'ഉയർന്നുനിൽക്കുന്ന പിഞ്ചുകൈകൾ,88 അടി താഴ്ചയിൽ രണ്ടുവയസ്സുകാരൻ; ആസമയമത്രയും ജീവനായി പിടഞ്ഞുകാണും അവൻ'

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച, അനൂപ് ദാസിന്റെ 'മറ്റൊരു (മഹാ)ഭാരതം' എന്ന പുസ്തകത്തില്‍നിന്ന്:
കുഴിയില്‍, തഴച്ചുവളര്‍ന്ന മുടി. മണ്ണുകലര്‍ന്ന കറുത്ത മുടിയിഴകള്‍ക്ക് രണ്ടുവശത്തുമായി ഉയര്‍ന്നുനില്‍ക്കുന്ന പിഞ്ചുകൈകള്‍. എന്റെ മനസ്സില്‍ സുജിത്തിന്റെ ചിത്രം ഇതു മാത്രമാണ്. ആ രണ്ടുവയസ്സുകാരന്റെ ലോകം കുഴല്‍ക്കിണറില്‍ അവസാനിച്ചു. കിണറിനു പുറത്ത് അനേകായിരങ്ങള്‍ തടിച്ചുകൂടിയതും പ്രാണനെ രക്ഷിക്കാന്‍, അമ്മ പ്രാണവേദന കടിച്ചമര്‍ത്തി സഞ്ചി തുന്നിയതും നാടൊന്നാകെ പ്രതീക്ഷയോടെ കാത്തിരുന്നതും അവനറിഞ്ഞിട്ടുണ്ടാവില്ലെന്നുറപ്പാണ്. ആ സമയമത്രയും ജീവശ്വാസത്തിനായി കിണഞ്ഞതാവുമവന്‍.
വെള്ളിയാഴ്ച വൈകിട്ടാണ് തിരുച്ചിറപ്പള്ളിയില്‍ രണ്ടുവയസ്സുള്ള ഒരു കുഞ്ഞ് കുഴല്‍ക്കിണറില്‍ വീണതായി വിവരമറിഞ്ഞത്. കിണറില്‍ 26 അടി താഴെയാണ് കുട്ടിയുള്ളതെന്നും ഉടന്‍ രക്ഷിച്ചേക്കുമെന്നും ആദ്യ റിപ്പോര്‍ട്ട്. ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നതിന്റെ വിവരങ്ങള്‍ മാത്രമാണ് ഓരോ മണിക്കൂറിലും പുറത്തുവന്നത്. കുഴല്‍ക്കിണറിനുള്ളിലൂടെത്തന്നെ പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങള്‍ ആറു തവണ പരാജയപ്പെട്ടു. ആ സമയത്തിനുള്ളില്‍ കുഞ്ഞ് 26 അടിയില്‍നിന്ന് 36 അടിയിലേക്കും പിന്നീട് അന്‍പതിലേക്കും അറുപതിലേക്കും, ഒടുവില്‍ 88 അടി താഴ്ചയിലേക്കും പതിച്ചു. അപ്പോഴേക്കും രണ്ടു പകലുകള്‍ അസ്തമിച്ചുകഴിഞ്ഞിരുന്നു. ഞായറാഴ്ച പുലര്‍ന്നതോടെ സമാന്തരമായി ഒരു കുഴിയെടുത്ത് കുഞ്ഞിനെ രക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തി. ഈഘട്ടത്തിലാണ് ഞങ്ങള്‍ തിരുച്ചിറപ്പള്ളിയിലേക്കു തിരിച്ചത്. കുഞ്ഞിനെ ഉടനെ രക്ഷപ്പെടുത്തിയേക്കാം എന്ന പ്രതീക്ഷകളാണ് അത്രയും സമയം ആ യാത്ര മാറ്റിവെച്ചത്. രണ്ടു ദിവസം പിന്നിട്ടതോടെ പ്രതീക്ഷകള്‍ക്കുമേല്‍ കാര്‍മേഘങ്ങള്‍ മൂടി.
കുറച്ചു ദിവസമായി കനത്ത മഴയാണ് തമിഴ്നാട്ടിലാകെ. മുന്നിലെ വാഹനംപോലും ശരിയായി കാണാന്‍ കഴിയാത്തത്ര ശക്തമായ മഴയില്‍ തിരുച്ചിറപ്പള്ളിയിലെത്തി. മണപ്പാറയിലേക്ക് ഇനിയും നാല്‍പ്പതു കിലോമീറ്റര്‍ ദൂരം. മഴ മാറിനില്‍ക്കുന്നു. പക്ഷേ, ഇരുട്ടു പടര്‍ന്നിട്ടുണ്ട്. മണപ്പാറയില്‍നിന്ന് നടുക്കാട്ട്പെട്ടിയിലേക്ക് ചെറിയ റോഡാണ്. ആദ്യം കാണുന്ന കുറച്ചു വീടുകള്‍ കഴിഞ്ഞാല്‍ റോഡിന്റെ രണ്ടു ഭാഗത്തും കൃഷിയിടങ്ങള്‍. ചോളമാണ് പ്രധാന കൃഷി. പയറും കാണുന്നുണ്ട്. കുറച്ചിടത്ത് നെല്ലും. മൂന്നു കിലോമീറ്റര്‍ മുന്നോട്ടുപോയി. ഇടതുഭാഗത്ത് വലിയ വെളിച്ചം, നാട്ടിലൊക്കെ കാണാവുന്ന ക്രെയിനിന്റെ നാലോ അഞ്ചോ ഇരട്ടി വലുപ്പമുള്ള മൂന്നു യന്ത്രങ്ങള്‍ ആ വെളിച്ചത്തില്‍ ഉയര്‍ന്നുകാണുന്നുണ്ട്. വണ്ടി നിര്‍ത്തി സുജിത്തിന്റെ വീടിനു മുന്നില്‍ എത്തുമ്പോഴേക്ക് അവിടെ മാധ്യമപ്രവര്‍ത്തകരെല്ലാം ഉപമുഖ്യമന്ത്രി പനീര്‍സെല്‍വത്തിന്റെ പ്രതികരണത്തിനായി കാത്തുനില്‍ക്കുകയാണ്.
'88 അടി താഴ്ചയിലാണ് കുഞ്ഞുള്ളത്. കുഴല്‍ക്കിണറിനുള്ളിലൂടെത്തന്നെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നിര്‍ത്തി. സമാന്തരമായി 95 അടി ആഴത്തില്‍ കുഴിയെടുത്ത് കുഞ്ഞിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. അതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു,' പനീര്‍സെല്‍വം പറഞ്ഞു.
ഇപ്പോള്‍ എത്രയടി കുഴിച്ചു?
'36 അടിയെത്തി.'
പുതിയ യന്ത്രത്തിന് കുഴിക്കാനുള്ള കപ്പാസിറ്റി എത്രയാണ്?
'പെട്രോളിയം ഖനനത്തിന് ഉപയോഗിക്കുന്ന യന്ത്രമാണിത്. മണിക്കൂറില്‍ 10 അടി താഴ്ചയില്‍ കുഴിക്കാനുള്ള ശേഷിയുണ്ട്.'
ഇപ്പോഴത്തെ നിലയില്‍ പോയാല്‍ പുലര്‍ച്ചയാകുമ്പോഴേക്ക് കുഞ്ഞിനെ പുറത്തെടുക്കാന്‍ കഴിയുമല്ലേ?
'അങ്ങനെയാണ് നമ്മളെല്ലാവരും പ്രതീക്ഷിക്കുന്നത്.'
തമിഴ്നാട്ടിലാകെ ഇങ്ങനെ മൂടാതെ കിടക്കുന്ന ആയിരക്കണക്കിന് കിണറുകളുണ്ടല്ലോ, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇനിയെന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുക?
'ശക്തമായ ഇടപെടലാണ് ആലോചിക്കുന്നത്. ഉപയോഗശൂന്യമായ കുഴല്‍ക്കിണറുകള്‍ മൂടാത്തവര്‍ക്കെതിരെ നിയമനടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കും.'
എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞ് പനീര്‍സെല്‍വം എണീറ്റു. അദ്ദേഹം തിരിച്ചുപോകാതെ സുജിത്തിന്റെ വീട്ടുവരാന്തയിലേക്കു നടന്നു. അവിടെ തളര്‍ന്നിരിക്കുകയായിരുന്ന സുജിത്തിന്റെ അച്ഛന്‍ വില്‍സണെ സമാധാനിപ്പിച്ചു. പിന്നെ ചേര്‍ത്തുപിടിച്ച് അവിടെ ഇരുന്നു. ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ ഉള്‍പ്പെടെ അഞ്ചോളം മന്ത്രിമാര്‍, എം.പിമാരായ രവീന്ദ്രനാഥ് കുമാര്‍, ജ്യോതിമണി, ജില്ലാ കലക്ടര്‍, റവന്യു സെക്രട്ടറി എല്ലാവരുമുണ്ട് വീട്ടുമുറ്റത്ത്. അപ്പുറത്ത് സമാന്തര കുഴിയെടുക്കല്‍ തുടരുന്നു.
ഓറഞ്ച് യൂണിഫോമിട്ട ദേശീയ ദുരന്തനിവാരണസേനാ അംഗങ്ങള്‍. സംസ്ഥാനത്തെ ദുരന്തനിവാരണസേനാപ്രവര്‍ത്തകര്‍, ഫയര്‍ഫോഴ്സ്, എല്‍. ആന്‍ഡി ടി. ജീവനക്കാര്‍, നാട്ടുകാര്‍, ജനപ്രതിനിധികള്‍, മെഡിക്കല്‍ സംഘം, മാധ്യമപ്രവര്‍ത്തകര്‍. മുറ്റത്താകെ ആളുകളാണ്. ആ ചെറിയ വീടിന്റെ ഇത്തിരിയുള്ള അകത്ത് അമ്മ, അച്ഛന്‍, ആകെത്തളര്‍ന്ന പെറ്റമ്മ, നിര്‍വ്വികാരതയോടെ അച്ഛന്‍.
മണി പുലര്‍ച്ചെ മൂന്നു കഴിഞ്ഞു. എല്‍. ആന്‍ഡ് ടിയുടെ കുഴിയെടുക്കുന്ന യന്ത്രത്തിലെ ജീവനക്കാര്‍ ഒരു നിമിഷംപോലും പാഴാക്കാതെ അത് തുടരുകയാണ്. രണ്ടു മീറ്റര്‍ അപ്പുറത്താണ് സുജിത്ത് വീണ കുഴല്‍ക്കിണര്‍. നീല പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മുകളിലും നാലുപാടും മറച്ചിട്ടുണ്ട്. നടന്ന് അവിടെയെത്തി. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതൊഴിവാക്കാന്‍ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ കാവലുണ്ട്. വലിയൊരു ഓക്സിജന്‍ സിലിണ്ടറില്‍നിന്ന് ഒരു ട്യൂബ് കിണറ്റിനുള്ളിലേക്കു നീളുന്നു. ഈ ശ്വാസം പിടിച്ചെടുക്കാന്‍ അവനവിടെ ജീവനോടെ ബാക്കി നില്‍ക്കുന്നുണ്ടാകുമോ?
ഒരു മാസം മുമ്പ് രണ്ടു മിനുട്ട് നേരം ലിഫ്റ്റില്‍ കുടുങ്ങിയ അനുഭവം എനിക്കുണ്ട്. സത്യത്തില്‍ അന്ന് പരിഭ്രമിച്ചുപോയിരുന്നു. സാങ്കേതികവിദഗ്ദ്ധരോ രക്ഷാപ്രവര്‍ത്തകരോ ഒരുറപ്പും പറയാത്ത ഈ പരീക്ഷണങ്ങള്‍ പുറത്തുനില്‍ക്കുന്നവര്‍ക്കുപോലും ഒരുറപ്പും നല്‍കുന്നില്ല. അപ്പോള്‍ അകത്തുള്ള രണ്ടു വയസ്സുകാരന്‍ പ്രതീക്ഷയോടെയിരിക്കുന്നുണ്ടാകും എന്നു കരുതാന്‍ വയ്യ.
58 മണിക്കൂര്‍ പിന്നിട്ടു. അത്രയധികം സമയം അവന് അതിജീവിക്കാന്‍ കഴിയുമോ? അതിനെന്തെങ്കിലും സാധ്യതയുണ്ടോ? സമാന്തരമായി എടുക്കുന്ന കുഴിയുടെ പണി രാവിലെത്തേക്കെങ്കിലും തീരാന്‍ സാദ്ധ്യതയുണ്ടോ? ചോദ്യങ്ങളെല്ലാം ഉയര്‍ന്നുവന്നത് ആ കുഴല്‍ക്കിണര്‍ നോക്കിനിന്നപ്പോഴാണ്.
ആ സമയമത്രയും രക്ഷാപ്രവര്‍ത്തനം വിലയിരുത്തി ഉപമുഖ്യമന്ത്രി പനീര്‍സെല്‍വം വീട്ടുവരാന്തയില്‍ ഇരിക്കുന്നുണ്ട്. കൂടെ സുജിത്തിന്റെ അച്ഛന്‍ വില്‍സണും. ആകെ തളര്‍ന്ന ആ അച്ഛനെയും ഉപമുഖ്യമന്ത്രിയെയും തന്നെയും ചേര്‍ത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന ഒരു മധ്യവയസ്‌കയെ അപ്പോഴാണ് ശ്രദ്ധിച്ചത്. ഇരുപതു തവണയെങ്കിലും അവര്‍ സെല്‍ഫിയെടുത്തുകാണും. അതുകഴിഞ്ഞ് ഫോണ്‍ മറ്റൊരാള്‍ക്ക് കൈമാറി, മുഖത്ത് കുറച്ച് ദുഃഖമൊക്കെ വരുത്തിച്ച് പടത്തിനു പോസ് ചെയ്തു. എന്തൊക്കെത്തരം മനുഷ്യരാണ് നാട്ടില്‍. അവരുടെ പ്രായമുള്ള ഒരമ്മ കൈയകലത്തില്‍ ഇടനെഞ്ചുപൊട്ടി, നിമിഷങ്ങള്‍ കരഞ്ഞ് നീക്കുകയാണ്. ഇവരോ? ഒരിക്കല്‍ക്കൂടി ചിന്തിച്ചു, എന്തൊക്കെത്തരം മനുഷ്യരാണ് നാട്ടില്‍?
നേരത്തേ സൈഡാക്കി നിര്‍ത്തിയ കാറില്‍ത്തന്നെ ഇരുന്ന് ഒരു മണിക്കൂര്‍ ഉറങ്ങി. നേരം വെളുത്തുതുടങ്ങി. ഇന്നലെ അര്‍ധരാത്രിമുതല്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന ഡ്രൈവര്‍ ഇപ്പോഴും അതേ സീറ്റിലുണ്ട്. ഉപമുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം പോയിട്ടുണ്ട്. ഇപ്പോള്‍ സ്ഥലം തഹസില്‍ദാരാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലക്കാരി. സമാന്തരമായി എടുക്കുന്ന കുഴിയുടെ പുരോഗതിയെക്കുറിച്ച് അവര്‍ക്ക് വലിയ ധാരണയൊന്നുമില്ല. ആ പണിക്ക് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥന്‍ മലയാളിയാണ്.
'പാറ തുരന്ന് മുന്നോട്ടുപോകാന്‍ പറ്റുന്നില്ല,' അദ്ദേഹം പറഞ്ഞു.
എത്രയടി കുഴിച്ചുകാണും?
'ഇരുപത്തിയേഴ്.'
ഹോ, അത്രയേ ആയിട്ടുള്ളൂ?
'അതെ.'
95 അടിയെത്താന്‍ ഇനിയെത്ര സമയം വേണ്ടിവരും?
'24 മണിക്കൂറെങ്കിലും.'
അയ്യോ, അപ്പൊ...'
'പാറയ്ക്ക് ഭയങ്കര കട്ടിയാണ്.'
മനസ്സില്‍ ബാക്കിയുണ്ടായിരുന്ന പ്രതീക്ഷയുടെ അവസാനകണികയും കൈവിട്ടുപോയത് ഈ സംഭാഷണത്തിനിടയിലാണ്. ഇതിനിടയില്‍ ഒരു അനൗദ്യോഗിക വിവരവും ലഭിച്ചു-കുഞ്ഞ് ജീവനോടെയില്ലെന്ന്. അത് പക്ഷേ, ബന്ധപ്പെട്ടവര്‍ ഔദ്യോഗികമായി പറയാത്തതിനാല്‍ റിപ്പോര്‍ട്ടു ചെയ്തില്ല. എല്‍. ആന്‍ഡ് ടി. ഉദ്യോഗസ്ഥന്‍ പറഞ്ഞത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി.
ഈ സമയത്തെല്ലാം വാര്‍ത്ത വായിക്കാന്‍ പോകുന്നവരും വാര്‍ത്ത കണ്ട ചിലയാളുകളുമെല്ലാം വിളിക്കുന്നുണ്ടായിരുന്നു. എന്താണവസ്ഥ എന്ന ചോദ്യങ്ങള്‍ക്ക് പാറ പൊട്ടിക്കാന്‍ പറ്റുന്നില്ല. കുഞ്ഞ് രക്ഷപ്പെടും എന്നു തോന്നുന്നില്ല എന്ന് മറുപടി. 'അയ്യോ' എന്നായിരുന്നു അവരില്‍ പലരും ആദ്യം പ്രതികരിച്ചത്.
കുഴല്‍ക്കിണറിനടുത്തുള്ള മറ്റൊരു കിണറിലൂടെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള സാദ്ധ്യത ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. അവിടെയും തടസ്സം പാറയാണ്.
ഈ സമയത്താണ് അച്ഛനെയും അമ്മയെയും കാണാന്‍ അകത്തേക്കു കയറിയത്. കുഞ്ഞിന്റെ ചെറിയൊരു ബനിയനും ട്രൗസറും നെഞ്ചോടു ചേര്‍ത്തുപിടിച്ച അമ്മ കണ്ണീര്‍ പൊഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
'എതാവത് സാപ്പിട്, എതാവത് സാപ്പിട്,' അച്ഛന്‍ അമ്മയോടു പറഞ്ഞുകൊണ്ടിരുന്നു.
ഒന്നും കഴിച്ചിട്ടില്ലേ?
'ഇല്ല, മൂന്നു ദിവസമായി.'
അവരുടെ മുഖത്തുനോക്കാനല്ലാതെ ഒരക്ഷരം മിണ്ടാന്‍ എനിക്കു കഴിഞ്ഞില്ല. വില്‍സണ്‍ നിര്‍വ്വികാരമായ ഒരവസ്ഥയിലായിരുന്നു. ഒരുപക്ഷേ, കരഞ്ഞുതീര്‍ന്നതാവും.
കര്‍ഷകനാണ് വില്‍സണ്‍. വില്‍സന്റെ അച്ഛനും അമ്മയും കര്‍ഷകത്തൊഴിലാളികള്‍. ചോളമാണ് കൃഷിയെന്ന് അദ്ദേഹം പറഞ്ഞു. കൃഷിക്കായാണ് കിണറു കുത്തിയത്. വെള്ളം കിട്ടാതായപ്പൊ മണ്ണിട്ടു മൂടി. പക്ഷേ, മഴയില്‍ വീണ്ടും കുഴിയായി.
മടിയിലൊരു കുഞ്ഞുണ്ടായിരുന്നു.
ഇതാരാണ്?
'സുജിത്തിന്റെ ചേട്ടന്‍.'
അവന്റെ പേര് അദ്ദേഹം പറഞ്ഞുതന്നിരുന്നു, ഓര്‍മ്മയിലില്ല. എന്താണ് സംഭവിക്കുന്നത് എന്നവനറിയില്ല. പക്ഷേ, ഇത്രയും ദിവസം ഒരുമിച്ച് കളിച്ചുനടന്ന അനിയന്‍ ഇപ്പോഴില്ല എന്ന് അവനും അറിയുന്നു.
സമാന്തരമായി എടുക്കുന്ന കുഴിയിലെ പണി ഇടയ്ക്കിടെ നിര്‍ത്തിവെച്ചുകൊണ്ടിരുന്നു. പാറ പൊട്ടിക്കുന്ന യന്ത്രത്തിന്റെ അഗ്രഭാഗം തഴഞ്ഞുതീരുന്നതാണ് കാരണം. മണിക്കൂറില്‍ പത്തടി പോയിട്ട് രണ്ടടിപോലും കുഴിച്ച് മുന്നോട്ടുപോകാന്‍ കഴിയുന്നില്ല. ശ്രമം തുടര്‍ന്നു. ഇതുവരെ എടുത്ത കുഴിയില്‍ അഞ്ച് കുഴല്‍ക്കിണറുകള്‍ കുഴിച്ചു. വൈകീട്ടാകുമ്പോഴേക്ക് സമാന്തര കുഴിയിലെ കുഴല്‍ക്കിണറുകള്‍ 67 അടിയെത്തിയെന്ന വാര്‍ത്ത ലഭിച്ചു. പക്ഷേ, 37 അടി 1.20 മീറ്ററില്‍ തുരക്കാന്‍ ബാക്കിയുണ്ട്. അതു കഴിഞ്ഞു വേണം വീണ്ടും കുഴല്‍ക്കിണര്‍ കുഴിക്കാന്‍. സാദ്ധ്യത മങ്ങിമങ്ങി വന്നു.
അപ്പോഴും ആയിരക്കണക്കിന് ജനങ്ങള്‍ ഗ്രാമത്തിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. ചോളപ്പാടങ്ങള്‍ക്കു നടുവില്‍ അവര്‍ക്കായി പോലീസ് ബാരിക്കേഡ് തീര്‍ത്തു. കരഞ്ഞും സങ്കടപ്പെട്ടും സ്വയം പഴിച്ചും അവര്‍ വന്നുംപോയുമിരുന്നു. ഈ ഗ്രാമത്തിലുള്ളവര്‍, തമിഴ്നാടിന്റെ എല്ലാ മുക്കിലും മൂലയിലും ഉള്ളവര്‍.
വൈകിട്ടാണ് നടുക്കാട്ട്പെട്ടിയിലെ കാറ്റില്‍ മരണത്തിന്റെ ഗന്ധമുയര്‍ന്നത്. ഡോക്ടര്‍മാര്‍ കുഴി പരിശോധിച്ചു. മരണം സ്ഥിരീകരിച്ചു. പക്ഷേ, പുറത്തുവിട്ടില്ല. തുടക്കം മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ നേതൃത്വമായ ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ വീട്ടുകാരുമായി സംസാരിച്ചു. അവരെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തി. ശേഷം ഉദ്യോഗസ്ഥരെ വിളിച്ച് യോഗം ചേര്‍ന്നു. സമാന്തര കുഴിനിര്‍മ്മാണം അര്‍ദ്ധരാത്രിയോടെ നിര്‍ത്തി. കുഴല്‍ക്കിണര്‍ നില്‍ക്കുന്ന ഭാഗം നന്നായി മറച്ചു. മൃതദേഹം കുഴല്‍ക്കിണറിനുള്ളിലൂടെത്തന്നെ പുറത്തെടുക്കാന്‍ തീരുമാനിച്ചു.
ദേശീയ ദുരന്തനിവാരണ സേനയിലെ മലയാളി ഉദ്യോഗസ്ഥന്‍ ജിതേഷ് ആണ് ഇതിനു നേതൃത്വം നല്‍കിയത്. പുലര്‍ച്ചെ ഒന്നരയോടെ ആദ്യ ശരീരഭാഗം ലഭിച്ചു. മൂന്നരയോടെ റവന്യു സെക്രട്ടറി മരണം സ്ഥിരീകരിച്ചു. നാല് മുപ്പതിന് പ്രധാന ശരീരഭാഗങ്ങളെല്ലാം കിട്ടി. അഴുകിയ മൃതദേഹത്തില്‍നിന്ന് കുറേ ഭാഗങ്ങള്‍, കിണറിന്റെ 600 അടി താഴ്ചയില്‍ പതിച്ചു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി, ഫാത്തിമ പുത്തൂരിലെ പള്ളി സെമിത്തേരിയിലേക്ക്. അവിടെ അനേകം കല്ലറകള്‍ക്കിടയില്‍ സുജിത്തിനായി പനിനീര്‍പ്പൂക്കള്‍ വിരിച്ച ഒരിടം. ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. മെഴുകുതിരിയും പനിനീര്‍പ്പൂക്കളുമായി പിന്നെയും മനുഷ്യര്‍ എത്തിക്കൊണ്ടിരുന്നു.
ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍ സുജിത്തിനെ മണ്ണിട്ടു മൂടിയ അതേ സമയത്ത് വീട്ടുമുറ്റത്തെ കുഴല്‍ക്കിണറില്‍ കോണ്‍ക്രീറ്റ് നിറച്ചു. അവനുണ്ടായിരുന്നെങ്കില്‍ രണ്ടു ദിവസം മുമ്പ് ദീപാവലിപ്പടക്കം പൊട്ടിക്കേണ്ടിയിരുന്ന മുറ്റത്ത് ചെറിയൊരു പന്തലുയര്‍ന്നു. നാലുപാടുമുള്ള ചോളപ്പാടങ്ങളില്‍നിന്ന് രക്ഷാപ്രവര്‍ത്തകരും യന്ത്രങ്ങളും മടക്കയാത്രയ്ക്കൊരുങ്ങി.
രണ്ടു ചോദ്യം മാത്രം അലട്ടിക്കൊണ്ടിരുന്നു. നൂറടി താഴ്ചയിലുള്ള ഒരു കുഞ്ഞിനെ രക്ഷിച്ചെടുക്കാന്‍ മാത്രം ഉയരത്തിലേക്ക് നമ്മുടെ സാങ്കേതികവിദ്യ ഇനി എപ്പോഴാണ് വളരുക?
നമ്മളെല്ലാം എന്നാണ് ജാഗ്രത കാട്ടിത്തുടങ്ങുക?
ഒരു ചിത്രം മാത്രം മനസ്സില്‍ പതിഞ്ഞു.
തഴച്ചുവളര്‍ന്ന മുടി. മണ്ണുകലര്‍ന്ന കറുത്ത മുടിയിഴകള്‍ക്ക് രണ്ടുവശത്തുമായി ഉയര്‍ന്നുനില്‍ക്കുന്ന പിഞ്ചു കൈകള്‍.
മാപ്പ് എന്നുമാത്രം പറയാം, ആ പൈതലിനോട്.
മാപ്പ്...
Content Highlights: Book excerpt from the book 'Mattoru maha bharatham'