നികുതി അടയ്ക്കാത്തതിന് ബസ് പിടിച്ചു, യാത്രമുടങ്ങി; യാത്രക്കാരന് ട്രാവൽസ് ഉടമ 47,174 രൂപ നൽകണം

കൊച്ചി: ബസ് യാത്രയ്ക്കിടെയുണ്ടായ തുടർച്ചയായ തകരാറുകളും അനാസ്ഥയും മൂലം ഉദ്യോഗാർഥിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തിൽ ട്രാവൽസ് ഉടമ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ.
കാക്കനാട് സ്വദേശികളായ അനിൽ ബേബി, ഭാര്യ സ്‌നേഹ റോസ് കുര്യൻ എന്നിവർ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീവിനായക ട്രാവൽസിനെതിരേ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2023 മേയ് 20-ന് ബെംഗളൂരുവിൽ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാനായി പരാതിക്കാർ ശ്രീവിനായക ട്രാവൽസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പാലക്കാടുവെച്ച് ബസിന്റെ ടയർ പഞ്ചറായതും വാളയാർ ചെക്ക് പോസ്റ്റിൽ നികുതി കുടിശ്ശിക കാരണം ബസ് തടഞ്ഞതും തുടർന്നുണ്ടായ യന്ത്രത്തകരാറുകളും കാരണം യാത്ര തടസ്സപ്പെട്ടു. കൃത്യസമയത്ത് പരീക്ഷാഹാളിലെത്താൻ ദമ്പതിമാർക്ക് കോയമ്പത്തൂരിൽനിന്ന് 14,000 രൂപ നൽകി ടാക്‌സി വിളിക്കേണ്ടിവന്നു.
തുടർന്ന് നഷ്ടപരിഹാരം തേടിയാണ് ഉപഭോക്താക്കൾ കമ്മിഷനെ സമീപിച്ചത്. സേവനം നൽകുന്നതിൽ ട്രാവൽ ഉടമയുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായതായി ഡിബി ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ടിക്കറ്റിനായി ചെലവാക്കിയ 3,174 രൂപയും, അടിയന്തരയാത്രയ്ക്ക് ചെലവായ 14,000 രൂപയും ഉൾപ്പെടെ 17,174/- രൂപ തിരികെ നൽകണം. കൂടാതെ, ദമ്പതിമാർക്കുണ്ടായ മാനസികവിഷമത്തിനും ബുദ്ധിമുട്ടുകൾക്കും കോടതിച്ചെലവിനും 30,000 രൂപ നഷ്ടപരിഹാരവും 45 ദിവസത്തിനകം നൽകാൻ ഉത്തരവായി. പരാതിക്കാർക്കുവേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.
Content Highlights: Consumer commission orders travel agency to pay compensation to a couple for a stressful bus journey marred by breakdowns, delays, and negligence. Learn more!