ഓട്ടോകളിൽ മീറ്റര്‍ ഇട്ടില്ലെങ്കില്‍ സൗജന്യ യാത്ര; സ്റ്റിക്കർ പതിപ്പിക്കാനുള്ള ഉത്തരവ് പിന്‍വലിക്കും

ഓട്ടോയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ 'മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം' എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് പിന്‍വലിക്കും. ഗതാഗത മന്ത്രി ഓട്ടോത്തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സംയുക്ത തൊഴിലാളി യൂണിയന് ഇതുമായി ബന്ധപ്പെട്ട് നടത്താനിരുന്ന പണിമുടക്കും പിന്‍വലിക്കും.
മാര്‍ച്ച് ഒന്നു മുതലാണ് 'മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം' എന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി ഉത്തരവ് ഇറക്കിയത്. എന്നാല്‍, സ്റ്റിക്കര്‍ മിക്ക ഓട്ടോകളിലും പതിച്ചുതുടങ്ങിയിട്ടില്ലായിരുന്നു. നിര്‍ദേശത്തിനെതിരേ ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പണിമുടക്ക് തീരുമാനിച്ചിരുന്നത്.
ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമായിരിക്കുകയോ ചെയ്താല്‍ 'യാത്ര സൗജന്യം' എന്ന് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കര്‍ ഡ്രൈവര്‍ സീറ്റിനു പുറകിലായോ യാത്രക്കാര്‍ക്ക് അഭിമുഖമായോ പതിച്ചിരിക്കണമെന്നായിരുന്നു നിര്‍ദേശം. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് സ്റ്റിക്കര്‍ പതിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.
Content Highlights: no meter no payment kerala government order will withdrawn