57 രാജ്യങ്ങളിലെ ലൈസൻസ് UAE-ക്ക് മാറാം, ഒരുവർഷം മാറിയത് 58,082 പേർ

ദുബായ്: കഴിഞ്ഞവർഷം 58,082 വിദേശ ഡ്രൈവിങ് ലൈസൻസുകൾ യുഎഇയിലേക്ക് മാറ്റിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. യുഎഇയും ബന്ധപ്പെട്ട രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച മന്ത്രിതല തീരുമാനങ്ങൾക്കും ധാരണാപത്രങ്ങൾക്കും അനുസൃതമായാണ് മാറ്റം വരുത്തിയത്.
57 രാജ്യങ്ങളിൽനിന്നുള്ള ഡ്രൈവിങ് ലൈസൻസുകളാണ് യുഎഇയിലേക്ക് മാറ്റിയത്. ആർടിഎയുടെ വെബ്സൈറ്റ് വഴിയോ ദുബായിലെ കസ്റ്റമർ ഹാപ്പിനെസ് സെന്ററുകൾ വഴിയോ ഡ്രൈവിങ് ലൈസൻസുകൾ മാറ്റുന്ന സേവനം ലഭ്യമാണ്.
ലൈസൻസുകൾ മാറ്റുന്നതിനുമുൻപ് അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിൽ അപേക്ഷകർ നേത്രപരിശോധനയ്ക്ക് വിധേയമാകണം. പിന്നീടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മാറ്റാനുള്ള സാധുവായ ഡ്രൈവിങ് ലൈസൻസ് ഹാജരാക്കുകയും നിശ്ചിത ഫീസ് അടയ്ക്കുകയും വേണം. മാത്രമല്ല അപേക്ഷകർ നേരിട്ട് ഹാജരാകണമെന്നതും നിർബന്ധമാണ്.
ഡ്രൈവിങ് ലൈസൻസ് മാറ്റി യുഎഇ ലൈസൻസാക്കാൻ യോഗ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ച് ജിസിസി രാജ്യങ്ങൾ, 38 യൂറോപ്യൻ രാജ്യങ്ങൾ, 13 ഏഷ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, ഒരു ആഫ്രിക്കൻ രാജ്യം എന്നിവ ഉൾപ്പെടുന്നുവെന്ന് ആർടിഎ ലൈസൻസിങ് ഏജൻസി ഡയറക്ടർ സുൽത്താൻ അൽ അക്റാഫ് പറഞ്ഞു.
2025 ഡിസംബർ അവസാനത്തോടെ 13,165 ഡൈവിങ് ലൈസൻസുകൾ ദുബായിലേക്ക് മാറ്റി യുകെ ആണ് മുന്നിലുള്ളത്. തുർക്കി 6838, ചൈന 5300 എന്നിവയാണ് തൊട്ടുപിന്നിൽ. യുഎഇ ഡ്രൈവിങ് ലൈസൻസിലേക്ക് മാറ്റാൻ യോഗ്യതയുള്ള രാജ്യങ്ങളുടെ പൂർണപട്ടിക ആർടിഎ വെബ്‌സൈറ്റിൽ ലഭ്യമാണ്.
Content Highlights: Convert your foreign driving license to a UAE license easily. Over 58,000 licenses exchanged last year. Find out eligible countries & process.