അമൃതയ്ക്കൊപ്പം ഉണരാനും ഉയരാനും ഇംറോസ് എന്ന കാമുകനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക

പ്രണയത്തിന് മുന്‍പും ശേഷവും നിങ്ങള്‍ ഒരേപോലെ തന്നെയാണ് തുടരുന്നത് എങ്കില്‍ നിങ്ങള്‍ വേണ്ടത്ര പ്രണയിക്കപ്പെട്ടിട്ടില്ല എന്നാണതിനര്‍ത്ഥമെന്ന് എലിഫ് ഷഫക്കിന്റെ ഫോര്‍ട്ടി റൂള്‍സ് ഓഫ് ലവ് എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. പ്രണയത്തിലൂടെ അതിമനോഹരമായി നിറഞ്ഞുപൂത്ത രണ്ടാത്മാക്കളായിരുന്നു അമൃതയും ഇംറോസും. എഴുത്തുകാരിയായ അമൃതയുടെയും ചിത്രകാരനായ ഇംറോസിന്റെയും പ്രണയമുഹൂര്‍ത്തങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഉമ ത്രിലോക് എഴുതി, കൃഷ്ണവേണി വിവര്‍ത്തനം ചെയ്ത അമൃതാ ഇംറോസ് പ്രണയകഥ എന്ന പുസ്തകം.
മനോഹരമായി പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്യുന്നതില്‍പരം ആനന്ദം വേറെ ഒന്നും തന്നെയില്ല. സമുദായവും സംസ്‌കാരവും കല്ലെറിഞ്ഞിട്ടും ആ പ്രണയികള്‍ക്ക് മേല്‍ അവ പൂക്കളെ പോലെയാണ് പതിച്ചത്. നിരുപാധികം പ്രേമിച്ച അമൃതയ്ക്കും ഇംറോസിനുമിടയില്‍ വിശുദ്ധമായ ധൈര്യം നിറഞ്ഞുകവിഞ്ഞിരുന്നു.
പ്രണയത്തിന്റെ പ്രാര്‍ത്ഥനാവേദത്തില്‍ ചരിത്രം അവരെ അമൃത ഇംറോസ് എന്ന് കൂട്ടിവായിക്കും. അവരുടെ പ്രേമം അവരുടേത് മാത്രമായ സ്വാതന്ത്ര്യമായിരുന്നു. മതം, സമൂഹം എന്നിവയ്ക്ക് അവിടെ ഒരു നൂല്‍ പഴുതുപോലും കിട്ടിയില്ല. അമൃതാജി ധീരമായി ദൈവനിന്ദ ചെയ്ത ആളാണ് എന്ന് ഉമാ ത്രിലോക് പുസ്തകത്തില്‍ പറയുന്നുണ്ട്. അമൃതയും ഇംറോസും തമ്മിലുള്ള പ്രായവ്യത്യാസം സമൂഹത്തിന് ഒരു വലിയ പ്രശ്നമായിരുന്നു. അവര്‍ വിവാഹമോചിതയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായിരുന്നു. പക്ഷേ, അമൃതയെ സംബന്ധിച്ച് പ്രണയത്തില്‍ അവരുടെ ആത്മാവും കവിതയില്‍ അവരുടെ സത്തയും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. അത് തന്നെയാണല്ലോ അത്യുന്നതമായ ദൈവസങ്കല്പ്പം. അമൃതയും ഇംറോസും സ്നേഹത്താല്‍ ജീവിതത്തെ കൂട്ടിയെഴുതിയവരായിരുന്നു. സ്നേഹത്തിന്റെ അതിമനോഹരമായ കലയില്‍ അവര്‍ക്ക് അതുല്യമായ പാഠവവുമുണ്ടായിരുന്നു. അതിനാല്‍ ഒരു പൂ വിരിയുന്നതിന്റെ അനായാസതയോടെ, കടലില്‍ ഒരു മഴത്തുള്ളി പരക്കുന്നതിന്റെ അഗാധതയോടെ അവര്‍ക്ക് അടുക്കാനായി. പ്രണയത്തിന്റെ ഓരോ നിമിഷങ്ങളിലും അവര്‍ പുനര്‍ജനിച്ചിരിക്കാം.
ജനലരികില്‍ ചിത്രം വരച്ചുകൊണ്ടിരിക്കുന്ന ഒരു പുരുഷനെ അമൃത സ്ഥിരമായി സ്വപ്നം കാണാറുണ്ടായിരുന്നു. ഇംറോസിനെ കണ്ടതിന് ശേഷം അവര്‍ പിന്നീട് ആ സ്വപ്നം കണ്ടിട്ടില്ല. നീ എന്താണോ തേടുന്നത്, അത് നിന്നേയും തേടിക്കൊണ്ടിരിക്കുന്നു എന്ന റൂമി വചനംപോലെ രണ്ട് മനുഷ്യര്‍ അവരുടെ യഥാര്‍ത്ഥ ഇണയെ തേടി അലഞ്ഞു. പ്രപഞ്ചത്തിലെ ഏതോ മനോഹരമുഹൂര്‍ത്തത്തില്‍ അവര്‍ കണ്ടുമുട്ടി. ഈ സംഭവത്തെ 'വിധി എന്നു പറയുന്നത് ഇതാണോ' എന്നുകരുതി താന്‍ അമ്പരന്നു എന്ന് ഉമാ ത്രിലോക് പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.
പ്രണയത്തിന്റെ വഴി ഇടുങ്ങിയതാണ്. അതിലൂടെ രണ്ട് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയില്ല. പരസ്പരം ഒന്നായാല്‍ മാത്രമേ ആ വഴിയിലൂടെ സഞ്ചാരം സാധ്യമാകൂ എന്നാണ് ഇംറോസ് എന്ന കാമുകന്‍ വിശ്വസിക്കുന്നത്. രണ്ട് മനുഷ്യര്‍ ഒന്നാകുന്നത് പ്രണയത്തിന്റെ വിശിഷ്ടമുഹൂര്‍ത്തങ്ങളില്‍ മാത്രമാണ്. അമൃതയ്ക്കും ഇംറോസിനും ഒരൊറ്റ ആകാശവും ഒരൊറ്റ ഭൂമിയുമായിരുന്നു. അടുപ്പത്തിന്റെ ആ വിശാല ഭൂമികയില്‍ അവര്‍ ജീവിതത്തിന്റെ ആഴങ്ങള്‍ കണ്ടെത്തി. അമൃത എന്ന വാക്കില്‍ അത്രത്തോളംതന്നെ ഇംറോസുമുണ്ടായിരുന്നു.
ഇന്‍ഷുറന്‍സിന് നോമിനിയായി ഇംറോസിനെ വെയ്ക്കാന്‍ ആകാത്തതിനെ പറ്റി അമൃത പറയുന്നുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ നിയമസാധുത അധികാരികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. വ്യവസ്ഥകളുടെ കെട്ടുപാട് ഇല്ലാതെ, ഒരു സ്ത്രീയും പുരുഷനും സ്നേഹത്തോടെ ഒന്നിച്ചുകഴിയുന്നതിനെ കുറിച്ചു മനസ്സിലാക്കാന്‍ നിയമത്തിന് ഒരുപക്ഷേ സാധിക്കണമെന്നില്ല. അത് ഹൃദയത്തിന് മാത്രം മനസ്സിലാകുന്ന, തലച്ചോറിന്റെ യുക്തികള്‍ക്ക് അപ്പുറമുള്ള ഒരു ബന്ധമായിരുന്നിരിക്കാം.
ഒരു സ്ത്രീക്കൊപ്പം ഉറങ്ങാന്‍ മാത്രമേ പുരുഷന്‍ പഠിച്ചിട്ടുള്ളൂ... അവള്‍ക്കൊപ്പം ഉണരാന്‍ അവന്‍ പഠിച്ചിട്ടില്ല എന്നും അതാണ് സ്ത്രീ-പുരുഷ ബന്ധങ്ങള്‍ സങ്കീര്‍ണമാകുന്നത് എന്നും ഇംറോസ് പറയുന്നുണ്ട്. അമൃതയ്ക്കൊപ്പം ഉണരാനും ഉയരാനും ഇംറോസ് എന്ന കാമുകനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. അത്രമാത്രം ധൈര്യത്തോടെ അയാള്‍ പ്രണയിച്ചു. പ്രണയിക്കപ്പെട്ടു...
നിരുപാധികമായ പ്രണയത്തിന്റെ ഉദാഹരണങ്ങളായിരുന്നു അവര്‍ ഇരുവരും. അടക്കിപ്പിടിക്കാത്ത, അതിരുകളില്ലാത്ത ആ മനോഹര പ്രണയസുധ പോലൊന്ന് ഈ പ്രപഞ്ചത്തില്‍ പിറക്കേണ്ടിയിരിക്കുന്നു.
Content Highlights: amrita imroz love story book review mathrubhumi books