സൗജന്യമായി മോപെഡ് യന്ത്രം കിട്ടി; 500 രൂപ ചെലവില്‍ സൈക്കിള്‍ മോട്ടോര്‍സൈക്കിളാക്കി പത്താംക്ലാസുകാരന്‍

#എം. മുജീബ് റഹ്‌മാന്‍
യന്ത്രം ഘടിപ്പിച്ച സൈക്കിളുമായി അയിലൂർ തോട്ടുംപള്ളയിൽ അഫ്സൽ.
യന്ത്രം ഘടിപ്പിച്ച സൈക്കിളുമായി അയിലൂർ തോട്ടുംപള്ളയിൽ അഫ്സൽ.

അയിലൂര്‍: സൗജന്യമായി കിട്ടിയ മോപെഡ് യന്ത്രം സൈക്കിളിന്റെ കാരിയറില്‍ പിടിപ്പിച്ചപ്പോള്‍ അഫ്‌സലിന്റെ സൈക്കിള്‍ മോട്ടോര്‍ സൈക്കിളായി. മൂന്നു ദിവസത്തെ അധ്വാനം. ചെലവ് 500 രൂപ. അഫ്സലിന്റെ 'ടെക്നോളജി' വിജയിച്ചതിന്റെ ത്രില്ലിലാണ് കൂട്ടുകാരും നാട്ടുകാരും.

അയിലൂര്‍ എസ്എം ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് അഫ്‌സല്‍. അയിലൂര്‍ തിരഞ്ഞക്കോട് തോട്ടുംപള്ളയില്‍ മന്‍സൂറിന്റെയും ബെന്‍സീനയുടെയും ഇളയ മകന്‍. സ്‌കൂളിലേക്ക് സൈക്കിളിലാണ് യാത്ര. സൈക്കിളിനെ മോട്ടോര്‍ സൈക്കിളാക്കി മാറ്റുന്നത് അഫ്‌സല്‍ പലപ്പോഴും സ്വപ്നം കണ്ടു. അതിനുള്ള വഴികളാലോചിച്ചു.

പാഴ്വസ്തു വില്‍പ്പനക്കാരില്‍നിന്ന് സൗജന്യമായി കിട്ടിയ യന്ത്രം വീട്ടില്‍ കൊണ്ടുവന്ന് അഴിച്ചു വൃത്തിയാക്കി. തിരിച്ചു സെറ്റ് ചെയ്തു. ജേഷ്ഠന്‍ പ്ലസ്ടു വിദ്യാര്‍ഥിയായ അന്‍സിലിന്റെ സഹായത്തോടെ സൈക്കിളിന്റെ പുറകിലെ കാരിയറില്‍ അത് വെല്‍ഡ് ചെയ്ത് പിടിപ്പിച്ചു. ഇതിനായി ഇരിക്കുന്ന സീറ്റ് കുറച്ച് മുന്നോട്ടാക്കി.

ഏറ്റവും പുറകിലായി അഞ്ചുലിറ്ററിന്റെ പ്ലാസ്റ്റിക് ക്യാന്‍ കെട്ടിയുറപ്പിച്ച് പെട്രോള്‍ ടാങ്കാക്കി. പുറകിലായി സൈലന്‍സറും പിടിപ്പിച്ചതോടെ മോട്ടോര്‍ സൈക്കിള്‍ റെഡിയായി. ലിവര്‍ ഉപയോഗിച്ച് കൈകൊണ്ട് തിരിച്ചാണ് സ്റ്റാര്‍ട്ടുചെയ്യുന്നത്. പെട്രോള്‍ കഴിഞ്ഞാല്‍ സൈക്കിള്‍ ചവിട്ടാനും കഴിയും.

യന്ത്രം മൂടിവെയ്ക്കാനും മുന്നിലും പിന്നിലും ലൈറ്റുകള്‍ കൂടി പിടിപ്പിച്ച് മോടിയാക്കാനുമുള്ള ശ്രമത്തിലാണ് അഫ്സല്‍. സ്‌കൂളിലെ ശാസ്ത്രമേളയില്‍ റോബോട്ട് നിര്‍മിച്ചും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള യങ് ഇന്നവേഷന്‍ പ്രോഗ്രാമില്‍ ബൈസിക്കിള്‍ വാട്ടര്‍ പമ്പ് നിര്‍മിച്ചും അഫ്‌സല്‍ ഇതിനകം കഴിവ് തെളിയിച്ചിട്ടുണ്ട്.

Content Highlights: A 10th-grade student in Ayilur transforms a discarded moped engine into a functional motorcycle for his bicycle, showcasing ingenuity and resourcefulness with minimal cost.