പാട്ട് പാടുന്ന റോഡ്; ആദ്യം കൗതുകം, ഇപ്പോൾ കല്ലുകടി, മുംബൈയിലെ മ്യൂസിക് റോഡിനെ കുറിച്ച് പരാതി വ്യാപകം

ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയിൽ ഒരുങ്ങിയ മ്യൂസിക്കൽ റോഡ് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു. ഫെബ്രുവരി 12 മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ് ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റൽ റോഡിൽ ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കൽ റോഡ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, പ്രവർത്തനം ആരംഭിച്ച് ഒരുമാസം പോലും പൂർത്തിയാക്കുന്നതിന് മുമ്പ് ഈ റോഡിനെതിരേ പരാതികൾ ഉയർന്ന് തുടങ്ങിയിരിക്കുകയാണ്.
ആദ്യഘട്ടത്തിൽ മ്യൂസിക്കൽ റോഡ് എന്നത് വലിയ കൗതുകമായിരുന്നെങ്കിൽ ഇപ്പോൾ റോഡിനോട് ചേർന്നുള്ള ബ്രീച്ച് കാൻഡി റെസിഡന്റ് മേഖലയിലുള്ള ആളുകൾക്ക് ഇത് വലിയ ബുദ്ധിമുട്ടായി മാറിയിട്ടുണ്ടെന്നാണ് നോയിസ് പൊല്യൂഷൻ ആക്ടിവിസ്റ്റ് സുമൈറ അബ്ദുള്ള അറിയിച്ചിരിക്കുന്നത്. തുടർച്ചയായി സംഗീതം കേൾക്കുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഈ മേഖലയിൽ താമസിക്കുന്ന ആളുകൾ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നാണ് സുമൈറ അറിയിച്ചത്.
ശബ്ദ മലിനീകരണ നിയമങ്ങൾ ലംഘിച്ചാണ് ഈ മേഖലയിൽ മ്യൂസിക്കൽ റോഡ് ഒരുക്കിയിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. രാത്രി പത്ത് മണിക്ക് ശേഷം വലിയ ശബ്ദങ്ങൾ അനുവദനീയമല്ല. പകൽ സമയത്തെ ഡെസിബൽ നിലകൾ പോലും ഒരു റെസിഡൻഷ്യൽ ഏരിയയ്ക്ക് ചേരുന്നതല്ല. ലോകത്തിലെ തന്നെ ഏറ്റവും ശബ്ദമുഖരിതമായ നഗരങ്ങളിലൊന്നിൽ വാഹനം കടന്ന് പോകുമ്പോൾ പാട്ട് കേൾക്കുന്ന റോഡ് എന്നത് സർക്കാരിന്റെ ഞെട്ടിപ്പിക്കുന്ന നടപടികളിൽ ഒന്നാണെന്നാണ് സുമൈറ പറയുന്നത്.
ശബ്ദമലിനീകരണം സംബന്ധിച്ച് നിരവധി കോടതി ഉത്തരവുകളും ജനങ്ങളുടെ പരാതിയുമുണ്ട്. എങ്ങനെ നോക്കിയാലും ഈ പദ്ധതി നിയമവിരുദ്ധമാണെന്ന് മനസിലാക്കാം. ശബ്ദ നിയമങ്ങൾ എന്നത് മുതിർന്ന പൗരന്മാരുടെയും കുട്ടികളുടെയും ദുർബലരായ ആളുകളുടെയും ആരോഗ്യം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളാണ്. മുംബൈയിലെ തന്നെ ഉയർന്ന വാണിജ്യകേന്ദ്രമായ ബ്രീച്ച് കാൻഡിക്ക് സമീപത്താണ് ഈ സംഗീത പാത ഒരുങ്ങിയിരിക്കുന്നത്.
മുംബൈയിലെ നരിമാൻ പോയിന്റിൽനിന്ന് വർളിയിലേക്കുള്ള കോസ്റ്റൽ റോഡിലെ 500 മീറ്റർ ദൂരത്തിലാണ് മ്യൂസിക്കൽ റോഡ് ഒരുങ്ങിയിരിക്കുന്നത്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ ആശയം ഒരുക്കിയിരിക്കുന്നത്. സ്ലം ഡോഗ് മില്ല്യണയർ എന്ന സിനിമയിലെ എ.ആർ.റഹ്‌മാൻ ഒരുക്കിയിട്ടുള്ള ജയ് ഹോ എന്ന ഗാനമാണ് റോഡിൽ നിന്ന് മുഴങ്ങി കേൾക്കുന്നത്. ആദ്യമായി ഇതിലെ യാത്ര ചെയ്യുന്ന ആളുകൾ വലിയ കൗതുകത്തോടെയാണ് റോഡിനെ കാണുന്നത്.
ഈ മേഖലയിൽ പ്രത്യേകം സ്പീക്കറുകൾ ഒന്നും സ്ഥാപിക്കാതെയാണ് മ്യൂസിക് കേൾക്കുന്നത്. ആദ്യം കേൾക്കുമ്പോൾ ഒരു മാജിക് പോലെയാണ് ഇത് തോന്നുന്നതെങ്കിലും സംഗതി പൂർണമായും സയൻസാണ്. റോഡിലെ ടാറിനുള്ളിൽ കൃത്യമായ അകലത്തിലും ആഴത്തിലും റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചിരിക്കുന്നു. വാഹനം 60 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ ഇതിലൂടെ പോകുമ്പോൾ ടയറും റോഡും ചേർന്നുള്ള ഘർഷണം മൂലമുണ്ടാകുന്ന പ്രകമ്പനമാണ് സംഗീതമായി പുറത്തെത്തുന്നത്.
Content Highlights: India's first musical road was inaugurated in Mumbai, playing the 'Jai Ho' tune., The road is designed to control vehicle speed on the Coastal Road using rumble strips., Residents of the nearby Breach Candy area have filed complaints about noise pollution., Activists claim the road violates noise pollution laws for residential zones.