ഇത് റോഡാണ്, ഇവിടെ എല്ലാത്തിനും നിയന്ത്രങ്ങളുണ്ട്; നിയമങ്ങൾ ലംഘിച്ച്‌ അതിവേഗപാത കുരുതിക്കളമാക്കല്ലേ..

#ദേവികാ സാവിത്രി, അജിത് ശങ്കരന്‍
ദേശീയ പാത 66 | Photo: Ramanath Pai, Mathrubhumi
ദേശീയ പാത 66 | Photo: Ramanath Pai, Mathrubhumi

മലപ്പുറം: ദേശീയപാത 66-ൽ അപകടങ്ങൾ പതിവാകുകയാണ്. ഈവർഷം മാത്രമുണ്ടായ മൂന്ന് അപകടങ്ങളിൽ ആറുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അതിവേഗപാതയിൽ അപകടങ്ങൾ പതിവാകുമ്പോൾ ജാഗ്രതയും കൂട്ടേണ്ടതുണ്ട്. വേഗത കൂട്ടുമ്പോഴും അതീവശ്രദ്ധയില്ലെങ്കിൽ അടിതെറ്റുമെന്ന് തീർച്ച.

നമ്മുടെ അശ്രദ്ധ മറ്റൊരാളുടെ ജീവന് ആപത്തുണ്ടാക്കുമെന്നും ഓർക്കണം. മറ്റു പാതകൾപോലെ എല്ലാവണ്ടികൾക്കും കടന്നുപോകാൻ കഴിയില്ല ആറുവരിപ്പാതയിലൂടെ. പാതയിലുടനീളം അത് കൃത്യമായി ബോർഡുകളിലൂടെ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും യഥേഷ്ടം യാത്രചെയ്യുന്നുണ്ട്.

വരകൾ വെറും വരകളല്ല

എക്‌സിറ്റുകളിലൂടെ പാതയിലേക്കു പ്രവേശിക്കുക, എൻട്രൻസുകളിലൂടെ സർവീസ് റോഡുകളിലേക്കു കടക്കുക തുടങ്ങിയ ശീലങ്ങൾ മാറ്റാൻ നാം തയ്യാറാകുന്നില്ലെന്നതും ആശങ്കയുണർത്തുന്നതാണ്. എക്‌സിറ്റിനു മുൻപും എൻട്രൻസിനു ശേഷവും റോഡിൽ വരകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിലൂടെവേണം പ്രധാനപാതയിൽനിന്ന് പുറത്തുകടക്കാനുള്ള സമാന്തരപാതയിലേക്കും സമാന്തരപാതയിൽനിന്ന് പ്രധാനപാതയിലേക്കും കടക്കാൻ. എന്നാൽ പലരും ഇതു ശ്രദ്ധിക്കാതെയാണ് എക്‌സിറ്റും എൻട്രൻസും എടുക്കുന്നത്. നിസ്സാരമെന്നു തോന്നുമെങ്കിലും അപകടം ക്ഷണിച്ചുവരുത്തുന്ന അശ്രദ്ധയാണിത്.

ഇൻഡിക്കേറ്റർ ഭംഗിക്കുള്ളതല്ല

ഓവർടേക്ക് ചെയ്യുമ്പോഴും വേണം ശ്രദ്ധ. പെട്ടെന്നുള്ള ട്രാക്ക് മാറ്റങ്ങളും അപകടമാണ്. ഓവർടേക്ക് ചെയ്യുന്നതിനുമുൻപും ട്രാക്ക് മാറുന്നതിനുമുൻപും ഇൻഡിക്കേറ്ററുകൾ ഇടാൻ പ്രത്യേകം ശ്രദ്ധിക്കണം. പിന്നാലെവരുന്ന വണ്ടികൾക്ക് വേഗത നിയന്ത്രിക്കാനും നമ്മുടെ വണ്ടികളുടെ വേഗതനിയന്ത്രണം അറിയിക്കാനും ഈ സൂചന സഹായിക്കും. എപ്പോഴും ഓവർടേക്ക് ചെയ്യുമ്പോൾ വലതുവശത്തെ അവസാനപാതതന്നെ ഉപയോഗിക്കണം. ഇത് അതിനായുള്ള പാതയാണ്.

കണ്ണുതുറന്നുകാണണം ബോർഡുകൾ

ട്രാക്കിൽ മാത്രമല്ല ശ്രദ്ധവേണ്ടത്. പാതയിലുടനീളം വേഗതാപരിധിയടക്കം എല്ലാം ബോർഡുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇവയിലും ശ്രദ്ധവേണം. റോഡ് പഴയ റോഡല്ല. ഉയര, താഴ്ചകളിലൂടെയാണ് സഞ്ചാരം. അതിനാൽ എത്തേണ്ടയിടം എത്തിയാൽ ചിലപ്പോൾ അറിയണമെന്നില്ല. ആകെയുള്ള വഴി സ്ഥലസൂചനാബോർഡുകളാണ്. ചിലപ്പോൾ നമുക്കിറങ്ങേണ്ടയിടത്ത് എക്‌സിറ്റ് ഉണ്ടാകണമെന്നുമില്ല. അല്ലെങ്കിൽ അറിയാതെ എക്‌സിറ്റ് കടന്നുപോകാനും മതി.

ഇത്തരം സാഹചര്യങ്ങളിൽ റിവേഴ്സെടുക്കുന്ന പ്രവണത സാധാരണമായിട്ടുണ്ട്. വണ്ടിതിരിച്ചെടുക്കുന്നത് അപകടത്തിലേക്കാകാൻ സാധ്യത കൂടുതലാണ്. കഴിഞ്ഞദിവസം ഇടിമുഴിക്കലിൽ നടന്ന അപകടം ഇത്തരം ഒരു വണ്ടിതിരിക്കലിന്റെ ഫലമായിരുന്നു. അതിനാൽ വണ്ടി തിരിക്കാതെ അടുത്ത എക്‌സിറ്റ് നോക്കുന്നതാണ് ജീവനു നല്ലത്. സ്ഥലം മാത്രമല്ല, ഓരോ ട്രാക്കിലും ഓരോ ഇടത്തും വേഗതയ്ക്ക് പരിധികളുണ്ട്. അതിവേഗപാതയെന്ന് പേരുണ്ടെങ്കിലും എല്ലായിടത്തും അതിവേഗം സാധ്യമല്ല. ഇത്തരം സൂചനകളും പാലിക്കണം.

ദേശീയപാത 66-ൽ കാറുകളും ചെറിയ നാലുചക്രവാഹനങ്ങളും പോകേണ്ട രണ്ടാമത്തെ ട്രാക്കിലൂടെ പോകുന്ന ചരക്കുലോറി. കോട്ടയ്ക്കലിനു സമീപം പാലച്ചിറമാടുനിന്ന്.

ട്രാക്ക് തെറ്റിക്കല്ലേ...

ഒന്നാമത്തെ പാത വേഗംകുറഞ്ഞ പാതയാണ്. ട്രക്കുകളും വേഗതകുറഞ്ഞ വാഹനങ്ങളുമാണ് ഇതുപയോഗിക്കേണ്ടത്. കാറുകളും മറ്റും പൊതുവേ പോകേണ്ടത് നടുവിലെ പാതയിലൂടെയാണ്. എന്നാൽ പലപ്പോഴും വേഗതകുറഞ്ഞ പാതകളിലൂടെ പോകേണ്ട ട്രക്കുകളും മറ്റും ഈ പാതയിലേക്കു കയറിവരുന്നത് പതിവുകാഴ്ചയാണ്. 50 കിലോമീറ്റർ മിനിമം വേഗത്തിൽ വരുന്ന വാഹനങ്ങൾ പെട്ടെന്നാകും തൊട്ടുമുൻപിൽ വേഗതകുറഞ്ഞ ട്രക്ക് കാണുക. ചിലപ്പോൾ വേഗത നിയന്ത്രിക്കാനോ ട്രാക്ക് മാറ്റാനോ ഉള്ള ശ്രമങ്ങൾ അപകടത്തിലാക്കും. അതിനാൽ അനുവദിച്ച ട്രാക്കിലൂടെമാത്രം വണ്ടി ഓടിക്കാൻ ശ്രദ്ധിക്കുക.

ദേശീയപാത 66-ൽ പുതുപൊന്നാനി കിണർ പരിസരത്ത് വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ചുകടക്കുന്ന വിദ്യാർഥിനികൾ.

ഇത് നടപ്പാതയല്ല...

പാതയിൽ പലയിടത്തും നടപ്പാലങ്ങളില്ലാത്തത് ആളുകളെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്. റോഡിനപ്പുറത്തെ സ്‌കൂളിലേക്കോ കടയിലേക്കോ ആരാധനാലയങ്ങളിലേക്കോ കാൽനടയായി പോയിരുന്നവർ വേറെ വഴിയില്ലെന്ന മട്ടിലാണ് റോഡ് മുറിച്ചുകടക്കുന്നത്. ആറുവരിപ്പാതയിലുടനീളം ഇത്തരം കാഴ്ചകൾ കാണാം. പുതുപൊന്നാനി കിണർ ഭാഗത്ത് നിരവധി വിദ്യാർഥികളാണ് വൈകീട്ട് സ്‌കൂൾവിട്ട സമയത്ത് ഈ പാത മുറിച്ചുകടക്കുന്നത്. വിദ്യാർഥികൾ മാത്രമല്ല, പ്രായമായവരും ഡിവൈഡറുകൾ ചാടിക്കടന്ന് പാത മുറിച്ചുകടക്കുന്നത് സ്ഥിരം കാഴ്ചയാണിവിടെ. നിവൃത്തികേടാണെങ്കിലും ഈ സാഹസം വരുത്തിവെക്കുന്ന അപകടം ഭീകരമായിരിക്കും. അതിവേഗപാത വാഹനയാത്രക്കാർക്ക് ഗുണമാകുമ്പോഴും പ്രദേശവാസികളുടെ ദൈനംദിനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നടപ്പാതകൾപോലുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്.

ദേശീയപാത 66-ൽ കാക്കഞ്ചേരിയിൽ ഓവർപാസിനുതാഴെ വാഹനങ്ങൾ നിർത്തിയിട്ട് വിശ്രമിക്കുന്ന ഇരുചക്രവാഹനയാത്രക്കാർ.

ഓവർപാസ് തണലാക്കുന്നവർ...

ഇരുചക്രവാഹനങ്ങൾക്ക് ആറുവരിപ്പാതയിൽ പ്രവേശനമില്ലെങ്കിലും കയറുന്ന വണ്ടികൾ ചില്ലറയൊന്നുമല്ല. കുറച്ചുദൂരം പിന്നിടുമ്പോഴേക്കും വെയിലോ മഴയോ കനത്ത് ഒരു തണലുതേടേണ്ട സ്ഥിതിയാണ്. ഈ തിരച്ചിൽ എത്തിക്കുന്നത് തൊട്ടടുത്തുള്ള ഓവർപാസിന് അടിയിലായിരിക്കും. പിന്നെ വിശ്രമസമയമാണ്. ആറുവരിപ്പാതയിൽ എവിടേയും വണ്ടിനിർത്താൻ അനുവാദമില്ലെന്നിരിക്കെയാണ് ഇരുചക്രവാഹനയാത്രക്കാരുടെ വിശ്രമവേളകൾ. പാതയിലുടനീളമുള്ള തുടർകാഴ്ചയാണ് ഇത്തരം വിശ്രമങ്ങൾ.

Content Highlights: Six lives lost in three accidents on NH 66 this year alone, Strict adherence to lane discipline and speed limits is crucial, Prohibition of two-wheelers and autos, and avoiding illegal reversing or crossing, Need for proper pedestrian facilities for locals