കുടിശ്ശിക 2.08 കോടി, സേവനം നിര്‍ത്തി തപാല്‍ വകുപ്പ്; ആര് തരും ലൈസന്‍സും ആര്‍സിയും

അപേക്ഷകരില്‍നിന്ന് വാങ്ങിയ പണം തപാല്‍വകുപ്പിലേക്ക് അടയ്ക്കാത്തതിനാല്‍ മോട്ടോര്‍ വാഹനവകുപ്പിനു നല്‍കിയിരുന്ന പ്രത്യേക സേവനം തപാല്‍വകുപ്പ് നിര്‍ത്തിവെച്ചു. ഡ്രൈവിങ് ലൈസന്‍സും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും (ആര്‍.സി.) തപാലില്‍ അയച്ചുകിട്ടാനായി അപേക്ഷകര്‍ നല്‍കിയ പണമാണ് മോട്ടോര്‍വാഹന വകുപ്പ് കുടിശ്ശികയാക്കിയത്. ആദ്യം ഇവ തപാലില്‍ അയച്ചശേഷം പിന്നീട് അതിനുള്ള തുക മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന് വാങ്ങുന്നതായിരുന്നു രീതി. അതാണ് നിര്‍ത്തിവെച്ചത്.
45 രൂപ വീതം അപേക്ഷകരില്‍നിന്ന് തപാല്‍ച്ചെലവിനായി അപേക്ഷാസമയത്തുതന്നെ മോട്ടോര്‍ വാഹനവകുപ്പ് ഈടാക്കുന്നുണ്ട്. ഇതാണ് തപാല്‍വകുപ്പിനു നല്‍കാതിരുന്നത്. സ്പീഡ്പോസ്റ്റ് വഴി ലൈസന്‍സും ആര്‍.സി.യും അയച്ച വകയില്‍ ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള 2.08 കോടി രൂപയാണ് മോട്ടോര്‍വാഹന വകുപ്പ് നല്‍കാനുള്ളത്. അതിനെത്തുടര്‍ന്ന് നവംബര്‍ ഒന്നു മുതല്‍ ഈ സേവനം തപാല്‍വകുപ്പ് നിര്‍ത്തിയിരിക്കയാണ്.
സംസ്ഥാനത്തെ എല്ലാ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളില്‍നിന്നും അനുവദിക്കുന്ന ലൈസന്‍സും ആര്‍.സി.യും ഉടമയ്ക്ക് പ്രധാന പോസ്റ്റോഫീസ് വഴിയാണ് നേരത്തേ അയച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവ അച്ചടിക്കുന്നത് എറണാംകുളം തേവരയിലുള്ള മോട്ടോര്‍വാഹന വകുപ്പിന്റെ പ്രിന്റിങ് കേന്ദ്രത്തിലാണ്. ഇവിടുത്തെ പോസ്റ്റോഫീസുകള്‍ വഴിയാണ് ഇപ്പോള്‍ ആര്‍.സി.യും ലൈസന്‍സും അയയ്ക്കുന്നത്.
ഈ സേവനത്തിന്റെ ഒരു മാസത്തെ ബില്‍ അടുത്തമാസം അഞ്ചിനകം തപാല്‍വകുപ്പിന്റെ തിരുവനന്തപുരം ആര്‍.എം.എസ്. ഓഫീസ് വഴി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നല്‍കും. ബില്‍ ലഭിച്ച് രണ്ടാഴ്ചയ്ക്കകം തുക തിരുവനന്തപുരം ആര്‍.എം.എസ്. ഓഫീസില്‍ അടയ്ക്കുന്നതാണ് രീതി. മൂന്നുമാസമായി ഈ തുക അടയ്ക്കുന്നില്ല. നവംബര്‍ ഒന്നു മുതല്‍ മതിയായ തപാല്‍ ചാര്‍ജ് അടച്ചശേഷമേ മോട്ടോര്‍വാഹന വകുപ്പിനുള്ള ഈ സേവനങ്ങള്‍ തപാല്‍ വകുപ്പ് ചെയ്തുവരുന്നുള്ളൂ.
Content Highlights: Motor vehicle department, Postal department, Driving license, vehicle rc book, mvd kerala