അഫ്ഗാന്‍ പെണ്‍കുട്ടി,വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തം, യുദ്ധങ്ങൾ; സ്റ്റീവിൻെറ ഉറക്കമില്ലാത്ത രാത്രികൾ

പി.എസ്. രാകേഷ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ആ ഫോട്ടോയ്ക്കു പിന്നില്‍' എന്ന പുസ്തകത്തിന് ഫോട്ടോഗ്രാഫര്‍ മധുരാജ് എഴുതിയ അവതാരിക വായിക്കാം.
ഈ നൂറ്റാണ്ടില്‍ ജീവിച്ചിരിപ്പുള്ള ഡോക്യുമെന്ററി ഫോട്ടോഗ്രാഫര്‍മാരില്‍ പ്രമുഖനാണ് അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കറി. ഫോട്ടോഗ്രാഫി എന്ന പ്രൊഫഷനെ ഗൗരവമായെടുക്കുന്ന ഏതൊരു ഫോട്ടോഗ്രാഫറും കൊതിക്കുന്ന ലോകത്തിലെ മികച്ച പുരസ്‌കാരങ്ങള്‍ സ്റ്റീവ് മക്കറിയെത്തേടി എത്തിയിട്ടുണ്ട്. ഡോക്യുമെന്ററി ഫോട്ടോഗ്രാഫിയിലെ അതിസാഹസികര്‍ക്കു മാത്രം സ്വപ്നം കാണാന്‍പറ്റുന്ന പുരസ്‌കാരമാണ് റോബര്‍ട്ട് കാപ്പ സ്വര്‍ണ്ണമെഡല്‍. ലോകപ്രശസ്തനായ വാര്‍ ഫോട്ടോഗ്രാഫറും മാഗ്‌നം ഫോട്ടോ ഏജന്‍സിയുടെ സ്ഥാപകനുമായ റോബര്‍ട്ട് കാപ്പയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം.
1954-ല്‍ ആദ്യത്തെ ഇന്തോ-ചീനാ യുദ്ധം പകര്‍ത്തുന്നതിനിടയില്‍ മൈന്‍ സ്ഫോടനത്തില്‍ കാപ്പയുടെ ജീവന്‍ പൊലിയുമ്പോള്‍ അദ്ദേഹം ബാക്കിയാക്കിയത് വാര്‍ ഫോട്ടോഗ്രാഫിയുടെ വിലയേറിയ ഒരുപിടി നാഴികക്കല്ലുകളായിരുന്നു. സ്പാനിഷ് സിവില്‍ വാറും രണ്ടാം അറബ് ഇസ്രയേല്‍ യുദ്ധവും (1948) ലോകമഹായുദ്ധവും അടക്കം നിരവധി യുദ്ധങ്ങള്‍ സ്തുത്യര്‍ഹമായി പകര്‍ത്തിയ കാപ്പയ്ക്ക് കാലിടറിയത് തന്റെ നാല്‍പ്പത്തിയൊന്നാം വയസ്സിലായിരുന്നു.
തന്റെ മുപ്പത്തിയെട്ടാമത്തെ വയസ്സില്‍ (2021-ല്‍) അഫ്ഗാനിസ്താനിലെ യുദ്ധമേഖലയായ സ്പിന്‍ ബോള്‍ഡാകില്‍ വെച്ച് താലിബാന്റെ വെടിയുണ്ടയേറ്റു മരണപ്പെട്ട പുലിസ്റ്റര്‍ ജേതാവായ ഇന്ത്യന്‍ ഫോട്ടോഗ്രാഫറെ നമുക്കു മറക്കാന്‍ പറ്റില്ല. സദ്ദാമിനു ശേഷം ഇറാഖിലുണ്ടായ ആഭ്യന്തരകലാപവും സഖ്യശക്തികള്‍ ഐ.എസ്സിനെതിരെ നടത്തിയ ചെറുത്തുനില്‍പ്പും മ്യാന്‍മാറിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥിപ്രശ്നവും പൗരത്വബില്ലിനെത്തുടര്‍ന്ന് പ്രക്ഷുബ്ധമായ ദില്ലിയും കോവിഡിന്റെ രണ്ടാംവരവില്‍ മരണം താണ്ഡവമാടിയ ഇന്ത്യയുടെ തലസ്ഥാന നഗരവും ലോകം കണ്ടത്, മരണത്തെ മുന്നില്‍ക്കണ്ട് ഐതിഹാസികമായി തന്റെ ക്യാമറ ചലിപ്പിച്ച, ഡാനിഷിന്റെ ക്യാമറക്കണ്ണിലൂടെയാണ്.
റോയിട്ടര്‍ ന്യൂസ് ഏജന്‍സിക്കു വേണ്ടിയാണ് ഡാനിഷ് ഫോട്ടോ എടുത്തിരുന്നത്; മരണം ഉന്നതമായ പാരിതോഷമായി എത്തുന്ന ചാവുനിലങ്ങളെ പ്രണയിച്ചവര്‍. For a war correspondent to miss an invasion is like refusing a date with Lana Turner. (ഒരു യുദ്ധലേഖകന്‍ ഒരു അവസരം നഷ്ടപ്പെടുത്തുന്നത് ഹോളിവുഡ് സൗന്ദര്യധാമമായ ലാന ടര്‍ണറുമായുള്ള കൂടിക്കാഴ്ച നിരസിക്കുന്നതുപോലെയാണ്) എന്നുപറഞ്ഞ റോബര്‍ട്ട് കാപ്പതന്നെ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത് യുദ്ധത്തിന്റെ നൃശംസതകളില്‍ മനംനൊന്ത് ഇങ്ങനെയും പറയുകയുണ്ടായിട്ടുണ്ട്: I hope to stay unemployed as a war photographer till the end of my life (എന്റെ ജീവിതാവസാനം വരെ ഒരു യുദ്ധഫോട്ടോഗ്രാഫറായി ജോലിയില്ലാതെ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു).
യുദ്ധവും അധിനിവേശവും രാഷ്ട്രതന്ത്രമായി വികസിപ്പിച്ചെടുത്ത രണ്ടു ലോകശക്തികള്‍-റഷ്യയും അമേരിക്കയും-ലോകം അടക്കിവാഴുന്ന, ശീതയുദ്ധങ്ങളുടെ (Cold War) കാലം. അമേരിക്കയിലെ പെന്‍ സര്‍വ്വകലാശാലയില്‍ സിനിമയും നാടകവും പഠിച്ച സ്റ്റീവ് എന്ന ഇരുപത്തിയെട്ടുകാരനായ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍, ലോകത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ വന്‍ശക്തികളുടെ അധിനിവേശവും ആഭ്യന്തരകലാപവുംകൊണ്ട് തുളകള്‍വീണ് കീറിപ്പറിഞ്ഞ അഫ്ഗാനിസ്താനിലെ ചാവുനിലങ്ങള്‍, തന്റെ ഔദ്യോഗികജീവിതത്തിലെ ആദ്യയാത്രയുടെ ഇടമായി തിരഞ്ഞെടുത്തത് ഒരു നിയോഗമായിരിക്കാം.
ഒരു ന്യൂസ് ഏജന്‍സിയുടെയും ഭാഗമാകാതെ സ്വന്തം നിലയിലായിരുന്നു സ്റ്റീവിന്റെ യാത്ര. അതുകൊണ്ടുതന്നെ അപകടകരമായ യാത്രയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ നഷ്ടം സ്റ്റീവിനു മാത്രം. പാസ്പോര്‍ട്ട് ഇല്ലാതെ, ചാരനെയോ അഭയാര്‍ത്ഥിയെയോപോലെ മറ്റൊരു രാജ്യത്തില്‍.
തലയ്ക്കു മുകളില്‍ ചാരക്കണ്ണുമായി പറക്കുന്ന റഷ്യന്‍ സൈനിക ഹെലികോപ്റ്ററുകള്‍. കുണ്ടുകളും കുഴികളും നിറഞ്ഞ പാത. മുന്നില്‍ കണ്ണെത്താദൂരം സമതലങ്ങള്‍, ചെമ്മണ്ണിന്റെയോ സിമന്റിന്റെയോ കൂനപോലെ വരണ്ടുണങ്ങിയ പര്‍വ്വതശിഖരങ്ങള്‍. ചുവട് ഒന്നുപിഴച്ചാല്‍ മണ്ണിനടിയില്‍ പൊട്ടിച്ചിതറാന്‍ കാതോര്‍ത്തുനില്‍ക്കുന്ന മൈന്‍പാടങ്ങളിലൂടെ രണ്ട് മുജാഹിദീന്‍ ഒളിപ്പോരാളികളോടൊപ്പം നടത്തിയ ഉദ്വേഗജനകമായ സ്റ്റീവിന്റെ ആ യാത്രയെ ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്-1979ലായിരുന്നു അത്. അമേരിക്കയില്‍ തിരിച്ചെത്തിയ സ്റ്റീവിന്റെ കൈയിലുണ്ടായിരുന്നത് വന്‍ശക്തികള്‍ തുറന്ന പുതിയ യുദ്ധമുഖത്തിന്റെ അലോസരപ്പെടുത്തുന്ന കാഴ്ചകളായിരുന്നു.
നൂറ്റാണ്ടുകള്‍ നീണ്ട വിയറ്റ്നാംയുദ്ധം ലോകത്തു വിതച്ച അശാന്തിയും അസ്വസ്ഥതയും അപ്പോഴും ലോകം മറന്നിരുന്നില്ല. ജീവന്‍ പണയപ്പെടുത്തി സ്റ്റീവ് പകര്‍ത്തിയ അഫ്ഗാന്‍ ചിത്രങ്ങള്‍ക്കുള്ള അംഗീകാരമായി റോബര്‍ട്ട് കാപ്പാ പുരസ്‌കാരം തേടിയെത്തുമ്പോള്‍ സ്റ്റീവിനു വയസ്സ് മുപ്പത്. ഡോക്യുമെന്ററി ഫോട്ടോഗ്രാഫിയില്‍ തന്റെ വരവറിയിച്ചുകൊണ്ടുള്ള ആ പുരസ്‌കാരലബ്ധി, സ്റ്റീവിനെ ഇരുപതാം നൂറ്റാണ്ടിലെ ഫോട്ടോ ജേണലിസത്തില്‍ ഒരു താരമാക്കി മാറ്റി. ചുവന്ന ഷാള്‍ ധരിച്ച് തീപാറുന്ന ഇന്ദ്രനീലക്കണ്ണുകളുള്ള അജ്ഞാതയായ അഫ്ഗാന്‍ പെണ്‍കുട്ടിയുടെ ചിത്രം നാഷണല്‍ ജ്യോഗ്രഫിക്കിന്റെ കവര്‍ച്ചിത്രമാകുന്നതും 2002-ല്‍ ആ പെണ്‍കുട്ടിയെ തേടിയുള്ള സ്റ്റീവിന്റെ യാത്രയും ഒരു വലിയ professional legacy യുടെ തുടര്‍ച്ചയായിരുന്നു.
പതിനേഴു വര്‍ഷങ്ങള്‍ക്കുമുമ്പ് പെഷവാറിലെ നാസിര്‍ബാഗ് അഭയാര്‍ത്ഥിക്യാമ്പില്‍വെച്ച് തന്റെ ക്യാമറയില്‍ രണ്ടേരണ്ടു ഫ്രെയിമുകള്‍ മാത്രം അവശേഷിപ്പിച്ച്, മുഖം മറച്ച് ഓടിമറഞ്ഞ ഊരും പേരും അറിയാത്ത പെണ്‍കുട്ടി ഷര്‍ബത്ത് ഗുലയാണെന്ന് പിന്നീട് ലോകമറിഞ്ഞു. അതേ പെണ്‍കുട്ടി ജ്യോഗ്രഫിക്കിന്റെ 2002 ഏപ്രില്‍ ലക്കത്തിന്റെ മുഖചിത്രമായി വന്നു. ആ അന്വേഷണത്തിന്റെ കഥ ഈ പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ ഉദ്വേഗജനകമായി അവതരിപ്പിച്ചിട്ടുണ്ട്.
ഷര്‍ബത്ത് ഗുല എന്ന അഫ്ഗാന്‍സ്ത്രീയുടെ രണ്ടു ചിത്രങ്ങളിലൂടെ സ്റ്റീവും കാലവും പല കാര്യങ്ങളും പറഞ്ഞുവെക്കുന്നു. ലോകം ആദ്യം കണ്ട അജ്ഞാതയായ ആ അഫ്ഗാന്‍ പെണ്‍കുട്ടി വായനക്കാരില്‍ നൊമ്പരമായി മാറിയതിനു പിന്നില്‍ പല കാരണങ്ങളും നമുക്ക് വായിച്ചെടുക്കാന്‍ പറ്റും. വന്‍ശക്തികള്‍ കീറിമുറിച്ച ദേശത്തിന്റെ നിരാലംബതയും ഭീതിയും പലരും അവളുടെ മുഖത്തുനിന്നു വായിച്ചെടുത്തു. തുളവീണു പിന്നിപ്പറിഞ്ഞ അവളുടെ മെറൂണ്‍ ഷാള്‍ ശീതയുദ്ധത്തില്‍ കശക്കിയെറിഞ്ഞ ഒരു ദേശത്തിന്റെ പ്രതീകമായി.
നാടും വീടും പേരുപോലുമില്ലാതെ മരിച്ചുപോകുന്ന, ലോകത്തെങ്ങുമുള്ള അഭയാര്‍ത്ഥികളുടെ പ്രതീകമായി മാറിയ ആ അജ്ഞാതയായ പെണ്‍കുട്ടി, മനസ്സുകളില്‍ ഒരു നീറ്റല്‍പോലെ ഒന്നരപ്പതിറ്റാണ്ടുകാലം ജീവിച്ചതിനുശേഷം, ലോകത്തിനു മുന്നില്‍ അവളുടെ പേരും ഊരും വെളിപ്പെടുമ്പോഴേക്കും ലോകം ഏറെ മാറിയിരുന്നു. പക്ഷേ, ഷര്‍ബത്ത് ഗുലയുടെ ജീവിതം മാറിയോ? ചോദ്യത്തിനുള്ള ഉത്തരം ഈ പുസ്തകം നല്‍കുന്നു. ലോകത്തിന്റെ മാറ്റം ഗുലയുടെ രണ്ടാമത്തെ ചിത്രം നിശ്ശബ്ദമായി പറയുന്നുണ്ട്.
ഓഫീസിലെ ചുവരില്‍ ഞാന്‍ ഈ രണ്ടു ചിത്രങ്ങളും ചേര്‍ത്തുവെച്ചിരുന്നു. ഒരു പാറക്കല്ല് കാലപ്രവാഹത്തിലൂടെ സഞ്ചരിച്ച് മുനകള്‍ തേയ്മാനംവന്ന് മിനുസമുള്ള കല്ലായി മാറിയാല്‍ എങ്ങനെയാകും, അതുപോലെയായിരുന്നു ആ രണ്ടാമത്തെ ചിത്രത്തില്‍ ഗുലയുടെ മുഖഭാവം. ആദ്യ ചിത്രത്തിലേതുപോലെ തീക്ഷ്ണമായ പകച്ച നോട്ടമില്ല. പെഷവാറിലെ പര്‍വ്വതനിരകളിലെ ശൈത്യവും ജീവിതം അപരിഹാര്യമായി ഏല്‍പ്പിച്ച അനുഭവങ്ങളുടെ കയ്പ്പുമെല്ലാം ആ കണ്ണുകളില്‍ തളംകെട്ടിനിന്നു; ഇന്ദ്രനീലക്കണ്ണുകളിലെ അഗ്‌നിനാളം കാലം കെടുത്തിയപോലെ.
ആ ചിത്രത്തിലേക്ക് ഓരോ തവണ നോക്കുമ്പോഴും മനസ്സു പറഞ്ഞു, ഇതുതന്നെയല്ലേ ഫോട്ടോ ജേണലിസത്തിന്റ അന്തസ്സാരം എന്ന്. ഇരുപതാം നൂറ്റാണ്ടിലെ ഒരു പ്രധാനപ്പെട്ട ഐക്കോണിക്ക് ഇമേജ് ആയി ഈ അഫ്ഗാന്‍ പെണ്‍കുട്ടി മാറിയതിനു പിന്നില്‍ ഇങ്ങനെ പല വായനകളും സാധ്യമാണ്.
ലോകത്തിലെ അറിയപ്പെടുന്ന ഒരു പോട്രെയിറ്റ് ഫോട്ടോഗ്രാഫര്‍കൂടിയാണ് സ്റ്റീവ് മക്കറി. ഒരു ഫോട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോ ആ ഫോട്ടോഗ്രാഫറുടെതന്നെ പോട്രെയിറ്റായി മാറുന്ന നിലയിലേക്ക് പില്‍ക്കാലത്ത് ഈ ചിത്രം മാറുന്നുണ്ട്. ഇങ്ങനെ സംഭവിക്കുന്നത് അത്ര പരിചിതമായ കാര്യമല്ല. അഫ്ഗാന്‍ പെണ്‍കുട്ടിയുടെ കാര്യത്തില്‍ സ്റ്റീവിനു സംഭവിച്ചത് ഇതാണ്. ആ പെണ്‍കുട്ടി സ്റ്റീവിന്റെ പ്രതിരൂപമായി മാറി. വിയറ്റ്നാം യുദ്ധത്തില്‍ നാപ്പാം ബോംബുവീണ് ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രം കാണുമ്പോള്‍ നാം നിക്ക് ഉട്ടിനെ ഓര്‍ക്കുന്നു. എങ്കിലും, അതു ലോകത്തെ നടുക്കിയ ഒരു സംഭവത്തിന്റെ കാലത്തില്‍നിന്നു ചീന്തിയെടുത്ത ഏടായിത്തന്നെ നില്‍ക്കുന്നു.
സ്റ്റീവ് എന്ന ഫോട്ടോഗ്രാഫറുടെ കരിയറിനെ രണ്ടായി പകുത്താല്‍ അത് അഫ്ഗാന്‍ പെണ്‍കുട്ടിക്കു മുമ്പും ശേഷവും എന്നായിരിക്കും. ലോകത്തിലെ പ്രധാനപ്പെട്ട ന്യൂസ് ഏജന്‍സികള്‍ക്ക് സ്റ്റീവ് മക്കറി എന്ന ഫോട്ടോഗ്രാഫര്‍ പ്രധാനപ്പെട്ട ഒരാളായി മാറിയതിനു പിന്നില്‍ ഫോട്ടോഗ്രാഫര്‍ക്കുപോലും അജ്ഞാതയായ ആ പെണ്‍കുട്ടി ഉണ്ടായിരുന്നു. റോബര്‍ട്ട് കാപ്പയും ഹെന്‍ട്രി കാര്‍ട്ടിയര്‍ ബ്രസ്സനും തുടങ്ങിവെച്ച മാഗ്‌നം ഫോട്ടോ ഏജന്‍സിയില്‍ സ്റ്റീവ് അംഗമാകുന്നത് ഈ പെണ്‍കുട്ടിയെ കണ്ടതിനുശേഷമായിരുന്നു.
ഫോട്ടോഗ്രാഫിയുടെ പല ഉയരങ്ങളും കീഴടക്കുന്നതില്‍ സ്റ്റീവിന്റെ ജീവിതത്തില്‍ ഈ പെണ്‍കുട്ടി ഒരു നിമിത്തമായി മാറി. തന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ച ആ പെണ്‍കുട്ടിയുടെ ജീവിതം മെച്ചപ്പെടുത്താന്‍ സ്റ്റീവ് എന്തു ചെയ്തു എന്ന് ഈ പുസ്തകം പറയുന്നു.
മക്കറി എന്ന ഫോട്ടോഗ്രാഫറുടെ ജീവിതത്തിലെ അഭിശപ്തമായ നാളുകളിലേക്കും ഈ പുസ്തകം വെളിച്ചം വിതറുന്നുണ്ട്. 2001 സെപ്റ്റംബര്‍ 11-ന് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നുവീഴുന്നതിന്റെ തലേദിവസം ലോവര്‍ മാന്‍ഹാട്ടനിലെ വാഷിങ്ടണ്‍ സ്‌ക്വയര്‍ പാര്‍ക്കിനു സമീപമുള്ള തന്റെ ഫ്‌ലാറ്റില്‍ തിരിച്ചെത്തിയ സ്റ്റീവിനു ദൃക്സാക്ഷിയാകേണ്ടിവന്നത് ലോകത്തെ, അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയെ പിടിച്ചുലച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തത്തിനായിരുന്നു.
ലോകം മുഴുവന്‍ ആയുധം വിറ്റഴിച്ചും യുദ്ധം വിതച്ച് ലോകപോലീസ് ചമഞ്ഞും സമ്പത്തും വാര്‍ത്തകളും കൊയ്തെടുത്ത അമേരിക്ക തങ്ങള്‍ക്കുനേരെ വന്ന ചാവേറാക്രമണത്തില്‍ വിറങ്ങലിച്ചുനിന്ന നാളുകള്‍ സ്റ്റീവിനു നല്‍കിയത് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. തന്റെ കണ്‍മുന്നില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ഇല്ലാതാകുന്നത് ആവേശപൂര്‍വ്വം സ്റ്റീവ് പകര്‍ത്തിയെങ്കിലും ഓരോ അമേരിക്കക്കാരന്റെയും ആത്മവിശ്വാസത്തോടൊപ്പം തകര്‍ന്നുവീണത് സ്റ്റീവിന്റെ മനസ്സമാധാനംകൂടിയായിരുന്നു.
ആഭ്യന്തരയുദ്ധങ്ങളും ആക്രമണങ്ങളും ഫോട്ടോ മുഹൂര്‍ത്തമായി മാത്രമായി അതുവരെ അനുഭവിച്ച ലോകപ്രശസ്തനായ ആ ഫോട്ടോ ജേണലിസ്റ്റിന്റെ ജീവിതത്തില്‍ ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍ സമ്മാനിച്ച കാലത്തിലൂടെയും ഈ പുസ്തകം സഞ്ചരിക്കുന്നു.
ഫോട്ടോഗ്രാഫറുടെയും ഫോട്ടോഗ്രാഫിയുടെയും ധാര്‍മികതയെക്കുറിച്ചുള്ള സംവാദത്തിന്റെ ഇടങ്ങളും ഈ പുസ്തകം മുന്നോട്ടു വെക്കുന്നുണ്ട്. ലോകം മുഴുവന്‍ ചിതറിക്കിടക്കുന്ന സ്റ്റീവ് മക്കറി എന്ന ഇരുപതാംനൂറ്റാണ്ടു കണ്ട മഹാനായ ഡോക്യുമെന്ററി ഫോട്ടോഗ്രാഫറുടെ ജീവിതത്തെ സംഗ്രഹിക്കാനും വായനക്കാര്‍ക്കുവേണ്ടി ചിട്ടപ്പെടുത്താനും ആ ജീവിതത്തിലേക്കുള്ള ഒരു പ്രവേശികയായി മാറാനും ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്.
ചരിത്രം, വര്‍ത്തമാനം, ഫോട്ടോ ജേണലിസം, മാധ്യമപ്രവര്‍ത്തനം എന്നിവ ഇഷ്ടവിഷയമായ ആര്‍ക്കും ഒഴിച്ചുകൂടാനാകാത്ത ഒരു വായനാനുഭവമായി പി.എസ്. രാകേഷ് രചിച്ച ആ ഫോട്ടോയ്ക്കു പിന്നില്‍... എന്ന പുസ്തകം മാറുന്നു. അഭിനന്ദനാര്‍ഹമാണ് ഈ ശ്രമം.
Content Highlights: The life and career of renowned photographer Steve McCurry