ജോലിസ്ഥലത്തേക്കുള്ള സ്ത്രീകളുടെ ബസ് യാത്ര: കേരളം വളരെ മുന്നിൽ, വിവരങ്ങളുമായി കേന്ദ്ര സർവേ

#ഓട്ടോമൊബൈല്‍ ഡെസ്‌ക്
പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

ജോലിസ്ഥലത്തേക്ക് പോകാൻ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് രാജ്യത്തെ ഒൻപത് ശതമാനം പേർ മാത്രമെന്ന കണ്ടെത്തലുമായി കേന്ദ്ര മന്ത്രാലയം നടത്തിയ സർവേ. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം ആദ്യമായി നടത്തിയ ദേശിയ കുടുംബ യാത്രാ സർവേ (National Household Travel Survey) ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രാജ്യത്തെ 43 ശമാനം ജനങ്ങളും ജോലിസ്ഥലത്തേക്ക് പോകാൻ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് സർവേ കണ്ടെത്തിയിട്ടുള്ളത്. വെറും മൂന്ന് ശതമാനം പേർ മാത്രമാണ് ഓഫീസിൽ പോകാൻ കാർ ഉപയോഗിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച നിരവധി സംസ്ഥാനങ്ങളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നതാണ് ഈ സർവേ ഫലമെന്ന് The Indian Express റിപ്പോർട്ടു ചെയ്യുന്നു.

ജോലിസ്ഥലത്തേക്കുള്ള സ്ത്രീകളുടെ ബസ് യാത്ര

ജോലിക്കായി 1 കിലോമീറ്ററിലധികം യാത്ര ചെയ്യുന്ന നഗരങ്ങളിലെ സ്ത്രീകളിൽ 21.7 ശതമാനം പേരും പ്രധാനമായും ബസിലാണ്‌സഞ്ചരിക്കുന്നത്. നഗരങ്ങളിലെ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ബസ് യാത്ര വെറും 6.9 ശതമാനം മാത്രമാണ്.

പല സംസ്ഥാനങ്ങളിലും ജോലിക്കായി ബസിൽ യാത്ര ചെയ്യുന്ന നഗരങ്ങളിലെ സ്ത്രീകളുടെ അനുപാതം ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. കേരളത്തിൽ 46.8 ശതമാനം, തമിഴ്‌നാട്ടിൽ 41.1 ശതമാനം, കർണാടകയിൽ 34.9 ശതമാനം, തെലങ്കാനയിൽ 28.9% എന്നിങ്ങനെയാണ് കണക്കുകൾ. കേരളത്തിലടക്കം കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തെ സാധൂകരിക്കുന്നതാണ് ഈ കണക്ക് എന്നാണ് വിലയിരുത്തപ്പെടുന്നത്.

സർവേയുടെ ലക്ഷ്യമെന്ത്?

2025 ജൂലൈ മുതൽ 2026 ജൂൺ വരെയാണ് നാഷണൽ ഹൗസ്ഹോൾഡ് ട്രാവൽ സർവേ രാജ്യത്ത് നടത്തിയത്. 20 ലക്ഷം ആളുകളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണിത്.

പ്രാദേശിക ഗതാഗത സംവിധാനങ്ങളുടെ ആസൂത്രണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഉപയോഗിക്കാവുന്ന വിവരങ്ങൾ ശേഖരിക്കുക പുതിയ ഉൾക്കാഴ്ചകൾ സൃഷ്ടിക്കുക എന്നിവ മുൻനിർത്തിയാണ് സർവേ നടത്തിയത്. പ്രശ്‌നങ്ങൾ തിരിച്ചറിയുക, ഗതാഗത റൂട്ടുകൾ പുനഃക്രമീകരിക്കുക, സർവീസുകളും സമയക്രമവും മെച്ചപ്പെടുത്തുക എന്നിവയാണ് സർവേയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ പറയുന്നു.

Content Highlights: Only 9% of people in India use public transport for commuting to work., 43% of the population uses two-wheelers, while only 3% use cars., 21.7% of urban women traveling over 1 km for work rely primarily on buses, led by high states like Kerala (46.8%)., The survey was conducted between July 2025 and June 2026, covering 20 million responses to aid infrastructure planning.