്‍കരുതലില്ലാത്തതിനാല്‍, ഞങ്ങളുടെ വായ്പാപദ്ധതി ഭര്‍ത്താക്കന്മാരും ഭാര്യമാരും തമ്മില്‍ വളരെ സ്പര്‍ധയുണ്ടാക്കി. ക്രമേണ, കല്യാണത്തിന്റെയും വായ്പയുടെയും പേരില്‍ തര്‍ക്കമുണ്ടാവാതിരിക്കാന്‍ അവരെ ബോധിപ്പിച്ചു. ഇത് സമചിത്തത പാലിക്കേണ്ട ദുഷ്‌കരമായ കാര്യമാണ്.
ഞങ്ങള്‍ ഗ്രാമീണിന്റെ ഉള്ളില്‍ത്തന്നെ പ്രശ്നപരിഹാരത്തിന് ശ്രമിച്ചു. വീണ്ടും വായ്പയെടുക്കുന്ന അംഗങ്ങളുടെ സംഘങ്ങള്‍ പ്രശ്നപരിഹാരത്തില്‍ പ്രധാന പങ്കു വഹിച്ചു. പുരുഷന്മാരെയും ബാങ്കുമായി ബന്ധപ്പെടുത്തി, ചര്‍ച്ചകള്‍ നടത്തി. അതിനു ഫലം കണ്ടു. വ്യക്തിപരമായി പുരുഷന്മാര്‍ ചൂഷണം ചെയ്യുന്നവരാണെങ്കിലും ബാങ്കിന്റെ ക്ഷണപ്രകാരം നടന്ന ബോധവത്കരണത്തില്‍ പല സംശയങ്ങളും തീര്‍ന്നു. മാത്രമല്ല, തങ്ങള്‍ക്കും ഈ സംരംഭത്തില്‍ പ്രധാന പങ്കുണ്ടെന്ന് അവര്‍ക്കു ബോധ്യവുമുണ്ടായി.
അന്നു മുതല്‍ ഗ്രാമീണ്‍ വളരെ ദൂരം മുന്നോട്ടു പോയി. ഇപ്പോള്‍ സ്ത്രീകളുടെ കൂടെ പുരുഷന്മാര്‍ക്കും വായ്പ കൊടുക്കുന്നുണ്ട്.
വീട് നിര്‍മാണത്തിനുള്ള വായ്പ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തിലെ ഒരു അവിഭാജ്യഘടകമാണ്. മൂന്നു സ്വയംതൊഴില്‍വായ്പകള്‍ ശരിയായി തിരിച്ചടച്ചാല്‍ മാത്രമേ ഭവനവായ്പ ലഭിക്കുകയുള്ളൂ. കൂടാതെ, ഭര്‍ത്താവ് വീട് ഉണ്ടാക്കാനുള്ള ഭൂമിയുടെ അവകാശപത്രത്തില്‍ ഭാര്യയ്ക്കായി ഒപ്പുവെക്കണം. എല്ലാ അപേക്ഷയിലും ഭര്‍ത്താക്കന്മാര്‍ ഇതു ചെയ്തിട്ടുണ്ട്. അങ്ങനെ ഞങ്ങള്‍ 40,000ത്തിലധികം ഭവനവായ്പകള്‍ നല്കിയിട്ടുണ്ട്.
ഗ്രാമീണിന്റെ സംഘടനാപരമായ സംവിധാനങ്ങള്‍ ഇതിനു സഹായകമായവിധത്തില്‍ പ്രവര്‍ത്തിക്കുന്നു. ചിലപ്പോള്‍ സംഘങ്ങള്‍തന്നെ ഒരു ബോധവത്കരണഘടകമായി പ്രവര്‍ത്തിക്കുന്നു.
1983ലെ ഒരനുഭവം ഇതിനു സാക്ഷിയാണ്. ഒരു കേന്ദ്രയോഗത്തിനു ശേഷം ഗ്രാമപാതയില്‍ക്കൂടെ ഞാന്‍ ശാഖയിലേക്ക് പോവുകയായിരുന്നു. 30 വയസ്സുള്ള കര്‍ഷകത്തൊഴിലാളിയായ ജോയ്നലിനെ ഞാന്‍ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ ഭാര്യ ഫരീദ എട്ടു മാസം മുന്‍പേ ഗ്രാമീണിന്റെ അംഗമാണെന്നും, വായ്പ മുടങ്ങാതെ ആഴ്ചയില്‍ തിരിച്ചടയ്ക്കാന്‍ അവള്‍ കഠിനശ്രമം ചെയ്യുന്നുവെന്നും ഞാന്‍ മനസ്സിലാക്കി. 'ആദ്യം സംശയമുണ്ടായിരുന്നുവെങ്കിലും, അവളുടെ നിരന്തരമായ ആവശ്യപ്രകാരം ഗ്രാമീണില്‍ അംഗമാകാന്‍ അവളെ അനുവദിച്ചു,' അയാള്‍ പറഞ്ഞു.
'തിരിഞ്ഞുനോക്കുമ്പോള്‍, നിങ്ങളുടെ തീരുമാനം ശരിയായിരുന്നു എന്നു തോന്നുന്നുണ്ടോ?'
'തീര്‍ച്ചയായും, ഇപ്പോള്‍ ഞങ്ങള്‍ മൂന്നുപേര്‍ക്കും ശരിയായി ആഹാരം കഴിക്കാന്‍ സാധിക്കുന്നുണ്ട്.'
എനിക്കിത് അവസാനപരീക്ഷയില്‍ നല്ല മാര്‍ക്കു ലഭിക്കുന്നതുപോലെയായിരുന്നു. ഞങ്ങള്‍ ഒരുമിച്ചു നടന്നു. ജോയ്നല്‍ നിഷേധരൂപത്തില്‍ പറഞ്ഞു, 'ഞാന്‍ ഭാര്യയെ തല്ലാറുണ്ടായിരുന്നു. എന്നാല്‍, ഈ സ്വാതന്ത്ര്യം ഇപ്പോള്‍ എനിക്കില്ല. ഇപ്പോള്‍ ഞാന്‍ തല്ലുമ്പോള്‍ ഗ്രാമീണ്‍ അംഗങ്ങള്‍ ഇടപെടുന്നു. തല്ലരുതെന്നും, തല്ലിയാല്‍ അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പറയുന്നു.'
ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു, 'നിങ്ങള്‍ ഭാര്യയെ വെറുതേ വിടൂ. അവള്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടല്ലോ. നിങ്ങളുടെ വിഷമങ്ങള്‍ തീര്‍ക്കാന്‍ വേറെ ഉപാധികള്‍ നോക്കണം.'
ഭാര്യയെ മര്‍ദിക്കുന്ന ശീലം ഗ്രാമീണ്‍ അംഗങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വളരെ കുറഞ്ഞെന്നു സ്വതന്ത്രപഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.