നമ്പർ പ്ലേറ്റില്ല, പോലീസ് കൈകാണിച്ചാൽ നിർത്തില്ല; ഒടുവിൽ പിടിയിൽ, രണ്ടുപേർക്ക് പിഴ 35,500

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

പത്തനംതിട്ട: നമ്പർ പ്ലേറ്റ് ഇല്ലാതെ വെട്ടിച്ച് പായും. പോലീസ് കൈ കാണിച്ചാൽ നിർത്തില്ല. യാത്രക്കാരെ മുഴുവൻ പേടിപ്പിക്കും. വിലസിനടന്ന രണ്ട് പേരും ഒടുവിൽ പത്തനംതിട്ട ട്രാഫിക് പോലീസിന്റെ വലയിൽ വീണു.

ചെങ്ങന്നൂർ പെണ്ണൂക്കര ലക്ഷം വീട് കോളനി സ്വദേശി സന്തോഷ് കുമാറിന്റേതാണ് ഒരു ബൈക്ക്. തിങ്കളാഴ്ച ബൈക്ക് പിടികൂടിയ പത്തനംതിട്ട പോലീസ് കുറച്ചില്ല, 21,500 രൂപയാണ് എഴുതിക്കൊടുത്തത്. കൈകാണിച്ചിട്ടും നിർത്താതെ പോലീസിനെ വെട്ടിച്ചുപോയതിന് മൂന്നുതവണ കൊച്ചി സിറ്റിപോലീസ് പിടികൂടിയ ഇതിന് 5000 രൂപവീതം ഓരോ പ്രാവശ്യവും അവിടെ പിഴ ഈടാക്കിയിരുന്നു. മോട്ടോർ വാഹനവകുപ്പും പോലീസും ചുമത്തിയ ആകെ 32,500 രൂപയുടെ പിഴ നേരത്തെയും കിട്ടിയിട്ടുണ്ട്

റാന്നി പഴവങ്ങാടി അടിച്ചിപ്പുഴ അലിമുക്ക് ആശാരിപ്പറമ്പിൽ വിമൽ വികാസിന്റെ ഉടമസ്ഥതയിലുള്ളതാണ് രണ്ടാമത്തെ ബൈക്ക്. ഇതിന് 14,000 രൂപയാണ് പത്തനംതിട്ടക്കാർ ഈടാക്കിയത്. നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാത്തതിനും അപകടകരമായ സഞ്ചാരത്തിനുമാണ് ശിക്ഷ. മോട്ടോർ വാഹനവകുപ്പും പോലീസും പണ്ട് കൊടുത്ത 12,750 രൂപയുടെ പിഴ ഇതിനുമുണ്ട്. ട്രാഫിക് എൻഫോഴ്സ്‌മെന്റ് എസ്.ഐ. അജി സാമുവലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Content Highlights: Bikes with out number plates Fined in Pathanamthitta