‘പ്രതാപം കൊടികുത്തി വാഴുന്ന രാജ്യങ്ങളിൽനിന്ന് വെറും കുടിയേറ്റക്കാർ മാത്രമായി കപ്പൽ കയറിവന്നവർ’

ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലായി ഏകദേശം 700 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ആരവല്ലി കുന്നുകൾ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പർവതനിരകളിൽ ഒന്നാണ്. ആരവല്ലി കുന്നുകളുടെ വിശാലമായ ഭാഗങ്ങൾ ഖനനത്തിനായി തുറന്നുകൊടുക്കാൻ സാധ്യതയുണ്ടെന്ന ആരോപണവും വിമർശനവുമുയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, ആനന്ദ് രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘സ്ഥാനം തെറ്റിയ വസ്തു’ എന്ന പുസ്തകത്തിലെ ഏതാനും പ്രസക്തഭാഗങ്ങൾ വായിക്കാം.
വേരറുക്കപ്പെട്ട മണ്ണ്
1934 വേനലിൽ, ഫ്രാങ്ക്ലിൻ റൂസ്വെൽട്ടിന്റെ (FDR) പ്രസിഡൻസിയുടെ രണ്ടാംവർഷം, അമേരിക്കൻ ഡിപ്രഷന്റെ മൂർധന്യത്തിൽ, High Plains എന്നും വേറൊരു വീക്ഷണത്തിൽ Dust Bowl എന്നും അറിയപ്പെടുന്ന ആ രാജ്യത്തിന്റെ മധ്യ-തെക്കുപടിഞ്ഞാറൻ പ്രദേശത്ത് ഫെഡറൽ ഗവണ്മെന്റിന്റെ ഒരു പ്രതിനിധിസംഘം ഒരു സവിശേഷദൗത്യവുമായി എത്തി.
അര നൂറ്റാണ്ടോളം മുൻപ് ആ പ്രദേശങ്ങളിൽ കുടിയേറിയ കൗബോയ്സും കർഷകരും വളർത്തിക്കൊണ്ടുവന്ന കന്നുകാലികളെ കൊന്നൊടുക്കുക എന്നതായിരുന്നു ആ ദൗത്യം. കന്നുകാലികളെ സംബന്ധിച്ചിടത്തോളം അത് ദയാവധമായിരുന്നു. തിന്നുവാനൊന്നുമില്ലാതെ എല്ലും തൊലിയുമായും, പൊടി കയറി ആന്തരികാവയവങ്ങൾ അടഞ്ഞും, കാഴ്ച നശിച്ചും അവശേഷിച്ച ഈ ജന്തുക്കളെക്കൊണ്ട് കുടിയേറ്റക്കാർക്കും പ്രയോജനമില്ലായിരുന്നു.
കുടിയേറ്റക്കാർ എത്തുംമുൻപ് കുറച്ച് കൊമാൻചെ (Comanche) ആദിവാസികളും കുറെ ബൈസണു(കാട്ടുപോത്തു)കളും മാത്രം വിഹരിച്ചിരുന്ന ഭൂമിയിലെ ഏറ്റവും നല്ല പുൽമേടുകളിലൊന്നായിരുന്നു അവിടം. കുടിയേറ്റക്കാരുടെ ട്രാക്ടറുകൾ അതിനെ ഭയാനകമായ പൊടിക്കാടായി മാറ്റിയപ്പോൾ, പശുക്കളെപ്പോലെ മനുഷ്യരും ഹ്രസ്വകാലത്തെ സമൃദ്ധിക്കുശേഷം വീടും കുടിയും ഭക്ഷണവും വെള്ളവും നഷ്ടപ്പെട്ട പേക്കോലങ്ങളായിക്കഴിഞ്ഞിരുന്നു.
അവർക്ക് നാലു കാശു കൊടുത്ത് സഹായം നൽകാനാണ് ഗവണ്മെന്റ് പ്രതിനിധികൾ വന്നത്. നിങ്ങളുടെ കന്നുകാലികളെ കൊണ്ടുവരിക, ഗവണ്മെന്റ് പറഞ്ഞു. വെടിവെക്കുന്നതിൽ വിദഗ്ധരെ ഞങ്ങൾ ഏർപ്പാടാക്കാം. നിങ്ങൾക്ക് അതിനു വിഷമമുണ്ടാകും, അവർക്കുണ്ടാവില്ല. ഒരു പശുവിന് ഒരു ഡോളർവെച്ച് ഉടമസ്ഥന് വിലയും കിട്ടും.
ഭയാനകമായ ഒരു പാരിസ്ഥിതിക ദുരന്തമായിരുന്നു ഡസ്റ്റ്ബൗളിൽ അരങ്ങേറിക്കൊണ്ടിരുന്നത്. എന്നാൽ, അതിന്റെ പ്രതിവിധിയായിരുന്നില്ല ഗവണ്മെന്റ് ഈ കൃത്യത്തിൽ ലക്ഷ്യമിട്ടിരുന്നത്. അതിനോടൊപ്പം രാജ്യത്തെ ബാധിച്ച The Great Depression എന്ന സാമ്പത്തികപ്രതിസന്ധിയെ നേരിടുവാൻ FDR ഗവണ്മെന്റ് ആവിഷ്‌കരിച്ച New Dealന്റെ ഭാഗമായിരുന്നു ഈ ദൗത്യം. 1933 ഒക്‌ടോബറിൽ 6 മില്യൻ പന്നികളെ, വിശേഷിച്ചും ഗർഭിണികളായവയെ ഗവണ്മെന്റ് വാങ്ങി കൊന്നു. ഇപ്പോൾ ലക്ഷ്യമിട്ടത് എട്ട് മില്യൻ കന്നുകാലികളെയാണ്.
അവയുടെ ഇറച്ചി ഉപയോഗിക്കാതെ കത്തിച്ചുകളയുകയോ കുമ്മായമിട്ട് കുഴിച്ചുമൂടുകയോ ആണ് ചെയ്തത്. അധികോത്പാദനം തടയുകയും ഉത്പാദകർക്ക് ഉത്പന്നങ്ങളുടെ നല്ല വില ലഭ്യമാക്കുകയും ആയിരുന്നു ലക്ഷ്യം. അതുതന്നെയായിരുന്നു മുന്തിരിച്ചെടികൾ നശിപ്പിക്കുന്നതിലും, കാപ്പിയും ചോളവും വിറകായി കത്തിച്ചുകളയുന്നതിലും, ഓറഞ്ചുകൾ കുന്നുകൂട്ടി മണ്ണെണ്ണയൊഴിച്ച് തീ കൊടുക്കുന്നതിലും ഉന്നംവെച്ചത്.
ഉരുളൻ കിഴങ്ങിന്റെ വിളവ് അപ്പാടേ വാങ്ങി നദിയിലൊഴുക്കിയപ്പോൾ പാവങ്ങൾ അവയെ തോണ്ടിയെടുക്കാതിരിക്കാൻ തീരത്ത് കാവൽക്കാരെ നിയോഗിച്ചിരുന്നു. മാർക്കറ്റിനെ ബാലൻസ് ചെയ്യുവാനും സാധനങ്ങളുടെ ഇടിഞ്ഞുപോയ വിലയെ മടക്കിക്കൊണ്ടു വരുവാനുമായി കൃത്രിമദാരിദ്ര്യം സൃഷ്ടിക്കുക. അവിശ്വസനീയമായിത്തോന്നാം. പക്ഷേ, അതാണ് എഡ്വേർഡ് ഗിബ്ബൺ വേറൊരു സന്ദർഭത്തിൽ പറഞ്ഞത്, മനുഷ്യന്റെ അബദ്ധങ്ങളുടെ കണക്കാണ് ചരിത്രമെന്ന്. മുപ്പതുകളിലെ അമേരിക്ക മനുഷ്യനിർമിതമായ അബദ്ധങ്ങളുടെ ഒരു കലവറയായിരുന്നുവല്ലോ. ആ അബദ്ധങ്ങളെ തരണംചെയ്യുവാനുള്ള അസംബന്ധപരിഹാരങ്ങളുടേയും.
കൃഷി ചെയ്യാതിരിക്കുന്നതിന് കൃഷിക്കാർക്ക് ബത്ത കൊടുക്കുവാൻവരെ തയ്യാറായിരുന്നു ഗവണ്മെന്റ്. പക്ഷേ, ഡസ്റ്റ്ബൗളിലെ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം അതിന് അർഥമില്ലായിരുന്നു. അവരെങ്ങനെ
കൃഷിചെയ്യാൻ? വെള്ളമെവിടെ? ഭൂമിയെവിടെ? മുതലാളിത്തവ്യവസ്ഥിതിയുടെ ലക്കും ലഗാനുമില്ലാത്ത പാച്ചിൽ സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധിയുടെ സമാന്തരവും അത്രതന്നെ ഭയാനകവുമായ ഒരു പ്രാകൃതിക പ്രതിസന്ധിയായിരുന്നു അവരുടേത്. അതിനാകട്ടെ, ന്യൂ ഡീലിൽ ചികിത്സയില്ലായിരുന്നു. അതുകൊണ്ട് അവർ ഭൂമിയും വീടുകളും ഉപേക്ഷിച്ച്, കന്നുകാലികളെ കൊന്ന്, പൊടി കയറിയ ശ്വാസകോശങ്ങളുമായി ചുമച്ചും കിതച്ചും പടിഞ്ഞാറ് കാലിഫോർണിയയിലേക്ക് പലായനംചെയ്തു.
പലായനവും കുടിയേറ്റവും
ഈ മനുഷ്യരെ സംബന്ധിച്ചിടത്തോളം അത് രണ്ടാം പലായനമായിരുന്നു. ഏതാണ്ട് അരനൂറ്റാണ്ട് മുൻപായിരുന്നു കൊളൊറാഡോയിലും കൻസാസിലും ടെക്സാസിലും ഒക്ലഹോമയിലും ന്യൂ മെക്സിക്കോവിലുമായി പരന്നുകിടക്കുന്ന ഈ പുൽമേടുകളെ ഗവണ്മെന്റ് കുടിയേറ്റക്കാർക്കായി തുറന്നുകൊടുത്തത്. കുടിയേറ്റമായിരുന്നുവെങ്കിലും അതിന്റെ പിന്നിൽ വലിയൊരു പലായനത്തിന്റെ കഥയുണ്ടായിരുന്നുവല്ലോ അവർക്ക്.
ഏതാണ്ട് അതേസമയത്ത് ന്യൂയോർക്ക് നഗരത്തിന്റെ മുൻപിലെ തുരുത്തിൽ സ്ഥാപിക്കപ്പെട്ട സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ താഴെ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള എമ്മലസാറസ്സിന്റെ വിഖ്യാതമായ കവിത ആ പലായനത്തിന്റേയും നാടുകടത്തപ്പെട്ടവർക്ക് അഭയം നൽകുന്ന മാതാവിന്റേയും കഥ ഈവിധം വിവരിക്കുന്നു:
Not like the brazen giant of Greek fame,
With conquering limbs astride from land to land,
Here at our sea-washed, sun set gates shall stand
A mighty woman with a torch, whose flame
Is the imprisoned lightning, and her name
Mother of Exiles. From her beacon-hand
Glows world-wide welcome, her mild eyes command
The air-bridged harbor that twin-cities frame.
'Keep ancient lands, your storied pomp!' cries she,
With silent lips. 'Give me your tired, your poor,
Your huddled masses yearning to breathe free,
The wretched refuse of your teeming shore.
Send these, the homeless, tempest-tost to me,
I lift my lamp beside the golden door!'
ബഹിഷ്‌കൃതരുടെ മാതാവിന്റെ ഈ വിളി യൂറോപ്പിലെങ്ങും അനുരണനങ്ങളുണ്ടാക്കി. ബ്രിട്ടനും അയർലാന്റും തൊട്ട് റഷ്യയിലെ വോൾഗാതടം വരെയുള്ള ഇടങ്ങളിൽനിന്ന് മതപീഡനവും രാഷ്ട്രീയസംഘർഷങ്ങളും ദാരിദ്ര്യവും തുരത്തിവിട്ട നിന്ദിതരും പീഡിതരുമായ മനുഷ്യർ എമ്മ ലസാറസ്സിന്റെ പേരിൽ വിഖ്യാതമായ സ്വർണകവാടം കടന്ന് പുതിയ ലോകത്തിലെത്തി.
അമേരിക്കൻ വിപ്ലവത്തിന്റെ ശേഷമുള്ള ദശാബ്ദത്തിൽ 5000 പേരാണ് അമേരിക്കയിലെത്തിയതെങ്കിൽ, പത്തൊൻപതാംനൂറ്റാണ്ടിന്റെ അവസാനകാലത്ത് പ്രതിദിനം അത്രയും പേർ കുടിയേറ്റക്കാർ, ബഹിഷ്‌കൃതരുടെ മാതാവ് നില്ക്കുന്ന ദ്വീപിന്റെ തൊട്ടടുത്ത് സ്ഥാപിക്കപ്പെട്ട എല്ലിസ് ദ്വീപിലെ ഇമിഗ്രേഷൻ ഓഫീസിലൂടെ കടന്നുവന്നുവത്രേ.
പ്രതാപം കൊടികുത്തി വാഴുന്ന രാജ്യങ്ങളിൽനിന്ന് ചരിത്രത്തിന്റേയും സംസ്‌കാരത്തിന്റേയും തൊങ്ങലുകൾ അഴിച്ചുകളഞ്ഞ് വെറും കുടിയേറ്റക്കാർ മാത്രമായി കപ്പലുകൾ കയറിവന്നവർ. പ്രയത്നിക്കുവാൻ കഴിവുള്ള ശരീരവും സന്നദ്ധതയുള്ള മനസ്സും മാത്രമായിരുന്നു യോഗ്യത. അവരിൽ നല്ലൊരു പങ്കിനെ ഗവൺമെന്റ് തെക്കുപടിഞ്ഞാറൻ ഹൈ പ്ലെയിൻസിലേക്കു തിരിച്ചുവിട്ടു. ആഭ്യന്തരയുദ്ധത്തിനു ശേഷം കാർഷികരംഗത്തുണ്ടായ പുനഃസംവിധാനങ്ങളിൽ ഈ പ്രദേശം ആകർഷണകേന്ദ്രമായി.
ചൈനയിലെ ക്ഷാമങ്ങളിൽനിന്ന് രക്ഷപ്പെടാനായി കപ്പൽ കടന്ന് പടിഞ്ഞാറൻ തീരത്തെത്തിയിരുന്ന ചൈനക്കാരെ കുടിയേറ്റക്കാരായല്ല അമേരിക്ക സ്വാഗതംചെയ്തത്. വെള്ളക്കാരല്ലാത്തവരായ അവരെ തരംതാണവരെന്നു വിധിച്ച്, ആഭ്യന്തരയുദ്ധത്തിനുശേഷം സ്വതന്ത്രരാക്കപ്പെട്ട കറുത്തവരുടെ സ്ഥാനത്ത് പുതിയ തരം അടിമകളാക്കി, അമേരിക്കൻ കമ്പനികൾ വൻകിട നിർമാണപ്രക്രിയയിൽ ഉപയോഗിച്ചു.
പിന്നീട് 1882-ൽ നിയമപ്രകാരം അവരുടെ വരവ് നിരോധിക്കപ്പെട്ടതുവരെ. പസഫിക്കിനേയും അറ്റ്ലാന്റിക്കിനേയും ബന്ധിക്കുന്ന അതീവ ദുഷ്‌കരമായ റെയിൽപ്പാത പ്രധാനമായും ചൈനക്കാരുടെ പ്രയത്നം ഉപയോഗിച്ചാണ് നിർമിക്കപ്പെട്ടത്.
റെയിൽവേ നിർമാണത്തെ ആദിവാസി ഗോത്രങ്ങൾ എതിർത്തത് വെള്ളക്കാരും അവരുമായുള്ള സംഘർഷത്തെ തീക്ഷ്ണമാക്കി. റെയിൽവേ വന്നപ്പോൾ കുടിയേറ്റം സുഗമമായി, അതിന് ആക്കം കൂടി. ഗോത്രവർഗക്കാരുമായുള്ള യുദ്ധങ്ങളിലും പുൽമേടുകളിൽ വിഹരിച്ചിരുന്ന ബൈസണുകളുടെ വേട്ടയിലും അങ്ങനെ കുടിയേറ്റക്കാരും പങ്കുചേർന്നു.
കൻസാസ്, കൊളൊറാഡോ, ഒക്ലഹോമ, ടെക്സാസ് പ്രദേശങ്ങളിൽ ജീവിച്ചിരുന്ന കൊമാൻചെ വംശജർ കുറച്ച് ആയിരങ്ങൾ മാത്രമായിരുന്നു എണ്ണത്തിൽ. അവരും അവരുടെ നിലനില്പിനു സഹായകമായിരുന്ന 75 മില്യൻ ബൈസണുകളും ആണ് വെള്ളക്കാരുടെ അധിനിവേശത്തിനുമുൻപ് ഈ ഉയർന്ന സമതലങ്ങളിൽ വാണിരുന്നത്. അതിവിദഗ്ധരായ കുതിരപ്പടയാളികളായിരുന്നു കൊമാൻചെകൾ.
അവരെ വേട്ടയാടുവാൻ 'ടെക്സാസ് റേഞ്ചേഴ്സ്' എന്ന ഒരു വിശേഷസേനതന്നെ ഉണ്ടാക്കി ആ സ്റ്റേറ്റ്. 1867-ൽ അമേരിക്കൻ പ്രസിഡന്റ് കൊമാൻചെ ഗോത്രക്കാരുമായി ഉണ്ടാക്കിയ ഉടമ്പടിയിൽ അവർക്കു സ്വന്തമായി 'അനുവദിച്ചുകൊടുത്തിരുന്ന' ഇടങ്ങൾകൂടി റേഞ്ചേഴ്സ് ആക്രമിച്ചു. ടെക്സാസിലെ ഭൂമി മുഴുവൻ തങ്ങളുടേതാണെന്നും അത് ആർക്കും വിട്ടുകൊടുക്കില്ലെന്നുമായിരുന്നു സ്റ്റേറ്റിന്റെ വാദം.
ബൈസൺവേട്ട അതിന്റെ മൂർധന്യത്തിലെത്തിയ 1872-73 കൊല്ലങ്ങളിൽ മാത്രം 25 മില്യൻ ജീവികളെ വെള്ളക്കാർ കൊന്നൊടുക്കി. അവയുടെ തോലും കൊമ്പും വേട്ടക്കാർ വിക്രയം ചെയ്തു. വിശേഷവിഭവമായിത്തീർന്ന ബൈസൺനാവുകൾ ഈ രണ്ടു കൊല്ലങ്ങളിൽ മാത്രം 3000 ടൺ പുറത്തേക്ക് കയറ്റിയയയ്ക്കപ്പെട്ടുവത്രേ. അടുത്ത പത്തു കൊല്ലങ്ങളിൽ ഒരൊറ്റ എണ്ണം പോലും ബാക്കി വരാതെ ഈ ജീവികൾ അമേരിക്കൻ മണ്ണിൽനിന്ന് ഉന്മൂലനം ചെയ്യപ്പെട്ടു.
1874-75-ലെ Red River War കൊമാൻചെകളുടെ നട്ടെല്ല് തകർത്തു. ആറു സൈനികനിരകളാണ് അവരെ വളഞ്ഞത്. പട്ടാളം ആദ്യം അവരുടെ കുതിരകളെ കൊന്നൊടുക്കി. വാഹനവും ഭക്ഷണവും നഷ്ടപ്പെട്ട അവർ ജനറൽ ഫിലിപ്പ് ഷെറിഡന്റെ വ്യവസായയുഗ ആയുധങ്ങൾക്കു മുൻപിൽ കീഴടങ്ങി. തടവിലാക്കപ്പെട്ട ആദിവാസികൾ ദൂരദൂരേയുള്ള പ്രദേശങ്ങളിലേക്ക് കയറ്റിയയയ്ക്കപ്പെട്ടു.
'For the sake of a lasting peace,' ജനറൽ ഷെറിഡൺ ടെക്സാസ് നിയമസഭയിൽ മൊഴി കൊടുത്തു, 'The anglos should kill skin and sell until the buffaloes are exterminated. Then your prairie can be covered with speckled cattle and the festive cowboy… forerunner of an advanced civilization'. അതുതന്നെയുണ്ടായി.
ആദിവാസികളും ബൈസണുകളുമില്ലാത്ത പുൽമേടുകളിൽ പുതിയ മനുഷ്യരും പുതിയ മൃഗങ്ങളും ഇറക്കുമതി ചെയ്യപ്പെട്ടു. ട്രാക്ടറുകൾകൊണ്ട് പുൽക്കട്ടകൾ അടർത്തിക്കളഞ്ഞ് കുടിയേറ്റക്കാർ മണ്ണ് ആഴത്തിൽ ഉഴുതുമറിച്ചു. ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ കണ്ടുപിടിക്കപ്പെട്ട Deepwell turbine ഭൂഗർഭജലം വൻതോതിൽ പമ്പ് ചെയ്യുവാൻ സഹായിച്ചു.
The most alluring body of unoccupied land in the United States എന്നാണ് അമേരിക്കയിലെ ജിയോളജിക്കൽ സർവേ ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽപ്പോലും പ്രെയറിഭൂമിയെ വിശേഷിപ്പിച്ചിരുന്നത് ഷെറിഡന്റെ മികച്ച സംസ്‌കാരം മൂർധന്യത്തിലെത്തുന്നതിന് ഒന്നുരണ്ട് ദശകങ്ങൾ കൂടി വേണ്ടിവന്നു.
സമൃദ്ധിയുടെ കാലം
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ സമൃദ്ധിയുടെ കാലമായിരുന്നു. ഭക്ഷിക്കാവുന്നതിലേറെ ഗോതമ്പ്, ഇറച്ചി, പാൽ ഉത്പന്നങ്ങൾ. ഉയർന്ന സമതലങ്ങളിൽ നഗരങ്ങൾ പൊന്തിവന്നു. ഹോട്ടലുകൾ, ബാറുകൾ, ബാങ്കുകൾ, സ്‌കൂളുകൾ, സത്രങ്ങൾ. കിഴക്കൻ വ്യാവസായികനഗരങ്ങളിലെ മലിനീകൃത അന്തരീക്ഷത്തിൽനിന്ന് ശുദ്ധവായുവും ആരോഗ്യവും തേടി രോഗികളും ഉല്ലാസയാത്രക്കാരും അന്ന് വന്നിരുന്നത് ഇവിടേക്കായിരുന്നു.
ബഹിഷ്‌കൃതരുടെ മാതാവ് കൈനീട്ടി ക്ഷണിച്ച ലോകത്തിലെ നിന്ദിതരും പീഡിതരും ഇവിടെ അവരുടെ തീർഥയാത്ര അവസാനിപ്പിച്ച് Celestial city കണ്ടെത്തുകയായിരുന്നു. രണ്ടു വ്യത്യസ്ത സ്വർഗങ്ങൾ കണ്ടെത്തുകയായിരുന്നു അമേരിക്ക.
വ്യാവസായികനഗരങ്ങളുടെ പണക്കൊഴുപ്പും ആഡംബരവും ഒരിടത്ത്. പ്രെയറിയിലെ കാർഷികജീവിതത്തിന്റെ നാട്ടിൻപുറത്തെ സമ്പന്നത മറുവശത്ത്. ഉയരത്തിലുയരത്തിലേക്കു പോകുക, ആകാശമാണ് അതിര്, മാൻഹട്ടനിലേയും ചിക്കാഗോവിലേയും നിർമാതാക്കൾ തമ്മിൽത്തമ്മിൽ മത്സരിച്ചുകൊണ്ട് പറഞ്ഞു.
മണ്ണാണ് നശിപ്പിക്കാനരുതാത്ത ദേശീയസമ്പത്ത്, ഫെഡറൽ ബ്യൂറോ ഓഫ് സോയിൽസ് പുൽമേടുകളെ ഉദ്ദേശിച്ചുകൊണ്ട് പ്രഖ്യാപിച്ചു, അത് അവസാനിക്കുകയില്ല, അതിനെ ഉപയോഗിച്ചുതീർക്കാനാവില്ല. ഇരുസ്വർഗങ്ങളും അഹങ്കാരത്തോടെ കൈകോർത്തു.
വ്യാവസായിക അമേരിക്ക കാർഷിക അമേരിക്കയ്ക്ക് ട്രാക്ടറുകളും കാറുകളും യന്ത്രങ്ങളും നല്കി. കാർഷിക അമേരിക്ക തിരിച്ച് അവർക്ക് ഭക്ഷണസാധനങ്ങൾ, ബ്രെഡ്, ബട്ടർ, ചീസ്, ബീഫ്. രണ്ടിനേയും യോജിപ്പിച്ചുകൊണ്ട് മുതലാളിത്തവ്യവസ്ഥ ബാങ്കുകളും വായ്പകളുമായി പാലങ്ങൾ പണിതു; ദുഃഖത്തിന്റെ മുപ്പതുകൾവരെ. മുതലാളിത്തത്തിന്റെ വായുവിലെ മാർക്കറ്റ് കൊട്ടാരങ്ങൾ തകരുകയും, താഴെ ഭൂമി പ്രതികാരത്തോടെ തിരിച്ചടിക്കുകയും ചെയ്യുന്നതുവരെ. രണ്ടും ഒന്നിച്ചുവന്നത് യാദൃച്ഛികമോ സ്വാഭാവികമോ എന്ന വാദം അവശേഷിക്കുന്നു.
പൊടിക്കാറ്റ് തിരുത്തിയ ചരിത്രം
ഏതായാലും 1929 ഒക്ടോബർ 29 ന് അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റ് കുത്തനെ ഇടിഞ്ഞു. അടുത്ത മൂന്ന് ആഴ്ചകളിൽ വിപണിക്ക് 40 ശതമാനം മൂല്യം നഷ്ടപ്പെട്ടു, 35 ബില്യൻ ഡോളർ ഇക്വിറ്റി. അമേരിക്കൻ ഫെഡറൽ ബജറ്റ് അപ്പോൾ 3 ബില്യൻ ഡോളറായിരുന്നു. നാലിലൊന്നു പേരും കാർഷികവൃത്തിയിലായിരുന്നിട്ടും ബാങ്കുകളുടെ തകർച്ച എല്ലാവരേയും ബാധിച്ചു.
ഫ്ളോറിഡയിലെ റിയൽ എസ്റ്റേറ്റിനേയും ടെക്സാസിലെ എണ്ണയേയും, കൻസാസിലെ ഗോതമ്പിനേയുമൊക്കെ. വരൾച്ച കാരണം കൃഷിയിറക്കാൻ വയ്യാതായ കർഷകരെ ബാങ്കുകളും കൈവെടിഞ്ഞു.
ഭൂമിയുടെ തിരിച്ചടി വ്യക്തമായി പ്രത്യക്ഷപ്പെട്ടത് ഒരു വർഷംകൂടി കഴിഞ്ഞിട്ടായിരുന്നു. കുറഞ്ഞുകുറഞ്ഞു വന്ന വർഷപാതം, പ്രെയറിയിൽ 1930 ഓടുകൂടി തുടർച്ചയായ വരൾച്ചയായി മാറി. പുല്ലിന്റെ മൂടി നഷ്ടപ്പെട്ട് സ്വതന്ത്രമായ പ്രെയറിയിലെ മണ്ണ് വെറും പൊടിയായി മാറിക്കഴിഞ്ഞിരുന്നു.
1930 സപ്തംബർ 14-ാം തീയതി കൻസാസിലെ വയലുകളിലെ പൊടിമണ്ണിനെ മുൻപെങ്ങും ഉണ്ടായിട്ടില്ലാത്തവിധം ശക്തമായ ഒരു കാറ്റ് വാനിലേക്ക് ഉയർത്തി ഒക്ലഹോമയിലേക്ക് യാത്രയാക്കി. ചലിക്കുന്ന ഒരു കുന്നുപോലെ നീങ്ങിയ അതിനെ നോക്കിനിന്ന മനുഷ്യരുടെ കൗതുകം അതിവേഗം ഭയമായി മാറി.
മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു പ്രതിഭാസമായിരുന്നു അത്. അതുണ്ടാക്കിയ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി, കാറുകളിൽ കയറി രക്ഷപ്പെടുവാൻ ശ്രമിച്ചവരെ തട്ടിത്തെറിപ്പിച്ചു. കാലാവസ്ഥാനിരീക്ഷകർ പ്രകൃതിയുടെ ഒരു വികൃതിയെന്നു പറഞ്ഞ് അതിനെ തള്ളിക്കളഞ്ഞു. എന്നാൽ, ഭയാനകമായ ഒരു പാരിസ്ഥിതികദുരന്തത്തിനു പ്രകൃതി നല്കിയ ആദ്യസൂചന മാത്രമായിരുന്നു അത്. കാരണം അവിടെനിന്നങ്ങോട്ട് അത് ഒരു സാധാരണ സംഭവമാകുകയായിരുന്നു ആ പ്രദേശത്ത്.
കാറ്റ് പ്രെയറി പ്രദേശത്ത് സാധാരണമായിരുന്നു, 20, 30, 40 മൈൽ വേഗത്തിൽ. വരൾച്ചയുടെ കൊല്ലങ്ങളും അസാധാരണമായിരുന്നില്ല. വേനലിൽ പടരുന്ന തീയും ആലിപ്പഴവും ഹിമപാതവും പുല്ലിനെ നശിപ്പിക്കാറുണ്ട്. പക്ഷേ വേരുകൾ അടിയിൽ കിടക്കുവോളം പുല്ല് വീണ്ടും വളരുകയും മണ്ണിനെ ഉറപ്പിച്ചുനിർത്തുകയും ചെയ്യും. കൊടുംവരൾച്ചയിലും അന്തരീക്ഷത്തിൽനിന്ന് ഈർപ്പം വലിച്ചെടുത്ത് അടിയിൽ സൂക്ഷിക്കും.
മേയുന്ന ബൈസണുകൾക്കു പുറമേ ഒരുപാട് വേറെയും ജീവജാലങ്ങൾ അവിടെ ജീവിച്ചിരുന്നു. എന്നാൽ, കുടിയേറ്റക്കാർ ട്രാക്ടറുകൾ ഉപയോഗിച്ച് പുല്ല് വേരോടെ പിഴുതെറിഞ്ഞു കളയുകയും, മണ്ണ് ആവർത്തിച്ചാവർത്തിച്ച് ഉഴുതുമറിക്കുകയും ചെയ്തപ്പോൾ സംഗതികൾ മാറി. മണ്ണിന് ഉറയ്ക്കാൻ കഴിയാതെയായി. അന്തരീക്ഷത്തിൽ നിലനിന്ന പൊടിയുടെ തോതാകട്ടെ, മേഘങ്ങളെ മഴയായി പതിക്കുന്നതിനെ തടഞ്ഞു. വരൾച്ച ഒരു തുടർക്കഥയായി.
30 മൈൽ വേഗത്തിലെ കാറ്റ് പൊടി ഉയർത്തുമെന്നാണ് കണക്ക്. വേഗം 40 മൈലിൽ കവിയുമ്പോൾ അത് ഉയർന്ന പൊടിയെ വഹിച്ചുകൊണ്ടുപോകുന്ന പൊടിക്കാറ്റാകും. വരൾച്ചയും ചൂടും കാറ്റിന്റെ വേഗവും തമ്മിൽ സംഘടിച്ചപ്പോൾ പൊടിക്കാറ്റ് സാധാരണമായി. 1932 ജനവരിയിൽ സന്ദർശിച്ച പൊടിക്കാറ്റ് കൗതുകമല്ല എല്ലാവരിലും ഭയമാണ് വിതച്ചത്.
60 മൈൽ വേഗംകൊണ്ട കാറ്റ് ടെക്സാസിനു മീതെ 10000 അടിവരെ പൊടിയെ ഉയർത്തി. ചുഴലിക്കാറ്റായിരുന്നില്ല അത്. തിരശ്ചീനമായി അത് ഒക്ലഹോമയുടേയും കൊളൊറാഡോയുടേയും കൻസാസിന്റേയും നേരെ നീണ്ട യാത്രചെയ്തു. ആ വർഷം ഈ കഥ വീണ്ടും വീണ്ടും ആവർത്തിച്ചു.
വലുതും ചെറുതുമായി പതിനാലു തവണ. 1933-ൽ എഴുപത് പൊടിക്കാറ്റാണ് ഉണ്ടായത്. ശീതകാലത്ത് വീശിയ ഒന്ന് ഇരുപത്തിനാലു മണിക്കൂറിൽ താപത്തെ 70oF കുറച്ചു. മുൻപിൽ പിടിച്ച കൈപോലും കാണാനാകാത്ത വിധം ഇരുൾ കയറി. ശ്വാസകോശങ്ങളിലും കണ്ണിലും കയറിയ പൊടി മനുഷ്യരുടേയും കന്നുകാലികളുടേയും ജീവിതം ദുസ്സഹമാക്കി.
കാലാവസ്ഥാപ്രവചനമെന്നത്, നിരവധി സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടും പരാജയപ്പെട്ടു. കിഴക്കൻ നഗരങ്ങളിൽനിന്ന് ആരോഗ്യം വീണ്ടെടുക്കുവാൻ മനുഷ്യർ എത്തിയിരുന്ന സുഖവാസസ്ഥലമായിരുന്ന ഹൈ പ്ലെയിൻസിൽനിന്ന് മനുഷ്യർക്കു ശുദ്ധവായുവിനുവേണ്ടി പുറത്തേക്ക് പലായനംചെയ്യേണ്ട അവസ്ഥ വന്നു.
പ്രെയറിയെ സംബന്ധിച്ചിടത്തോളം ഹൂവർ പോയി റൂസ്വെൽറ്റ് പ്രസിഡന്റായിട്ടും, ന്യൂ ഡീൽ പ്രഖ്യാപിക്കപ്പെട്ടിട്ടും സംഗതികൾ കൂടുതൽ ദുഷ്‌കരമായതേയുള്ളൂ. സാമ്പത്തികാവസ്ഥപോലെ നയമാറ്റങ്ങളിലൂടെ തിരിച്ചെടുക്കുവാൻ കഴിയുന്നതായിരുന്നില്ലല്ലോ പരിസ്ഥിതിനാശം. നാശത്തിന്റെ സ്വഭാവവും ആഴവുംതന്നെ മനസ്സിലാക്കുവാൻ മനുഷ്യർക്കു പ്രയാസമായിരുന്നു.
1934 മേയ് 9 ലെ കാറ്റ് പൊടിയെ അന്തരീക്ഷത്തിൽ 15000 അടിയോളം ഉയർത്തി. വേദപുസ്തകത്തിലെ 'അന്ത്യത്തിന്റെ വെളിപാടുകൾ' ഓർമിച്ചു ആളുകൾ. അടുത്ത ദിവസം പൊടിമേഘം കനംവെച്ച് ഇല്ലിനോയിയും ഒഹായോവും കടന്നു. അറ്റ്ലാന്റിക്കിലേക്ക് നീങ്ങുന്ന 350 മില്യൻ ടൺ ദക്ഷിണ സമതലമണ്ണിന്റെ 1800 മൈൽ വീതിയുള്ള ഒരു മേഘമായിക്കഴിഞ്ഞിരുന്നു അപ്പോൾ അത്.
ശരാശരി ഒരു അമേരിക്കക്കാരന് മൂന്നു ടൺ വീതം നല്കാനുള്ള പൊടി. രാത്രി അത് ചിക്കാഗോ നഗരത്തിനുമേൽ 6000 ടൺ മണ്ണ് വർഷിച്ചു. പിറ്റേന്നു രാവിലെ രണ്ടായിരത്തോളം മൈൽ ദൂരെ കിടക്കുന്ന ബോസ്റ്റണിനേയും ന്യൂയോർക്കിനേയും തുടരുന്ന രാത്രിപോലെ അന്ധകാരത്തിലാഴ്ത്തി. മാൻഹട്ടനിൽ ഉച്ചനേരത്ത് വഴിവിളക്കുകൾ തെളിഞ്ഞു.
എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ ഒബ്സർവേറ്ററിയിലെ കാണികൾക്കു മുന്നിൽനിന്ന് നഗരം അപ്രത്യക്ഷമായി. അടുത്ത ദിവസം അനാഥമാക്കപ്പെട്ട സമതലങ്ങൾ രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ വാതില്ക്കലെത്തി, അതിന്റെ പരാതി രാജാവിന്റെ മുൻപിൽ എത്തിക്കാനെന്നപോലെ.
ആ സമയത്ത് പ്രസിഡന്റ് വൈറ്റ്ഹൗസിൽ കോൺഗ്രസ് മെമ്പർമാരുമായി വരൾച്ച ചർച്ചചെയ്യുകയായിരുന്നു. അപ്പോഴാണ് വരണ്ട മണ്ണ് സ്വയം അതിദൂരംയാത്രചെയ്ത് അവരുടെ മുന്നിലെത്തിയത്. അതിന്റെ സ്വാദ് അവർ തങ്ങളുടെ വായിലും ശ്വാസകോശങ്ങളിലും അറിഞ്ഞു.
അടുത്ത വർഷം, 1935 ഏപ്രിൽ 14 നാണ് 'ബ്ലാക്ക് സൺഡെ' എന്നറിയപ്പെടുന്ന ഏറ്റവും ഭയാനകമായ കാറ്റടിച്ചത്. അന്നത്തെ കാറ്റ് പൊക്കിയെടുത്തത് മുഴുവൻ പനാമാ കനാലിനു വേണ്ടി കുഴിച്ചെടുത്ത മണ്ണിന്റെ ഇരട്ടിയായിരുന്നു. കനാൽ കുഴിക്കുവാൻ ഏഴു കൊല്ലം വേണ്ടിവന്നു. ഒരു വൈകുന്നേരത്തെ പൊടിക്കാറ്റ് മനുഷ്യന്റെ കൃത്യങ്ങൾക്കെതിരെ എത്ര വേഗത്തിൽ പ്രകൃതിക്കു തിരിച്ചടിക്കാമെന്ന് കാണിച്ചു.
രണ്ടു മണിക്കൂറിനുള്ളിൽ കാറ്റ് വേനലിന്റെ താപത്തെ 30oF താഴേക്കു കൊണ്ടുവന്നു. കൻസാസ് കടന്നപ്പോൾ പൊടിമേഘത്തിന് 200 മൈൽ വീതിയുണ്ടായിരുന്നു. മുൾവേലികൾ, വാതില്പടികൾ, കാർവാതിലുകൾ, അങ്ങനെ എല്ലാം അവയെ സ്പർശിച്ചവരെ തെറിപ്പിക്കുംവിധം സ്റ്റാറ്റിക് ഇലക്ട്രിസിറ്റി മൂലം ചാർജ് ചെയ്യപ്പെട്ടിരുന്നു.
ഹൈ പ്ലെയിൻസിന് ഒരുപാട് ഉപരിതലമണ്ണ് നഷ്ടപ്പെട്ടു. കൃഷി അസാധ്യമായി. വരൾച്ചയും പൊടിയും മനുഷ്യരുടേയും മൃഗങ്ങളുടേയും ആരോഗ്യത്തെ നശിപ്പിച്ചു. ഭക്ഷ്യക്ഷാമവും വിശപ്പും വേറെ. എല്ലാത്തിനും പുറമേ പൊടിക്കാറ്റ് വിചിത്രമായ പാരിസ്ഥിതിക പ്രതിഭാസങ്ങളുണ്ടാക്കി.
വിട്ടിലുകളും കൂറ്റൻ ചിലന്തികളും പഴുതാരകളും പലതരം കീടങ്ങളും മുൻപെങ്ങും കണ്ടിട്ടില്ലാത്തവിധം പെരുകി വീടുകളെ ആക്രമിച്ചു. കൂടുതൽ വർധിച്ചത് മുയലുകളായിരുന്നു. വഴികളും വയലുകളും കീഴടക്കിയ അവയെ നശിപ്പിക്കുവാനായി ആൾക്കാർ ഞായറാഴ്ചതോറും മുയൽവേട്ട സംഘടിപ്പിച്ചു. ബാറ്റുകളും ദണ്ഡുകളും വാളുകളുമായി നഗരവാസികൾ അവയെ വളഞ്ഞുപിടിച്ച് തച്ചുകൊന്നു.
മിത്രങ്ങളില്ലാത്ത, എല്ലാം എല്ലാവർക്കും ശത്രുക്കളായിത്തീരുന്ന ഈ ഹതാശയുടെ അവസ്ഥയിലാണ് കർഷകർ വളർത്തിക്കൊണ്ടുവന്ന 8 മില്യൻ പശുക്കളെ ഒന്നിന് ഒരു ഡോളർ വീതം നല്കി കൊന്നൊടുക്കുവാനായി ഫെഡറൽ ഗവൺമെന്റിന്റെ ദൗത്യസംഘം ഹൈ പ്ലെയിൻസിൽ എത്തിയത്.
പുല്ലിന്റെ സ്ഥാനത്ത് ഗോതമ്പുകൃഷി ചെയ്യുവാനായി ഉഴുതുമറിച്ച മണ്ണ് പൊടിയായി പൊങ്ങി ശ്വാസകോശങ്ങളെ നിറച്ചപ്പോൾ, ആദിവാസികളെ ഓടിച്ച് സ്ഥലം കൈയേറിയ കുടിയേറ്റക്കാർ ബൈസണുകളുടെ സ്ഥാനത്ത് കൊണ്ടുവന്ന കന്നുകാലികളെ ഒരു ഡോളർ വീതം വാങ്ങി കൊല്ലുവാനും തയ്യാറായി.
Content Highlights: Explore the Aravalli Hills mining controversy through excerpts from "Sthanam Thettiya Vastu," discussing environmental issues & historical parallels.