രണ്ടറ്റം കൂട്ടിമുട്ടിക്കണ്ടേ, തെമ്മാടിത്തരം വെച്ചുപൊറുപ്പിക്കില്ല; സ്വകാര്യ ബസിന് MVD മുന്നറിയിപ്പ്

പന്തളം: സമയക്രമത്തെച്ചൊല്ലി സ്വകാര്യ ബസുകാർ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് ഒരു ബസ് മറ്റൊരു ബസിൽ ഇടിപ്പിച്ച സംഭവത്തിൽ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ദുർഗ എന്ന പേരിലുള്ള സ്വകാര്യ ബസ് രാഖി എന്ന ബസിൽ മനഃപൂർവ്വം ഇടിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചാണ് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.
' രണ്ടറ്റം കൂട്ടിമുട്ടിക്കണ്ടേ, പക്ഷെ ശുദ്ധ തെമ്മാടിത്തരം വെച്ചുപൊറുപ്പിക്കില്ല. പണി വരുന്നുണ്ട് അവറാച്ച...' എന്ന കുറിപ്പോടെയാണ് 45 സെക്കന്റ് ദൈർഘ്യമുള്ള അപകട വീഡിയോ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. രാഖി എന്ന ബസിന്റെ വശങ്ങളിൽ ദുർഗ എന്ന ബസ് മനഃപൂർവ്വം ചേർത്ത് ഉരക്കുകയും മുന്നിലേക്ക് പോയ ശേഷം റിവേഴ്‌സ് എടുത്ത് വന്ന് ഇടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
പോലീസ് പന്തളം-കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന രാഖി ബസിലെ ഡ്രൈവർ കരുനാഗപ്പള്ളി സ്വദേശി പ്രേംകുമാറിന്റെ പരാതിയിൽ ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന ദുർഗ ബസിലെ ജീവനക്കാർക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ പന്തളം മെഡിക്കൽ മിഷൻ കവലയ്ക്ക് സമീപമാണ് ഒരു ബസ് മറ്റൊരു ബസിൽ ഇടിപ്പിച്ചത്. സമയക്രമം തെറ്റിച്ച് ഓടിച്ചതിന്റെ പേരിൽ ദുർഗ ബസിനെതിരേ രാഖി ബസിന്റെ ഉടമകൾ നൂറനാട് പോലീസിൽ നേരത്തേ പരാതി നൽകിയിരുന്നു.
ഇതിന്റെ വൈരത്തിലാണ് രാഖി ബസിലേക്ക് വെള്ളിയാഴ്ച വൈകീട്ട് ദുർഗാ ബസ് കൊണ്ടിടിപ്പിച്ചതെന്നാണ് പരാതി. ഇടിയുടെ ആഘാതത്തിൽ രാഖി ബസിന് രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന പരാതിയിലും പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്.
Content Highlights: MVD issued a strict warning against reckless private bus operations., The incident involved an intentional collision between Durga and Rakhi buses in Pandalam., Police have registered a case against the crew of the Durga bus., The collision caused an estimated loss of 2 lakh rupees to the victim bus., The act was motivated by a dispute over bus timing and previous complaints.