കാശ് മുടക്കി വണ്ടി വാങ്ങുന്നവരെ പറ്റിക്കുന്നു; തട്ടിപ്പ് പൊളിക്കൽ സർട്ടിഫിക്കറ്റിന്റെ മറവിൽ

തിരുവനന്തപുരം: വാഹനം വാങ്ങുന്നയാളിനെയും സർക്കാരിനെയും കബളിപ്പിച്ചു പുത്തൻവാഹനങ്ങളുടെ റോഡ് നികുതി വെട്ടിക്കുന്ന സംഘം സജീവം. ചില വാഹന വില്പനകേന്ദ്രങ്ങളും ആർ.ടി.ഒ. സേവനങ്ങൾക്ക് അവർ ചുമതലപ്പെടുത്തിയ ഇടനിലക്കാരും ചേർന്നാണ് തട്ടിപ്പ്. വാഹനം വാങ്ങുന്നവരറിയാതെ സംഘം പൊളിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി 15 ശതമാനം നികുതിയിളവ് നേടും. ഇക്കാര്യം മറച്ചുവെച്ച് ഉടമയിൽനിന്നും മുഴുവൻ നികുതിത്തുകയും വാങ്ങിച്ചെടുക്കും.
ജനുവരിക്കുശേഷം നടന്ന 900 വാഹനങ്ങളുടെ രജിസ്ട്രേഷനിൽ ഇത്തരത്തിൽ ക്രമക്കേട് നടന്നിട്ടുണ്ട്. ഇത് മോട്ടോർവാഹനവകുപ്പ് കണ്ടെത്തിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. അംഗീകൃതകേന്ദ്രങ്ങളിൽ വാഹനങ്ങൾ പൊളിക്കുന്നവർക്ക് കേന്ദ്രസർക്കാർ നൽകുന്ന നികുതിയിളവാണ് ഇക്കൂട്ടർ മുതലെടുക്കുന്നത്.
വാഹനം പൊളിക്കുന്നതിന്റെ സാക്ഷ്യപത്രം (സർട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റ്) ഹാജരാക്കിയാൽ പുതിയ വാഹനം വാങ്ങുമ്പോൾ റോഡ് നികുതിയിൽ 15 ശതമാനം ഇളവിന് അർഹതയുണ്ട്. സാക്ഷ്യപത്രം കൈമാറാനും വ്യവസ്ഥയുണ്ടെന്നതിനാൽ മറ്റാരുടെയെങ്കിലും സർട്ടിഫിക്കറ്റ് ഹാജരാക്കിയാലും ആനുകൂല്യം ലഭിക്കും.
ആഡംബരക്കാറുകളിൽ നികുതിയിളവ് നേടാൻ ഉടമയുടെ അറിവോടെ ഉപയോഗിച്ചുതുടങ്ങിയ കുറുക്കുവഴിയാണ് ഇപ്പോൾ വ്യാപകതട്ടിപ്പിലേക്ക് മാറിയത്. റോഡ് നികുതി സംബന്ധിച്ച് ഉടമയുടെ ഫോണിലേക്ക് എസ്.എം.എസ്. ലഭിക്കാറുണ്ടെങ്കിലും ഭൂരിഭാഗംപേരും അത് ശ്രദ്ധിക്കാത്തതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. 'വാഹൻ' സോഫ്റ്റ്വേറിന്റെ പിഴവുകാരണം മിക്കപ്പോഴും എസ്.എം.എസ്. സംവിധാനം തടസ്സപ്പെടാറുള്ളതും തട്ടിപ്പുകാർക്ക് സഹായമായി.
തട്ടിപ്പ് തടയാം
നികുതി രസീത് ചോദിച്ചുവാങ്ങുകയും റോഡ് നികുതിക്ക് എന്നുപറഞ്ഞ് ഷോറൂമിൽ അടച്ച തുകതന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ഉറപ്പുവരുത്തുകയും ചെയ്താൽ തട്ടിപ്പ് തടയാം. നികുതി ഒടുക്കുമ്പോൾ ഉടമയുടെ മൊബൈൽ നമ്പരിലേക്ക് വരുന്ന എസ്.എം.എസിലും തുക രേഖപ്പെടുത്തിയിരിക്കും.
Content Highlights: Dealerships are using fraudulent scrapping certificates to claim 15% road tax exemptions., 900+ vehicle registrations identified with irregularities since January 2026., The scam exploits gaps in the Vahan software and lack of awareness among buyers., Buyers are charged full tax while the dealership pockets the exemption amount., Verification of official tax receipts via SMS alerts is crucial for prevention.