വീണ്ടും വരുന്നു ഒക്ടാവിയ; ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ ഒക്ടാവിയ vRS അവതരിപ്പിച്ച് സ്‌കോഡ

വാഹനപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രീമിയം സെഡാന്‍ ആണ് സ്‌കോഡ ഒക്ടാവിയ. സ്‌കോഡ എന്ന ബ്രാന്‍ഡിന് ഇന്ത്യയില്‍ പേരും പ്രശസ്തിയും സമ്മാനിച്ച വാഹനം. 2002-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഒക്ടാവിയ വര്‍ഷങ്ങള്‍ക്ക് ശേഷം നിരത്തില്‍നിന്ന് വിടവാങ്ങി. ഇപ്പോഴിതാ ഒക്ടാവിയയുടെ ഏറ്റവും പുതിയ മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ് സ്‌കോഡ.
ഒക്ടാവിയയുടെ ഏറ്റവും പുതിയ മോഡലായ ഒക്ടാവിയ vRS ആണ് ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025-ല്‍ സ്‌കോഡ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പെര്‍ഫോമന്‍സ് സെഡാനായി അവതരിപ്പിച്ചിരിക്കുന്ന ഒക്ടാവിയ vRS വൈകാതെ തന്നെ ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്നാണ് സൂചന.
2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്റെ കരുത്തിലെത്തുന്ന പുതിയ ഒക്ടാവിയയ്ക്ക് ആരുടെയും മനംകവരുന്ന ഡിസൈനാണ് സ്‌കോഡ നല്‍കിയിരിക്കുന്നത്. ബട്ടര്‍ഫ്‌ളൈ ഗ്രില്‍, പുതിയ ഡിസൈനിലുള്ള ഹെഡ്‌ലൈറ്റ്, ടെയില്‍ ലൈറ്റ്, ബംപറുകള്‍ എന്നിവ വാഹനത്തിന്റെ മാറ്റുകൂട്ടുന്നു. പുതിയ സ്റ്റിയറിങ് വീലും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും അകത്തളത്തിലെ പ്രത്യേകതകളാണ്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സപ്പോട്ട് ചെയ്യുന്ന 13 ഇഞ്ചിന്റെ ടച്ച് സ്‌ക്രീനാണ് കാറില്‍ നല്‍കിയിരിക്കുന്നത്. 10 ഇഞ്ചിന്റെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആംബിയന്റ് ലൈറ്റിങ്, വെന്റിലേറ്റഡ് സീറ്റുകള്‍, ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരോമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയ ഫീച്ചറുകളും പുതിയ ഒക്ടാവിയയിലുണ്ട്.
രണ്ട് ലിറ്റർ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 261 എച്ച്.പി. കരുത്തും പരമാവധി 370 എന്‍.എം. ടോര്‍ക്കും പുറത്തെടുക്കും. 6.4 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ നൂറുകിലോമീറ്റര്‍ വേഗം കൈവരിക്കും. 7 സ്പീഡ് ഡി.സി.ടി. ഗിയര്‍ബോക്‌സാണ് വാഹനത്തിലുള്ളത്.
Content Highlights: skoda octavia vrs unveiled in bharat mobility global expo 2025