പോലീസിൽ മാത്രമല്ല, എക്‌സൈസിലുമുണ്ട് തുരുമ്പ് തിന്നുന്ന വണ്ടികൾ; ഇവിടെയും വേണം ഒരു 'സ്‌പെയ്‌സ്' പ്ലാൻ

ആലപ്പുഴ: പോലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ഒഴിവാക്കാൻ ആവിഷ്‌കരിച്ച 'സ്‌പെയ്‌സ്' പദ്ധതി എക്‌സൈസിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യമുയരുന്നു. മിക്ക എക്‌സൈസ് ഓഫീസുകളിലും നൂറുകണക്കിനു വാഹനങ്ങളാണു തുരുമ്പിക്കുന്നത്. ലേലം പേരിനു മാത്രമായതിനാൽ കോടികളുടെ സ്വത്താണു നശിക്കുന്നത്.
പോലീസ് സ്റ്റേഷൻ വളപ്പിൽ വർഷങ്ങളായി കിടക്കുന്ന വാഹനങ്ങൾ നീക്കാനാണ് യു.ഡി.എഫ്. സർക്കാർ വന്നശേഷം ആഭ്യന്തരവകുപ്പ് 'സ്‌പെയ്‌സ്'(സ്‌ക്രാപ് പ്രോസസിങ് ഫോർ ഏരിയ ക്ലീനപ് ആൻഡ് എൻഹാൻസ്മെന്റ്) പദ്ധതി തുടങ്ങിയത്. പരിസരശുചീകരണത്തിനൊപ്പം ലേലത്തിലൂടെ മികച്ച വരുമാനം കൂടി ലക്ഷ്യമിട്ടാണിത്. കേന്ദ്ര പൊതുമേഖലാസ്ഥാപനത്തിന്റെ സഹായവും തേടിയിട്ടുണ്ട്. അതുവഴി ലേലം കൃത്യമായി നടത്തുകയാണു ലക്ഷ്യം.
പുതിയ ആഡംബരക്കാറുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ എക്‌സൈസ് ഓഫീസുകളിലും കെട്ടിക്കിടക്കുന്നുണ്ട്. കേസിൽപ്പെട്ടവ നടപടിക്രമം പൂർത്തിയാക്കി ലേലം ചെയ്യുന്നതാണ് എക്‌സൈസ് നയം. ലേലം നടക്കുന്നുണ്ടെങ്കിലും വിൽപ്പന കാര്യക്ഷമമല്ല. ലേലം കൃത്യമായാൽ കോടികൾ ഖജനാവിലെത്തും.
അബ്കാരി-മയക്കുമരുന്നു കേസിൽ പിടിച്ച വാഹനങ്ങളാണിവ. എന്നാൽ, വിപണിവിലയെക്കാൾ ഉയർന്ന നിരക്കാണ് നിശ്ചയിച്ചത് എന്നതിനാൽ ലേലം നടക്കാത്ത സ്ഥിതിയാണ്. വാഹനവില നിശ്ചയിക്കുന്നത് പി.ഡബ്ല്യു.ഡി. മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗമാണ്.
കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ എക്‌സൈസിൽ അടുത്തിടെ പൊതുലേലം നടത്തിയിരുന്നു. ഓൺലൈൻ രീതി ഒഴിവാക്കിയായിരുന്നു അത്. ഓൺലൈനിൽ പങ്കെടുക്കാൻ 10,000 രൂപ കെട്ടിവെക്കണം. വാഹനമെടുത്താലും ഇല്ലെങ്കിലും ഇതു തിരികെ കിട്ടില്ല. പൊതുലേലത്തിന് 5,000 രൂപ മതി. തുക തിരികെ കിട്ടുകയും ചെയ്യും. എന്നാൽ, കിഴിവു കൊടുത്തിട്ടും ലേലം ഫലപ്രദമാകാത്തതിനാലാണ് എക്‌സൈസിലും 'സ്‌പെയ്‌സ്' മാതൃക വേണമെന്ന ആവശ്യമുയരുന്നത്.
റിപ്പോർട്ട് ആവശ്യപ്പെട്ടു
ചില സാങ്കേതിക പ്രശ്‌നങ്ങളാണ് ലേലത്തിൽനിന്നു ജനങ്ങളെ അകറ്റുന്നത്. വിഷയത്തെക്കുറിച്ചു പഠിച്ച് റിപ്പോർട്ടു നൽകാൻ എക്‌സൈസ് കമ്മിഷണറോടു നിർദേശിച്ചിട്ടുണ്ട്.
-എം. ലിജു, എക്‌സൈസ് മന്ത്രി
Content Highlights: Demand to extend the police 'SPACE' project to the Excise Department., Hundreds of vehicles including luxury cars are decaying in Excise office premises., Current auction processes are inefficient due to high base prices and technical hurdles., Excise Minister M. Liju has requested a report to address these issues., Implementing 'SPACE' could generate significant revenue for the state exchequer.