ലോകകപ്പ് ആവേശം കളറാക്കാം; വാഹനങ്ങളിലെ നിറം മാറ്റൽ വലിയ ചെലവുള്ള കേസല്ല

പ്രതീകാത്മക ചിത്രം (ഫയല്‍ ഫോട്ടോ) | Photo: UNI
പ്രതീകാത്മക ചിത്രം (ഫയല്‍ ഫോട്ടോ) | Photo: UNI

ഫുട്ബോള്‍ ആവേശം വീട്ടുമുറ്റത്തെത്തി. റോഡിലും പാലത്തിലും വീട്ടുചുമരിലും വരെ ആവേശം മൂത്തുകഴിഞ്ഞു. എന്നാല്‍ വാഹനങ്ങളില്‍ ഇഷ്ടടീമിന്റെ നിറം അടിച്ചാല്‍ കളി മാറും. മോട്ടോര്‍ വാഹനവകുപ്പ് പിടിക്കാന്‍ പിന്നാലെയുണ്ട്. അനുമതിയില്ലാതെ വാഹനങ്ങളുടെ നിറം മാറ്റുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

നിയമം ലംഘിച്ച് നിറം മാറ്റിയാല്‍ 52-ാം വകുപ്പ് പ്രകാരം കേസെടുക്കാമെന്ന് കണ്ണൂര്‍ ആര്‍.ടി.ഒ. ഇ.എസ്.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ലോകകപ്പ് വൈറലാക്കാന്‍ മത്സരിക്കുന്നവര്‍ അങ്ങനെ നിരാശരാകേണ്ട. അനുമതി വാങ്ങി നിശ്ചിത ഫീസടച്ചാല്‍ മെസ്സിയെയും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും മറ്റും കൊടിയും വാഹനത്തില്‍ വരുത്താം. 

വാഹനങ്ങളില്‍ ഇഷ്ടടീമിന്റെ നിറത്തിലുള്ള പെയിന്റടിച്ച് റോഡിലിറക്കാനുമാകും. കളി കഴിഞ്ഞാല്‍ നിറം മാറ്റി പഴയ നിറത്തിലാക്കണം. ഇതിന് അപേക്ഷ നല്‍കിയാല്‍ മതി. എന്നാല്‍ അപേക്ഷിച്ചാല്‍ അനുമതി കിട്ടാന്‍ ഖത്തര്‍ ലോകകപ്പ് കഴിയുംവരെ 'കളിപ്പി'ക്കരുതെന്നാണ് ആരാധകര്‍ എം.വി.ഡി.യോടുള്ള അഭ്യര്‍ഥന.

എങ്ങനെ കളര്‍ മാറ്റാം

ആര്‍.ടി.ഒ. ഓഫീസില്‍ പോകുക. കളര്‍ മാറ്റാന്‍ (കളര്‍ ഓള്‍ട്ടറേഷന്‍) അപേക്ഷ നല്‍കുക. വണ്ടി പരിശോധനാ മൈതാനത്ത് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ കാണിക്കുക. ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കാം. അതിനുശേഷം മാറ്റുന്ന നിറം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണം. ബൈക്കിന് 245 രൂപയും കാറുകള്‍ക്ക് 395 രൂപയുമാണ് ഫീസ്.

ഇനി താരങ്ങളുടെ സ്റ്റിക്കര്‍ ഓട്ടോ, ടാക്‌സികളിലും പതിപ്പിക്കണോ. പരസ്യഫീസ് അടച്ചാല്‍ അതും പറ്റും. ബസുകള്‍ക്ക് കളര്‍ കോഡ് വന്നതിനാല്‍ ഉള്ളില്‍ മാത്രമേ പതിപ്പിക്കാനാകു. സ്റ്റിക്കറിന് 100 സെന്റീമീറ്റര്‍ സ്‌ക്വയറിന് ഒരുമാസത്തേക്ക് അഞ്ചുരൂപയാണ് നിരക്ക്.

Content Highlights: MVD warned strict action will be taken against change the color of vehicles without permission