ഹയബൂസ സൂപ്പർബൈക്കിന്റെ അമിതവേഗം, ഡെലിവറി ജീവനക്കാരന്റെ വാഹനവുമായി കൂട്ടിയിടി, CCTV ദൃശ്യം പുറത്ത്

അപകടത്തിന്റെ സിസിടിവി ദൃശ്യത്തിൽനിന്ന്| photo: @dpkBopanna/X, പ്രതീകാത്മക ചിത്രം
അപകടത്തിന്റെ സിസിടിവി ദൃശ്യത്തിൽനിന്ന്| photo: @dpkBopanna/X, പ്രതീകാത്മക ചിത്രം

മൈസൂരുവിൽ സുസുക്കി ഹയാബൂസ സൂപ്പർബൈക്കും ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരൻ്റെ ഇരുചക്ര വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന്റ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജൂലായ് ആറിനായിരുന്നു അപകടം. അമിതവേ​ഗതത്തിൽ വന്ന സുസുക്കി ഹയാബൂസ സൂപ്പർബൈക്ക് സൊമാറ്റോ ഡെലിവറി ജീവനക്കാരൻ്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. 

ഹയാബൂസ സൂപ്പർബൈക്ക് അതിവേഗത്തിൽ വരുന്നതും റോഡിന്റെ ഓരത്തുകൂടെ പോവുകയായിരുന്ന ഡെലിവറി ജീവനക്കാരനെ ഇടിക്കുന്നതും വീഡിയോയിൽ കാണാം. ഇടിച്ച ശേഷം, ഡെലിവറി ജീവനക്കാരനെയുംകൊണ്ട് സൂപ്പർബൈക്ക് കുറച്ച് ദൂരം മുന്നോട്ട് നീങ്ങി. പിന്നീട് വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ബൈക്ക് പിന്നീട് കത്തി നശിച്ചു. പെട്രോൾ ചോർച്ചയാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്.  

സൊമാറ്റോ ഡെലിവറി ജീവനക്കാരനായ കാർത്തിക് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കർണാടകയിലെ ചാമരാജനഗർ സ്വദേശിയായ സയ്യിദ് സറൂണാണ് ഹയാബൂസ ഓടിച്ചിരുന്നത്. സയ്യിദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പൊള്ളലേറ്റതിനെ തുടർന്നുണ്ടായ പരിക്ക് ​ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല.  

അപകടത്തിന് മുൻപ് സയ്യിദ് അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണം  സൂചിപ്പിക്കുന്നത്. സംഭവത്തിന് തൊട്ടുമുൻപ് ഇയാൾ വീഡിയോ റെക്കോർഡ് ചെയ്യുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നുവെന്ന് ചില സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ മൊഴികൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

വലിയ കരുത്തുള്ള സൂപ്പർബൈക്കാണ് സുസുക്കി ഹയാബൂസ. ഇത്രയും പവറുള്ള ഒരു വാഹനം കൃത്യമായി നിയന്ത്രിക്കാൻ യാത്രികന് പ്രത്യേക വൈദഗ്ദ്ധ്യവും ആവശ്യമാണ്. പിഴവുണ്ടായാൽ മാരകമായ അപകടങ്ങൾക്ക് കാരണമാകും. 300 കിലോമീറ്റർ വരെയാണ് ഹയാബൂസയുടെ ഉയർന്ന വേഗത.


 

Content Highlights: Suzuki Hayabusa Crash Into Delivery employee bike