'അവള്‍ ഭാര്യയും അമ്മയുമൊക്കെ ആയിക്കാണും'; 17 വര്‍ഷം മുമ്പെടുത്ത ചിത്രവുമായി, ആ കണ്ണുകളെ തേടി യാത്ര

സ്റ്റീവ് മക്കറിയുടെ 'ദ അഫ്ഗാന്‍ ഗേള്‍' എന്ന വിഖ്യാത ഫോട്ടോഗ്രാഫ് സൃഷ്ടിച്ച കോളിളക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പുസ്തകമാണ് പി.എസ്. രാകേഷിന്റെ 'ആ ഫോട്ടോയ്ക്കു പിന്നില്‍'. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രസ്തുത പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം.
അഫ്ഗാനിസ്താനിലേക്ക് ഒരുവട്ടംകൂടി പോകാന്‍ തീരുമാനിച്ച ശേഷം സ്റ്റീവ് മക്കറി ആദ്യം സംസാരിച്ചത് നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ പത്രാധിപസമിതിയോടാണ്. പതിനേഴുവര്‍ഷം മുമ്പ് 'അഫ്ഗാന്‍ പെണ്‍കുട്ടി'യുടെ ചിത്രമെടുത്തത് നാഷണല്‍ ജ്യോഗ്രഫിക്കിനു വേണ്ടിയായിരുന്നു. ഇപ്പോഴിതാ അവളെത്തേടി വീണ്ടും പോകുകയാണ്. ആ വിവരം നാഷണല്‍ ജ്യോഗ്രഫിക്കിനെ അറിയിക്കണമെന്ന് സ്റ്റീവിനു തോന്നി.
സ്റ്റീവിന്റെ പുതിയ പ്രോജക്ടിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ പത്രാധിപര്‍ക്കും വലിയ താത്പര്യം. അദ്ദേഹം ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു. സ്റ്റീവിനൊപ്പം നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ടീമും അഫ്ഗാനിസ്താനിലേക്കു വരും. പെണ്‍കുട്ടിയെ കണ്ടുപിടിക്കാനുള്ള യാത്ര മുഴുവന്‍ ഷൂട്ട് ചെയ്യും. അവളെ കണ്ടെത്തിയാലും ഇല്ലെങ്കിലും ആ അന്വേഷണത്തിന്റെ സമഗ്രമായ റിപ്പോര്‍ട്ട് മാസികയില്‍ പ്രസിദ്ധീകരിക്കും; ഒപ്പം സ്റ്റീവിന്റെ ചിത്രങ്ങളും. അഫ്ഗാന്‍ യാത്രയ്ക്കും അന്വേഷണത്തിനുമുള്ള എല്ലാ ചെലവുകളും നാഷണല്‍ ജ്യോഗ്രഫിക് വഹിക്കുമെന്നും എഡിറ്റര്‍ ഉറപ്പുനല്‍കി.
അഫ്ഗാനിസ്താനില്‍ യു.എസ്. സഖ്യസേന ആക്രമണം നടത്തുന്ന സമയമാണ്. ആദ്യം പാകിസ്താനിലെത്തിയശേഷം വേണം ആവശ്യമെങ്കില്‍ അഫ്ഗാനിലേക്കു കടക്കാന്‍. ഒറ്റയ്ക്കു പോയാല്‍ കാര്യങ്ങളൊന്നും നടക്കില്ല. നാഷണല്‍ ജ്യോഗ്രഫിക്കിന്റെ പിന്തുണയുണ്ടെങ്കില്‍ അഫ്ഗാന്‍ സൈന്യത്തിന്റെയും പാക് സൈന്യത്തിന്റെയും അനുമതി എളുപ്പം കിട്ടും. സംഘര്‍ഷബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ഫോട്ടോകള്‍ എടുക്കാനും ഏതെങ്കിലുമൊരു മാധ്യമസ്ഥാപനത്തിന്റെ തിരിച്ചറിയല്‍കാര്‍ഡ് നിര്‍ബന്ധമാണ്. നാഷണല്‍ ജ്യോഗ്രഫിക്കിന്റെ സഹായമുണ്ടെങ്കില്‍ അതും എളുപ്പത്തില്‍ ലഭിക്കും.
അങ്ങനെ 2002 ജനുവരിയില്‍ ജന്മനാട്ടില്‍നിന്ന് പതിനൊന്നായിരം കിലോമീറ്റര്‍ അകലെയുള്ള പെഷാവറില്‍ സ്റ്റീവ് വിമാനമിറങ്ങി; ഒപ്പം നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ഷൂട്ടിങ് സംഘവും. പതിനേഴു വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ട അതേ പട്ടണംതന്നെയാണിതെന്ന് പെഷാവര്‍ തെരുവുകളിലൂടെ വാഹനത്തില്‍ നീങ്ങവേ സ്റ്റീവിനു തോന്നി. റോഡില്‍ കാറുകള്‍ക്കൊപ്പം കാളകളും കുതിരവണ്ടികളും. പരവതാനികളും ഭക്ഷ്യവിഭവങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇടപാടുകാരെ ക്ഷണിക്കുന്ന വഴിവാണിഭക്കാര്‍. വഴിയരികിലൂടെ കൂട്ടംകൂടി നടന്നുപോകുന്ന ബുര്‍ഖധാരികള്‍, എല്ലാം പഴയതുപോലെതന്നെ.
അഫ്ഗാനിസ്താനില്‍നിന്നുള്ള അഭയാര്‍ഥിപ്രവാഹവും അന്നത്തെപ്പോലെതന്നെ തുടരുന്നുണ്ട്. ഇവര്‍ക്കിടയില്‍നിന്ന് എങ്ങനെയാണ് 'അഫ്ഗാന്‍ പെണ്‍കുട്ടി'യെ കണ്ടെത്തുക? അവളിപ്പോള്‍ ഭാര്യയും അമ്മയുമൊക്കെയായിക്കാണും. പെണ്‍കുട്ടിയുടെ പേരോ വീടോ നാടോ ഒന്നും തനിക്കറിയില്ല. ആകെയുള്ളത് ഒരു ഫോട്ടോ മാത്രം. പതിനേഴു വര്‍ഷം മുമ്പെടുത്ത ആ ഫോട്ടോ ഉപയോഗിച്ച് ആളെ കണ്ടെത്തുക എന്നത് വൈക്കോല്‍ത്തുറുവില്‍ സൂചി തിരയുന്നതിനെക്കാള്‍ പ്രയാസമാകുമെന്ന് സ്റ്റീവിനു തോന്നി.
ഈ ദൗത്യത്തില്‍ സ്റ്റീവ് മക്കറിയെ സഹായിക്കാനായി ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ സേവനം നാഷണല്‍ ജ്യോഗ്രഫിക് ഉറപ്പാക്കിയിരുന്നു. പാകിസ്താനിലെ മുന്‍നിര പത്രം ദി ന്യൂസ് ഇന്റര്‍നാഷണലിന്റെ എഡിറ്റര്‍ റഹീമുള്ള യൂസുഫ്സായി ആയിരുന്നു അത്. ടൈം മാഗസിന്റെയും ബി.ബി.സിയുടെയും പാകിസ്താന്‍ ലേഖകനായി പ്രവര്‍ത്തിച്ചിട്ടുള്ള റഹീമുള്ള, ബിന്‍ ലാദനെയും മുല്ല ഉമറിനെയുമൊക്ക നേരിട്ടു കണ്ട് അഭിമുഖം നടത്തിയിട്ടുണ്ട്.
പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും ഗോത്രവര്‍ഗ നേതാക്കളുമായും വിവിധ സായുധ ഗ്രൂപ്പ് തലവന്മാരുമായും അടുത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. സ്റ്റീവിനെ സഹായിക്കണമെന്ന നാഷണല്‍ ജ്യോഗ്രഫിക്കിന്റെ അഭ്യര്‍ഥന സ്വീകരിച്ചുകൊണ്ട് അദ്ദേഹം നേരത്തെതന്നെ പെഷാവറിലെത്തി. സ്റ്റീവ് മക്കറിയെയും സംഘത്തെയും സ്നേഹത്തോടെ സ്വീകരിച്ചു.
പെഷാവറിലെ നാസിര്‍ബാഗ് ദുരിതാശ്വാസ ക്യാമ്പ് അടച്ചുപൂട്ടുന്നതിനുള്ള ഒരുക്കത്തിലാണ് അന്ന് പാകിസ്താന്‍ സര്‍ക്കാര്‍. ആ സ്ഥലത്ത് അഭയാര്‍ഥികള്‍ക്കു സ്ഥിരം പാര്‍പ്പിടസൗകര്യമൊരുക്കാനായിരുന്നു പദ്ധതി. അഫ്ഗാനില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഭക്ഷണവും താമസസൗകര്യവും ഏര്‍പ്പാടാക്കാനായി പാക്സര്‍ക്കാറിന്റെ അഭയാര്‍ഥി രജിസ്ട്രേഷന്‍ ഓഫീസ് പെഷാവറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിര്‍ത്തി കടന്നെത്തുന്നവര്‍ ഇവിടെയെത്തി പേര് രജിസ്റ്റര്‍ ചെയ്താല്‍ ഭക്ഷണസാധനങ്ങള്‍ റേഷനായി ലഭിക്കും.
പച്ചക്കണ്ണുള്ള പെണ്‍കുട്ടിയുടെ ചിത്രവുമായി സ്റ്റീവും സംഘവും ഓഫീസിലെത്തി. അവിടെയാര്‍ക്കും അങ്ങനെയൊരു പെണ്‍കുട്ടിയെ കണ്ട ഓര്‍മ്മയില്ല. പതിനേഴു വര്‍ഷം മുമ്പത്തെ കാര്യമല്ലേ, അന്നു ജോലി ചെയ്തവരില്‍ ഒരാള്‍പോലും ഓഫീസിലുണ്ടായിരുന്നില്ല.
പക്ഷേ, അഭയാര്‍ഥി ക്യാമ്പില്‍ ക്ലാസെടുത്തിരുന്ന, കാല്‍ നഷ്ടപ്പെട്ട അധ്യാപികയെക്കുറിച്ച് ഒരു ഉദ്യോഗസ്ഥന് അറിവുണ്ടായിരുന്നു. അവര്‍ ഇപ്പോള്‍ എവിടെയാണ് കഴിയുന്നതെന്ന് ഒരു ദിവസത്തിനുള്ളില്‍ കണ്ടുപിടിച്ച് അറിയിക്കാമെന്ന് ആ ഉദ്യോഗസ്ഥന്‍ ഉറപ്പുനല്‍കി. പിറ്റേദിവസംതന്നെ ആ അധ്യാപികയെ സ്റ്റീവിന്റെ മുന്നിലെത്തിച്ച് ഉദ്യോഗസ്ഥന്‍ വാക്കു പാലിച്ചു.
പതിനേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ ക്ലാസ്മുറിയില്‍ അതിക്രമിച്ചുകയറിയ ഫോട്ടോഗ്രാഫറെ അധ്യാപിക ആദ്യകാഴ്ചയില്‍ത്തന്നെ തിരിച്ചറിഞ്ഞു. നാഷണല്‍ ജ്യോഗ്രഫിക്കിന്റെ കവര്‍ചിത്രം കണ്ട് അവര്‍ ആശ്ചര്യപ്പെടുകയും ചെയ്തു. പക്ഷേ, എത്രയാലോചിച്ചിട്ടും അവര്‍ക്ക് ആ കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ ഓര്‍ത്തെടുക്കാനായില്ല. കൃത്യമായ രജിസ്റ്ററോ പാഠ്യക്രമമോ ഇല്ലാതെ തികച്ചും അനൗപചാരികമായി നടക്കുന്ന വിദ്യാലയമായിരുന്നു അത്.
ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ കുറേ കുട്ടികള്‍ വരികയും പോവുകയും ചെയ്യും. ഇതുവരെയായി ആയിരത്തിലേറെ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്. അവരുടെയൊന്നും പേരോ വിവരങ്ങളോ കൃത്യമായി അറിയില്ല. എങ്കിലും, പണ്ട് ക്യാമ്പിലുണ്ടായിരുന്ന കുറേ കുടുംബങ്ങള്‍ പെഷാവറില്‍ത്തന്നെ പലയിടങ്ങളിലായി താമസിക്കുന്നുണ്ട്. അവരെയൊക്കെ കണ്ട് ഈ കുട്ടിയെക്കുറിച്ച് തിരക്കാമെന്ന് അധ്യാപിക വാക്കുനല്‍കി.
പച്ചക്കണ്ണുള്ള പെണ്‍കുട്ടിയെയും തിരക്കി ഒരു സംഘം വിദേശികള്‍ കറങ്ങുന്ന വിവരം പെട്ടെന്ന് നാട്ടുകാര്‍ക്കിടയില്‍ പരന്നു. ഫോട്ടോയിലുള്ളത് തന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് ഒരാള്‍ സ്റ്റീവിനെ സമീപിച്ചു. ആലംബീബി എന്നാണ് അയാളുടെ ഭാര്യയുടെ പേര്. റഹീമുള്ള യൂസുഫ്സായിയുടെ സഹായത്തോടെ സ്റ്റീവ് അയാളോട് സംസാരിച്ചു. അഭയാര്‍ത്ഥി ക്യാമ്പിന് അഞ്ചുകിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ കഴിയുകയാണ് അയാളുടെ ഭാര്യ. മൂന്നു മക്കളുണ്ട് അവര്‍ക്ക്.
നാലാമതും ഗര്‍ഭിണിയായ തന്റെ ഭാര്യയുടെ പ്രസവം ഏതു നിമിഷവും ഉണ്ടാകുമെന്നും ഭര്‍ത്താവ് പറഞ്ഞു. ഗ്രാമത്തില്‍ വന്നാല്‍ അവരെ കാണാനാകുമോ എന്ന സ്റ്റീവിന്റെ ചോദ്യത്തിന് ഇല്ല, എന്നായിരുന്നു മറുപടി. അന്യപുരുഷന്മാര്‍ക്ക് മുഖം കാട്ടിക്കൊടുക്കുന്നതില്‍ അഫ്ഗാന്‍ സ്ത്രീകള്‍ക്ക് മതപരമായ വിലക്കുണ്ട്. അതു മറികടന്ന് എന്തെങ്കിലും ചെയ്യണമെങ്കില്‍ ഗ്രാമമുഖ്യന്മാരുടെ അനുമതി വേണം. അവരോടു സംസാരിച്ചിട്ട് നാളെ വിവരം അറിയിക്കാമെന്നു പറഞ്ഞ് അയാള്‍ പോയി.
അന്നു രാത്രി സ്റ്റീവിന് ഉറക്കം കിട്ടിയതേയില്ല. ദിവസങ്ങള്‍ ഓരോന്നായി കൊഴിഞ്ഞുപോയ്ക്കൊണ്ടിരിക്കുന്നു. അഫ്ഗാന്‍ പെണ്‍കുട്ടിയെക്കുറിച്ച് കാര്യമായ സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അവസാനപ്രതീക്ഷയാണ് ആലംബീബി. അവളാണ് പഴയ പെണ്‍കുട്ടിയെന്ന് എങ്ങനെയുറപ്പിക്കും? ഇനി അഥവാ അവളല്ലെങ്കില്‍ എത്ര കാലംകൂടി ഈ അന്വേഷണം തുടരേണ്ടിവരും?
പിറ്റേദിവസം രാവിലെ ആലംബീബിയുടെ ഭര്‍ത്താവ് വന്ന് സ്റ്റീവിനെയും സംഘത്തെയും തന്റെ വീട്ടിലെത്തിച്ചു. മുറ്റത്ത് ആലംബീബി നില്‍പ്പുണ്ടായിരുന്നു. ഭര്‍ത്താവിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അവള്‍ ബുര്‍ഖയുടെ മുഖം നീക്കി. ഇതാണോ അഫ്ഗാന്‍ പെണ്‍കുട്ടി? സ്റ്റീവിനു തീര്‍ച്ചപ്പെടുത്താന്‍ പറ്റിയില്ല. അവളുടെ കുറേ പടങ്ങള്‍ എടുത്തശേഷം ഉടന്‍തന്നെ പെഷാവറിലെ ഹോട്ടലിലേക്കു തിരിച്ചു സ്റ്റീവ്.
എന്നിട്ട് ആ പടങ്ങള്‍ ഇന്റര്‍നെറ്റുവഴി അമേരിക്കയ്ക്ക് അയച്ചുകൊടുത്തു. നാഷണല്‍ സെന്റര്‍ ഫോര്‍ മിസിങ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രനിലെ വിദഗ്ദ്ധര്‍ ഒരു മണിക്കൂറിനകം പരിശോധനാഫലം സ്റ്റീവിനെ വിളിച്ചറിയിച്ചു. ഫോട്ടോയിലുള്ള യുവതിയല്ല അഫ്ഗാന്‍ പെണ്‍കുട്ടി. രണ്ട് ഫോട്ടോകളിലെയും കൃഷ്ണമണികള്‍ ഐറിസ് റെക്കഗ്നിഷന്‍ സോഫ്റ്റ്വേര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം ബോധ്യമായത്.
സ്റ്റീവിന് അമേരിക്കയിലേക്ക് തിരിച്ചുപോകേണ്ട ദിവസമായി. പക്ഷേ, റഹീമുള്ള യൂസുഫ്സായിയും നാഷണല്‍ ജ്യോഗ്രഫിക് ചാനലും പെഷാവറില്‍ത്തന്നെ തുടര്‍ന്നു. പെണ്‍കുട്ടിയെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടിയാല്‍ അടുത്ത വിമാനത്തില്‍ മടങ്ങിയെത്താമെന്ന് ഉറപ്പുനല്‍കി സ്റ്റീവ് അവരോടു താത്കാലികമായി വിടപറഞ്ഞു.
പിറ്റേ ദിവസവും റഹീമുള്ള യൂസുഫ്സായി നാസിര്‍ബാഗ് അഭയാര്‍ത്ഥി ക്യാമ്പിലെത്തി.
എവിടെനിന്നെങ്കിലും എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷ അദ്ദേഹത്തില്‍ ബാക്കിയുണ്ടായിരുന്നു. അയാളെയും കാത്ത് അന്ന് രണ്ടുപേര്‍ ക്യാമ്പില്‍ നില്‍പ്പുണ്ട്. അവര്‍ക്കു പരിചയമുള്ള കുടുംബത്തില്‍പ്പെട്ടവളാണ് അഫ്ഗാന്‍ പെണ്‍കുട്ടിയെന്ന് അവര്‍ തറപ്പിച്ചു പറയുന്നു. കുടുംബത്തിലെ മുതിര്‍ന്നവരും വനിതകളുമെല്ലാം അക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, അവളിപ്പോള്‍ അഫ്ഗാനിസ്താനിലെ തോറാബോറയിലാണ്.
ആറു മണിക്കൂര്‍ കാര്‍ യാത്രയും തുടര്‍ന്ന് അതിര്‍ത്തിയിലൂടെ മൂന്നു മണിക്കൂര്‍ കാല്‍നട യാത്രയും നടത്തിയാല്‍ മാത്രമേ അവള്‍ താമസിക്കുന്ന സ്ഥലത്തെത്താനാവൂ. ഉസാമ ബിന്‍ലാദന്റെ ശക്തികേന്ദ്രമാണ് അവിടം. തോറാബോറ മലനിരകളിലെ ഏതോ ഗുഹയിലാണ് ലാദന്റെ താവളം. പാകിസ്താനില്‍നിന്ന് തോറാബോറയിലേക്കു കടക്കുക എളുപ്പമാണെങ്കിലും തിരിച്ചുവരവ് ദുഷ്‌കരമാകും. സ്റ്റീവ് ഉള്‍പ്പെടുന്ന വിദേശികളുടെ സംഘം അങ്ങോട്ടേക്ക് സഞ്ചരിക്കുന്നത് അപകടകരമാണ്. ഇനിയെന്തു ചെയ്യും?
റഹീമുള്ള യൂസുഫ്സായി പരിഹാരം നിര്‍ദ്ദേശിച്ചു. വിവരമറിയിച്ച ആളുകളെ ടാക്സി കാറില്‍ തോറാബോറയിലേക്കു വിടുക. അവിടെയെത്തി അഫ്ഗാന്‍ പെണ്‍കുട്ടിയെയും ബന്ധുക്കളെയും കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചശേഷം അവളെയുംകൂട്ടി പെഷാവറിലേക്കു മടങ്ങിയെത്തുക.
അങ്ങനെ ആ സംഘം തോറാബോറയിലേക്ക് പുറപ്പെട്ടു. യാത്രപോയവരുടെ മൊബൈല്‍ ഫോണിലേക്ക് ഓരോ മണിക്കൂര്‍ ഇടവിട്ട് റഹീമുള്ള വിളിച്ചുകൊണ്ടിരുന്നു. അവരിപ്പോള്‍ തോറാബോറയിലെത്തിയിരിക്കുന്നു. അവിടെയൊരു വയലില്‍ പണിയെടുത്തുകൊണ്ടിരിക്കുന്ന ആളെ ഫോട്ടോ കാണിച്ചപ്പോള്‍ 'ഇതെന്റെ സഹോദരിയാണല്ലോ' എന്നയാള്‍ പറഞ്ഞത്രേ. അയാളെയുംകൂട്ടി സംഘം നേരെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സംഘത്തിലെ ഒരാള്‍ റഹീമുള്ളയെ വിളിച്ച് ആ സന്തോഷവാര്‍ത്തയറിയിച്ചു: 'ഞങ്ങളാ പെണ്‍കുട്ടിയെ കണ്ടെത്തിയിരിക്കുന്നു. അവളെയും ഭര്‍ത്താവിനെയും കുഞ്ഞിനെയും കൂട്ടി പെഷാവറിലേക്ക് മടങ്ങുകയാണ്. നാളെ രാവിലെ അവിടെയെത്തും.'
പറഞ്ഞതുപോലെ പിറ്റേ ദിവസം അതിരാവിലെ അവര്‍ തിരിച്ചെത്തി. അവിടെയുള്ള സമുദായമുഖ്യന്റെ വീട്ടിലേക്കാണ് പെണ്‍കുട്ടിയും കുടുംബവും നേരെ പോയത്. അന്നു കറാച്ചിയിലുണ്ടായിരുന്ന ലേഖകന്‍ ബോയ്ഡ് മാറ്റ്സനോട് അടിയന്തരമായി പെഷാവറിലേക്കെത്താന്‍ നാഷണല്‍ ജ്യോഗ്രഫിക് അധികൃതര്‍ ആവശ്യപ്പെട്ടു.
വയലറ്റ് നിറമുള്ള ബുര്‍ഖയുമണിഞ്ഞ് ഒരു സ്ത്രീയും അവരുടെ ഭര്‍ത്താവും കുഞ്ഞും വീട്ടിനുള്ളിലേക്കു കയറിപ്പോകുന്നത് മാറ്റ്സന്‍ കണ്ടു. പക്ഷേ, അയാള്‍ക്ക് ആ വീടിനുള്ളിലേക്കു പ്രവേശനമുണ്ടായിരുന്നില്ല. മാറ്റ്സനെയല്ല ഒരു പുരുഷനെയും തന്റെ മുഖം കാണിക്കില്ലെന്ന് അവള്‍ തീര്‍ത്തുപറഞ്ഞതോടെ വീണ്ടും പ്രതിസന്ധിയിലായി എല്ലാവരും.
നാഷണല്‍ ജ്യോഗ്രഫിക് ടീമിനൊപ്പമുണ്ടായിരുന്ന അസോസിയേറ്റ് പ്രൊഡ്യൂസര്‍ കാരി റീഗന്‍ അവസരത്തിനൊത്തുയര്‍ന്നു. തന്നെ വീട്ടിനുള്ളില്‍ പ്രവേശിപ്പിക്കണമെന്ന് അവര്‍ സമുദായനേതാക്കളോട് ആവശ്യപ്പെട്ടു. അപേക്ഷ അംഗീകരിക്കപ്പെട്ടു. കാരി റീഗന്‍ വീടിനുള്ളിലേക്കു കയറി തോറാബോറയില്‍നിന്നു വന്ന വനിതയോട് സംസാരിച്ചു. മുഖപടം മാറ്റി ഫോട്ടോകള്‍ എടുക്കുകയും ചെയ്തു.
ഫോട്ടോകളടങ്ങുന്ന ഡിജിറ്റല്‍ ക്യാമറയുമായി കാരി നേരെ മാറ്റ്സന്റെ മുന്നിലേക്കു വന്നു. ക്യാമറസ്‌ക്രീനില്‍ നോക്കിയപ്പോള്‍ ആ സ്ത്രീയുടെ മുഖം തെളിഞ്ഞുവന്നു. അതേ പച്ചക്കണ്ണുകള്‍, അതേ പരിഭ്രാന്തമായ നോട്ടം... ഇതവള്‍തന്നെ എന്ന് മാറ്റ്സനുറപ്പായി. മിനിട്ടുകള്‍ക്കുള്ളില്‍ പടങ്ങള്‍ മുഴുവന്‍ അമേരിക്കയിലേക്കയച്ചു.
എഫ്.ബി.ഐയുടെ നേതൃത്വത്തില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെസ്റ്റും ഇറിഡിയം ടെക്നോളജീസ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ഐറിസ് ടെസ്റ്റും നടത്തി. വൈകുന്നേരമാകുമ്പോഴേക്കും ഫലം വന്നു. നൂറു ശതമാനം മാച്ച്. പതിനേഴു വര്‍ഷം മുമ്പെടുത്ത അഫ്ഗാന്‍ പെണ്‍കുട്ടി തന്നെയാണ് വീട്ടിനകത്തുള്ള സ്ത്രീ. 'ഷര്‍ബത്ത് ഗുല, അതാണവളുടെ പേര്,' ഉദ്വേഗവും ആഹ്ലാദവുംകൊണ്ട് കണ്ണുനിറഞ്ഞ ബോയ്ഡ് മാറ്റ്സനെ നോക്കിചിരിച്ചുകൊണ്ട് കാരി റീഗന്‍ പറഞ്ഞു.
Content Highlights: The incredible true story behind Steve McCurry`s iconic `Afghan Girl` photograph