8 ക്യാമറ, ഒരു ടാബ്‌ലെറ്റ്, ഹൈടെക് സെന്‍സറുകള്‍; ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് സ്മാര്‍ട്ട് വാഹനങ്ങള്‍

പ്രതീകാത്മക ചിത്രം | Photo: Print
പ്രതീകാത്മക ചിത്രം | Photo: Print

റാസല്‍ഖൈമ: പുതിയ ഡ്രൈവര്‍മാരുടെ ഡ്രൈവിങ് കഴിവുകള്‍ പരീക്ഷിക്കാനും പ്രകടനങ്ങള്‍ വിലയിരുത്താനും സ്മാര്‍ട്ട് വാഹനങ്ങള്‍ വിന്യസിച്ചതായി പോലീസ് അറിയിച്ചു. ഡ്രൈവിങ് ടെസ്റ്റുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പുതിയനീക്കമെന്ന് ഡ്രൈവേഴ്‌സ് ലൈസന്‍സിങ് വകുപ്പ് മേധാവി ലെഫ്റ്റനന്റ് കേണല്‍ ഹസന്‍ അല്‍ സഅബി പറഞ്ഞു.

അത്യാധുനിക സെന്‍സറുകളും എട്ട് ക്യാമറകളും ഒരു ടാബ്ലെറ്റുമാണ് വാഹനത്തിലുള്ളത്. ഇതുവഴി മനുഷ്യ ഇടപെടലുകള്‍ കുറയ്ക്കാനും ടെസ്റ്റിന്റെ കൃത്യത വര്‍ധിപ്പിക്കാനും കഴിയും. എമിറേറ്റില്‍ ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിക്കുന്നവരെല്ലാം ഡ്രൈവിങ് സ്‌കൂളില്‍നിന്ന് മികച്ചപരിശീലനം നേടിയിട്ടുണ്ടോയെന്ന് വാഹനം ഉറപ്പാക്കും. ടെസ്റ്റ് നടപടിക്രമങ്ങളെക്കുറിച്ച് ഡ്രൈവിങ് സ്‌കൂള്‍ അധികൃതര്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനംനല്‍കും.

പാര്‍ക്കിങ്, റിവേഴ്‌സ് ഘട്ടങ്ങളിലാണ് സ്മാര്‍ട്ട് ടെസ്റ്റിങ് നടത്തുക. അപേക്ഷകന്റെ ഡ്രൈവിങ് രീതികള്‍ മനസ്സിലാക്കിയശേഷം നിഷ്പക്ഷവും കൃത്യവുമായ ഫലങ്ങള്‍ നിര്‍ണയിക്കുകയുംചെയ്യും. എമിറേറ്റിലെ ഡ്രൈവിങ് സ്‌കൂളുകള്‍ നവീകരിക്കാനുള്ള സുപ്രധാനചുവടുവെപ്പാണിത്. 

ഉപഭോക്തൃസന്തോഷം വര്‍ധിപ്പിക്കാനും സേവനങ്ങള്‍ക്കായുള്ള കാത്തിരിപ്പുസമയം കുറയ്ക്കാനും സ്മാര്‍ട്ട് വാഹനങ്ങള്‍ സഹായിക്കും. കൂടാതെ ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഗുണനിലവാരം വര്‍ധിപ്പിക്കാനുംകഴിയും. നൂതനസാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് മികച്ചഡ്രൈവര്‍മാരെ സജ്ജരാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

Content Highlights: Smart cars equipped with advanced sensors and cameras are being used for driving tests in the UAE