ഗോത്രത്തെ ധിക്കരിച്ച പ്രണയം, മരുമകള്‍ ജോലിക്കുപോകരുതെന്ന് ഭര്‍തൃമാതാവ്; അജയ്യം ദ്രൗപദി മുര്‍മു!

ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ജീവിതകഥയാണ് പി.എസ് രാകേഷ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ദ്രൗപദി മുര്‍മു: പ്രചോദനം പകരും ജീവിതകഥ.' മുര്‍മുവിന്റെ ജീവിതത്തിലെ പ്രണയം, വിവാഹം, ജീവിതം, വിലക്കുകള്‍, അതിജീവനം, പൊതുപ്രവര്‍ത്തനം തുടങ്ങിയവ ഈ പുസ്തകത്തില്‍ ഉള്ളടക്കമായി വരുന്നു. പുസ്തകത്തില്‍ നിന്നും ഒരു അധ്യായം വായിക്കാം.
ബിരുദപഠനത്തിനായി രമാദേവി വുമണ്‍സ് കോളേജില്‍ പഠിക്കുമ്പോഴാണ് ദ്രൗപദി മുര്‍മു ആദ്യമായി ശ്യാംചരണ്‍ മുര്‍മുവിനെ പരിചയപ്പെടുന്നത്. അന്ന് ഭുവനേശ്വറിലെ ഒരു ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു ശ്യാം. പരിചയം സൗഹൃദത്തിലേക്കും പിന്നീടത് പ്രണയത്തിലേക്കും പരിണമിച്ചു. ദ്രൗപദിയുടെ ഗ്രാമത്തില്‍ ശ്യാംചരണിന്റെ ചില ബന്ധുക്കള്‍ താമസിക്കുന്നുണ്ടായിരുന്നു. അവരെയും കൂട്ടി ശ്യാം ദ്രൗപദിയുടെ പിതാവിനെ ചെന്നുകണ്ട് മകളെ വിവാഹം ചെയ്തുതരണമെന്ന് അഭ്യര്‍ത്ഥിച്ചു. പറ്റില്ല എന്ന് തീര്‍ത്തുപറഞ്ഞു ബിറഞ്ചി നാരായന്‍ ടുഡു. തങ്ങള്‍ക്ക് വിവാഹബന്ധം നിഷിദ്ധമായ മുര്‍മു ആദിവാസി ഗോത്രത്തില്‍ പെട്ടയാളാണ് ശ്യാംചരണ്‍ എന്നതുകൊണ്ടായിരുന്നു അത്. നിരാശനായെങ്കിലും ശ്യാംചരണ്‍ ദ്രൗപദിയുടെ ഗ്രാമത്തില്‍നിന്ന് തിരിച്ചുപോയില്ല. തന്റെ ബന്ധുക്കളുടെ വീട്ടില്‍ താമസിച്ചുകൊണ്ട് ദ്രൗപദിയുടെ അച്ഛന്റെ മനസ്സ് മാറ്റാന്‍ മദ്ധ്യസ്ഥര്‍ വഴി ശ്രമിച്ചുകൊണ്ടേയിരുന്നു. അതിനിടയില്‍ മറ്റൊന്നുകൂടി നടന്നു. ശ്യാംചരണിനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് ദ്രൗപദി മാതാപിതാക്കളോട് തീര്‍ത്തുപറഞ്ഞു.
ശ്യാംചരണ്‍ ഗ്രാമത്തിലെത്തി മൂന്നാം ദിവസമായതോടെ ദ്രൗപദിയുടെ പിതാവിന്റെ നിലപാടില്‍ മാറ്റം വന്നു. അദ്ദേഹം വിവാഹത്തിന് സമ്മതം മൂളി. രണ്ടു വീട്ടുകാരും തമ്മിലുള്ള അടുത്ത ചര്‍ച്ച സ്ത്രീധനത്തെക്കുറിച്ചായി. ദ്രൗപദി ജനിച്ച 'ടുഡു' ഗോത്രത്തില്‍ വിവാഹം കഴിക്കുമ്പോള്‍ പുരുഷന്‍ പെണ്ണിന്റെ വീട്ടുകാര്‍ക്കാണ് 'സ്ത്രീധനം' കൊടുക്കേണ്ടത്, സ്ത്രീധനമല്ല 'പുരുഷധനം' എന്നര്‍ത്ഥം. അതനുസരിച്ച് ഒരു പശു, ഒരു കാള, 16 ജോഡി വസ്ത്രങ്ങള്‍ എന്നിവയാണ് ദ്രൗപദിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. അത് നല്‍കാമെന്ന് ശ്യാംചരണിന്റെ ബന്ധുക്കളും സമ്മതിച്ചു. അതോടെ എല്ലാ തടസ്സങ്ങളും മാറി, കല്യാണത്തിന് മുഹൂര്‍ത്തമൊരുങ്ങി. നാടന്‍ കോഴിയിറച്ചിയടക്കമുള്ള വിഭവസമൃദ്ധമായ സദ്യയൊരുക്കിയാണ് ദ്രൗപദിയുടെ കുടുംബം ആ വിവാഹം നടത്തിയത്.
ശ്യാംചരണ്‍ മുര്‍മുവുമായുള്ള വിവാഹശേഷം 1983-ല്‍ സര്‍ക്കാര്‍ ജോലിയുപേക്ഷിച്ച് പഹാഡ്പുരിലെ ഭര്‍ത്താവിന്റെ ഗ്രാമത്തിലേക്ക് പോകേണ്ടിവന്നു ദ്രൗപദിക്ക്. കുടുംബത്തെയും കുട്ടികളെയും പരിപാലിക്കാനായി മരുമകള്‍ വീട്ടില്‍ത്തന്നെയുണ്ടാവണമെന്ന കടുംപിടുത്തക്കാരിയായിരുന്നു തന്റെ ഭര്‍തൃമാതാവെന്ന് ദ്രൗപദിതന്നെ പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
വ്യക്തിജീവിതത്തില്‍ ഒരുപാട് ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട് ദ്രൗപദി മുര്‍മുവിന്. വിവാഹജീവിതത്തിലെ കടിഞ്ഞൂല്‍ പെണ്‍കൊടിയുടെ ആകസ്മിക നിര്യാണമായിരുന്നു അതില്‍ ആദ്യത്തേത്. മൂന്നാം വയസ്സില്‍ പനി ബാധിച്ചാണ് ദ്രൗപദി-ശ്യാംചരണ്‍ ദമ്പതിമാരുടെ മൂത്തമകള്‍ മരിച്ചത്. രണ്ടു മാസം ആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പിന്നീടവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ടായി, ലക്ഷ്മണും സിപുനും. പിന്നീട് ഇതിശ്രീ എന്ന പെണ്‍കുട്ടിക്ക് കൂടി അവര്‍ ജന്മം നല്‍കി.
/ ഫോട്ടോ: എ.എന്‍.ഐ
കുഞ്ഞുങ്ങളുടെ പരിപാലനവും വീട്ടുജോലികളുമൊക്കെയായി ഉത്തമയായ കുടുംബിനിയുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുമ്പോഴും ദ്രൗപദിയുടെ മനസ്സ് നൊമ്പരപ്പെട്ടുകൊണ്ടേയിരുന്നു. തന്റെ കുടുംബത്തില്‍ നിന്നുളള ആദ്യത്തെ ബിരുദധാരിയായിട്ടുപോലും ജോലിക്കു പോകാന്‍ സാധിക്കുന്നില്ലല്ലോ എന്നതായിരുന്നു അവളുടെ പ്രധാനപ്പെട്ട ദുഃഖം. താന്‍ ജനിച്ചുവളര്‍ന്ന സമുദായത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി എന്തെങ്കിലും ചെയ്യണമെന്ന് ദ്രൗപദി എപ്പോഴും ചിന്തിച്ചുകൊണ്ടേയിരുന്നു. കൈയിലുണ്ടായിരുന്ന സര്‍ക്കാര്‍ ജോലി രാജിവെച്ചതോര്‍ക്കുമ്പോള്‍ ദുഃഖമേറും. വീട്ടില്‍ത്തന്നെയിരുന്നു മുഷിഞ്ഞപ്പോള്‍ റായ്റംഗ്പുരില്‍ തന്നെയുള്ള ശ്രീ അരോബിന്ദോ ഇന്റഗ്രല്‍ ആന്‍ഡ് എജ്യുക്കേഷനല്‍ റിസര്‍ച്ച് സെന്ററില്‍ താത്കാലിക അദ്ധ്യാപികയായി ജോലിക്കു ചേരാന്‍ ദ്രൗപദി തീരുമാനിച്ചു. 1994-
ലായിരുന്നു അത്. ഹോണററി ടീച്ചര്‍ എന്നായിരുന്നു തസ്തികയുടെ പേര്. ശമ്പളമുണ്ടാവില്ല. മാസംതോറും യാത്രാച്ചെലവിന് ചെറിയൊരു തുക കിട്ടും. ദ്രൗപദിയെ സംബന്ധിച്ചിടത്തോളം ശമ്പളത്തേക്കാള്‍ പ്രധാനം എന്തെങ്കിലും ജോലി ചെയ്യുക എന്നതായിരുന്നു. പൂര്‍ണമനസ്സോടെ അവരാ പുതിയ കര്‍ത്തവ്യം ഏറ്റെടുത്തു. മാസങ്ങള്‍ക്കുള്ളില്‍ ആ സ്‌കൂളിലെ ഏറ്റവും മികച്ച അദ്ധ്യാപിക എന്ന പേര് നേടിയെടുക്കാന്‍ ദ്രൗപദിക്ക് സാധിച്ചു. പിന്നോക്ക, ഗോത്ര വിഭാഗങ്ങളില്‍നിന്നുളള കുട്ടികള്‍ക്ക് അവര്‍ പ്രത്യേകം ശ്രദ്ധ നല്‍കി. കൈനിറയെ ചോക്ലേറ്റുമായാണ് അവര്‍ പഠിപ്പിക്കാനെത്തുക. ഏറ്റവും മിടുക്കരായ കുട്ടികള്‍ക്കല്ല ക്ലാസില്‍ പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് യുക്തിഭദ്രമായ സംശയം ചോദിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മിഠായി സമ്മാനമായി നല്‍കുക. അതോടെ ക്ലാസിലെ മുഴുവന്‍ കുട്ടികളും പാഠഭാഗങ്ങള്‍ ശ്രദ്ധിച്ചുമനസ്സിലാക്കാനും തങ്ങള്‍ക്ക് പിടികിട്ടാത്ത കാര്യങ്ങളെക്കുറിച്ച് സംശയങ്ങള്‍ ചോദിക്കാനും തുടങ്ങി. ഇതവരുടെ പഠനനിലവാരത്തെ കാര്യമായി മെച്ചപ്പെടുത്തി.
ക്ലാസു കഴിഞ്ഞ് കുട്ടികളെ കൂട്ടാനെത്തുന്ന അമ്മമാരെ ചേര്‍ത്തുകൂട്ടിയും അവര്‍ നിരന്തരം സംസാരിച്ചു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെ പഠനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയുമെല്ലാം അവരെ ബോധവല്‍ക്കരിച്ചു. ആ പ്രദേശത്തെ ഏറ്റവും ജനകീയ വ്യക്തിത്വങ്ങളിലൊരാളായി ദ്രൗപദി പതിയെ പതിയെ ഉയരുകയായിരുന്നു. കുട്ടികളെ നിയന്ത്രിക്കാന്‍ അറിയാവുന്ന കര്‍ക്കശക്കാരിയായ അദ്ധ്യാപികയായിരുന്നു ദ്രൗപദി എന്ന് അക്കാലത്തെ വിദ്യാര്‍ത്ഥികള്‍ ഓര്‍ത്തെടുക്കുന്നു. രാവിലെ മുതല്‍ ഉച്ചവരെയാണ് അരോബിന്ദോ ഇന്റഗ്രല്‍ സെന്ററിലെ ക്ലാസ്. ഉച്ചകഴിഞ്ഞാല്‍ സ്‌കൂളില്‍ നിന്നിറങ്ങി പ്രദേശത്തെ കുട്ടികളുടെ വീടുകളില്‍പോയി മാതാപിതാക്കളെ നേരില്‍കണ്ട് സംസാരിക്കാനും ദ്രൗപദി സമയം കണ്ടെത്തി.
ആയിടയ്ക്കാണ് ശ്യാംചരണ്‍ മുര്‍മുവിന് റായ്‌റംഗ്പുരില്‍നിന്ന് തൊട്ടകലെയുളള ബൈദപോഷിയിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. റായ്‌റംഗ്പുര്‍ ഒരു പട്ടണമാണെങ്കില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ ഏറെയുളള ഗ്രാമമാണ് ബൈദപോഷി. റായ്‌റംഗ്പുര്‍ നോട്ടിഫൈഡ് ഏരിയ കൗണ്‍സിലിലെ (എന്‍.എ.സി.) രണ്ടാം വാര്‍ഡില്‍ ശ്യാംചരണും ദ്രൗപദിയും വീടെടുത്ത് താമസം തുടങ്ങി. അവിടെനിന്നും കിലോമീറ്ററുകള്‍ ദിവസവും സഞ്ചരിച്ച് തന്റെ അദ്ധ്യാപകജോലി തുടര്‍ന്നു ദ്രൗപദി. പുതിയ താമസസ്ഥലത്ത് ഒട്ടേറെ പുതിയ പരിചയക്കാരെയും കിട്ടി ദ്രൗപദിക്ക്. തങ്ങളുടെ കൂട്ടത്തില്‍നിന്നൊരാള്‍ അദ്ധ്യാപികയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നറിഞ്ഞ് ധാരാളം പേര്‍ ഓരോ ആവശ്യങ്ങള്‍ക്കായി അവരെ സമീപിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് രേഖകള്‍ ലഭിക്കാന്‍ സഹായിക്കുക, കുട്ടികളുടെ പഠനത്തിനു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവയൊക്കെയാണ് ദ്രൗപദി കാര്യമായി ചെയ്തിരുന്നത്. പുതിയ സ്ഥലത്ത് പെട്ടെന്ന് എല്ലാവര്‍ക്കും വേണ്ടപ്പെട്ടയാളായി മാറാന്‍ ദ്രൗപദിക്ക് അങ്ങനെ സാധിച്ചു.
വര്‍ഷം 1997 ആയിരുന്നു അത്. ആ വര്‍ഷമാണ് ഒഡീഷയിലെ നോട്ടിഫൈഡ് ഏരിയ കൗണ്‍സില്‍ തിരഞ്ഞെടുപ്പു നടക്കേണ്ടത്. നമ്മുടെ നാട്ടിലെ പഞ്ചായത്ത് സംവിധാനത്തിന്റെ തത്തുല്യമായ രീതിയാണ് എന്‍.എ.സി. ദ്രൗപദി താമസിച്ചിരുന്ന രണ്ടാം വാര്‍ഡ് ആ തിരഞ്ഞെടുപ്പില്‍ ഗോത്രവിഭാഗക്കാരിയായ വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ടതായിരുന്നു. ദ്രൗപദിയുടെ ജനപ്രിയത മനസിലാക്കി സ്ഥാനാര്‍ത്ഥി ടിക്കറ്റുമായി ആദ്യമവരെ സമീപിച്ചത് ബി.ജെ.പിയായിരുന്നു. സ്‌കൂള്‍ അദ്ധ്യാപകനും ബി.ജെ.പി. പ്രവര്‍ത്തകനുമായ ദിവാകര്‍ മഹന്തോ ആണ് ദ്രൗപദിയുടെ പേര് പാര്‍ട്ടി നേതൃത്വത്തിനു മുമ്പാകെ അവതരിപ്പിക്കുന്നത്. ദിവാകര്‍ മഹന്തോ തന്നെയാണ് പ്രദേശത്തെ മുതിര്‍ന്ന ബി.ജെ.പി. നേതാവും എം.എല്‍.എയുമായ രാജ്കിഷോര്‍ ദാസിനെ ദ്രൗപദി മുര്‍മുവിന് പരിചയപ്പെടുത്തിക്കൊടുക്കുന്നതും. പില്‍ക്കാലത്ത് ദ്രൗപദി മുര്‍മുവിന്റെ ഉറ്റ അനുയായിയായി രാജ്കിഷോര്‍ ദാസ് മാറി എന്നത് മറ്റൊരു കൗതുകം. അതുവരെ ആദിവാസി മേഖലകളില്‍ കോണ്‍ഗ്രസിനും ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയ്ക്കുമായിരുന്നു സ്വാധീനമേറെ. ബി.ജെ.പിയുടെ ശക്തി ഹിന്ദി സംസാരിക്കുന്ന കുടിയേറ്റക്കാരിലും മാര്‍വാടി സമുദായത്തിനുമിടയില്‍ മാത്രം ഒതുങ്ങിനിന്നു. ദ്രൗപദിയുടെ സ്ഥാനാര്‍ത്ഥിത്വം ആദിവാസിമേഖലയിലേക്കുളള വാതിലാകുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ജയിച്ചാല്‍ എന്‍.എ.സി. വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനവും പാര്‍ട്ടി ദ്രൗപദിക്ക് വാഗ്ദാനം ചെയതു. പാര്‍ട്ടി ടിക്കറ്റിലല്ലാതെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിട്ടാണ് ദ്രൗപദി മത്സരിച്ചത്.
ആദ്യവിജയം, രാഷ്ട്രീയപ്രവേശം
തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ ദ്രൗപദി വിജയിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കിക്കൊണ്ട് ബി.ജെ.പി. വാക്കുപാലിക്കുകയും ചെയ്തു. രാജ് കിഷോര്‍ ദാസായിരുന്നു ചെയര്‍മാന്‍. 15 വാര്‍ഡുകളിലെ ശുചീകരണത്തിന്റെ ഏകോപനച്ചുമതല ചെയര്‍മാന്‍ വൈസ് ചെയര്‍പേഴ്‌സണെ ഏല്‍പ്പിച്ചു. പുതിയ പദവിയില്‍ ലഭിച്ച ആദ്യ ഉത്തരവാദിത്തം. ധൈര്യപൂര്‍വ്വം അതേറ്റെടുത്ത ദ്രൗപദി പിറ്റേ ദിവസം തൊട്ട് വാര്‍ഡുകള്‍ മുഴുവന്‍ പര്യടനം നടത്തി. എത്രയോ വര്‍ഷങ്ങളായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത ഒരുപാട് സ്ഥലങ്ങള്‍ ആ 15 വാര്‍ഡുകളിലുണ്ടായിരുന്നു.
മാലിന്യനിര്‍മാര്‍ജ്ജനത്തിന് ശാസ്ത്രീയ സംവിധാനമില്ലാത്തതിനാല്‍ റോഡരികുകളില്‍ പലയിടങ്ങളിലും അഴുക്കുകൂനകള്‍ പതിവുകാഴ്ചയായി. ഓരോ ദിവസംവെച്ച് ഓരോ വാര്‍ഡുകളിലും ദിവസം മുഴുവന്‍ ചെലവഴിച്ച ദ്രൗപദി ശുചീകരണത്തൊഴിലാളികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി അവരെക്കൊണ്ട് തൊഴിലെടുപ്പിച്ചു. ചെയര്‍പേഴ്‌സണ്‍ കൂടെത്തന്നെയുള്ളതിനാല്‍ അവര്‍ പണിയെടുക്കാന്‍ നിര്‍ബ്ബന്ധിതരാവുകയും ചെയ്തു. വാര്‍ഡുകള്‍ തോറുമുളള സഞ്ചാരത്തിന് സൗകര്യമേകിക്കൊണ്ട് ഭര്‍ത്താവ് ശ്യാംചരണ്‍ ഒരു മാരുതി 800 കാര്‍ ഭാര്യയ്ക്ക് സമ്മാനിച്ചു. പിന്നീട് ആ കാറിലായി ദ്രൗപദിയുടെ യാത്രകള്‍. ഖരമാലിന്യങ്ങള്‍ തെരുവുകളില്‍നിന്ന് നീക്കം ചെയ്യാന്‍ ശാസ്ത്രീയ സംവിധാനമൊരുക്കിയും സമയബന്ധിതമായി ഓടകള്‍ ശുചീകരിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തും റായ്‌റംഗ്പുരിന് പുതിയ മുഖം നല്‍കാന്‍ അവര്‍ക്കു സാധിച്ചു. പ്രധാനമന്ത്രിയുടെ 'സ്വച്ഛ് ഭാരത് മിഷന്‍' പദ്ധതി എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നടപ്പാക്കിയ വ്യക്തിയാണ് താനെന്ന് പില്‍ക്കാലത്ത് ഒരഭിമുഖത്തില്‍ ദ്രൗപദി മുര്‍മു പറഞ്ഞിട്ടുണ്ട്.
എന്‍.എ.സി. ചെയര്‍പേഴ്‌സണായുളള അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ട് റായ്‌റംഗ്പുരിലെ 15 വാര്‍ഡുകളിലെ ഭൂരിഭാഗം പേര്‍ക്കും സുപരിചിതയായി മാറി ദ്രൗപദി. സ്ത്രീകള്‍ക്കിടയില്‍ അവര്‍ക്കു വലിയ സ്ഥാനമുണ്ടായിരുന്നു. ജനകീയ മുന്നേറ്റങ്ങളിലും ബോധവത്കരണ പരിപാടികളിലും പങ്കെടുത്തുകൊണ്ട് അവര്‍ പൊതുരംഗത്ത് സജീവമായി നിന്നു. മൂന്നു വര്‍ഷം കഴിഞ്ഞ് 2000-ല്‍ നിയമസഭാ തിരഞ്ഞെടുപ്പു വന്നപ്പോള്‍ റായ്‌റംഗ്പുര്‍ മണ്ഡലത്തില്‍ ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന കാര്യത്തില്‍ ബി.ജെ.പിക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. ഇക്കുറി പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെ മത്സരിക്കണമെന്ന നിര്‍ദ്ദേശത്തെ അവര്‍ അംഗീകരിച്ചു. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരുന്നുകൊണ്ടുതന്നെ ദ്രൗപദി നിയമസഭാതിരഞ്ഞെടുപ്പിനെ നേരിട്ടു.
മണ്ഡലരൂപീകരണം തൊട്ടേ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു റായ്‌റംഗ്പുര്‍. 1952 മുതലുളള 11 തിരഞ്ഞെടുപ്പുകളില്‍ മിക്കതിലും കോണ്‍ഗ്രസ് തന്നെയാണ് ജയിച്ചിരുന്നത്. ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പാര്‍ട്ടിക്കുളള മേധാവിത്തമായിരുന്നു അതിനു കാരണം. സിറ്റിങ് എം.എല്‍.എ. കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലക്ഷ്മണ്‍ മജ്ജിയായിരുന്നു ദ്രൗപദിയുടെ എതിരാളി. തിരഞ്ഞെടുപ്പില്‍ 4568 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ദ്രൗപദി മുര്‍മു വിജയിച്ചു. പുതുതായി രൂപീകരിക്കപ്പെട്ട ബിജു ജനതാദളുമായി സഖ്യമുണ്ടാക്കിയാണ് ബി.ജെ.പി. ആ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മികച്ച വിജയം നേടി ആ കൂട്ടുകെട്ട്. ബി.ജെ.ഡി. തലവന്‍ നവീന്‍ പട്‌നായിക് ആദ്യമായി ഒഡീഷ മുഖ്യമന്ത്രിയാകുന്നതും ആ തിരഞ്ഞെടുപ്പിലൂടെയാണ്. നവീന്‍ പട്‌നായിക് മന്ത്രിസഭയില്‍ കാബിനറ്റ് റാങ്ക് നല്‍കിക്കൊണ്ട് ബി.ജെ.പി. ദ്രൗപദിയുടെ തിരഞ്ഞെടുപ്പു നേട്ടത്തെ അംഗീകരിച്ചു. 2000-2002 കാലയളവില്‍ ട്രാന്‍സ്‌പോര്‍ട്ടുവകുപ്പു മന്ത്രിയായും 2002-2004 കാലയളവില്‍ ഫിഷറീസ്, മൃഗസംരക്ഷണവകുപ്പ് മന്ത്രിയായും ദ്രൗപദി പ്രവര്‍ത്തിച്ചു.
ആദ്യമായി നിയമസഭാംഗമാകുന്നു, അപ്പോള്‍ത്തന്നെ മന്ത്രിസ്ഥാനവും ലഭിക്കുന്നു. ഏതൊരാളും അന്ധാളിച്ചുപോകുന്ന ജീവിതമുഹൂര്‍ത്തമാണത്. മന്ത്രിയായി സ്ഥാനമേല്‍ക്കുന്ന സമയത്ത് തന്റെ വകുപ്പ് എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന ഒരു ധാരണയും തനിക്കില്ലായിരുന്നു എന്ന് ദ്രൗപദിതന്നെ പില്‍ക്കാലത്തു പറഞ്ഞിട്ടുണ്ട്. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കുപ്രസിദ്ധിയാര്‍ജിച്ച മേഖലയായിരുന്നു ഒഡീഷയിലെ ട്രാന്‍സ്‌പോര്‍ട്ടു വകുപ്പ്. ഏതോ കുഗ്രാമത്തില്‍നിന്ന് വരുന്ന ആദിവാസി വനിതയ്ക്ക് അവിടെ ഒരു മാറ്റവും വരുത്താന്‍ സാധിക്കില്ലെന്ന് പലരും അടക്കം പറഞ്ഞു. എന്നാല്‍ എല്ലാ മുന്‍വിധികളെയും കാറ്റില്‍ പറത്തിക്കൊണ്ട് വളരെ പെട്ടെന്നുതന്നെ മികച്ച മന്ത്രിയെന്ന പേര് അവര്‍ നേടി.
കഠിനാദ്ധ്വാനത്തിലൂടെയാണ് ദ്രൗപദി മുര്‍മു തന്റെ വിജയവഴികള്‍ കണ്ടെത്തിയത്. ട്രാന്‍സ്‌പോര്‍ട്ടുവകുപ്പിന്റെ പ്രവര്‍ത്തനരീതികളും വകുപ്പുനേരിടുന്ന പ്രധാന പ്രതിസന്ധികളെക്കുറിച്ചുമെല്ലാം ഉറക്കമിളച്ചു വായിച്ചുപഠിക്കുകയാണ് അവരാദ്യം ചെയ്തത്. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെക്കിടയിലുള്ള ജീവനക്കാരുമായി വരെ അവര്‍ നിരന്തരം സംസാരിച്ചു. ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കുറിച്ചെടുത്ത് സൂക്ഷിച്ചു. സംസ്ഥാനസര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കി കൊടുക്കേണ്ട ട്രാന്‍സ്‌പോര്‍ട്ടു വകുപ്പ് അഴിമതിയുടെയും അച്ചടക്കരാഹിത്യത്തിന്റെയും കൂത്തരങ്ങായിരിക്കുന്നു എന്നവര്‍ തിരിച്ചറിഞ്ഞു. ഇക്കാര്യങ്ങളില്‍ മാറ്റം വരുത്താനായി ഒരു കര്‍മ്മപദ്ധതിക്കുതന്നെ അവര്‍ രൂപം നല്‍കി.
ഒഡീഷയിലുടനീളം 18 ആര്‍.ടി.ഒ. ഓഫീസുകളും 23 ചെക്ക് പോസ്റ്റുകളുമാണ് അന്ന് പ്രവര്‍ത്തിച്ചിരുന്നത്. വിവിധ തട്ടിലുളള ഉദ്യോഗസ്ഥര്‍ അവിടെയെല്ലാം നികുതി പിരിക്കുന്നുണ്ട്. അഴിമതി തടയുന്നതിനും നികുതിപിരിവ് കാര്യക്ഷമമാക്കുന്നതിനുമായി ഓരോ ഉദ്യോഗസ്ഥര്‍ക്കും കടമകള്‍ വീതിച്ചുനല്‍കി. തന്റെ കര്‍മ്മപദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്താനായി മൂന്നുമാസം കൂടുമ്പോള്‍ യോഗം വിളിച്ചുചേര്‍ത്തു. എല്ലാ ഉദ്യോഗസ്ഥരും നിര്‍ബന്ധമായി പങ്കെടുക്കേണ്ട യോഗത്തില്‍ ഓരോ വിഭാഗത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ഇഴകീറി പരിശോധിക്കപ്പെടും. മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് മന്ത്രിയുടെ പരസ്യമായുള്ള അഭിനന്ദനം ലഭിക്കും. പോരായ്മ കാണിച്ചവര്‍ക്ക് സ്‌നേഹത്തോടെയുള്ള ശാസനയും ഉറപ്പ്.
ദ്രൗപദി മുര്‍മുവിന്റെ കര്‍മ്മപദ്ധതി വളരെപ്പെട്ടെന്നുതന്നെ വിജയത്തിലെത്തി. ചെക്കുപോസ്റ്റുകളില്‍നിന്നുള്ള നികുതിപിരിവ് വര്‍ദ്ധിക്കുകയും അഴിമതി ആരോപണങ്ങള്‍ കുറയുകയും ചെയ്തു. വകുപ്പുദ്യോഗസ്ഥരുടെ 'ദീദി' ആയി മാറിയ അവര്‍ തെറ്റുചെയ്തവര്‍ക്കു നേരെ ഒരു ദാക്ഷിണ്യവും കാട്ടിയതുമില്ല. ആദ്യ നവീന്‍ പട്‌നായിക് മന്ത്രിസഭയില്‍ ഏറ്റവും കഴിവു തെളിയിച്ച മന്ത്രി എന്ന നല്ല പേരോടെയാണ് ദ്രൗപദി കാലാവധി പൂര്‍ത്തിയാക്കിയത്. റായ്‌റംഗ്പുരില്‍ ആര്‍.ടി.ഒ. ഓഫീസ് സ്ഥാപിക്കപ്പെട്ടതും നഗരമദ്ധ്യത്തില്‍ ആദിവാസിനേതാവ് ബിര്‍സ മുണ്ടയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കപ്പെട്ടതും ദ്രൗപദി മന്ത്രിയായ കാലത്തായിരുന്നു.
Content Highlights: Droupadi Murmu, Biography, P.S Rakesh, Mathrubhumi Books