കൂടുതൽ ഔട്ട്‌ലെറ്റുകൾക്ക് ഷട്ടറിടാൻ ഒല; എണ്ണം 550 ആയി കുറയ്ക്കും, റിപ്പോർട്ട്

ഈ വർഷം മാർച്ച് അവസാനത്തോടെ ഇന്ത്യയിലെ ഔട്ട്‌ലെറ്റുകളുടെ എണ്ണം ഏകദേശം 550 ആയി കുറയ്ക്കാൻ ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഒരുങ്ങുന്നതായി റിപ്പോർട്ട്. വിപണിയിലെ പങ്ക് കുറയുന്നതും പ്രവർത്തനപരമായ വെല്ലുവിളികളും കാരണം നിലവിലുള്ള ഏകീകരണം വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ദി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ബെംഗളൂരു ആസ്ഥാനമായുള്ള ഇവി നിർമാതാക്കാളുടെ വലിയ പിന്മാറ്റമായാണ് ഈ നീക്കത്തെ കാണുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിലുടനീളം 4,000 സ്റ്റോറുകളിലേക്ക് ശൃംഖല വിപുലീകരിക്കാനുള്ള വലിയ പദ്ധതി കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സമീപകാലത്തെ കണക്കുകൾ പ്രകാരം, കമ്പനി ഇതിനകം തങ്ങളുടെ സ്റ്റോറുകളുടെ എണ്ണം ഏകദേശം 700 ആയി കുറച്ചിട്ടുണ്ട്. ഇതിനെ കമ്പനി "സ്ട്രക്ചറൽ റീസെറ്റ്" എന്നാണ് വിശേഷിപ്പിക്കുന്നത്.
റിപ്പോർട്ട് അനുസരിച്ച്, ഓല ഇലക്ട്രിക് രാജ്യത്തുടനീളം നിരവധി സ്റ്റോറുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. പുനഃസംഘടനയുടെ ഭാഗമായി പലയിടത്തും ജീവനക്കാരെ പിരിച്ചുവിട്ടു. ഒരുകാലത്ത് ഈ വിഭാഗത്തിലെ മുൻനിരക്കാരായിരുന്ന ഓല ഇലക്ട്രിക്, ഇപ്പോൾ ടിവിഎസ് മോട്ടോർ, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ മുൻനിര കമ്പനികൾക്കും, അതുപോലെ എഥർ എനർജി പോലുള്ള പുതിയ എതിരാളികൾക്കും പിന്നിലാണ്.
മഹാരാഷ്ട്രയിൽ പല ഓല ഇലക്ട്രിക് ഷോറൂമുകളും സർവീസ് സെന്ററുകളും അധികൃതർ അടച്ചുപൂട്ടാൻ അടുത്തിടെ ഉത്തരവിട്ടിരുന്നു. 2025-ൽ, വ്യാപാര സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ഓല ഇലക്ട്രിക് സ്റ്റോറുകൾ അടച്ചുപൂട്ടാൻ മഹാരാഷ്ട്ര സർക്കാർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളോട് ആവശ്യപ്പെടുകയും ചെയ്തു.
Content Highlights: Ola Electric plans to reduce physical stores to 550 by March amid declining market share. Learn about their consolidation, operational reset, and challenges.