ട്രാൻസ്മിഷൻ സോഫ്റ്റ്‌വെയർ തകരാർ; ലാൻഡ് ക്രൂയിസർ എസ്‌യുവി പരിശോധനയ്ക്ക് വിളിച്ച് ടൊയോട്ട

#Auto Desk
ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ | Photo: Toyota
ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ | Photo: Toyota

ന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളിൽ പ്രധാനിയായ ടൊയോട്ടയും ഒരു തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ടൊയോട്ടയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി മോഡലായ ലാൻഡ് ക്രൂയിസറാണ് പരിശോധനയ്ക്കായി തിരിച്ചുവിളിച്ചിരിക്കുന്നത്. ട്രാൻസ്മിഷൻ പെർഫോമെൻസിനെ നിയന്ത്രിക്കുന്ന ട്രാൻസ്മിഷൻ കൺട്രോൾ കംപ്യൂട്ടർ സോഫ്റ്റ്‌വെയറിൽ കണ്ടെത്തിയ തകരാറിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ തിരിച്ച് വിളിച്ചിരിക്കുന്നതെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്.

2024 സെപ്റ്റംബർ നാല് മുതൽ 2025 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ നിർമിച്ചിരിക്കുന്ന ലാൻഡ് ക്രൂയിസറിന്റെ 969 യൂണിറ്റാണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. ട്രാൻസ്മിഷൻ കൺട്രോൾ കംപ്യൂട്ടർ സോഫ്റ്റ്‌വെയർ റീപ്രോഗ്രാം ചെയ്യുന്നതിനായാണ് ഈ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്. അതേസമയം, ഇന്ത്യയിൽ എത്തിയിട്ടുള്ള വാഹനങ്ങളിൽ ഇതുവരെയും തകരാർ കണ്ടെത്തിയിട്ടില്ലെന്നാണ് ടൊയോട്ട പങ്കുവെച്ചിരിക്കുന്ന പ്രസ്താവനയിൽ പറയുന്നത്.

ലെക്‌സസ് എൽഎക്‌സിൽ ഉപയോഗിച്ചിരിക്കുന്ന 10 ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനമാണ് ലാൻഡ് ക്രൂയിസറിലും നൽകിയിട്ടുള്ളത്. ഇപ്പോൾ കണ്ടെത്തിയിട്ടുള്ള സോഫ്റ്റ്‌വെയർ തകരാർ മൂലം ട്രാൻസ്മിഷനും എൻജിൻ ഇസിയുവുമായുള്ള കണക്ഷൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇങ്ങനെയുണ്ടായാൽ ഉയർന്ന വേഗതയിൽ വാഹനമോടിക്കുമ്പോൾ പോവും ട്രാൻസ്മിഷന് കേടുപാടുകൾ സംഭവിക്കാനും പവർ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നുമാണ് സൂചന.

ഇന്ത്യയിൽ ഇത്തരം കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഉപയോക്താക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനാണ് ടൊയോട്ടയുടെ ഈ നടപടി. മുകളിൽ പറഞ്ഞ കാലയളവിൽ നിർമിച്ചിട്ടുള്ള എല്ലാ വാഹനങ്ങളുടെയും ഉടമകളെ ടൊയോട്ടയുടെ ഡീലർഷിപ്പ് പ്രതിനിധികൾ നേരിട്ട് ബന്ധപ്പെടുമെന്നും ടൊയോട്ട ഉറപ്പുനൽകുന്നു. തിരിച്ച് വിളിക്കൽ സംബന്ധിച്ചുള്ള എന്ത് കാര്യത്തിലും ഉപയോക്താക്കൾക്ക് ഏറ്റവുമടുത്തുള്ള ടൊയോട്ട ഡീലർഷിപ്പുമായി ബന്ധപ്പെടാവുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു.

Content Highlights: Toyota recalls 969 Land Cruisers (Sept 2024-Sept 2025) for transmission software reprogramming due to potential connection loss. Learn more and contact your dealer.