ദേശീയ പാതയില്‍ വാഹനത്തിന് മുകളില്‍ കയറി യുവാവിന്റെ കസര്‍ത്ത്, 30500 രൂപ പിഴയിട്ട് യുപി പോലീസ്

Photo: Screengrab video shared by x.com/sadbhavna_awaj
Photo: Screengrab video shared by x.com/sadbhavna_awaj

സഞ്ചരിച്ചുകൊണ്ടിരിക്കുന്ന എസ്‌യുവിയുടെ മുകളില്‍ കയറി കസര്‍ത്ത് കാണിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. വാഹനത്തിന് മുകളില്‍ സാഹസികമായി കയറിയിരിക്കുകയും നില്‍ക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടി. ഭാഗ്പത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ എന്‍എച്ച്9-ല്‍ വെച്ചാണ് വീഡിയോ ചിത്രീകരിച്ചത്. 

ഓടിക്കൊണ്ടിരിക്കുന്ന മഹീന്ദ്ര സ്‌കോര്‍പിയോയുടെ മുന്‍വാതിലുകള്‍ രണ്ടും തുറന്നിട്ടതിന് ശേഷം ഡ്രൈവിങ് സീറ്റിലിരുന്ന യുവാവ് വാഹനത്തിന് മുകളിലേക്ക് കയറുന്നതും ബോണറ്റില്‍ ഇരിക്കുന്നതും വാഹനത്തിന് മുകളില്‍ കയറി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. സ്‌കോര്‍പ്പിയോടൊപ്പം സഞ്ചരിക്കുന്ന മറ്റൊരു വാഹനത്തിലിരുന്നാണ് വീഡിയോ ചിത്രീകരിച്ചത്. 

മോട്ടോര്‍ വാഹന നിയമ പ്രകാരം 28500 രൂപയാണ് യുവാവിന് പിഴയിട്ടത്. യുവാവിനെ കസ്റ്റഡിയിലെടുത്ത പോലീസ് വാഹനം പിടിച്ചെടുത്തു. 30500 രൂപയുടെ ചലാന്‍ ആണ് നല്‍കിയിരിക്കുന്നത്. 

മുമ്പ് നോയിഡയിലെ നോളജ് പാര്‍ക്കിലെ കോളേജില്‍ രണ്ട് കാറുകള്‍ അപകടകരമായ വിധം സ്റ്റണ്ടില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ബ്രെസയും ബലെനോയും ഉപയോഗിച്ചായിരുന്നു ഈ സാഹസിക പ്രകടനം. അതിവേഗം വാഹനമോടിക്കുകയും പെട്ടെന്ന് ബ്രേക്കിടുന്നതും ഓവര്‍ടേക്ക് ചെയ്യുന്നതുമെല്ലാം ഈ വീഡിയോയിലുണ്ടായിരുന്നു.  ഈ രണ്ട് വാഹനങ്ങളും പിടിച്ചെടുത്ത നോയിഡ പോലീസ് വാഹനമോടിച്ചവര്‍ക്ക് വന്‍തുക പിഴയിടുകയും ചെയ്തു.
 

Content Highlights: A youth in Uttar Pradesh was arrested for performing risky stunts on a moving Mahindra Scorpio SUV