കുതിച്ചുപാഞ്ഞ് ഇലക്ട്രിക് വാഹനങ്ങള്‍, കേരളത്തില്‍ 34 ശതമാനം നേട്ടമെന്ന് ടാറ്റ മോട്ടോഴ്‌സ്

ടാറ്റ ടിയാഗോ ഇ.വി | Photo: Tata Motors
ടാറ്റ ടിയാഗോ ഇ.വി | Photo: Tata Motors

ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിനോടകം തന്നെ മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിച്ചത് തന്നെയാണ് ഇലക്ട്രിക് വാഹന നിര്‍മാണത്തിന് ടാറ്റ മോട്ടോഴ്‌സ് നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവ്. ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ പുറത്തുവിട്ട കണക്ക് അനുസരിച്ച് കേരളത്തിലെ ഇലക്ട്രിക് വാഹന വിപണിയുടെ 85 ശതമാനവും ടാറ്റയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. 2023 ഏപ്രിലില്‍ മാത്രം ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ 34 ശതമാനത്തിന്റെ വളര്‍ച്ച നേടിയെന്നും ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു.

നഗരപ്രദേശങ്ങള്‍ക്ക് പുറമെ, ഗ്രാമീണ മേഖലയിലും ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിച്ചെന്നാണ് ടാറ്റ പറയുന്നത്. ഇലക്ട്രിക് വാഹനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ അവബോധം വര്‍ധിച്ചതും ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചതുമാണ് ഈ മേഖലയിലെ കുതിപ്പിന് കാരണമായി വിലയിരുത്തുന്നത്. ഈ സാഹചര്യം ഉപയോഗപ്പെടുത്തുന്നതിനായി കേരളത്തില്‍ 106 ഇലക്ട്രിക് വാഹന വില്‍പ്പന കേന്ദ്രങ്ങളും 22 അംഗീകൃത സര്‍വീസ് സെന്ററുകളും ടാറ്റ മോട്ടോഴ്‌സ് ഇതിനോടകം തുറന്നിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്. 

മറ്റ് മോഡലുകളെക്കാള്‍ ഉപരി ടിയാഗോ ഇ.വിയുടെ വരവാണ് ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കിയത്. താരതമ്യേന കുറഞ്ഞ വിലയില്‍ എത്തുന്ന ഇ.വി. ആയതിനാല്‍ തന്നെ കൂടുതല്‍ ആളുകള്‍ ഈ വാഹനം സ്വന്തമാക്കുന്നുണ്ട്. ഇതിന്റെ തെളിവാണ് രണ്ട് ദിവസത്തില്‍ 20,000 ബുക്കിങ്ങ് നേടിയതും നാല് മാസത്തിനുള്ളില്‍ 10,000 യൂണിറ്റിന്റെ വില്‍പ്പന നേടിയതുമായി ടിയാഗോ ഇ.വിയുടെ മുന്‍കാല ചരിത്രം. ടിയാഗോ ഇ.വിയുടെ ഉപയോക്താക്കളില്‍ 25 ശതമാനം ആളുകളും ആദ്യമായി കാര്‍ വാങ്ങുന്നവരാണ്. 24 ശതമാനം വരുന്ന ഉപയോക്താക്കള്‍ സ്ത്രീകളാണെന്നതും ശ്രദ്ധേയമാണെന്നാണ് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്. 

നെക്‌സോണ്‍ ഇ.വി, ടിഗോര്‍ ഇ.വി, ടിയാഗോ ഇ.വി എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് മോഡലുകളാണ് ടാറ്റ വിപണിയില്‍ എത്തിക്കുന്നത്. ഇതില്‍ നെക്‌സോണാണ് ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാര്‍. 50,000 യൂണിറ്റുകളാണ് ഇതിനോടകം വിറ്റഴിച്ചിട്ടുള്ളത്. ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പ്പനയില്‍ 15 ശതമാനം നെക്‌സോണിന്റെ സംഭാവനയാണെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും വേഗതയുള്ള ഇലക്ട്രിക് വാഹനം എന്ന ബഹുമതി ഉള്‍പ്പെടെ 26 റെക്കോഡുകളാണ് നെക്‌സോണ്‍ സ്വന്തം പേരില്‍ ചേര്‍ത്തിരിക്കുന്നത്. 

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സിന്റെ നേതൃത്വത്തില്‍ ടാറ്റ യൂണിഇവേഴ്‌സ് എന്ന പുതിയ ഒരു സംരംഭം കൂടി ആരംഭിച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളുമായി ബാന്ധപ്പെട്ട മറ്റ് കമ്പനികളുടെയും സഹകരണത്തോടെ ആരംഭിച്ചിട്ടുള്ള ഈ സംരംഭം ചാര്‍ജിങ്ങ് ആശങ്കകള്‍ പരിഹരിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള സംവിധാനങ്ങളും, ധനസഹായത്തിനുള്ള മാര്‍ഗങ്ങളും ഉള്‍പ്പെടെ നിരവധി സേവനങ്ങളാണ് ഒരു കുടകീഴില്‍ എത്തിച്ചിരിക്കുന്നതെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

Content Highlights: Tata motors achieve growth in electric vehicle sale in Kerala, Tata electric 34 percent growth