നിർമാണം പൂർത്തിയാകാത്ത എക്സ്പ്രസ് വേകളിൽ ടോൾ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം; ഈ തീയതി മുതൽ പ്രാബല്യത്തിൽ

#Auto Desk
പ്രതീകാത്മക ചിത്രം| AI generated image
പ്രതീകാത്മക ചിത്രം| AI generated image

പ്രവൃത്തി പൂർത്തിയാകാത്ത ദേശീയ അതിവേഗ പാതകളിലെ ടോൾ നിരക്ക് കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം യാത്രാക്കാർക്ക് ആശ്വാസമാകും. പദ്ധതികളുടെ നിർമാണം പൂർത്തിയാകാഞ്ഞിട്ടും ഉയർന്ന ടോൾ ഈടാക്കുന്നു എന്ന പരാതികൾക്കും ഇതോടെ പരിഹാരമാകും. ഭാഗികമായി പൂർത്തിയായ എക്സ്പ്രസ് വേകളിൽ യാത്ര ചെയ്യുന്നവർക്ക് ചെലവ് കുറഞ്ഞതും പ്രായോഗികവുമായ യാത്ര സാധ്യമാക്കുന്ന കുറഞ്ഞ ടോൾ ഫീസ് ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരും.

എന്തുമാറ്റമാണ് സംഭവിച്ചത്?

യാത്രാ സമയം കുറയ്ക്കുന്നതിനും ഇന്ധനലാഭത്തിനും നഗരങ്ങൾക്കിടയിലുള്ള യാത്ര സുഗമമാക്കുന്നതിനും വേണ്ടിയാണ് രാജ്യത്തുടനീളം അതിവേഗ പാതകൾ അഥവാ എക്സ്പ്രസ് വേകൾ വികസിപ്പിച്ചിരിക്കുന്നത്. എന്നാൽ,

എക്സ്പ്രസ് വേയുടെ പ്രവർത്തനക്ഷമമായ ഭാഗങ്ങളിൽ യാത്ര ചെയ്യുന്നവരിൽ നിന്ന്, എക്സ്പ്രസ് വേ പൂർണമായി തുറന്നു നൽകിയിട്ടില്ലെങ്കിൽ പോലും സാധാരണ ദേശീയ പാത നിരക്കിനേക്കാൾ ഏകദേശം 25 ശതമാനം അധിക ടോൾ ഈടാക്കുന്നു. ഇത് ഉപയോക്താക്കൾക്ക് വലിയ ആശങ്കയായിരുന്നു.

തുടർന്നാണ്, റോഡ് ഗതാഗത ദേശീയ പാത മന്ത്രാലയം നാഷണൽ ഹൈവേ ഫീ ചട്ടങ്ങൾ, 2008 ഭേദഗതി ചെയ്തിരിക്കുന്നത്. ഇതുവഴി, പൂർണമായി പ്രവർത്തനക്ഷമമല്ലാത്ത അതിവേഗ പാതകളിലെ ടോൾ നിരക്ക് കുറയും. പുതിയ വ്യവസ്ഥ അനുസരിച്ച്, നിർമാണം പൂർത്തിയായ ഭാഗങ്ങൾക്ക് മാത്രമേ സാധാരണ ദേശീയ പാതകളുടെ നിരക്കിൽ ടോൾ ഈടാക്കുകയുള്ളൂ. ഉയർന്ന അതിവേഗ പാത ടോൾ നിരക്ക് ഈടാക്കില്ല.

ഇതുവരെ, ചില ഭാഗങ്ങൾ മാത്രം ഗതാഗത്തിന് തുറന്നുകൊടുത്തിട്ടും യാത്രാക്കാർക്ക് പൂർണമായ അതിവേഗ പാത ടോൾ നൽകേണ്ടി വന്നിരുന്നു. നിർമാണം നടന്നുകൊണ്ടിരിക്കുന്നതോ പൂർണമായി ബന്ധിപ്പിച്ചിട്ടില്ലാത്തതോ ആയ ഭാഗങ്ങളിൽ യാത്ര ചെയ്താലും 25 ശതമാനം അധികം നിരക്ക് നൽകേണ്ടി വന്നിരുന്നു എന്ന് മന്ത്രാലയം വ്യക്തമാക്കി.

ഭേദഗതി പ്രകാരം, ഒരു ദേശീയ അതിവേഗ പാത ഭാഗികമായി മാത്രമേ പ്രവർത്തനക്ഷമമായിട്ടുള്ളൂവെങ്കിൽ, പൂർത്തിയായ ഭാഗങ്ങളിൽ 2008ലെ ചട്ടങ്ങൾ അനുസരിച്ച് സാധാരണ ദേശീയ പാതയുടെ നിരക്കിൽ ടോൾ ഈടാക്കും. പൂർണമായ അതിവേഗ പാതയുടെ ഗുണങ്ങൾ ലഭ്യമല്ലാത്ത ഉപയോക്താക്കൾക്ക് ന്യായമായ നിരക്ക് ഉറപ്പാക്കുക എന്നതാണ് ഈ മാറ്റത്തിന്റെ ലക്ഷ്യം.

ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള നിരവധി അതിവേഗ പാത പദ്ധതികൾ നിലവിൽ നിർമാണത്തിലാണ്. നിർമ്മാണം പൂർണമായും പൂർത്തിയാകുന്നതിന് മുൻപ് ചില ഭാഗങ്ങളിൽ ഗതാഗതം അനുവദിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ എൻഎച്ച്-46 ഉൾപ്പെടെ, പൂർത്തീകരിക്കാത്ത ഭാഗങ്ങളിൽ ഉയർന്ന ടോൾ ഈടാക്കുന്നതിനെതിരെ വിവിധ മേഖലകളിൽ നിന്ന് പരാതികൾ ഉയർന്നിരുന്നു. ഈ ആശങ്കകളെത്തുടർന്ന്, നിർമാണം നടക്കുന്ന അതിവേഗ പാതകൾ ഉപയോഗിക്കുന്ന യാത്രാക്കാരുടെ ഭാരം കുറയ്ക്കുന്നതിനായാണ് ടോൾ ഘടന പരിഷ്കരിക്കാൻ ഹൈവേ മന്ത്രാലയം തീരുമാനിച്ചത്.

ഇത് എത്രകാലം വരെയായിരിക്കും ബാധകം?

ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച്, ഭേദഗതി പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഒരു വർഷം വരെ അല്ലെങ്കിൽ എക്സ്പ്രസ് വേ പൂർണമായി പ്രവർത്തനക്ഷമമാകുന്നത് വരെ (ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ) ഈ പരിഷ്കരിച്ച ടോൾ നിരക്കുകൾ തുടരും. എക്സ്പ്രസ് വേയുടെ മുഴുവൻ ഇടനാഴിയും തുറന്നുനൽകിയാൽ സാധാരണ എക്സ്പ്രസ് വേ ടോൾ നിരക്കുകൾ പുനഃസ്ഥാപിക്കപ്പെട്ടേക്കാം.

Content Highlights: New rules offer lower toll charges on partially operational expressways from Feb 15. Enjoy economical and practical travel, reduce congestion, and save time. Learn more!