500 രൂപ പിഴ കാണിക്കും. 1000 രൂപ പോകും, വാട്സാപ്പ് ചെലാൻ തട്ടിപ്പിൽ പരാതി പ്രവാഹം; പൊറുതിമുട്ടി ആർ.ടി.ഒമാർ

#Auto Desk
Photo: MVD Kerala, Mathrubhumi
Photo: MVD Kerala, Mathrubhumi

കാക്കനാട്: ''സാറേ, പിഴയടച്ചതാണ്. 500 രൂപയുടെ പിഴയ്ക്ക് 1,000 രൂപയിലേറെ ഈടാക്കി. പണമടച്ചിട്ടും മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ നോക്കുമ്പോൾ പിഴ ബാക്കിയെന്നാണ് കാണിക്കുന്നത്. പണം പോയോ? ഇനി വീണ്ടും അടയ്ക്കണോ?''

ആർ.ടി.ഒ. ഓഫീസുകളിലെത്തുന്ന വാഹന ഉടമകളുടെ ചോദ്യം കേട്ട് ഉദ്യോഗസ്ഥരും കുഴങ്ങുകയാണ്. പിഴയടയ്ക്കാൻ വാട്‌സാപ്പ് വഴി തട്ടിപ്പുകാർ അയയ്ക്കുന്ന വ്യാജ ലിങ്കിൽ കയറി പണം നഷ്ടപ്പെട്ടവരുടെ പരാതികൾ പെരുകുകയാണ്. പരാതിക്കാരെ സൈബർ പോലീസിലേക്ക് പറഞ്ഞയയ്ക്കുകയല്ലാതെ മറ്റൊരു വഴിയില്ലാത്ത അവസ്ഥയിലാണ് മോട്ടോർ വാഹന വകുപ്പ്.

നിയമലംഘനവും വാഹനത്തിന്റെ വിവരങ്ങളും പിഴത്തുകയും കൃത്യമായി ഉൾപ്പെടുത്തി വാട്‌സാപ്പിൽ ലഭിക്കുന്ന സന്ദേശങ്ങളാണ് പലരെയും കുരുക്കുന്നത്. ഔദ്യോഗിക സംവിധാനത്തിൽനിന്നുള്ള അറിയിപ്പാണെന്ന് കരുതി ലിങ്കിൽ കയറി പണമടയ്ക്കുന്നതോടെ തുക തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തും.

ചിലപ്പോൾ ഈ ലിങ്കിൽ കയറുന്നയാളുടെ അക്കൗണ്ട് തന്നെ ഹാക്ക് ചെയ്യപ്പെടുകയും ബാങ്കിലെ മുഴുവൻ തുകയും നഷ്ടമാവുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം ജില്ലയിൽമാത്രം പത്തോളം പേരുടെ അക്കൗണ്ടുകൾ ഇപ്രകാരം ഹാക്ക് ചെയ്യപ്പെട്ടതായാണ് വിവരം.

ഗൂഗിളിൽ 'പരിവാഹൻ ഇ-ചലാൻ' എന്ന് തിരയുമ്പോൾ ഔദ്യോഗിക വെബ്‌സൈറ്റിനൊപ്പം സമാന പേരിലുള്ള സ്വകാര്യ സൈറ്റുകളും സ്‌പോൺസേഡ് ലിങ്കുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിൽ കയറി പണമടയ്ക്കുന്നവരിൽനിന്ന് സർക്കാർ ചുമത്തിയ 500 രൂപയുടെ പിഴയ്ക്ക് പകരം 1,000 മുതൽ 2,000 രൂപ വരെയാണ് സർവീസ് ചാർജ് എന്ന പേരിൽ ഈടാക്കുന്നത്. അടയ്ക്കുന്ന പണമെല്ലാം നഷ്ടപ്പെടും. സർക്കാരിന്റെ ഔദ്യോഗിക പോർട്ടലിൽ പിഴ ബാക്കി നിൽക്കുകയും ചെയ്യും.

ഉദ്യോഗസ്ഥർക്കും ചെലാൻ കെണി

തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ അനുഭവം. ഉദ്യോഗസ്ഥരുടെ വ്യക്തിഗത ഫോണുകളിലേക്കും പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് സന്ദേശങ്ങളെത്തുന്നുണ്ട്. വിഷയത്തിൽ ഗതാഗത കമ്മിഷണർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കത്ത് നൽകാനുള്ള ഒരുക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്.

Content Highlights: Scammers are sending fake WhatsApp messages regarding pending traffic fines., Victims lose money through fraudulent links and face hacked bank accounts., Fake sponsored search results on Google for 'Parivahan e-Challan' are looting extra service charges., Motor Vehicles Department officers are also receiving fraudulent challan alerts.