പോലീസിന്റെ കണ്ണുവെട്ടിച്ചെന്ന് കരുതി ആശ്വസിക്കേണ്ട, ട്രാഫിക് നിയമലംഘകർക്ക് പിന്നാലെവേറെ കണ്ണുകളുണ്ട്

#Auto Desk
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

താനെ: താനെയിൽ ഗതാഗതനിയമലംഘനം നടത്തുന്നവരെ നിരീക്ഷിക്കാൻ ഇനി പൗരരും. താനെ നഗരത്തിലെ ഗതാഗതസംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പോലീസ് താനെ പോലീസ് കമ്മിഷണർ അശുതോഷ് ദുംബരെ, ജോയിന്റ് പോലീസ് കമ്മിഷണർ ഡോ. ജ്ഞാനേശ്വർ ചവാൻ എന്നിവരുടെ നിർദേശപ്രകാരം താനെ സിറ്റി ട്രാഫിക് നിയന്ത്രണവിഭാഗമാണ് ഈ പുതിയ പരിപാടിക്ക് തുടക്കം കുറിച്ചത്.

അതിനായി കമ്മിഷണറേറ്റ് മേഖലയിലെ വിവിധ ട്രാഫിക് വിഭാഗങ്ങൾക്കുവേണ്ടി 18 അധിക വാട്‌സാപ്പ് നമ്പറുകൾ പുറത്തിറക്കി. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേയുള്ള പരാതികളും അവയുമായി ബന്ധപ്പെട്ട ഫോട്ടോകളും പൗരർക്ക് ഈ വാട്സാപ്പ് നമ്പറുകൾ വഴി അയക്കാവുന്നതാണ്. അങ്ങനെയുള്ള പരാതികൾ പരിശോധിച്ച് പോലീസ് നടപടികൾ സ്വീകരിക്കും.

റോഡിലൂടെ സൈഡ് തെറ്റിച്ച് വാഹനമോടിക്കൽ, ഇരുചക്രവാഹനങ്ങളിൽ രണ്ടിൽക്കൂടുതൽ ആളുകൾ യാത്രചെയ്യൽ, നിയമപരമല്ലാത്തതും വിചിത്രങ്ങളുമായ നമ്പർപ്‌ളേറ്റുകൾ ഉപയോഗിക്കൽ, നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യൽ, ഗതാഗതതടസ്സം സൃഷ്ടിക്കൽ എന്നിങ്ങനെ മറ്റു പല ഗതാഗത നിയമലംഘനങ്ങൾ പൗരരുടെ ശ്രദ്ധയിൽപ്പെട്ടാൽ അവയുമായി ബന്ധപ്പെട്ട പരാതികൾ ഫോട്ടോകൾ സഹിതം അതത് ട്രാഫിക് വിഭാഗത്തിന്റെ വാട്സാപ്പ് നമ്പറിൽ അയക്കാവുന്നതാണ്.

അതുവഴി ലഭിക്കുന്ന പരാതികൾ പരിശോധിച്ചശേഷം ഗതാഗത നിയമലംഘനം നടന്നതായി തെളിഞ്ഞാൽ ബന്ധപ്പെട്ട വാഹനത്തിനെതിരേ നടപടികൾ സ്വീകരിക്കും. ഇങ്ങനെ സ്വീകരിക്കപ്പെടുന്ന നടപടികളുടെ വിവരം പരാതിക്കാരായ പൗരരെ അറിയിക്കുകയും ചെയ്യും. സുരക്ഷിതവും സുഖകരവും അച്ചടക്കത്തോടും കൂടിയുള്ള വാഹനഗതാഗതത്തിനുവേണ്ടിയുള്ള ഈ പരിപാടിയിൽ എല്ലാ പൗരരും സഹകരിക്കണമെന്ന് ട്രാഫിക് വിഭാഗം ഡി.സി.പി. പങ്കജ് ഷിർസത്ത് അറിയിച്ചു.

Content Highlights: Thane Traffic Police introduced 18 new WhatsApp numbers across divisions., Citizens can send photos and complaints regarding traffic violations., Police will verify complaints and take strict action against violators., Informants will be updated on the actions taken based on their reports.