റേഞ്ച് റോവര്‍ അപകടം; കാരണം കാറിന്റെ സാങ്കേതിക തകരാറല്ല, വാഹനമിറക്കിയ ആളിന്റെ പരിചയക്കുറവെന്ന് എംവിഡി

.
.

കൊച്ചി: ലോറിയില്‍നിന്നും ഷോറൂമിലേക്ക് ആഡംബര കാര്‍ പുറത്തിറക്കുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി ഷോറൂം ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ ട്രേഡ് യൂണിയന്റെ വാദങ്ങള്‍ തള്ളി മോട്ടോര്‍ വാഹനവകുപ്പ്. 

മാനുഷിക പിഴവാണ് അപകടമുണ്ടാക്കിയതെന്നും വാഹനത്തിന് സാങ്കേതിക തകരാറില്ലെന്നും ആര്‍ടിഒ കെ.ആര്‍. സുരേഷിന്റെ നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു.

അപകടത്തിനിടയാക്കിയ കാര്‍ ഇറക്കിയ അന്‍ഷാദിന് ആഡംബര കാര്‍ ഓടിക്കുന്നതില്‍ പരിചയക്കുറവ് ഉണ്ടായിരുന്നു. ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ഐ. അസ്സിം അറിയിച്ചു.

കാര്‍ പുറകോട്ട് ഇറക്കിയപ്പോള്‍ വാഹനത്തിന്റെ റൈഡിങ് മോഡ് മാറ്റിയിരുന്നില്ല. തന്മൂലം ആക്‌സിലേറ്ററില്‍ കാലമര്‍ത്തിയപ്പോള്‍ വാഹനം നിയന്ത്രണത്തില്‍ നിന്നില്ല. ഇതോടെ കാര്‍ പിന്നോട്ട് പാഞ്ഞുകയറി അപകടമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. 

നിയന്ത്രണം വിട്ട കാര്‍ പിന്നോട്ടുനീങ്ങി യാര്‍ഡിന് ചുറ്റുമുള്ള ഇരുമ്പുവേലിയിലും റോഡിന്റെ വശത്തെ വൈദ്യുതി തൂണുകളിലും ഇടിച്ചുനില്‍ക്കുകയായിരുന്നു. ഷോറൂമിലെ ജീവനക്കാരനായ മട്ടാഞ്ചേരി സ്വദേശി ആന്റണി സേവ്യറാണ് (36) മരിച്ചത്. അപകടകാരണം മാനുഷിക പിഴവോ യന്ത്രത്തകരാറോ എന്നതില്‍ പോലീസും അന്വേഷിക്കുന്നുണ്ട്.

പ്രചാരണം അടിസ്ഥാനരഹിതം-സിഐടിയു

കൊച്ചി: ഷോറൂമിലേക്ക് കാര്‍ ഇറക്കുന്നതിനിടെ ജീവനക്കാരന്‍ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദികള്‍ സിഐടിയു ചുമട്ടുതൊഴിലാളികളാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) വ്യക്തമാക്കി. ജില്ലയില്‍ ഒരിടത്തും കാര്‍ കയറ്റിയിറക്കുന്ന പ്രവൃത്തിയില്‍ യൂണിയന്‍ അംഗങ്ങളായ ഒരു തൊഴിലാളി പോലുമില്ല. 

തൊഴിലുടമകളുമായി ഉണ്ടാക്കുന്ന കരാര്‍ പ്രകാരം ക്ഷേമനിധി ബോര്‍ഡിന്റെ അംഗീകാരത്തോടെയാണ് ചുമട്ടുതൊഴിലാളികള്‍ ജോലിചെയ്യുന്നത്. ചളിക്കവട്ടത്തെ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. അഷ്റഫ് ആവശ്യപ്പെട്ടു.

Content Highlights: Range Rover Accident in Kochi- Driver Error- Not Mechanical Failure says mvd kerala