കലിയിളകുമ്പോള്‍ തലച്ചോറിനുള്ളിലെ സര്‍ക്യൂട്ടുകള്‍ക്ക് സംഭവിക്കുന്നതെന്ത്?:എതിരന്‍ കതിരവന്‍ എഴുതുന്നു

ശരീരവ്യവസ്ഥയും മസ്തിഷ്‌കവും തമ്മിലുള്ള ബന്ധങ്ങളും വേദനയും വികാരവും ന്യൂറോണിന്റെ രഹസ്യങ്ങളും അവ ഉളവാക്കുന്ന പ്രത്യാഘാതങ്ങളും പഠനവിധേയമാക്കുന്ന ഗ്രന്ഥമാണ് എതിരന്‍ കതിരവന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മസ്തിഷ്‌കം; വികാരം, വേദന, വിശ്വാസം. പുസ്തകത്തില്‍ നിന്നും ഒരുഭാഗം വായിക്കാം.
ആവേശിക്കാന്‍ തക്കതായ ഒരു കഥാപാത്രമാണ് കലി. നളചരിതത്തില്‍ നളനെക്കൊണ്ട് പലതും ചെയ്യിച്ചത് ബാധിച്ച കലിയാണെന്ന മട്ടിലാണ് കഥ വിടര്‍ന്നു വികസിക്കുന്നത്. കലി ആവേശിച്ചാല്‍ അറിയാതെ കൊലപാതകംവരെ ചെയ്തുപോകും. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ വെട്ടുന്നതും തോക്കെടുത്തു വെടി വെക്കുന്നതും ഒക്കെ നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന കഥകളാണ്. ശാന്തനും സല്‍സ്വഭാവിയുമായ ആള്‍ എങ്ങനെ ഇപ്രകാരം പെരുമാറി എന്ന് ആശ്ചര്യംകൂറുമ്പോള്‍ ചില പ്രത്യേക ന്യൂറോണുകളും രാസവസ്തുക്കളുംകൂടിയുള്ള കളിയാണിതെന്നാണു മനസ്സിലാക്കേണ്ടത്. തലച്ചോറിന്റെ സ്വാഭാവികമായ ചോദനാപരിണതിയാണു നമ്മെ കലിപൂണ്ടവരാക്കുന്നത്.
അതിജീവനത്തിനു കടുത്ത മത്സരം ആവശ്യമാണ് മനുഷ്യന്. കാരണം, അവന്‍ ഒരു സമൂഹജീവിയാണെന്നതുതന്നെ. ആഹാരത്തിനും ഇണയെ ലഭിക്കുന്നതിനും കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന സാമാന്യനീതിയിലാണ് മനുഷ്യപരിണാമം സംഭവിച്ചതുതന്നെ. മനുഷ്യര്‍ക്കു മാത്രമല്ല, മത്സരിക്കേണ്ടിവരുന്ന ഏതൊരു ജീവിക്കും പ്രതിസന്ധികളില്‍ സന്നദ്ധമായിരിക്കാന്‍ ചില കടന്നകൈപ്രയോഗങ്ങള്‍ തലച്ചോറില്‍ കൊരുത്തുവെക്കപ്പെട്ടിട്ടുണ്ട്. ആക്രമണമാണ് ഉദ്ദേശ്യമെങ്കിലും അതിനു വീര്യംകൂട്ടാന്‍ ദേഷ്യം ആവശ്യമായി വരികയാണ്. ഹിംസ അതിജീവനത്തിന്റെയും അതുവഴി സംസ്‌കാരത്തിന്റെ ഭാഗമായി വളര്‍ന്നവരാണ് നമ്മള്‍ മനുഷ്യര്‍. ആധിപത്യത്തിനും മേല്‍ക്കോയ്മയ്ക്കുംവേണ്ടി പൊരുതി ജയിക്കുക എന്നത് ആണുങ്ങളുടെ ആവശ്യമായിരുന്നു. ആഹാരത്തിനും തന്റെ കൂട്ടത്തിന്റെ സുരക്ഷയ്ക്കും ഇണയെ ലഭിക്കുന്നതിനും ഇങ്ങനെ അത്യാവശ്യം പ്രയോഗിക്കേണ്ടിവന്ന തന്ത്രങ്ങളുടെ ഭാഗം. ഒരു സമൂഹത്തിനു പുറത്ത് അവനു ജീവിക്കാന്‍ വയ്യാതായതിനു കൊടുക്കേണ്ടിവന്ന വിലയാണിത്. അതിജീവനത്തിനു മനുഷ്യര്‍ ഇന്നു പോരാട്ടങ്ങള്‍ നടത്തേണ്ടതില്ല, പുരാതനകാലത്തെപ്പോലെ. ശ്രേണീബദ്ധമായ സമൂഹത്തില്‍ മുകളിലെത്താന്‍ പാടുപെടുന്നത് സാധനാസമ്പത്തുക്കള്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ കൂടുതല്‍ കൈപ്പറ്റാന്‍ വേണ്ടിയാണെങ്കിലും. പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തില്‍ സുഹൃത്തിനെയാണെങ്കിലും കൊന്നുകളയുന്ന അവസ്ഥ വന്നുചേരുന്നത് ഇനിയും മാറ്റപ്പെടാത്ത ചില പ്രാചീനതിരുശേഷിപ്പുകള്‍ അനാവശ്യമായി നമ്മുടെ തലച്ചോറ് കൊണ്ടുനടക്കുന്നതിനാലാണ്. പുരാണത്തില്‍നിന്നും ഒരു കലി നമ്മളെ ഒരു നിമിഷനേരമെങ്കിലും ആവേശിക്കാന്‍ തക്കംപാര്‍ത്തിരിക്കയാണ്.
എന്തിനു കോപം വെച്ചു തലച്ചോറില്‍ ഭീഷണിയുടെ, പേടിപ്പിക്കലിന്റെ, ബലപ്രയോഗത്താലുള്ള കാര്യസാദ്ധ്യത്തിന്റെ, ആധിപത്യത്തിന്റെ എല്ലാം ഉപകരണമാണ് ദേഷ്യം. പലതും സാധിച്ചെടുക്കാനായി ചെലവുകുറഞ്ഞ രീതിയില്‍ തലച്ചോറില്‍ ഘടിപ്പിക്കപ്പെട്ടത്. പരിണാമകാലഘട്ടങ്ങളില്‍ അതിജീവനത്തിന്റെ പൊരുതലുകളില്‍ ആവശ്യമായി വന്ന ഒരു പെരുമാറ്റം. പ്രകൃതിനിര്‍ദ്ധാരണം (natural selection) വിലപേശല്‍ ചാതുര്യതന്ത്രങ്ങളാല്‍ ദേഷ്യംവരുന്നയാള്‍ക്ക് ആനുകൂല്യം കിട്ടുന്ന തരത്തില്‍ പരിഹാരം കാണുന്ന ന്യായവിധികള്‍ തീര്‍പ്പിച്ചതാണിത്. കോപിഷ്ഠനു ക്ഷേമം വരുന്ന വിധത്തിലാണ് ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇണക്കിയിരിക്കുന്നത് എന്നതു തമാശയായിത്തോന്നാമെങ്കിലും 'പെണ്ണും പിടക്കോഴിയും' നിര്‍ബ്ബാധമുള്ള പ്രജനനത്തിന് ആവശ്യമായ സെക്‌സും ആഹാരവും-വരുതിയിലുള്ള ജീവിതംതന്നെയാണ് ആത്യന്തികലക്ഷ്യം. അധികാരപ്രമത്തത സ്ഥാപിച്ചെടുക്കുകയും വിഭവസമ്പത്തുകളില്‍ കൂടുതലുടമസ്ഥാവകാശം ഉറപ്പിക്കുകയും ചെയ്യാന്‍ ഈ കീഴ്‌പ്പെടുത്തല്‍ വികാരം ആവശ്യമാകുകയും അത് ഇണയുടെയും കുഞ്ഞുങ്ങളുടെയും അതിജീവനം സാദ്ധ്യമാക്കുകയും ചെയ്യുന്നു. ഇപ്രകാരം ദേഷ്യത്തെ സംബന്ധിച്ചിടത്തോളം ബോധജ്ഞാനപരമായ ന്യൂറോണ്‍ കേന്ദ്രങ്ങള്‍ ഉരുത്തിരിയുകയും അതിജീവനത്തിനു പ്രയോജനപരമാകയും ചെയ്തു. ജീവിതത്തിന്റെ വിലപേശലില്‍ കൂടുതല്‍ ശക്തിയുള്ള ജീവിക്ക് അര്‍ഹത കൂടുന്നുണ്ട്. അതുകൊണ്ട് ശക്തി കൂടുതലുള്ളവര്‍ക്കു ദേഷ്യവും കൂടുതലുണ്ട് എന്നതു ജീവശാസ്ത്രപരമായ സത്യമാണ്.
ജന്തുകുലങ്ങളുടെ പ്രാഥമികചോദനകളായി തലച്ചോറില്‍ ഘടിപ്പിക്കപ്പെട്ട ഈ അതിജീവനപ്പൊരുത്തവിശേഷം മനുഷ്യരുടെ അതിസങ്കീര്‍ണ്ണവും ബുദ്ധിയേറിയതുമായ തലച്ചോറില്‍ ഇന്നും നിലനില്‍ക്കുകയാണ്. പക്ഷേ, കാലവും പരിസ്ഥിതികളും മാറിയത് അവന്‍ അറിയാതെപോയിട്ടുണ്ട്. മോട്ടോര്‍ക്കാറുകള്‍ വന്ന കാര്യവും അവകള്‍ ഓട്ടമത്സരത്തിനല്ല എന്നതും മനുഷ്യമനസ്സ് അംഗീകരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. കാറിനു ചുറ്റുമുള്ള ഇടം തന്റേതു മാത്രമാണെന്നു ധരിച്ചുവശാകുകയാണ് പാവം മനുഷ്യന്‍. കാറിലെ കുടുംബാംഗങ്ങളെ രക്ഷിക്കേണ്ടതാണെന്നും അതിന് ഒരു മത്സരം വേണ്ടിവരുമെന്നും ഒരുമാത്ര വെറുതേ നിനച്ചുപോവുകയാണ് പിന്നോട്ടു സഞ്ചരിച്ച മനസ്സ്. ഹൈവേയിലെ ലെയിനുകള്‍ തന്റെ കാറിനു മാത്രമാണെന്ന ബോധവുമായി ആധുനികയുഗവുമായി സമരസപ്പെടാത്ത മസ്തിഷ്‌ക്കം വാശിപിടിക്കുകയാണ്. മറ്റേ കാറിന്റെ തരവും നിറവും മറ്റൊരു ഗോത്രസങ്കല്‍പ്പത്തിലേക്കു നയിച്ച് അതിനെ വെല്ലാന്‍ തയാറെടുക്കുകയാണ് പ്രാകൃതവും പ്രാചീനവുമായ ന്യൂറോണ്‍ വലയങ്ങള്‍. പ്രസിദ്ധ ന്യൂറോശാസ്ത്രവിദഗ്ദ്ധന്‍ ഡള്ളസ് ഫീല്‍ഡ്‌സ് വളരെ രസകരമായി ഇക്കാര്യങ്ങള്‍ തന്റെ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.
ചിന്ന ചിന്ന ആശൈ ചിറകടിക്കും ആശൈ- ഡോപമിനുവേണ്ടി
പ്രതിഫലം കിട്ടാന്‍ ഉഴറുന്ന മനസ്സാണ് നമ്മുടേത്. പ്രേമിക്കാനുള്ള മനസ്സാണ്, ആസക്തികളുടെ കൂടാരമാണത്. തേടിത്തേടി അലയുക, തേടുന്നതു കിട്ടുക, അതില്‍ ആഹ്ലാദിക്കുക എന്നതാണിതിന്റെ അടിസ്ഥാനക്കണക്കുകള്‍. അതു കിട്ടിയില്ലെങ്കില്‍ നിരാശയായി, അതില്‍നിന്നും ദേഷ്യം ഉടലെടുക്കുകയായി. അതു കിട്ടാന്‍ വേണ്ടി, പ്രതിരോധങ്ങളെ തകര്‍ക്കാന്‍ വേണ്ടി ശരീരത്തെ സജ്ജമാക്കുക എന്നതാണു ദേഷ്യത്തിന്റെ പ്രധാന ഉദ്ദേശ്യം. മറ്റൊരു ജീവിയോ മനുഷ്യനോ പരിതഃസ്ഥിതിയോ എന്തുമാകാം ഈ നേരിടലില്‍ അവനു പ്രതിസന്ധിയാകുന്നത്.
ഈ അന്വേഷണപ്രണാലി (seeking system) പെരുമാറ്റത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. സങ്കീര്‍ണ്ണവും സംസക്തവും പരസ്പരബന്ധമാര്‍ന്നതുമായ ന്യൂറോണ്‍ വലകള്‍ ഇതിനുവേണ്ടി നെയ്‌തെടുക്കുന്നത് അതിജീവനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഉപയോഗസാദ്ധ്യതകള്‍ക്കുവേണ്ടിയാണ്. ഈ ചിട്ടവട്ടസമ്പ്രദായം ജന്തുക്കളെ പുതുമ തേടാന്‍ പ്രേരിപ്പിക്കുന്നതു ജീവിതവ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ വേണ്ടിത്തന്നെയാണ്. അതുകൊണ്ടുതന്നെ അന്വേഷിച്ചതു കണ്ടെത്തുമ്പോഴുള്ള ആഹ്ലാദം ചില്ലറയല്ല. പ്രതീക്ഷാനിര്‍ഭരമായി ജീവിക്കാനും അതിജീവനത്തിനുള്ള സാമഗ്രികള്‍ ഒരുക്കിക്കൂട്ടാനുമാണ് ഈ നിയുക്തി. ആഹാരം, വെള്ളം, തണുപ്പില്‍നിന്നും രക്ഷ ഇവയൊക്കെ തേടുകയാണ് ഉഴറുന്ന മനസ്സ്. പരിണാമം നിഷ്‌കര്‍ഷിക്കുന്ന, പരമവും ആത്യന്തികവുമായ സെക്‌സ് ഉള്‍പ്പടെ. അഭിലാഷങ്ങളും കുതൂഹലങ്ങളും ഉണര്‍ത്തിയുയര്‍ത്തി അറിവിന്റെയും പഠനത്തിന്റെയും വഴികളിലേക്കു തെളിച്ച് ബൗദ്ധികതലങ്ങളിലേക്കു മനസ്സിനെ ആവാഹിച്ച് ഈ അന്തര്‍ദ്ദാഹത്തില്‍ തൃപ്തി നേടി നാളെയിലേക്കു നയിക്കുന്നത് ന്യൂറോണ്‍ കേന്ദ്രങ്ങളുടെ മായാജാല വലയങ്ങളാണ്. ഇതിന്റെ സംത്രാസത്തില്‍ വീഴ്ച വന്നാല്‍ വിഷാദരോഗത്തിലെത്താന്‍ വഴിയുണ്ട്. അതിരുവിട്ടുപോയാല്‍ ഷ്‌കിസോഫ്രീനിയ, സൈക്കോസിസ്, ഭ്രാന്ത് ഈ വഴിയേ ആയിരിക്കും പിടിച്ചാല്‍കിട്ടാത്ത ന്യൂറോണ്‍ സംവേദനങ്ങള്‍ നമ്മെ നയിക്കുന്നത്. ഡോപമിന്‍ എന്ന നാഡീരാസവസ്തുവാണ് ഈ സമ്മാനലബ്ധിയില്‍ ആഹ്ലാദം പകരുന്നത്. ഈ ഡോപമിന്‍ വലയങ്ങള്‍ മറ്റു കേന്ദ്രങ്ങള്‍ക്ക് നിരന്തരം അറിവുകള്‍ നല്‍കിക്കൊണ്ടിരിക്കയാണ്, നിരന്തരം പുതുമകള്‍ തേടാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കയാണ്. കൊക്കൈന്‍ പോലത്തെ ലഹരിമരുന്നുകള്‍ ഈ വലയങ്ങളെ കൂടുതല്‍ ത്രസിപ്പിക്കുന്നവയാണ്. തേടിയെടുത്ത് നേടുന്നതിലെ സുഖം സൂത്രത്തില്‍ ലഭിക്കുകയാണ് ഡോപമിനു പകരക്കാരായി വരുന്ന മയക്കുമരുന്നുകള്‍ വഴി. മദ്യത്തിന്റെ പ്രാവര്‍ത്തികഫലവും വ്യത്യസ്തമല്ല.
ഈ വ്യവസ്ഥയില്‍ മാറ്റംവരുന്നതു തലച്ചോറിനു സഹിക്കാനാവുകയില്ല. അതിലേക്കു തിരിച്ചുവരാന്‍ ആവതും പരിശ്രമിക്കും. പെട്ടെന്ന് അതു സാധിക്കുകയില്ലെങ്കിലും തലച്ചോറിന് പ്രതിപ്രവര്‍ത്തിച്ചേ പറ്റൂ. കോപം ഉടലെടുക്കുകയായി. തന്റെ ഉദ്ദേശ്യത്തിനോ പ്രതീക്ഷയ്‌ക്കോ വിലങ്ങുതടിയായിക്കാണുന്നതിനെ മാറ്റിയെടുക്കാനുള്ള ഉദ്യമം. ക്യൂ നിന്നു മടുക്കുമ്പോഴോ രാവിലെ പത്രക്കാരന്‍ പയ്യന്‍ പത്രം ഇടാന്‍ താമസിച്ചാലോ ക്ലാസില്‍ വിദ്യാര്‍ത്ഥി വര്‍ത്തമാനം പറയുന്നതു കണ്ടാലോ ഒക്കെ ഉദ്ദിഷ്ടകാര്യസാദ്ധ്യം നടക്കാതെപോകുമ്പോള്‍ തലച്ചോര്‍ പ്രതിപ്രവര്‍ത്തിച്ചുപോകയാണ്. പത്രക്കാരന്‍ പയ്യനെ തിരിച്ചു പത്രംകൊണ്ട് എറിഞ്ഞോ, വിദ്യാര്‍ത്ഥിയെ അടിച്ചോ ക്യൂവില്‍ ഉന്തും തള്ളുമുണ്ടാക്കിയോ മാറിപ്പോയ ഡോപമിന്‍വലയന്യൂറോണുകളെ തിരിച്ചു പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കും. നിരാശ എന്നാണ് നമ്മള്‍ ഇതിനെ പറയുക. ഇതിനു കാരണമായതിനെ മാറ്റിയെടുക്കുക എന്നത് അതിജീവനതന്ത്രത്തിന്റെ ഭാഗംതന്നെ.
നിരാശ മാത്രമല്ല, കലി ആവേശിക്കാന്‍ അസ്തിത്വം നിരന്തരമാക്കണമെന്ന നിര്‍ദ്ദേശവുമായാണു ജീവകുലം ഉടലെടുക്കുന്നതുതന്നെ. ജീവന്‍ നിലനിര്‍ത്താന്‍ അതിയായി പോരാടാന്‍ തലച്ചോറിനെ സജ്ജമാക്കുകയാണ് ദേഷ്യത്തിനു പ്രേരകശക്തികളിലൊന്ന്. അധിക്ഷേപമാണ് മറ്റൊന്ന്. സമൂഹത്തിലെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഇതുമൂലമുള്ള കോപാവേശത്തിനു പിന്നില്‍. വിശ്വാസങ്ങള്‍ ചോദ്യംചെയ്യപ്പെടുകയോ അധിക്ഷേപം ഏല്‍ക്കുകയോ (അധിക്ഷേപം എന്നതു സമൂഹത്തിലെ സ്ഥാനത്തെ അവമതിക്കപ്പെടുമ്പോഴാണ്. അവ മിക്കവയും സമൂഹസ്ഥാനത്തിലെ കീഴ്സ്ഥിതി ദ്യോതിപ്പിക്കുന്നതോ പുറംതള്ളപ്പെട്ടവന്‍ എന്നു വിവക്ഷിക്കുന്നതോ ആണെന്ന് ഓര്‍ക്കുക) ചെയ്യുമ്പോഴും ദേഷ്യം വരാം. ഭീഷണിയോ മറ്റുള്ളവരുടെ അപായകരമായ പ്രവൃത്തിയോ ദേഷ്യത്തിനു കാരണമാകും. ഭീഷണിയുടെ കടുപ്പമനുസരിച്ച് ദേഷ്യവും കൂടാറുണ്ട്. കുടുംബത്തെ പ്രത്യേകിച്ചും കുഞ്ഞുങ്ങളെ സംരക്ഷിക്കാനും ദേഷ്യഭാവം ഉപകരിക്കും. പ്രസവിച്ചു കിടക്കുന്ന നായ ആക്രമണകാരിയായി മാറുന്നത് സാധാരണകാഴചയാണ്. വാസസ്ഥലം കാത്തുസൂക്ഷിക്കുന്നത് അതിജീവനത്തിന് അത്യാവശ്യമാകയാല്‍ മൃഗങ്ങളും മനുഷ്യരും ഇതിനെച്ചൊല്ലി ക്രോധാവേശപ്പെടും. ചെറിയ അതിര്‍ത്തിത്തര്‍ക്കങ്ങള്‍ കൊലപാതകത്തില്‍വരെ എത്താറുണ്ട്. ഇണചേരുമ്പോള്‍ അലോസരമുണ്ടാക്കുന്നത് മൃഗങ്ങള്‍ക്കെന്നല്ല മനുഷ്യര്‍ക്കും ദേഷ്യകാരിയാണ്. സ്വന്തം ഗോത്രമോ കുലമോ സംരക്ഷിക്കാനും അതിര്‍ത്തി കടക്കുന്നവരെ തുരത്താനോ ദേഷ്യത്തില്‍നിന്നുണരുന്ന അക്രമവാസന ഉപയുക്തമാകാറുണ്ട്. കഠിനമായ വിശപ്പും ദേഷ്യഭാവങ്ങള്‍ ഉളവാക്കും. ഉത്കടവും നീണ്ടുനില്‍ക്കുന്നതുമായ മാനസികസംഘര്‍ഷം ദേഷ്യഭാവത്തിലേക്കുള്ള വഴിയാണ്. ശാരീരികമായോ ലൈംഗികമായോ പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരുടെ കോപസ്വിച്ച് എളുപ്പം ഉണര്‍ത്താവുന്ന രീതിയില്‍ ആയിപ്പോവുകയാണ്. ഒരു പ്രതിരോധം എന്ന നിലയ്ക്കാണ് അവര്‍ക്കു പെട്ടെന്നു ദേഷ്യം വരുന്നത്. താറുമാറായ വ്യക്തിത്വം, സമൂഹവിരോധം ഇവയൊക്കെയും കോപകാരികളാണ്.
കലിയുടെ സര്‍ക്യൂട്ടുകള്‍
തോന്നലുകളുടെയും അനുഭവങ്ങളുടെയും കേന്ദ്രങ്ങള്‍ പലതും സമഗ്രമായി ഇഴചേര്‍ത്ത് അത്യന്തം സൂക്ഷ്മമായി ഉരുത്തിരിയുന്ന കലി എന്ന ഭാവം ഒരു ദൂഷ്യമായല്ല പരിണാമം സംഘടിപ്പിച്ചെടുത്തതെങ്കിലും അങ്ങനെയാണ് പ്രത്യക്ഷത്തില്‍ അനുഭവപ്പെടുക. എവിടെ, എപ്പോള്‍ എന്ന വ്യതിരിക്തബോധം ഉണ്ടാവുകയാണ് കാര്യം. 'ക്രോധം പരിത്യജിക്കേണം ബുധജനം' എന്ന് എഴുത്തച്ഛന്‍ പാടിയത് ചുമ്മാതല്ല. ചുറ്റുപാടുകള്‍ മനസ്സിലാക്കി നെല്ലും പതിരും വേര്‍തിരിച്ചെടുക്കുന്ന ബോധജ്ഞാനകേന്ദ്രങ്ങള്‍ നല്‍കുന്ന അറിവുകളാണ് ദേഷ്യംപിടിക്കണോ വേണ്ടയോ എന്നതിന്റെ ആദ്യതീരുമാനങ്ങള്‍ മറ്റു കേന്ദ്രങ്ങളെ അറിയിക്കുന്നത്. മനോവികാരവിക്ഷോഭസ്‌തോഭഭാവങ്ങളും ആന്തരികമായ ബോധജ്ഞാനവ്യവസ്ഥകളും സങ്കലിച്ച് നിരവധി സര്‍ക്യൂട്ടുകള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു ക്രോധകാരണത്തിന്. സ്ഥലകാലസന്ദര്‍ഭങ്ങള്‍, അനുബന്ധിതമായ പഠിച്ചെടുക്കല്‍, ഓര്‍മ്മ ഇവയൊക്കെ ഒരേസമയത്ത് ഇതിനോടു കൂട്ടിയിണക്കുന്ന ആസൂത്രണങ്ങള്‍വഴി സങ്കീര്‍ണ്ണതയ്ക്ക് ആക്കംകൂട്ടുകയാണ്. നാലു കേന്ദ്രങ്ങളാണ് കലിനാടകത്തില്‍ പ്രധാനമായും പങ്കെടുക്കുന്നത്. പി.എഫ്.സി. (prefrontal cortex),അമിഗ്ദല, ഹൈപ്പോതാലമസ്, പി.എ.ജി. (Periaquaductal gray)എന്നിവയാണ് മുഖ്യകളിക്കാര്‍. കൂടാതെ പല രാസസംവാഹകരും ഇവര്‍ തമ്മിലുള്ള സന്ദേശപ്രദാനത്തില്‍ പങ്കെടുക്കുന്നുണ്ട്. തലച്ചോറിന്റെ മുന്‍ഭാഗത്തു നെറ്റിക്കു നേരേ പിറകിലാണ് പ്രിഫ്രൊണ്ടല്‍ കോര്‍ടെക്‌സ് (Prefrontal Cortex) എന്ന പി.എഫ്.സി. ഇവിടുന്നും നിര്‍ദ്ദേശങ്ങള്‍ അമിഗ്ദല എന്ന ഇരട്ട ന്യൂറോണ്‍ കേന്ദ്രത്തില്‍ എത്തുകയാണ്. അമിഗ്ദല സാഹചര്യം അനുസരിച്ച് ദേഷ്യത്തിന്റെ അവസ്ഥകള്‍ നിര്‍മ്മിച്ചെടുക്കാന്‍ തുടങ്ങിയിട്ട് പി.എ.ജി. എന്ന, തലച്ചോറിന്റെ താഴെ ഭാഗത്തേക്കു നിര്‍ദ്ദേശങ്ങള്‍ അയയ്ക്കും. ഇതിനിടയ്ക്കു ഹൈപ്പോതാലമസ് എന്ന ന്യൂറോണ്‍കേന്ദ്രം ഇതിലെന്തെങ്കിലും മാറ്റങ്ങള്‍ വേണോ എന്നു പരിശോധിക്കും. ലൈംഗികത, വിശപ്പ്, ഹോര്‍മോണ്‍ പ്രാഭവങ്ങള്‍ ഒക്കെ ഇതില്‍പ്പെടും. എല്ലാം ഒത്തുവന്നാല്‍ ഹൈപ്പോതാലമസിന്റെ മേല്‍നോട്ടത്തോടെ പി.എ.ജി. കലി ഇളക്കുകയായി. അന്തിമതീരുമാനം പി.എ.ജിയുടേതാണ്.
നെറ്റിക്കു പിറകില്‍ പി.എഫ്.സി. എന്ന കേന്ദ്രം
നമ്മുടെ നെറ്റിക്കു നേരേ ഉള്‍ഭാഗത്താണ് പി.എഫ്.സി (Prefrontal cortex). കാഴ്ച, കേള്‍വി, മണം, സ്പര്‍ശം ഇങ്ങനെ പല അനുഭവങ്ങളും തലച്ചോറിന്റെ അതതുഭാഗങ്ങള്‍ ഇവിടെ എത്തിക്കുകയും ചില തീരുമാനങ്ങള്‍ എടുത്തു വിവിധ കേന്ദ്രങ്ങളിലേക്കു സന്ദേശങ്ങള്‍ അയച്ച് ഇതു മിക്കവാറും പ്രതിപ്രവര്‍ത്തനത്തിനു വേണ്ടിയാണ്. തോന്നലുകള്‍, അനുഭൂതികള്‍, ധാരണകള്‍ ഇവയെല്ലാം ഉളവാക്കുകയും ചെയ്യാന്‍ പി.എഫ്.സിയുടെ പ്രവര്‍ത്തനം അത്യാവശ്യമാണ്. തലച്ചോറിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും അതതു കേന്ദ്രങ്ങള്‍ക്ക് അപ്പോഴപ്പോള്‍ കിട്ടുന്ന അറിവുകളും പി.എഫ്.സിയില്‍ ഉടന്‍ എത്തുകയാണ്. ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ളവ ഉള്‍പ്പെടെ. അങ്ങനെ പുറമേനിന്നും അകമേനിന്നുമുള്ള സവേദനങ്ങളെല്ലാം സംഭരിച്ച് ചില തീരുമാനങ്ങളെടുക്കുന്ന എക്‌സിക്യൂട്ടീവ് ഓഫീസാണ് പി.എഫ്.സി. കൂടാതെ മനോവികാരങ്ങള്‍, പ്രചോദനവികാരങ്ങള്‍ (motivation) ഇവയുടെ വിവരങ്ങളും ഇവിടെ സമാഹരിക്കപ്പെടുന്നു. ന്യൂറോണുകളുടെ പ്രവര്‍ത്തനരീതിയെ ബാധിക്കുന്ന രാസവസ്തുക്കളുടെ അനുക്രമങ്ങളെക്കുറിച്ചും ചട്ടവട്ടങ്ങളെക്കുറിച്ചും വിവരങ്ങള്‍ ഇവിടെ എത്തുന്നുണ്ട്. ഇങ്ങനെ ശരീരത്തെയും ചുറ്റുപാടിനെയും നിരന്തരം ജാഗരൂകമായി ശ്രദ്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചു തീരുമാനങ്ങളെടുക്കാന്‍ തയ്യാറായി വര്‍ത്തിക്കുകയാണ് പി.എഫ്.സി. എന്ന കേന്ദ്രഗവണ്‍മെന്റ്. പ്രതിഫലം കിട്ടാതാവുമ്പോള്‍ കലിസര്‍ക്യൂട്ടിലേക്കു സന്ദേശം കൊടുക്കുന്നതും പി.എഫ്.സിയാണ്. എന്നാല്‍ പ്രചണ്ഡമായ ക്രോധമുളവാകുമ്പോള്‍ വികാരവിചാരങ്ങളെ മറികടന്ന്, അതിനു തെല്ലും സമയം കൊടുക്കാതെ നേരേ അമിഗ്ദലയ്ക്കും ഹൈപ്പോതാലമസിനും നിര്‍ദ്ദേശങ്ങള്‍ പോകുകയാണ്. അമിഗ്ദല ഹൈജാക് ചെയ്യുകയാണ് വിവേകപൂര്‍വ്വപെരുമാറ്റത്തെ. ഇതുകഴിഞ്ഞ് പി.എഫ്.സിക്ക് നിയന്ത്രണം ഏറ്റെടുക്കാന്‍ കുറച്ചു സമയം വേണ്ടിവരും. സ്ഥിരം കൊലപാതകികളുടെ പി.എഫ്.സി. തീരേ ഉണര്‍വ്വില്ലാത്തതാണെന്നാണ് ആധുനിക സ്‌കാനിങ് വിദ്യകള്‍ തെളിയിക്കുന്നത്.
അമിഗ്ദല: തോന്നലുകളില്‍നിന്നു ദേഷ്യത്തിലേക്ക്
തലച്ചോറിന്റെ താഴെ ഭാഗത്തുള്ള ന്യൂറോണ്‍സംഘമാണ് അമിഗ്ദല. ഇടതും വലതുമായി രണ്ടെണ്ണമുണ്ട്, ചെറുനെല്ലിക്കാ വലിപ്പത്തില്‍. നമ്മുടെ ചെവിയുടെ മുന്‍ഭാഗത്തിനു നേരേ അകത്താണിവ. സന്തോഷവും സങ്കടവും തോന്നിപ്പിക്കുന്നത് അമിഗ്ദലയുടെ പണിയാണ്. കൂടെ പേടിയും. പേടിപ്പിക്കുന്ന മുഖം കണ്ടാല്‍ അമിഗ്ദല ഓര്‍ത്തുവെക്കും. ഭീഷണി നേരിടുമ്പോള്‍ അമിഗ്ദല ഉത്തേജിതമാകും. ആക്രമണസ്വഭാവമുള്ളവരുടെ അമിഗ്ദല അത്യൂര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കുന്ന രീതിയില്‍ സംവിധാനം ചെയ്യപ്പെട്ടിരിക്കയാണ്. പി.എഫ്.സിയുമായി നിരന്തരസമ്പര്‍ക്കത്തിലാണ് ഈ രണ്ടു കുഞ്ഞു ന്യൂറോണ്‍ കേന്ദ്രങ്ങള്‍. ഭീഷണി മനസ്സിലാക്കുന്നത് അമിഗ്ദലയാണ്. ഇതോടെ അലാറം മുഴക്കുന്നതും. പി.എഫ്.സി. ഈ അലാറം ശ്രദ്ധിച്ച് അതു ന്യായീകരിക്കാവുന്നതാണോ എന്നു പരിശോധിച്ച് തിരിച്ച് അമിഗ്ദലയ്ക്കു നിര്‍ദ്ദേശം കൊടുക്കും. അമിഗ്ദലയില്‍നിന്നും കോര്‍ടെക്‌സിന്റെ മുന്‍ഭാഗത്തേക്കു സന്ദേശം പോകുന്നത് പ്രത്യേക നാഡികള്‍ വഴിയാണ്; ഈ നാഡികളുടെ സന്ദേശവാഹകര്‍ മേല്‍പ്പറഞ്ഞ 'ഡോപമിന്‍' എന്ന ന്യൂറോസംവഹനവസ്തുവാണ്.
പി.എഫ്.സിയും അമിഗ്ദലയും കൂടെയാണ് തോന്നലുകളെയും അനുഭവങ്ങളെയും വികാരങ്ങളെയും ഉളവാക്കാന്‍ സഹായിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും. ഇവ രണ്ടും ബന്ധിപ്പിക്കുന്ന 'വയറിങ്' തലങ്ങും വിലങ്ങും ഓടുകയാണ്. ചിത്രം 3 ഇവ രണ്ടും വ്യക്തമാക്കുന്നു. പി.എഫ്.സിയുടെ താഴെ ഭാഗമായ ഒ.എഫ്.സി. (Orbitofrontal cortex)യാണ് പ്രധാനമായും അമിഗ്ദലയുമായി ബന്ധപ്പെടുന്നത്. പുരികത്തിനു നേരേ പിറകിലും കണ്‍കുഴിയുടെ മുകള്‍ഭാഗത്തുമുള്ള തലച്ചോറു ഭാഗമാണിത്. അമിഗ്ദലയുടെ ഓരോ ചെറിയ വിഭാഗവുമായും ഒ.എഫ്.സി. പ്രത്യേക വയറിങ് ഇട്ടിട്ടുണ്ട്. ഇവ രണ്ടും നിത്യസമ്പര്‍ക്കത്തിലാണ്. അതുകൊണ്ട് വളരെ നിയന്ത്രിതരീതിയിലുള്ള ആസൂത്രങ്ങളാണ് പ്രാവര്‍ത്തികമാകുന്നത്. ഇപ്രകാരം ബോധജ്ഞാനപരമായും വികാരപരമായും ഫിസിയോളജിപരമായും സമഗ്രമായ വിവരങ്ങളെ ഇണക്കിച്ചേര്‍ത്ത് മാനസികനില പ്രതിനിധീകരിക്കപ്പെടുകയാണ്.
ദേഷ്യം ഉളവാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അമിഗ്ദലയ്ക്ക് അയയ്ക്കുന്നത് മേല്‍പ്പറഞ്ഞ ഒ.എഫ്.സിയാണ്. ഈ ഭാഗത്തിനു ക്ഷതം പറ്റിയവര്‍ വളരെ ദേഷ്യക്കാരും അക്രമകാരികളും ആയിത്തീരാറുണ്ട്. അവര്‍ തീരേ സന്തോഷമില്ലാത്തവരായിത്തീരും. ദേഷ്യം വന്നുകഴിഞ്ഞാല്‍ പ്രശ്‌നക്കാരന്‍ തന്നിലും പാവമാണെന്നു തോന്നിയാല്‍ ആക്രമിക്കാനും തന്നെക്കാളും വീരനാണെന്നു തോന്നിയാല്‍ പിന്മാറാനും സാഹചര്യമൊരുക്കുന്നത് ഒ.എഫ്.സിയാണ്. കുറച്ചുകൂടി വശത്തുള്ള ഭാഗങ്ങളും വളരെ ജാഗരൂകരാണ്. കണ്ണിന്റെ അനക്കങ്ങള്‍ നിയന്ത്രിക്കുന്ന ഭാഗം പ്രത്യേകിച്ചും. ചുറ്റുപാടും നോക്കിക്കണ്ട് സൂക്ഷ്മത പുലര്‍ത്തണം ദേഷ്യം വരേണ്ട കാര്യമുണ്ടോ എന്ന തീരുമാനത്തിലെത്താന്‍. ഇന്‍സുല എന്ന ഭാഗത്ത് മറ്റു സന്ദേശങ്ങള്‍ എത്തുന്നുണ്ട്: വേദന, കേള്‍വി ഇവയൊക്കെ സംബന്ധിച്ചുള്ളവ. ദേഷ്യത്തിനു കാരണമുണ്ടോ എന്നു തീരുമാനത്തിലെത്തണമല്ലോ. ഉദാഹരണത്തിന് കടുത്ത അധിക്ഷേപമോ ദേഷ്യഭാവത്തിലുള്ള സംസാരമോ കേട്ടാല്‍ ക്രോധവലയങ്ങളിലേക്ക് ഉടന്‍ നിര്‍ദ്ദേശങ്ങള്‍ എത്തുകയായി. 'ആ പറഞ്ഞവനെ വെറുതേ വിടരുത്' എന്ന മട്ടില്‍. ഈ സമഗ്രവും സമന്വയീതലവുമുള്ള ഭാഗങ്ങളില്‍നിന്നുമാണ് ദേഷ്യം ബാഹ്യചേഷ്ടകളാല്‍ ആവിഷ്‌കരിക്കപ്പെടാന്‍ സന്ദേശങ്ങള്‍ പോകുന്നത്. പരിണാമവേളയില്‍ മനുഷ്യനു കിട്ടിയതാണ് വലിയ വ്യാപ്തിയുള്ള പി.എഫ്.സി. ആള്‍ക്കുരങ്ങുകള്‍ക്കോ മറ്റു ജന്തുക്കള്‍ക്കോ ഇല്ലാത്ത സൂക്ഷ്മതരമായ വികാരവിചാരങ്ങള്‍ തന്മൂലം നമുക്കു സാദ്ധ്യമാണ്. അതുകൊണ്ട് ശാന്തത്തില്‍നിന്നും രൗദ്രത്തിലേക്ക് എളുപ്പം പകര്‍ന്നാട്ടം നടത്തുന്ന അദ്വിതീയനടന്മാരാണു നമ്മള്‍.
ഓര്‍മ്മയുണ്ടോ ഈ മുഖം? അമിഗ്ദല ചോദിക്കുന്നു
പേടിയുമായി ബന്ധപ്പെട്ട വികാരങ്ങളുടെ കേന്ദ്രമാണ് അമിഗ്ദല. പേടിപ്പിക്കുന്ന മുഖം ഓര്‍ത്തുവെക്കും അമിഗ്ദല. ഇതേ മുഖമോ മുഖച്ഛായയോ പിന്നീടു കാണുമ്പോള്‍ സ്വാഭാവികമായും ചെറുത്തുനില്‍പ്പിനാണ് തലച്ചോറു തയ്യാറെടുക്കുന്നത്. ദേഷ്യത്തിനു തുടക്കം ഇങ്ങനെ. കോപാകുലമായ മുഖം കണ്ടാല്‍ അമിഗ്ദലയും ആ വഴിക്കു നീങ്ങും. പി.എഫ്.സിയില്‍നിന്നും കിട്ടുന്ന സംവേദനങ്ങള്‍ പുതിയതാണോ പണ്ടത്തെ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ വിവരങ്ങള്‍ അമിഗ്ദലയിലേക്കും ഹിപ്പോകാമ്പസ് എന്ന ഓര്‍മ്മകേന്ദ്രത്തിലേക്കും അയച്ച് പേടിക്കണോ, ആക്രമണസ്വഭാവമുള്ളതാണോ എന്നു ചരിത്രസൂക്ഷിപ്പില്‍ അന്വേഷിക്കപ്പെടുകയാണ്. പഴയ ഇന്ദ്രിയജ്ഞാനങ്ങളും വൈകാരികബോധങ്ങളുമൊക്കെ പുതിയവയുമായി തട്ടിച്ചുനോക്കാന്‍ ഹിപ്പോകാമ്പസിനു കഴിവുണ്ട്. പേടിച്ച മുഖം കണ്ടാല്‍ അമിഗ്ദല ഒട്ടൊന്നു ശാന്തമാകുകയാണ്. കോപത്തിന്റെ വഴിയിലേക്കു തിരിയുകയില്ല. ഇതും ഓര്‍മ്മയില്‍ സൂക്ഷിക്കപ്പെടും. എന്നാല്‍ എല്ലാ ഓര്‍മ്മകളും ഒരേപോലെ സൂക്ഷിക്കപ്പെടുന്നില്ല. അതിഘോരമായ സംഭവങ്ങളാണ് പ്രധാനമായും ഓര്‍മ്മച്ചെപ്പില്‍ അടയ്ക്കുന്നത്. ഒരു മുന്‍കരുതലിനു വേണ്ടിയാണിത്. സാദാ സംഭവങ്ങളൊക്കെ അരിച്ചുപേക്ഷിച്ച്, അര്‍ത്ഥവത്തായ അനുഭവങ്ങള്‍ വികാരസാന്ദ്രതയോടെ അമിഗ്ദലയും ഹിപ്പോകാമ്പസും പഠിപ്പിച്ചു പതിപ്പിച്ചുവെക്കുകയാണ്. നമ്മള്‍ അറിയാതെതന്നെ പിന്നീടു വന്നേക്കാവുന്ന അപകടസന്ധികളെ അതിജീവിക്കാന്‍വേണ്ടി തലച്ചോറു കളിക്കുന്ന അത്യദ്ഭുതകളിയാണിത്. പെട്ടെന്നു വരുന്ന ദേഷ്യം, അതോടുകൂടി പൊടുന്നനേ ഒരിക്കലും ചെയ്യാത്ത കൃത്യം ചെയ്തുപോകല്‍ ഒക്കെ ഈ അതിജീവനതന്ത്രത്തിന്റെ ഭാഗമാണ്. അമിഗ്ദല പ്ലാന്‍ ചെയ്തതാണ് ഇതൊക്കെ.
കോപം നിയന്ത്രിക്കാന്‍ മുന്‍കൈയെടുക്കുന്നത് വലതുഭാഗത്തെ അമിഗ്ദലയാണ്. ഇടത് അമിഗ്ദല കോപമേറ്റാനും. അമിഗ്ദലയും ഒ. എഫ്.സിയും തമ്മിലുള്ള സന്ദേശകൈമാറ്റങ്ങളിലൂടെയാണ് കോപനിയന്ത്രണം സാദ്ധ്യമാകുന്നത്. വിഷാദരോഗത്തിന് അടിപ്പെടുമ്പോള്‍ ഈ ബന്ധം താറുമാറാകുകയാണ്, ദേഷ്യം നിയന്ത്രിക്കാനാവാതെ പോകുകയാണ്. അപസ്മാരബാധിതര്‍ ആക്രമണകാരികളാകുന്നതിനു പിന്നിലും ഇതേ കാരണമാണ്. ക്രോധത്തിന്റെയും പേടിയുടെയും നിയന്ത്രണം കൈവശമുള്ളപോലെ സമൂഹബന്ധനിര്‍മ്മിതിക്കും അമിഗ്ദലയ്ക്കു പങ്കുണ്ട്. അമിഗ്ദലയ്ക്കു ക്ഷതം പറ്റിയാല്‍ ഒറ്റപ്പെട്ടവനും അന്തര്‍മുഖനും ആയിത്തീരും. സാമൂഹ്യചര്യകളെ നിരാകരിക്കും. പേടിക്കുന്ന മുഖം കണ്ടാല്‍ വികാരശൂന്യതയേ ഉളവാകുകയുള്ളൂ. എന്നാല്‍ അമിഗ്ദലയുടെ പ്രവര്‍ത്തനം നിരന്തരമാകുമ്പോള്‍ മാത്രമാണിത്. അമിഗ്ദല പരിപൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതുവരെ കുഞ്ഞുങ്ങള്‍ അപരിചിതരോടുപോലും സ്‌നേഹത്തോടെ പെരുമാറുന്നതു കാണാം. മറ്റു കേന്ദ്രങ്ങളുടെ സ്വാധീനവും രൂപപ്പെട്ടുവരുന്നതേയുള്ളൂ കുഞ്ഞുങ്ങളില്‍. അവരുടെ സമൂഹചര്യാനിയമങ്ങള്‍ വ്യത്യസ്തപ്പെട്ടിരിക്കുന്നത് ഇതുകൊണ്ടാണ്. ദേഷ്യം വരാന്‍ അവര്‍ക്കു വേണ്ട കാരണങ്ങള്‍ നമ്മുടേതുമായി വ്യത്യസ്തപ്പെട്ടിരിക്കുന്നു.
Content Highlights: ethiran kathiravan book excerpt anger and chemical reactions in brain mathrubhumi books