കച്ഛിനായി TVS; ഉപ്പുപാടങ്ങളിൽനിന്ന് പ്രചോദനം, ബൈക്കുകളുടെ പ്രത്യേക പതിപ്പ് പുറത്ത്

കച്ഛിലെ ഉപ്പുപാടങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ടിവിഎസ് തങ്ങളുടെ ജനപ്രിയ ബൈക്കുകളുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി. പ്രശസ്തമായ റാൻ ഉത്സവിന്റെ ഭാഗമായിരുന്നു ഇത്. കച്ഛിന്റെ പ്രകൃതിഭംഗിയും സാംസ്‌കാരികപൈതൃകവും ഒത്തുചേരുന്നതായിരുന്നു ഈ പ്രത്യേക പതിപ്പുകൾ.
റോനിൻ, അപ്പാച്ചെ ആർ.ടി.ആർ. 200, ആർ.ടി.ആർ. 310, ആർ.ആർ. 310 എന്നിവയായിരുന്നു പുതിയ രൂപവും ഭാവവുമായി പുറത്തിറക്കിയത്. 'സിംഫണി ഓഫ് സോൾട്ട് ആൻഡ് സ്‌കൈ' എന്നതായിരുന്നു പ്രമേയം. ഗുജറാത്തിന്റെ കലാസാംസ്‌കാരിക പൈതൃകം വ്യക്തമാക്കുന്ന ചിത്രപ്പണികൾ ചെയ്ത ബോഡി പാനലുകളും സ്റ്റെയിൻലെസ് സ്റ്റീൽ ബാഡ്ജുകളുമാണ് ഇവയുടെ പ്രത്യേകത.
സാഹസികയാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി 'അൺസ്‌ക്രിപ്റ്റഡ് എക്‌സ്പ്ലൊറേഷൻ' എന്ന പ്രത്യേക പതിപ്പുമുണ്ട്. ദൂരയാത്രകൾക്കായി റിയർ റാക്കും മോഡുലാർ ലഗേജ് സംവിധാനവും ഒപ്പംചേരുന്നു. കച്ഛിലെ പ്രാദേശിക കലാരൂപമായ അജ്റഖിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണ് ലെതർ അക്‌സസറികൾ.
ഉപ്പുമരുഭൂമിയിലെ പുലർകാലത്തെ ഓർമിപ്പിക്കുന്ന സ്‌കൈ ബ്ലൂ, സോൾട്ട് വൈറ്റ് എന്നീ നിറങ്ങളും വാഹനങ്ങൾക്ക് മോടികൂട്ടുന്നു. വാഹനങ്ങളുടെ പ്രത്യേകപതിപ്പുകൾക്ക് മെക്കാനിക്കൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. വാഹനങ്ങൾ രൂപകല്പന ചെയ്യുന്ന പ്രശസ്തമായ ഐമോർ കസ്റ്റംസാണ് ഇതിൽ കൈയൊപ്പ് ചാർത്തിയിരിക്കുന്നത്.
റാൻ ഉത്സവത്തിന്റെ ഭാഗമായി നടന്ന വെസ്റ്റ് ചാപ്റ്റർ റൈഡിലാണ് ഈ പ്രത്യേക ചടങ്ങ് കമ്പനി നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം റൈഡർമാർ കച്ഛിലെ ടെന്റ് സിറ്റിയിൽ നടന്ന പരിപാടിക്കെത്തി. കച്ഛിനെ അറിയാനുള്ള അപൂർവാവസരമായി അത്. അഭ്യാസപ്രകടനങ്ങളും പ്രശസ്തമായ റോഡ് ടു ഹെവനിലൂടെയുള്ള ബൈക്ക് യാത്രയും ഓർമ്മയിൽ കുറിക്കുന്നതായി.
Content Highlights: Explore the unique TVS Ronin, Apache RTR 200 & 310 special editions inspired by Kutch`s salt deserts & Rann Utsav. Discover new designs! Click for details.