പാതിരാത്രിയിലെ ബുള്ളറ്റ് റൈഡ്,പരാതിയുമായി 75കാരൻ; കളമശ്ശേരിയിലെ സ്റ്റാർട്ടപ്പ് കമ്പനി ഉടമകൾ പിടിയിൽ

#Auto Desk
പ്രതീകാത്മക ചിത്രം | AI Generated Image
പ്രതീകാത്മക ചിത്രം | AI Generated Image

കാക്കനാട്: രാത്രിയുടെ നിശബ്ദത കീറിമുറിച്ച് നാടിനെ വിറപ്പിച്ച ആ 'ശബ്ദവില്ലൻ' ഒടുവിൽ മോട്ടോർ വാഹനവകുപ്പിന്റെ വലയിലായി. ദിവസങ്ങളായി ഐ.ടി. നഗരത്തിലെ മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവരുടെ ഉറക്കം കെടുത്തിയ, രൂപമാറ്റം വരുത്തിയ ബുള്ളറ്റും അത് ഉപയോഗിച്ചിരുന്ന യുവാക്കളെയുമാണ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ മുഹമ്മദ് നിയാസ്, വി. കശ്യപ് എന്നിവർചേർന്ന് തന്ത്രപരമായി പൂട്ടിട്ടത്.

സഹികെട്ട് 75-കാരൻ പരാതി നൽകി

ഇൻഫോപാർക്കിനുസമീപത്തെ വില്ലയിലെ 75 വയസ്സുള്ള വയോധികൻ സഹികെട്ടാണ് എറണാകുളം എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക്കിനുമുന്നിൽ പരാതിയുമായെത്തിയത്. സാധാരണ സൈലൻസർ മാറ്റി വൻ ശബ്ദമുണ്ടാക്കുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ ബുള്ളറ്റിലായിരുന്നു സംഘത്തിന്റെ പാച്ചിൽ. രാത്രി 12 മണി കഴിഞ്ഞാലും വിശ്രമമില്ലാതെ വില്ലാ റോഡിലൂടെയുള്ള ഇവരുടെ റേസിങ് പതിവായതോടെയാണ് വയോധികൻ താമസക്കാരെ പ്രതിനിധാനം ചെയ്ത് പരാതി നൽകാൻ നിർബന്ധിതനായത്. പരാതി ലഭിച്ചയുടൻ എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും 'വില്ലൻ' അതിനോടകം സ്ഥലംവിട്ടിരുന്നു.

തുടർന്ന് ആർ.സി. വിവരങ്ങൾ ശേഖരിച്ചപ്പോൾ കൊല്ലം സ്വദേശിനിയായ ഒരു സ്ത്രീയുടെ പേരിലാണ് വാഹനമെന്ന് വ്യക്തമായി. എന്നാൽ ഇവരുടെ ഫോൺ നമ്പർ സ്വിച്ച്ഓഫ് ആയിരുന്നു. എം.വി.ഡി. സംഘം, യുവാക്കൾ താമസിച്ചിരുന്ന വില്ലയിൽ നിർത്തിയിട്ടിരുന്ന മറ്റു വാഹനങ്ങളുടെ ഉടമസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. ഇതോടെയാണ് കളമശ്ശേരിയിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി നടത്തുന്ന രണ്ട് യുവാക്കളിലേക്ക് അന്വേഷണം നീണ്ടത്. എട്ടോളം ചെറുപ്പക്കാരുടെ സംഘമാണ് ഇവിടെ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നത്. ഇവർ മാറിയും മറിഞ്ഞും രാത്രികാലങ്ങളിൽ ബുള്ളറ്റ് എടുത്ത് കറങ്ങുകയായിരുന്നു പതിവ്.

കളമശ്ശേരിയിൽനിന്ന് പൊക്കി!

ഒടുവിൽ കളമശ്ശേരിയിലുള്ള ഇവരുടെ സ്റ്റാർട്ടപ്പ് ഓഫീസിന് താഴെ നിർത്തിയിട്ടിരുന്ന നിലയിൽ എം.വി.ഡി. സംഘം വാഹനം കണ്ടെത്തുകയായിരുന്നു. അനധികൃത രൂപമാറ്റത്തിന് ഉൾപ്പെടെ 7,000 രൂപ പിഴ ചുമത്തി. ഏഴുദിവസത്തിനുള്ളിൽ വണ്ടി പഴയരൂപത്തിലാക്കി ഹാജരാക്കിയില്ലെങ്കിൽ രജിസ്‌ട്രേഷൻ പൂർണമായും റദ്ദാക്കുമെന്ന കർശന മുന്നറിയിപ്പും നൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

Content Highlights: A 75-year-old resident filed a formal complaint against loud modified Bullet bikes., MVD officials tracked the vehicle owner using RC details and local investigation., The vehicle was seized from a startup office location in Kalamassery., Authorities imposed a 7,000 INR fine for illegal modifications., Strict warning issued to restore the vehicle to original condition within 7 days.