കണ്ടംചെയ്ത് ആക്രിയാകാൻ കിടക്കുന്ന വണ്ടി, കൈവിടാന്‍ മനസ്സുവരാതെ സത്യൻ

#ജി.രാജേഷ് കുമാര്‍
സര്‍ക്കാര്‍ ജീപ്പിന് അടുത്ത് ഡ്രൈവര്‍ സത്യന്‍ | Photo: Mathrubhumi
സര്‍ക്കാര്‍ ജീപ്പിന് അടുത്ത് ഡ്രൈവര്‍ സത്യന്‍ | Photo: Mathrubhumi

പത്തനംതിട്ട: ഈ ജീപ്പ് പൊടിപിടിച്ചുകിടക്കുന്നത് സത്യന് ഇഷ്ടമല്ല. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് 'വിരമിച്ചെങ്കിലും', ഓഫീസ് പരിസരത്ത് പ്രൗഢിയോടെ ജീപ്പ് ഇപ്പോഴുമുണ്ട്. ചുറ്റിപ്പറ്റി ഡ്രൈവര്‍ ഇ.ജി.സത്യനുമുണ്ടാകും.

കണ്ടംചെയ്ത് ആക്രിയാകാനാണ് ഈ വണ്ടി കിടക്കുന്നതെങ്കിലും അതിനെ കൈവിടാന്‍ സത്യന് മനസ്സുവരുന്നില്ല. എന്നും തുടച്ചുവൃത്തിയാക്കിയിടും. ഇത് എന്തിനെന്ന ചോദ്യത്തിന് ഇദ്ദേഹത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ'ഇതെന്റെ ചോറായിരുന്നു, ഞാനെന്റെ തൊഴിലിനെ സ്‌നേഹിക്കുന്നു.' പകരം വാഹനം വരാത്തതിനാല്‍ സത്യന് ഓടിക്കാന്‍ വണ്ടിയില്ല. അതിനാല്‍, ഓഫീസിലെ ചെറിയ ജോലികള്‍ക്കുശേഷം ഇദ്ദേഹം ജീപ്പിനടുത്തുണ്ടാകും.

മഹീന്ദ്രയുടെ 2008 മോഡല്‍ മാര്‍ഷല്‍ ജീപ്പ്, 2023 ഡിസംബറില്‍ കാലാവധി കഴിഞ്ഞ് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്റെ പാര്‍ക്കിങ് സ്ഥലത്ത് കയറ്റിയതാണ്. ധനകാര്യവകുപ്പിന്റെ നാഷണല്‍ സേവിങ്‌സ് വിഭാഗത്തിലേതാണ് ഈ ഏഴ് സീറ്റ് വണ്ടി.

പ്രവൃത്തിദിനങ്ങളില്‍ കോന്നി അരുവാപ്പുലത്തെ അരുണാനിലയം വീട്ടില്‍നിന്നിറങ്ങി രാവിലെ ഒമ്പതരയോടെ സത്യന്‍ മിനി സിവില്‍ സ്റ്റേഷനിലെത്തും.
നേരേ പോകുന്നത് ജീപ്പിന് അടുത്തേക്ക്. വാതില്‍ തുറന്ന് സീറ്റില്‍ വിരിച്ചിരിക്കുന്ന ടൗവലുകള്‍ കുടഞ്ഞുവിരിക്കും. തുണികൊണ്ട് വാഹനം തുടച്ചുവൃത്തിയാക്കും. ദിവസവും തുടയ്ക്കുന്നതിനാല്‍ മാര്‍ഷല്‍ ഡെയ്‌ലി ഫ്രഷ്.

10 മണിയോടെ ധനകാര്യവകുപ്പിന്റെ ഓഫീസിലെത്തുന്ന സത്യന്‍, അവിടെനിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജോലി ചെയ്യും. ഉച്ചയോടെ വീണ്ടും വണ്ടിക്കടുത്ത് എത്തും. ഒരു മണിക്ക് പിന്‍സീറ്റില്‍ ഇരുന്ന് ചോറ് ഉണ്ണും. കെ.എല്‍. 01എ.എഫ്. 8277 ആണ് മാര്‍ഷല്‍ ഡിഎക്‌സ് റോയല്‍ എന്ന വണ്ടിയുടെ നമ്പര്‍.

മിനി സിവില്‍ സ്റ്റേഷനില്‍ കണ്ടം ചെയ്ത വണ്ടികളുടെ നിരതന്നെയുണ്ട്. അടുത്തുകിടക്കുന്നവയുമായി താരതമ്യം ചെയ്യുമ്പോഴറിയാം ഈ ജീപ്പിന്റെ തലയെടുപ്പ്.


 

Content Highlights: the driver takes care of the government vehicle