ആകാശ് തില്ലങ്കേരിയുടെ സവാരി; വാഹന ഉടമയ്ക്കെതിരെ MVD നടപടി: 9 കുറ്റങ്ങൾ ചുമത്തി, 45,000 രൂപ പിഴയും

ആകാശ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്
ആകാശ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്

കൊച്ചി: ഹൈക്കോടതി ഇടപെടലിന് പിന്നാലെ ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ യാത്രയിൽ മോട്ടോർവാഹനവകുപ്പ് നടപടി. വിവാദങ്ങള്‍ക്ക് ഒടുവില്‍ വാഹന ഉടമ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ എം.വി.ഡി നടപടിയെടുത്തു. ഒമ്പത് കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 45,000 രൂപ പിഴ അടയ്ക്കണം. വാഹനത്തിന്റെ ആര്‍.സി. സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ. 

ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രം​ഗത്തെത്തിയിരുന്നു. ജീപ്പ് ഉടന്‍ പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയതിനൊപ്പം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളാണ് വീണ്ടും നിയമലംഘനം നടത്തിയിരിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. 

അന്വേഷണത്തിൽ ഇതേവാഹനത്തിന്റെപേരിൽ സമാനകേസുകളുണ്ടെന്നു കണ്ടെത്തിയിരുന്നു. 2023 ഒക്ടോബറിൽ വയനാട്ടിൽനിന്നുതന്നെ വാഹനയുടമയ്ക്ക് ഇ-ചെലാൻ അയച്ചിട്ടുണ്ട്. എ.ഐ. ക്യാമറാ ദൃശ്യംകൂടി പരിശോധിച്ചതിനുശേഷം നടപടിയുണ്ടാകുമെന്ന നിലപാടായിരുന്നു അധികൃതർക്ക്. 

ആകാശ് തില്ലങ്കേരി ഇൻസ്റ്റഗ്രാം റീൽ പങ്കുവെച്ചതോടെയാണ് യാത്ര വിവാദമായത്. പനമരം-മാനന്തവാടി റോഡിൽ പനമരം ടൗൺ, നെല്ലാറാട്ട് കവല, ആര്യന്നൂർനട എന്നിവിടങ്ങളിലൂടെ വാഹനം ഓടിക്കുന്നതാണ് വീഡിയോയിൽ. വാഹനത്തിന്റെ ടയറുകൾ ഉൾപ്പെടെ മാറ്റിവെച്ചതാണെന്നു വ്യക്തം. മറ്റൊരു ആഡംബരവാഹനത്തിൽ ഒപ്പം സഞ്ചരിച്ചവരാണ് ദൃശ്യം പകർത്തിയത്.
 

Content Highlights: Ride by Akash Tillankeri, MVD action against vehicle owner