മന്ത്രിയുടെ ഉപദേശം കേട്ടു, ടിക്കറ്റ് മെഷിനല്ല കൈയിൽ പലഹാര പെട്ടി; ബസിൽ അച്ചപ്പം വിറ്റ് കണ്ടക്ടർ

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ബസില്‍ അച്ചപ്പം, മുറുക്ക് തുടങ്ങിയവ വില്‍ക്കുന്ന കണ്ടക്ടര്‍ | ഫോട്ടോ: മാതൃഭൂമി
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ബസില്‍ അച്ചപ്പം, മുറുക്ക് തുടങ്ങിയവ വില്‍ക്കുന്ന കണ്ടക്ടര്‍ | ഫോട്ടോ: മാതൃഭൂമി

പത്തനംതിട്ട: സീറ്റുകൾ കാലിയായിക്കിടന്ന സ്വകാര്യ ബസിലേക്ക് കയറി ഇരിപ്പുറപ്പിച്ച യുവതിയുടെ അടുത്തേക്ക് കണ്ടക്ടറെത്തി. ടിക്കറ്റെടുക്കാനായി പണം നീട്ടിയ യുവതിയുടെ കൈയിലേക്ക് പലഹാര പാക്കറ്റ് വെച്ചുകൊടുത്തു. 'ടിക്കറ്റ് ഒക്കെ പിന്നെടുക്കാം. 50 രൂപയ്ക്ക് അച്ചപ്പം വാങ്ങാമോ...?' ബസിൽ കയറിയ പലരുടെയും അടുത്തേക്ക് പലഹാര പാക്കറ്റ് നീണ്ടു. ചിലരൊക്കെ വാങ്ങുകയും ചെയ്തു. കൗതുകമെങ്കിലും ഈ കാഴ്ചയ്ക്ക് പിന്നിൽ സ്വകാര്യ ബസ് ജീവനക്കാർ മറച്ചുപിടിക്കുന്ന സങ്കടം തെളിഞ്ഞുകാണാം.

പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര വന്നതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. അതനുസരിച്ച് ജീവനക്കാരുടെ ശമ്പളവും കുറഞ്ഞു. നഷ്ടത്തിലോടുന്ന സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ്സ് നോക്കണമെന്ന ഗതാഗതമന്ത്രി സി.പി. ജോണിന്റെ അഭ്യർഥനയ്ക്ക് പിന്നാലെയാണ് പ്രതീകാത്മക പ്രതിഷേധമെന്നോണം പത്തനംതിട്ട പുതിയ സ്വകാര്യ ബസ്സ്റ്റാൻഡിൽ കണ്ടക്ടർമാർ അച്ചപ്പവും മുറുക്കും പക്കാവടയുമൊക്കെ വിറ്റത്.

ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമായി ചിറ്റാർ, റാന്നി റൂട്ടിലോടുന്ന മൂന്ന് ബസുകളിൽ ഇത്തരത്തിൽ വില്പന നടന്നു. ജീവിക്കണമെങ്കിൽ ഇതൊക്കെ സ്ഥിരമായി ചെയ്യേണ്ടിവരുമെന്ന അവസ്ഥയിലാണെന്ന് സ്വകാര്യ ബസ് ജീവനക്കാർ പറയുന്നു.

കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര ഏർപ്പെടുത്തിയതിന് ശേഷമാണ് ഈ പ്രതിസന്ധി രൂക്ഷമായത്. സ്വകാര്യ ബസുകളിൽ യാത്രചെയ്തിരുന്നവരിൽ 60 ശതമാനത്തോളം സ്ത്രീ യാത്രക്കാരായിരുന്നു. സൗജന്യയാത്ര നിലവിൽവന്ന് 15 ദിവസം പിന്നിടുമ്പോൾ 80 ശതമാനം സ്വകാര്യ ബസുകൾക്കും പ്രവർത്തനച്ചെലവിനുള്ള വരുമാനംപോലും ലഭിക്കുന്നില്ല.

ജി-ഫോം നൽകിയാൽ പട്ടിണിയാകും

വരുമാനം കുറഞ്ഞ സാഹചര്യത്തിൽ നികുതി അടയ്ക്കുന്നത് ഒഴിവാക്കാൻ ജി-ഫോം നൽകി സർവീസ് നിർത്താൻ ആലോചനയുണ്ടായിരുന്നെങ്കിലും നിലവിൽ പത്തനംതിട്ട ജില്ലയിൽ ആരും നൽകിയിട്ടില്ല. ജി-ഫോം നൽകി ബസ് സർവീസ് അവസാനിപ്പിച്ചാൽ ജീവനക്കാരുടെ കുടുംബം പട്ടിണിയിലാകും. ഇതാണ് നഷ്ടം സഹിച്ചും സർവീസ് തുടരാൻ ഉടമകളെ നിർബന്ധിതരാക്കുന്നത്.

ഡ്രൈവർക്ക് പ്രതിദിനം 1100-1200 രൂപ ശമ്പളം നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 800-900 രൂപ നൽകാനേ സാധിക്കുന്നുള്ളൂ. ജി-ഫോം നൽകിയാൽ മൂന്ന് മാസത്തേക്കോ ആറു മാസത്തേക്കോ വാഹനം സർവീസ് നടത്താതെ കയറ്റിയിടാനും നികുതി അടയ്ക്കാതിരിക്കാനും അനുമതി നൽകും. പിന്നീട് ഇറക്കണമെങ്കിൽ നികുതിയടച്ച് ഇറക്കുകയും ചെയ്യാം. ജി-ഫോം നൽകിക്കഴിഞ്ഞാൽ ബസ് സ്റ്റാർട്ട് ചെയ്യാൻപോലും അനുവാദമില്ല.

തെക്കൻ ജില്ലകളിലാണ് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകൾ കൂടുതലായി സർവീസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസ് നടത്തുന്ന റൂട്ടുകളിൽ ബസുകൾ എണ്ണം കുറയ്ക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെടുന്നു. ഉയർന്ന ശമ്പളം വാങ്ങുന്ന സ്ത്രീ ജീവനക്കാരുൾപ്പെടെ കെ.എസ്.ആർ.ടി.സി.യിലേക്ക് തിരിഞ്ഞു. യാതൊരു മാനദണ്ഡവുമില്ലാതെ പ്രിയദർശിനി പദ്ധതി കൊണ്ടുവന്നതിലും സ്വകാര്യ ബസ് ഉടമകൾക്ക് എതിർപ്പുണ്ട്.

Content Highlights: Private bus staff in Pathanamthitta are selling snacks due to severe revenue loss., The crisis is linked to the Priyadarshini free travel scheme for women in KSRTC buses., 80% of private buses are struggling to meet operational costs., Employees are protesting against the lack of support following the minister's suggestion for alternative income.