ചൈനീസ് വാഹനങ്ങൾ വിപണി പിടിച്ചെടുക്കുന്നു, കടുത്ത നിയന്ത്രണം വേണം; യൂറോപ്യൻ യൂണിയനോട് ഫോക്‌സ്‌വാഗൺ

#Auto Desk
പ്രതീകാത്മക ചിത്രം | Photo: AFP Photo
പ്രതീകാത്മക ചിത്രം | Photo: AFP Photo

ലോകരാജ്യങ്ങളിലെ വാഹന വിപണിയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തെ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ഫോക്‌സ്‌വാഗൺ സി.ഇ.ഒ. ഒലിവർ ബ്ലൂം. കുറഞ്ഞ വിലയിൽ വാഹനങ്ങൾ നൽകുന്ന ചൈനീസ് വാഹന നിർമാതാക്കളിൽ നിന്ന് ജർമനിയിലെ ആഭ്യന്തര വാഹന വ്യവസായത്തെ സംരക്ഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പാരീസ് മോട്ടോർ ഷോയിലെ ഫോർ യൂറോപ്പ് എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

വ്യാവസായിക

സമൂഹം കൂടുതൽ മത്സരശേഷിയുള്ളവരായി മാറുകയും ആകർഷകമായ അവസരങ്ങൾ സൃഷ്ടിക്കുകയും വേണം. ഇതിനൊപ്പം നയങ്ങൾ രൂപീകരിക്കുന്നവർ വ്യവസായ സമൂഹത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുകയും വേണം. വാഹന വ്യവസായ മേഖലയുടെ തിരിച്ചുവരവ് ഒരു കൂട്ടായ ഉത്തരവാദിത്വമാണെന്നാണ് ഫോക്‌സ്‌വാഗൺ മേധാവി അഭിപ്രായപ്പെടുന്നത്.

അമേരിക്കൻ വാഹന വിപണിയിലേക്ക് ചൈനീസ് കാർ നിർമാതാക്കൾ കടന്നുവരേണ്ടതുണ്ടോയെന്നും, ഇത് യു.എസ്. ഗവൺമെന്റ് ഏത് രീതിയിൽ പരിഗണിക്കണമെന്നുമുള്ള ഫോർഡ് സി.ഇ.ഒ. ജിം ഫാർലിയുടെ അഭിപ്രായത്തിന് സമാനമായ നിർദേശങ്ങളാണ് ഫോക്‌സ്‌വാഗൺ മേധാവിയും ഉന്നയിച്ചിരിക്കുന്നത്. ഫോക്‌സ്‌വാഗൺ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്ന ഘട്ടത്തിലാണ് ഒലിവർ ബ്ലൂമിന്റെ ഈ പരാമർശങ്ങൾ ഉണ്ടാകുന്നത്.

ചെലവുകൾ ചുരുക്കുന്നതിന്റെ ഭാഗമായി നിരവധി നീക്കങ്ങളാണ് ഫോക്‌സ്‌വാഗൺ നടപ്പാക്കുന്നത്. ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഫോക്‌സ്‌വാഗൺ വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിനുപുറമെ, കമ്പനിയുടെ ഏതാനും വാഹന നിർമാണ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനും ആലോചിക്കുന്നുണ്ട്. ഈ വർഷത്തിന്റെ തുടക്കത്തിലാണ് 10,000 ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന പ്രഖ്യാപനമുണ്ടായത്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ 89 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്.

ചൈനയിൽ നിർമിക്കുന്ന ഇലക്ട്രിക് കാറുകൾക്ക് രണ്ട് വർഷം മുമ്പ് യൂറോപ്യൻ യൂണിയൻ ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഇതോടെ ചൈനീസ് കമ്പനികൾ ഐ.സി.ഇ, പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനങ്ങൾ യൂറോപ്യൻ വിപണിയിലേക്ക് കൂടുതലായി എത്തിക്കാൻ തുടങ്ങുകയായിരുന്നു. ഇതോടെ രണ്ട് വർഷത്തിനുള്ളിൽ യൂറോപ്യൻ വിപണിയിൽ ചൈനീസ് വാഹനങ്ങളുടെ വിപണി വിഹിതം 2.2 ശതമാനത്തിൽ നിന്ന് 26 ശതമാനമായി ഉയർന്നതായാണ് വിലയിരുത്തൽ.

യൂറോപ്യൻ വാഹന വിപണിയുടെ 25 ശതമാനം ഓഹരിയും ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ കൈവശമാണെങ്കിലും, ചൈനീസ് വാഹനങ്ങളുടെ വേഗത്തിലുള്ള വളർച്ച ജർമൻ കമ്പനികളെ ആശങ്കയിലാക്കുന്നുണ്ട്. വരാനിരിക്കുന്ന പാരീസ് മോട്ടോർ ഷോയിൽ 20-ഓളം ചൈനീസ് വാഹന നിർമാതാക്കൾ വാഹനങ്ങൾ എത്തിക്കുന്നുണ്ടെന്നാണ് സൂചന. ഈ വാഹനങ്ങളുടെ വരവോടെ വിപണിയിലെ മത്സരം കൂടുതൽ കരുത്താർജിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Volkswagen CEO Oliver Blume asked the EU to protect domestic auto industries from cheap Chinese vehicles., Chinese vehicle market share in Europe jumped from 2.2% to 26% within two years., Volkswagen is undergoing massive restructuring, including job cuts and plant closure considerations.