നഞ്ചിയമ്മയുടെ യാത്രകള്‍ ഇനി കിയ സോണറ്റില്‍

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടി മലയാളികളുടെ അഭിമാനമായി മാറിയ നഞ്ചിയമ്മയുടെ യാത്രകള്‍ ഇനി കിയ സോണറ്റില്‍. സോണറ്റിന്റെ 1.2 ലിറ്റര്‍ പെട്രോള്‍ എച്ച്ടികെ പ്ലസ് വകഭേദമാണ് നഞ്ചിയമ്മ സ്വന്തമാക്കിയത്.
കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയില്‍ നിന്നാണ് വാഹനം വാങ്ങിയത്. നഞ്ചിയമ്മ ഷോറൂമിലെത്തി പാട്ടു പാടി, താക്കോല്‍ ഏറ്റുവാങ്ങുന്ന വീഡിയോ ഇഞ്ചിയോണ്‍ കിയ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്.
ടെക് ലൈന്‍, ജി.ടി ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി HTE, HTK, HTK+, HTX, HTX+, GTX+ എന്നീ വേരിയന്റുകളിലാണ് സോണറ്റ് എത്തുന്നത്. പെട്രോള്‍ എന്ജിന് മോഡലുകള്‍ക്ക് 6.71 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയും ഡീസല്‍ എന്ജിന് പതിപ്പിന് 8.05 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയുമാണ് എക്സ്-ഷോറും വില വരുന്നത്.
1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്ജിന് ഓപ്ഷനുകളിലാണ് സോണറ്റുമെത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്, ഇന്റലിജെന്റ് മാനുവല്‍ എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.
Content Highlights: Nanjiyamma bought Kia Sonet.